1986-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്‌ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച ഡിസംബർ 24 ദേശീയ ഉപഭോക്തൃദിനമായി ആചരിക്കുന്നു. മൂന്നു പതിറ്റാണ്ടിലേറെ പഴക്കമുള്ള നിയമത്തിന്റെ അലകും പിടിയും മാറ്റി പുതിയ നിയമം 2020 ജൂലായ്‌ 20-ന്‌ രാജ്യത്ത്‌ നിലവിൽവന്നു. കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രിയായിരുന്ന രാംവിലാസ്‌ പാസ്വാന്റെ സ്വപ്നമായിരുന്നു ഉപഭോക്താക്കളുടെ അവകാശസംരക്ഷണമേഖലയിൽ നാഴികക്കല്ലായ ഈ നിയമം.

ഉപഭോക്താക്കൾ അറിയേണ്ട അവകാശങ്ങൾ

 1. ജീവനും സ്വത്തിനും ഹാനികരമായ ഉത്‌പന്നങ്ങളും സേവനങ്ങളും വിപണനം ചെയ്യുന്നതിൽനിന്ന്‌ സംരക്ഷണം ലഭിക്കാൻ
 2. ഉത്‌പന്നങ്ങളുടെയും സേവനങ്ങളുടെയും ഗുണമേന്മയെക്കുറിച്ചുള്ള വിവരങ്ങളറിയാൻ
 3. ന്യായമായ വിലയ്ക്ക്‌ ഉത്‌പന്നങ്ങളും സേവനങ്ങളും വാങ്ങാൻ
 4. പരാതികൾ ഉണ്ടാകുന്ന അവസരത്തിൽ അതിന്‌ പരിഹാരം ലഭിക്കാൻ
 5. ചൂഷണത്തിനും അനുചിത വ്യാപാരരീതിക്കുമെതിരേ പരിഹാരംതേടാൻ
 6. ഉപഭോക്തൃവിദ്യാഭ്യാസം ലഭിക്കാൻ

പുതിയ നിയമത്തിന്റെ വ്യാപ്തി

ടെലികോം, ഭവനനിർമാണം ഉൾപ്പെടെയുള്ള സേവനങ്ങൾ പുതിയ നിയമത്തിന്റെ പരിധിയിൽവരുന്നു. ബാങ്കിങ്‌, ധനകാര്യം, ഇൻഷുറൻസ്‌, ഗതാഗതം, സംസ്കരണം, വൈദ്യുതി അല്ലെങ്കിൽ ഉൗർജവിതരണം, ബോർഡിങ്‌, ലോഡ്‌ജിങ്‌, വിനോദം ഉൾപ്പെടെയുള്ളവയെല്ലാം ‘സേവനം’ എന്ന നിർവചനത്തിന്റെ പരിധിയിൽവരുന്നു. 

അനുചിതമായ കച്ചവടരീതികൾ

ഉത്‌പന്നം, സേവനം എന്നിവയുടെ വിപണനത്തെ പ്രോത്സാഹിപ്പിക്കുന്നതിന്‌ വഞ്ചനാപരമായ കച്ചവടരീതി അനുവർത്തിക്കുന്നതാണ്‌ അനുചിതകച്ചവടരീതി. തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമായ പരസ്യങ്ങൾ നൽകുക, വിലയെ സംബന്ധിച്ച്‌ തെറ്റിദ്ധരിപ്പിക്കുക, ഇതര ഉത്‌പന്നങ്ങളെയും സേവനങ്ങളെയും ഇടിച്ചുതാഴ്ത്തി പ്രചരിപ്പിക്കുക, ആദായവിൽപ്പനയാണെന്ന്‌ തെറ്റായി പ്രചരിപ്പിക്കുക, പാരിതോഷികങ്ങൾ, സമ്മാനങ്ങൾ, ഭാഗ്യക്കുറികൾ മുതലായവയിലൂടെ ഉപഭോക്താക്കളെ കബളിപ്പിക്കുക, മുൻകരുതലില്ലാതെ അപകടകരമായ വസ്തുക്കൾ വിൽക്കുക, കൃത്രിമമായ വിലക്കയറ്റമുണ്ടാക്കാൻ ഉത്‌പന്നങ്ങൾ പൂഴ്ത്തിവെക്കുക, വ്യാജവസ്തുക്കൾ നിർമിക്കുകയും വിൽക്കുകയും ചെയ്യുക എന്നിവകൂടാതെ മൂന്നു സുപ്രധാനമായ കാര്യങ്ങൾകൂടി പുതിയ നിയമത്തിൽ ഉൾപ്പെടുത്തി. 
ബിൽ/രസീത്‌ എന്നിവ ഉപഭോക്താവിന്‌ നൽകാതിരിക്കുക
വാങ്ങിയ ഉത്‌പന്നങ്ങൾ 30 ദിവസത്തിനകം തിരിച്ചെടുക്കാതിരിക്കുക
നിയമം അനുശാസിക്കുന്നതോ പൊതുതാത്‌പര്യം ഇല്ലാത്തതോ ആയ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തുക

ഉത്‌പന്നബാധ്യത 

നിർമാതാവ്‌, സേവനദാതാവ്‌, വിൽപ്പനക്കാരൻ എന്നിവർക്കെതിരേ ഉത്‌പന്നബാധ്യതയ്ക്ക്‌ പരാതിനൽകാം. ഇവരിൽനിന്നും നഷ്ടപരിഹാരം ഈടാക്കാൻ ഉപഭോക്താവിന്‌ അവകാശംനൽകി എന്നതാണ്‌ പുതിയ നിയമത്തിന്റെ പ്രധാന സവിശേഷത.പൊട്ടിത്തെറിക്കുന്ന മൊബൈൽ ഫോണുകൾ, തീപിടിക്കുന്ന കാറുകൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികളുണ്ടായാൽ നിർമാണവൈകല്യമുള്ള അത്തരം ഉത്‌പന്നങ്ങളുടെ ബാച്ച്‌ മൊത്തമായി കമ്പോളത്തിൽനിന്നു പിൻവലിക്കാനും കോടതിയെ നേരിട്ട്‌ സമീപിക്കാത്തവർക്കുപോലും നഷ്ടപരിഹാരം നൽകാനും ഈ വ്യവസ്ഥയിലൂടെ കഴിയും. അന്യായമായി കണക്കാക്കുന്ന കരാർ എന്നതിന്റെ നിർവചനത്തിൽ ആറുതരം കരാറുകൾ പുതിയ നിയമത്തിൽ ഉൾപ്പെടുത്തി. ഉപഭോക്താക്കളുടെ അവകാശസംരക്ഷണത്തിനായി ആദ്യമായാണ്‌ ഇത്‌ ചേർത്തത്‌. അത്തരം വ്യവസ്ഥകൾ റദ്ദാക്കാനുള്ള അധികാരം സംസ്ഥാന കമ്മിഷനു നൽകി.

കേന്ദ്ര ഉപഭോക്തൃസംരക്ഷണ അതോറിറ്റി

ഉപഭോക്താക്കളുടെ അവകാശലംഘനം, അനുചിതകച്ചവടരീതി, വാസ്തവവിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ പരസ്യങ്ങളെ നിയന്ത്രിക്കുന്നതിനും കുറ്റവാളികളെ ശിക്ഷിക്കുന്നതിനും വിപുലമായ അധികാരങ്ങളുള്ള അതോറിറ്റിയാണ്‌ പുതിയ നിയമപ്രകാരം നിലവിൽവന്നത്‌. ഒരു ക്ളാസ്‌ എന്നനിലയിൽ ഉപഭോക്താക്കളുടെ അവകാശങ്ങളെ പരിപോഷിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും നടപ്പാക്കുന്നതിനുമാണ്‌ അതോറിറ്റി രൂപവത്‌കരിച്ചത്‌. സുരക്ഷാ മുന്നറിയിപ്പ്‌ നൽകൽ, ഉത്‌പന്നങ്ങൾ തിരിച്ചുപിടിക്കൽ, അനുചിതമായ പ്രവർത്തനങ്ങൾ തടയുക, വാങ്ങിയ വില തിരിച്ചുകൊടുപ്പിക്കൽ, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യദാതാക്കൾക്കെതിരേ ശിക്ഷാനടപടികൾ സ്വീകരിക്കുക എന്നിവയും അതോറിറ്റിയുടെ അധികാരപരിധിയിൽവരും. 

മീഡിയേഷൻ

ജില്ല, സംസ്ഥാന, ദേശീയ കമ്മിഷനുകൾക്കനുബന്ധമായി മീഡിയേഷൻ സെല്ലുകൾ രൂപവത്‌കരിക്കണം. തർക്കങ്ങൾ രമ്യമായി പരിഹരിക്കാനുള്ള ഈ മധ്യസ്ഥസംവിധാനം ആദ്യമായാണ്‌ ഈ നിയമത്തിൽ ഉൾപ്പെടുത്തിയത്‌.

ക്ളാസ്‌ ആക്‌ഷൻ സ്യൂട്ട്‌

ചില സംഭവങ്ങളിൽ ഒന്നിൽക്കൂടുതൽ പേർക്ക്‌ ഒരുപോലെയുള്ള നഷ്ടവും മനഃക്ലേശവും അനുഭവിക്കേണ്ടിവരാം. ഇത്തരം സാഹചര്യങ്ങളിൽ നഷ്ടങ്ങൾക്കിരയായവർ ഓരോരുത്തരും പ്രത്യേകം പ്രത്യേകം പരാതികൾ സമർപ്പിക്കണമെന്നില്ല. ഇരകളായവർക്കുവേണ്ടി ഒന്നോ, രണ്ടോ പേർ കോടതിയെ സമീപിച്ചാൽമതി. 

തെറ്റിദ്ധരിപ്പിക്കുന്ന ബ്രാൻഡ്‌ അംബാസഡർമാർ

പ്രമുഖവ്യക്തികൾക്ക്‌ സമൂഹത്തിലുള്ള സ്വീകാര്യതയും വിശ്വസ്തതയും ബ്രാൻഡിന്റെ അഥവാ ഉത്‌പന്നത്തിന്റെ വിശ്വാസ്യതയുമായി ബന്ധിപ്പിക്കുന്നതാണ്‌ പരസ്യത്തിലെ കച്ചവടതന്ത്രം. ഉപഭോക്താവിനെ കബളിപ്പിക്കുകയും അനുചിതമായ കച്ചവടരീതി അവലംബിക്കുകയും ചെയ്യുന്ന ഇത്തരം പരസ്യങ്ങൾ നിയമപരമായിത്തന്നെ തടയേണ്ടതുണ്ട്‌. അതിനുള്ള വ്യവസ്ഥയും പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌.

കമ്മിഷന്റെ ധനപരമായ അധികാരപരിധി

ജില്ല, സംസ്ഥാന, ദേശീയ കമ്മിഷനുകളുടെ അധികാരപരിധി പരിഷ്‌കരിച്ചു എന്നത്‌ പുതിയ നിയമത്തെ സവിശേഷമാക്കുന്നു. ജില്ലാ ഫോറത്തിന്റെ പേര്‌ കമ്മിഷൻ എന്നാക്കിമാറ്റി എന്നതുമാത്രമല്ല അധികാരപരിധിയും വർധിപ്പിച്ചു. നേരത്തേ ജില്ലാ ഫോറത്തിന്റെ അധികാരപരിധി 20 ലക്ഷം രൂപയായിരുന്നു. ഇപ്പോൾ ഒരു കോടി രൂപയാക്കിമാറ്റി. സംസ്ഥാന കമ്മിഷന്റെ അധികാരപരിധി ഒരു കോടിയിൽനിന്ന്‌ 10 കോടി രൂപയായി ഉയർത്തി. 10 കോടിയിലേറെ മൂല്യമുള്ള പരാതികൾ സമർപ്പിക്കേണ്ടത്‌ ഇനി ദേശീയ കമ്മിഷനിലാണ്‌.  

ഓൺലൈൻ വ്യാപാരം നിയമപരിധിയിൽ

പുതിയ നിയമത്തിന്റെ വ്യാപ്തി ദേശീയതലത്തിൽ മാത്രമല്ല, ആഗോളതലത്തിലുള്ള ഓൺലൈൻ വ്യാപാരമേഖലയെക്കൂടി ഉൾക്കൊള്ളുന്നു. ഉത്‌പന്നങ്ങളെയും സേവനങ്ങളെയും ഇന്ത്യയിലെ ഉപഭോക്താക്കൾക്ക്‌ വാഗ്ദാനംചെയ്യുന്ന വിദേശത്തെ ഓൺലൈൻ വ്യാപാരി പുതിയ ഉപഭോക്തൃസംരക്ഷണ നിയമവും ഇ-കൊമേഴ്‌സ്‌ ചട്ടങ്ങളും നിർബന്ധമായും പാലിച്ചിരിക്കണം. ഇ-കൊമേഴ്‌സ്‌ രംഗത്തെ ചൂഷണങ്ങളിൽനിന്ന്‌ ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിൽ 1986-ലെ നിയമം പരാജയപ്പെട്ടുവെന്ന നിയമനിർമാതാക്കളുടെ ചിന്തയാണ്‌ പുതിയ നിയമത്തിന്‌ വഴിയൊരുക്കിയത്‌. ഓഫ്‌ലൈൻ മാത്രമല്ല, ഓൺലൈൻ വ്യാപാരവും നിയമപരിധിയിൽ കൊണ്ടുവരുകയും സമഗ്രമായ ചട്ടം പാസാക്കുകയും ചെയ്തു. 

ഉപഭോക്താവിന്റെ ശ്രദ്ധയ്ക്ക്‌

 • ബിൽ ഉപഭോക്താവിന്റെ അവകാശം. എസ്റ്റിമേറ്റ്‌, ഇൻവോയ്‌സ്‌ എന്നിവ ബില്ലിന്‌ പകരമല്ല
 • ബിൽ വാറന്റി കാർഡല്ല, വാറന്റി കാർഡിൽ വ്യാപാരിയുടെ സീൽ പതിച്ചു വാങ്ങണം
 • േഹാട്ടലിൽനിന്ന്‌ കിട്ടുന്ന ബില്ലുകൾ രണ്ടുദിവസമെങ്കിലും സൂക്ഷിക്കണം. ഭക്ഷ്യവിഷബാധയുണ്ടായാൽ തെളിവില്ലാതെ വരും
 • മാഞ്ഞുപോകുന്നതരത്തിലുള്ള രേഖകളാണെങ്കിൽ മൊബൈൽഫോണിൽ ഫോട്ടോയെടുത്തു സൂക്ഷിക്കുക. മായാത്ത ബിൽ ലഭിക്കാൻ ഉപഭോക്താവിന്‌ അവകാശമുണ്ട്‌.
 • ആശുപത്രിയിൽ പോയാൽ, ഫാർമസി ബിൽ, ഡോക്ടറുടെ കുറിപ്പടി, കിടത്തിച്ചികിത്സയെങ്കിൽ എല്ലാ മെഡിക്കൽ രേഖകളും (ഡിസ്ചാർജ്‌ സമ്മറി, ലാബ്‌ റിപ്പോർട്ടുകൾ) സൂക്ഷിക്കണം
 • മെഡിക്കൽ രേഖകൾ നിഷേധിച്ചാൽ ഉപഭോക്തൃകമ്മിഷനെ സമീപിക്കാം

# നിയമത്തിന്റെ സവിശേഷതകൾ
ഉപഭോക്താവിനുമാത്രമേ ഉപഭോക്തൃകമ്മിഷനെ സമീപിക്കാനാവൂ
വ്യവഹാരത്തിനാധാരമായ സംഭവം നടന്ന്‌ രണ്ടുവർഷത്തിനകം പരാതി സമർപ്പിക്കണം
വിശദമായ തെളിവെടുപ്പില്ലാതെ പരാതികൾ സമ്മറി ട്രയലിലൂടെ തീർപ്പാക്കണം
മൂന്നുമാസത്തിനുള്ളിൽ കേസുകൾ തീർപ്പാക്കണം. ലാബ്‌ പരിശോധന ആവശ്യമുള്ള കേസുകളിൽ അഞ്ചുമാസം വരെയാകാം
ഭക്ഷ്യവിതരണശൃംഖല നിയമപരിധിയിൽ
ഓൺലൈനിൽ പരാതിനൽകാം
ഓൺലൈൻ തർക്കപരിഹാരത്തിന്‌ പ്രത്യേകമായി ഇ-കൊമേഴ്‌സ്‌ പോർട്ടൽ ഉദ്യോഗസ്ഥനെ നിയോഗിക്കണം
പരാതികൾ സ്വീകരിച്ച വിവരം 48 മണിക്കൂറുകൾക്കകം പോർട്ടൽ പരാതിക്കാരനെ അറിയിക്കണം
30 ദിവസത്തിനകം പരാതി തീർപ്പാക്കണം
പോർട്ടലിൽ പ്രദർശിപ്പിച്ച ഉത്‌പന്നത്തിന്റെ ചിത്രവും യഥാർഥ ഉത്‌പന്നവും തമ്മിൽ വ്യത്യാസം പാടില്ല.

# ഉപഭോക്തൃകമ്മിഷനെ സമീപിക്കാൻ
അഞ്ചുലക്ഷം രൂപയ്ക്കുമേലുള്ള കേസുകൾക്ക്‌ മാത്രമേ കോർട്ട്‌ ഫീ  അടയ്ക്കേണ്ടതുള്ളൂ
പരാതി ടി.വി., മൊബൈൽ പോലുള്ള ഉത്‌പന്നങ്ങളെ സംബന്ധിച്ചതാണെങ്കിൽ 
• ഉപകരണം നിർമിച്ച കമ്പനി ഏതു സ്ഥാപനത്തിൽനിന്നാണോ വാങ്ങിയത്‌ ആ ഡീലർ, സർവീസ്‌ നടത്തിയ സ്ഥാപനം അല്ലെങ്കിൽ ഓൺലൈൻ പോർട്ടൽ, സർവീസ്‌ സെന്റർ എന്നിവർ പരാതിയിലെ എതിർകക്ഷി ആയിരിക്കണം
എവിടെ ഫയൽ ചെയ്യണം
• ഉപഭോക്താവ്‌ തമസിക്കുന്ന സ്ഥലം
•. ഉപഭോക്താവ്‌ ജോലിചെയ്യുന്ന സ്ഥലം
• എതിർകക്ഷി പ്രവർത്തിക്കുന്ന സ്ഥലം
• തർക്കസംഗതി ഉത്‌ഭവിച്ച സ്ഥലം
പരാതിയുടെ മൂന്നു കോപ്പികൾ കമ്മിഷന്‌ സമർപ്പിക്കണം. അതോടൊപ്പം എത്ര എതിർകക്ഷികളുണ്ടോ, അത്രയും പരാതിയുടെ പകർപ്പുകൾ നോട്ടീസ്‌ അയക്കാൻ സമർപ്പിക്കണം
ഏതെല്ലാം രേഖകൾ സമർപ്പിക്കണം
• ഉത്‌പന്നം അല്ലെങ്കിൽ സേവനം വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകൾ ഉദാ: ബിൽ വാറന്റി കാർഡ്‌, സർവീസ്‌ സെന്ററിന്റെ ജോബ്‌ കാർഡ്‌, കമ്പനി നൽകിയ പരാതിയും മറുപടിയും (ഉണ്ടെങ്കിൽ)
അഞ്ചുലക്ഷത്തിനുതാഴെ വില നൽകി വാങ്ങിയ ഉത്‌പന്നത്തിനും സേവനത്തിനും കോർട്ട്‌ ഫീ എടുക്കേണ്ടതില്ല. നഷ്ടപരിഹാരം ചോദിക്കുന്നതിന്റെ അടിസ്ഥാനത്തിലല്ല ഉത്‌പന്നത്തിനായി നൽകിയ വിലയുടെ അടിസ്ഥാനത്തിലാണ്‌ നിലവിൽ കോർട്ട്‌ ഫീ സ്റ്റാമ്പും കോടതിയുടെ അധികാരപരിധിയും നിർണയിക്കുന്നത്‌. ഒരുകോടി രൂപവരെ ഉത്‌പന്നത്തിനോ സേവനത്തിനോ നൽകിയെങ്കിൽ ജില്ലാ കമ്മിഷനെ സമീപിക്കാം. 10 കോടിവരെ  സംസ്ഥാന കമ്മിഷനിലും അതിനുമുകളിൽ ദേശീയ കമ്മിഷനിലും പരാതി സമർപ്പിക്കാം.

# സുപ്രധാനമായ ചില വ്യവസ്ഥകൾ
ഓൺലൈനിൽ പരാതി സമർപ്പിക്കാം
മൂന്നുമാസത്തിനകം കേസ്‌ തീർപ്പാക്കണം. (ലാബ്‌ പരിശോധന ആവശ്യമെങ്കിൽ പരമാവധി അഞ്ചുമാസം വരെ)
കമ്മിഷനുകൾക്ക്‌ ഉത്തരവുകൾ പുനഃപരിശോധിക്കാൻ അധികാരം
അപ്പീൽ സമർപ്പിക്കാൻ കെട്ടിവെക്കേണ്ട തുകയിൽ വ്യത്യാസം
സംസ്ഥാനകമ്മിഷനിൽ അപ്പീൽ സമർപ്പിക്കാനുള്ള കാലപരിധി 30 ദിവസത്തിൽനിന്ന്‌ 40 ദിവസമായി വർധിപ്പിച്ചു
കാതലായ നിയമപ്രശ്നമുള്ള കേസുകളിൽ ദേശീയ കമ്മിഷനിൽ രണ്ടാം അപ്പീൽ സമർപ്പിക്കാം
പരാതി സമർപ്പിക്കാനുള്ള സമയപരിധി രണ്ടുവർഷം (കാരണം ബോധ്യപ്പെട്ടാൽ കമ്മിഷന്‌ കാലവിളബം മാപ്പാക്കാം)
ടെലികോം, ഭവനനിർമാണം എന്നിവയുൾപ്പെടുത്തി നിയമത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. 
കമ്മിഷനുകളിലെ പ്രസിഡന്റിനെയും അംഗങ്ങളെയും തിരഞ്ഞെടുക്കുന്നതിനുള്ള സമിതിയിൽ മാറ്റം
ധനപരമായ അധികാരപരിധി വർധിപ്പിച്ചു. 

 

പ്രസിഡന്റ്‌, ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ, എറണാകുളം