രസേനയിലേക്കുള്ള ആദ്യ പരീക്ഷയിൽ അയോഗ്യനാക്കപ്പെട്ട യുവാവ് പിന്നീട് കഠിനാധ്വാനത്തിലൂടെ സേനയിലെത്തി പാകിസ്താന്റെ കശ്മീർ ആക്രമണം തടയാൻ പഠാൻകോട്ടിൽ നിയമിക്കപ്പെട്ട കഥയാണ് കേണൽ എ.വി.എം. അച്യുതന്റെ സംഭവബഹുലമായ ജീവിതം.ആ ജീവിതത്തിൽ സ്വയം നടത്തിയ പോരാട്ടങ്ങളും സമരങ്ങളും സഹനങ്ങളും മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. അതിലേറെ, മഹത്തായ ഒരു കാലം പ്രസരിപ്പിച്ച പ്രകാശവും അതു പകർന്ന സംസ്കാരവുമായിരുന്നു. താൻ മാത്രമല്ല, ജീവിക്കുന്നത് ഒരു കാലംകൂടിയാണ് എന്നദ്ദേഹം എപ്പോഴും ബോധവാനായിരുന്നു.വലിയ മനുഷ്യരെക്കണ്ടും അവരുടെ ഭാഷണങ്ങൾ കേട്ടുമാണ് അച്യുതൻ വളർന്നത്.

അച്ഛൻ കോഴിപ്പുറത്ത് മാധവമേനോൻ, അമ്മ എ.വി. കുട്ടിമാളു അമ്മ. ഇരുവരും രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിനായി ജീവിതം തീറെഴുതിയവർ. രാജ്യമെങ്ങും അക്രമരഹിത നിയമലംഘനം നടന്നപ്പോൾ കസ്തൂർബാ ഗാന്ധി, സരോജിനി നായിഡു, കമലാദേവി ചതോപാധ്യായ എന്നിവരാൽ പ്രചോദിക്കപ്പെട്ട് കുട്ടിമാളു അമ്മയും കോഴിക്കോട്ട് ഘോഷയാത്ര നയിച്ചു. ശിക്ഷിക്കപ്പെട്ട് ജയിലിലേക്കു പോവുമ്പോൾ കുട്ടിമാളു അമ്മയുടെ കൈയിൽ രണ്ടുമാസം പ്രായമായ ഒരു പെൺകുഞ്ഞുകൂടിയുണ്ടായിരുന്നു. കുഞ്ഞിനെ ജയിലിലേക്ക് കൊണ്ടുപോകാൻ അനുവദിക്കാതിരുന്ന സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഹഷിമിനോട്, ആറുവയസ്സിന് താഴെയുള്ള കുട്ടികളെ കൂടെക്കൊണ്ടുപോവാൻ ഒരമ്മയ്ക്ക് അവകാശമുണ്ടെന്ന ജയിൽചട്ടങ്ങളിലെ വകുപ്പ് ചൂണ്ടിക്കാട്ടി ആ അമ്മ വാദിച്ചു. അച്യുതന്റെ സഹോദരി അങ്ങനെ കൽത്തുറുങ്കിൽ വളർന്നു.

ഇതെല്ലാം കണ്ടും കേട്ടും അറിഞ്ഞും വളർന്ന അച്യുതനിലും ഭാരതം എന്ന വികാരം ആഴത്തിൽ മുദ്രിതമാക്കപ്പെട്ടു. അതിന്റെ മറ്റൊരു പതിപ്പായിരുന്നു അദ്ദേഹത്തിന്റെ സേനാജീവിതം. മഹാത്മജിയുടെ ചിതാഭസ്മം അലഹാബാദിൽ, ഗംഗയിൽ അലിഞ്ഞുചേരുന്ന അതേ ദിവസമാണ് അച്യുതൻ ആദ്യമായി പട്ടാളത്തിൽ ജോലിക്കായി എത്തുന്നത് എന്നത് വെറും യാദൃച്ഛികതയാണോ മഹാത്മാവിന്റെ അനുഗ്രഹമാണോ എന്നറിയില്ല. പണ്ഡിറ്റ് ജവാഹർലാൽ നെഹ്രു, നരിമാൻ തുടങ്ങിയ നേതാക്കൾ കോഴിക്കോട്ടെത്തുമ്പോൾ അവരെ മാലയിട്ട് സ്വീകരിക്കാനുള്ള നിയോഗം അന്ന് കുട്ടിയായിരുന്ന അച്യുതനായിരുന്നു. ‘പണ്ഡിറ്റ്ജിക്ക്‌ മാലയിട്ട കൈകൾകൊണ്ട് അക്രമം കാണിക്കരുത്’ എന്നായിരുന്നു അച്ഛൻ മകന് നൽകിയ ഏറ്റവുംവലിയ ഉപദേശം. ഇന്ത്യയുടെ ഏകീകരണത്തിൽ സർദാർ പട്ടേലിന്റെ വലംകൈയായി പ്രവർത്തിച്ച വി.പി. മേനോൻ കുട്ടിക്കാലത്ത് നാടുവിടുമ്പോൾ തീവെച്ച ഒറ്റപ്പാലം സ്കൂളിലെ ഓലപ്പുരയിലായിരുന്നു അച്യുതൻ ആദ്യപാഠങ്ങൾ പഠിച്ചത് എന്നതും ചരിത്രം കാത്തുവെച്ച കൗതുകമാവാം. 

ഇത്തരം മഹത്തായ കാര്യങ്ങളുമായി ബന്ധപ്പെട്ടതുകൊണ്ടാവാം കേണൽ അച്യുതന്റെ വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ആദർശത്തിന്റെ തലയെടുപ്പും വിനയത്തിന്റെ ഭംഗിയും എപ്പോഴുമുണ്ടായിരുന്നു. നീലം സഞ്ജീവറെഡ്ഡി രാഷ്ട്രപതിയായിരുന്നപ്പോൾ അച്യുതനായിരുന്നു രാഷ്ട്രപതിഭവന്റെ കൺട്രോളർ. 1985-ൽ അമ്മ കുട്ടിമാളു അമ്മയുടെ നിര്യാണത്തോടെയാണ് അച്യുതൻ ‘മാതൃഭൂമി’യുടെ ഡയറക്ടറാവുന്നത്. പിന്നീട് അദ്ദേഹം മാതൃഭൂമി എന്ന മഹത്തായ പ്രസ്ഥാനത്തിന്റെ പ്രൗഢസംസ്കാരത്തിന്റെ പതാകാവാഹകനായി. അതിർത്തിയിൽ ഇന്ത്യയെ കാലങ്ങളോളം കാത്തതുപോലെ അച്യുതൻ മാതൃഭൂമിയുടെ പാരമ്പര്യത്തെയും തന്നാലാവുംവിധം സമൂഹത്തിൽ കാത്തുസംരക്ഷിച്ചു.