ഐ.എ.എസുകാരനാകാൻ സി.പി. നായർ ആഗ്രഹിച്ചിരുന്നില്ല. പക്ഷേ, മകൻ അങ്ങനെയാവണമെന്ന് അച്ഛൻ എൻ.പി. ചെല്ലപ്പൻനായർ ആഗ്രഹിച്ചു. അതിന് കാരണവുമുണ്ടായിരുന്നു. ഐക്യകേരളം രൂപപ്പെട്ടപ്പോൾ തിരുക്കൊച്ചിയിലെ  ഏറ്റവും സീനിയറായ ഡെപ്യൂട്ടി കളക്ടറായിരുന്നിട്ടും തനിയ്ക്കു നിഷേധിച്ച അർഹമായ ഐ.എ.എസ്. മകൻ നേടുന്നത് കാണാനാണ് പിതാവാഗ്രഹിച്ചത്. ഐ.എ.എസിൽ താത്പര്യമില്ലെന്നു പറഞ്ഞത് അച്ഛനുണ്ടാക്കിയ മനോവിഷമം ചെറുതായിരുന്നില്ല.  തിരുവനന്തപുരം ആർട്‌സ് കോളേജിൽ അധ്യാപകനായിരിക്കെ ലോഡ്ജിൽ കാണാൻ വന്ന അച്ഛൻ പറഞ്ഞതിങ്ങനെയായിരുന്നു-  ‘ഐ.എ.എസ് എഴുതുന്നില്ലെങ്കിൽ വേണ്ട. എനിക്കു നേടാൻ കഴിയാത്തത് എന്റെ മകൻ നേടണമെന്ന എന്റെ ആഗ്രഹം നടക്കില്ലെന്നേയുള്ളു. എങ്കിലും നീ ഒന്നോർക്കണം. നിന്റെ കൂടെ പഠിച്ചവരാരെങ്കിലും നാളെ വിദ്യാഭ്യാസ സെക്രട്ടറിയോ മറ്റോ ആയേക്കാം. അയാളുടെ മുൻപിൽ ഒരു നിവേദനവും കൊണ്ടു ചെല്ലുന്ന നിന്നെ അറിയുന്ന ഭാവംപോലും കാണിക്കാതെ അയാൾ അപമാനിച്ചു തിരിച്ചയച്ചാൽ നീ പശ്ചാത്തപിക്കേണ്ടി വരില്ലേ? ശാന്തമായി ആലോചിച്ചു തീരുമാനിക്കുക,. കൂടുതലൊന്നും ഞാൻ പറയുന്നില്ല. ഇനി എല്ലാം നിന്റെ ഇഷ്ടം പോലെ...’ പിന്നെ സി.പിക്ക്‌ ഇരിപ്പുറച്ചില്ല. പരീക്ഷ എഴുതാൻ തീരുമാനിച്ചു.
പരീക്ഷാഹാളിൽ ബോധംകെട്ടുവീണു
പരീക്ഷയെഴുത്തും ഒരു ചരിത്രമായി. യൂണിവേഴ്‌സിറ്റി കോളേജിൽ മൂന്നു ദിവസത്തെ പരീക്ഷ കഴിഞ്ഞു. നാലാമത്തെ പരീക്ഷ ഇംഗ്ലീഷാണ്. ഇഷ്ടവിഷയം. അവസാന പരീക്ഷയുടെ തലേന്നുമുതൽ വല്ലാത്ത ഭയം. ചോദ്യപ്പേപ്പർ വാങ്ങിയ സി.പി. ബോധരഹിതനായി വീണു. വൈകാതെ ബോധം വന്നെങ്കിലും നിശ്ചിത സമയം കഴിയാതെ ഹാളിൽനിന്നു പുറത്തുവിടില്ലെന്നായപ്പോൾ ശേഷിക്കുന്ന 50 മിനിറ്റുകൊണ്ട് പരീക്ഷയെഴുതിയാണ് ജയിച്ചതും അഭിമുഖത്തിനെത്തിയതും. .
ഇംഗ്ലീഷ് സാഹിത്യം പഠിച്ച് അധ്യാപകനാകാനാഗ്രഹിച്ച സി.പി. നായരെ എഴുത്തിന്റെ വഴിയിലെത്തിച്ചതും ഹാസസാഹിത്യകാരനും പണ്ഡിതനുമായ അച്ഛൻ എൻ.പി. ചെല്ലപ്പൻനായരാണ്. കേരളശബ്ദം മാനേജിങ് എഡിറ്ററായിരുന്ന ഡോ. ബി.എ. രാജാകൃഷ്ണനാണ് ആത്മകഥയെഴുതാൻ പ്രേരിപ്പിച്ചതും അത് ഖണ്ഡശഃയായി പ്രസിദ്ധീകരിച്ചതും. തന്റെ സർവീസ് സ്റ്റോറിയും ജീവിതവും ഐ.എ.എസ്. ദിനങ്ങളും  ‘എന്ദരോ മഹാനുഭാവുലു’ എന്ന ആത്മകഥയിലൂടെ വിവരിച്ചപ്പോൾ വലിയൊരു കാലഘട്ടത്തെ രേഖപ്പെടുത്തുകയാണ് സി.പി. ചെയ്തത്. ഒരിക്കലും ഹാസ്യരസം സി.പിയെ കൈവിട്ടില്ല. 
 കരുണാകരന്റെ വിശ്വസ്തൻ
 മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥനായിരുന്നു സി.പി. നായർ. ഐ.എസ്.ആർ.ഒ. ചാരക്കേസ് വീണ്ടും ചർച്ചയായപ്പോൾ ആരോപണ വിധേയനായ ഐ.ജി. രമൺ ശ്രീവാസ്തവയെ സംരക്ഷിക്കാൻ മുഖ്യമന്ത്രി കെ. കരുണാകരൻ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നു അന്നു ആഭ്യന്തര സെക്രട്ടറിയായിരുന്ന സി.പി. മാതൃഭൂമിയോട് പറഞ്ഞിരുന്നു. ശ്രീവാസ്തവയ്ക്കെതിരേ ഹൈക്കോടതി വിധിയുണ്ടായപ്പോൾ സർക്കാർ അപ്പീൽപോകേണ്ടെന്നാണ് കരുണാകരൻ പറഞ്ഞതെന്നു സി.പി. വിശദീകരിച്ചു. ചാരക്കേസിൽ വിധി വന്നപ്പോൾ കരുണാകരൻ ഡൽഹിയിലായിരുന്നു. ടെലിപ്രിന്റർ വഴി കിട്ടിയ വിധിപ്പകർപ്പിന്റെ പേജുകൾ വായിച്ച മുഖ്യമന്ത്രി നൽകിയ നിർദേശം ഇതായിരുന്നു- ‘രാവിലെ ഞാൻ തിരുവനന്തപുരത്ത് എത്തും. പത്രക്കാർ ചോദിക്കുമ്പോൾ ശ്രീവാസ്തവ സസ്പെൻഷനിലാണ് എന്നെനിക്കു പറയാൻ കഴിയണം’. രാത്രിയിൽ ഒരു സെക്ഷൻ ഓഫീസറുമായി ഓഫീസിലിരുന്ന് ശ്രീവാസ്തവയുടെ സസ്പെൻഷൻ ഉത്തരവ് തയ്യാറാക്കി നേരിട്ടെത്തിച്ചു. ചാരക്കേസിൽ കരുണാകരനോട് ഒരുവിഭാഗം കോൺഗ്രസുകാർ പകതീർത്തു എന്നുതന്നെ സി.പി. നായർ വിശ്വസിച്ചു.
 പരിഷ്കരിക്കാൻ നോക്കി; തോറ്റുപോയി 
രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണയില്ലാത്തതുകൊണ്ടും  ഔദ്യോഗിക ഏജൻസികളുടെ സഹകരണം കിട്ടാതെയും സി.പിയുടെ ചില പരിഷ്കരണ നടപടികൾ പരാജയപ്പെട്ടു. ചീഫ് സെക്രട്ടറിയായിരിക്കെ, സെക്രട്ടേറിയറ്റ് പടിക്കലെ സമരപ്പന്തലുകൾ നീക്കുന്നതായിരുന്നു ഇതിലൊന്ന്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാന തലസ്ഥാനത്തും ഈ നാണക്കേടില്ലെന്നു സി.പി. നായർ പറഞ്ഞിരുന്നു. കരുണാകരന്റെ അനുമതിയോടെ, സിറ്റിപോലീസ് കമ്മിഷണറുടെ സഹായത്തോട, ഒരു രാത്രി പന്തലുകളും ബോർഡുകളും നീക്കി. നാട്ടുകാർക്ക് നടപ്പാത തിരിച്ചുനൽകി. കരുണാകരൻ മാറിയതോടെ സമരനായകർ അട്ടഹസിച്ചെത്തി. അഭിപ്രായ സമന്വയം ഉണ്ടാവാത്ത സഹചര്യത്തിൽ പഴയ സാഹസം ആവർത്തിക്കേണ്ടെന്നായിരുന്നു സി.പി.ക്കു കിട്ടിയ നിർദേശം. വഴിമുടക്കിയുള്ള പ്രകടനങ്ങൾ നിയന്ത്രിക്കാനുള്ള ശ്രമമാണ് പരാജയപ്പെട്ട മറ്റൊന്ന്.
 വീടുപണിക്ക്‌ കാർ വിറ്റു
ആഭ്യന്തര സെക്രട്ടറിയായപ്പോഴും ചീഫ് സെക്രട്ടറിയായപ്പോഴും സി.പിക്ക്‌ സ്വന്തം കാറില്ലായിരുന്നു. വീടുപണിക്ക്‌ പണമില്ലാതെ സ്വന്തമായുണ്ടായിരുന്ന പൊട്ട കാർ വിറ്റെന്നു സി.പി. ആത്മകഥയിൽ പറഞ്ഞിട്ടുണ്ട്. കാർ വിൽക്കാനും സർക്കാരിന്റെ അനുമതി വേണമായിരുന്നു. അപേക്ഷ കണ്ട് അന്നത്തെ ചീഫ് സെക്രട്ടറി പദ്മകുമാർ പറഞ്ഞതിങ്ങനെ- ‘വീടുപണിക്ക് കാശില്ലാതെ കാർ വിൽക്കുന്ന ഹോം സെക്രട്ടറി ഇന്ത്യാമഹാരാജ്യത്ത് താൻ മാത്രമേ കാണൂ...’ ഹോം സെക്രട്ടറിക്ക്‌ അടിതെറ്റുന്നതു കാണാൻ കാത്തിരിക്കുന്ന കണ്ണുകൾ ഏറെയുണ്ടായിരുന്നെന്നു സി.പി. വിശ്വസിച്ചു. ചെറിയ കാര്യങ്ങളിൽപ്പോലും വലിയ ശ്രദ്ധചെലുത്തി. ഡ്രൈവർ ചാക്കോ ഒരിക്കൽ സി.പിയുടെ ഭാര്യയോടു പറഞ്ഞു- ‘എന്തിനാണോ സാർ ഇതിനൊക്കെ ഇത്രേം വേവലാതിപ്പെടുന്നത്. സാറും ഗോപാലസ്വാമി സാറും (മേലു​േദ്യാഗസ്ഥൻ) മാത്രമാണ് ഇത്ര കൃത്യമായി കണക്കുവെക്കുന്നതും കാശടയ്ക്കുന്നതും. ഇതൊക്കെ ആരറിയുന്നു?’