imageഓരോരുത്തരും അവനവനിലേക്ക് ചുരുങ്ങുന്ന വല്ലാത്തൊരു കാലത്താണ് ഈ വർഷത്തെ സഹകരണദിനം വരുന്നത്. ‘ഒരുമിച്ചുനിന്ന് മെച്ചപ്പെട്ട പുനർനിർമാണം’ (rebuild better together) എന്നതാണ് ഈ സഹകരണ ദിനത്തിന്റെ പ്രമേയം. ഒരുമിച്ചുനിന്ന് ലോകത്തിന് മാതൃകതീർത്ത സഹകരണ കൂട്ടായ്മയുടെ നാടാണ് കേരളം. കോർപ്പറേറ്റുകൾക്ക് കോ-ഓപ്പറേറ്റീവ് ബദലാണെന്ന് തെളിയിച്ച മാതൃകകൾ.

# പാഠപുസ്തകമായി പള്ളിയാക്കൽ

എറണാകുളം ജില്ലയിലെ ഏഴിക്കര ഗ്രാമപ്പഞ്ചായത്തിലെ ആറ് വാർഡുകളിൽ മാത്രമായി പ്രവർത്തിക്കുന്നതാണ് പള്ളിയാക്കൽ സർവീസ് സഹകരണ ബാങ്ക്. സംസ്ഥാനത്തെ 1625 പ്രാഥമിക സഹകരണ ബാങ്കുകളിലൊന്ന്. പക്ഷേ, വിവിധ സർവകലാശാലകളിൽനിന്നടക്കം, 56 രാജ്യങ്ങളിലുള്ള പ്രതിനിധികൾ ഇവിടെയെത്തി. ഒരുനാടിനെയാകെ സ്വാശ്രയത്തിലേക്ക് നടത്തിയ പള്ളിയാക്കലിന്റെ പാഠം പഠിക്കാൻ. 1943 ഫെബ്രുവരി 16-ന് തുടങ്ങിയ സംഘത്തിന് 2000 വരെ നഷ്ടത്തിന്റെ കണക്കുമാത്രമായിരുന്നു പറയാനുണ്ടായിരുന്നത്. 2000-ത്തിൽ അവർ പ്രവർത്തനരീതിയും കാഴ്ചപ്പാടും മാറ്റി. കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും ജീവിതവരുമാനമാക്കുന്നവരാണ് ബാങ്കിന്റെ പ്രവർത്തന പരിധിയിലുള്ളത്. അവരുടെ വരുമാനം കൂട്ടാനുള്ള പദ്ധതികളാണ് വേണ്ടതെന്ന് ബാങ്ക് വിശ്വസിച്ചു. അങ്ങനെ കാർഷികപദ്ധതികൾ ബാങ്ക് ഏറ്റെടുത്തുനടത്തി.

ഏഴിക്കര പഞ്ചായത്തിൽ ഓരോ സ്ഥലത്തായി ബാങ്ക് കർഷകരുടെ യോഗം വിളിച്ചുചേർത്തു. അതിൽനിന്ന് സ്വാശ്രയക്കൂട്ടായ്മ ഉണ്ടാക്കി. പച്ചക്കറി, പശുവളർത്തൽ, പൊക്കാളി അരി, മത്സ്യക്കൃഷി, ഔഷധസസ്യം, കോഴി-താറാവ് വളർത്തൽ എന്നിവയ്ക്കെല്ലാം സ്വാശ്രയ സംഘങ്ങളായി. ബാങ്ക് വായ്പ നൽകി. അത് പണമായി നൽകുന്നതിനുപകരം സാധനങ്ങളും സേവനങ്ങളുമായി നൽകി. കർഷകരെ സഹായിക്കാൻ അഗ്രിക്ലിനിക്ക് തുടങ്ങി. അവിടെ ഒരു കൃഷി ഓഫീസറെ നിയമിച്ചു. വിത്തും ട്രാക്ടറുമെല്ലാം ബാങ്ക് നൽകി. കാർഷിക ജോലികൾ ചെയ്യുന്നതിന് 25 അംഗങ്ങളുള്ള ഭക്ഷ്യസുരക്ഷാ സേനയുണ്ടാക്കി. കാർഷിക ഉത്‌പന്നങ്ങൾ ബാങ്ക് തന്നെ തിരിച്ചെടുത്തു. അവ വായ്പ തിരിച്ചടവിനും ഉപയോഗിച്ചു. വ്യാപാരികൾക്കും കൂട്ടായ്മയുണ്ടാക്കി. 

സ്വാശ്രയക്കൂട്ടായ്മ എന്ന ബാങ്ക് പരീക്ഷണത്തിലൂടെ ഒരുനാട് മാറുകയായിരുന്നു ശരിക്കും. ‘പശുവളർത്തലുകാരുടെ ഗൾഫ്’ എന്നൊരു വിളിപ്പേരുണ്ട് ഇന്ന് പള്ളിയാക്കലിന്. പശുവളർത്തുന്നവർക്കുമുണ്ട് സ്വാശ്രയസംഘം. അവരിൽനിന്ന് പാൽ ബാങ്ക് വാങ്ങും. മറ്റൊരിടത്തും ക്ഷീരകർഷകർക്ക് ലഭിക്കാത്ത, മിൽമപോലും നൽകാത്ത വിലയാണ് ബാങ്ക് അവർക്ക് നൽകുന്നത്. ലിറ്ററിന് 49 രൂപ. ഒരുലിറ്ററിന് 50 പൈസ ബോണസ്. സബ്‌സിഡി നിരക്കിൽ ഇൻഷുറൻസ്. ഒരു പശുവിന് 2000 രൂപവരെ പരിചരണത്തിന് വായ്പ. വായ്പയുടെ തിരിച്ചടവും പാലായി സ്വീകരിക്കും. കുറഞ്ഞവിലയ്ക്ക് ക്ഷീരകർഷകർക്ക് കാലിത്തീറ്റ നൽകുന്നതിന് ബാങ്ക് കാലിത്തീറ്റയുടെ ഏജൻസി എടുത്തു.കൃഷിയെക്കുറിച്ചറിയാൻ ഏഴ് മേഖലകളിലായി കാർഷിക ക്ലബ്ബുകളുണ്ടാക്കി. എട്ട് ബാലകാർഷിക ക്ലബ്ബുകളാണ്. ആ നാടിന്റെ കാഴ്ച ടൂറിസമാക്കി മാറ്റാൻ ബാങ്ക് തീരുമാനിച്ചു. അതിനുവേണ്ടിയും സ്വാശ്രയക്കൂട്ടായ്മയുണ്ടാക്കി. കഴിഞ്ഞ സർക്കാരിന്റെ അവസാന ബജറ്റ് അവതരണത്തിൽ തോമസ് ഐസക് പറഞ്ഞു: ‘‘പള്ളിയാക്കൽ സംസ്ഥാനമാകെ നടപ്പാക്കേണ്ട ഒരു സഹകരണ മാതൃകയാണ്’’.

കൃഷിയെയും കർഷകനെയും ചേർത്തു നിർത്തി എങ്ങനെ ഒരു സഹകരണ സംഘത്തിന് ഒരു നാടിന്റെ ജീവിതാവസ്ഥ മാറ്റിയെടുക്കാനാകുമെന്ന് ഞങ്ങൾതെളിയിച്ചു.
- എം.എസ്. ജയചന്ദ്രൻ, പ്രസിഡൻറ് ,പളളിയാക്കൽ, സർവീസ് സഹകരണ ബാങ്ക്.

# നക്ഷത്രത്തേരിലേറി ലാഡർ

കാണുമ്പോൾ, വലിയ സ്വപ്നം കാണണമെന്നത് സഹകരണ സംഘങ്ങൾക്ക് ലാഡർ (കേരള ലാൻഡ് റിഫോംസ് ഡവലപ്‌മെന്റ്‌ കോ-ഓപ്പറേറ്റീവ് സൊസൈറ്റി) നൽകുന്ന സന്ദേശമാണ്. ഒമ്പതാണ് ലാഡറിന്റെ പ്രായം. പക്ഷേ, ലോക സഹകരണ ചരിത്രത്തിൽ ഇനി ലാഡറിനും പേരുണ്ട്. ലോകത്താദ്യമായി സഹകരണ മേഖലയിൽ ഒരു പഞ്ചനക്ഷത്ര ഹോട്ടൽ പണിയുകയാണ് ലാഡർ. സപ്ത എന്ന പേരിൽ വയനാട് സുൽത്താൻ ബത്തേരിയിൽ നാലേക്കറിൽ എല്ലാ പ്രകൃതിമനോഹാരിതയും നിലനിർത്തി അതിന്റെ നിർമാണം പൂർത്തിയായിക്കഴിഞ്ഞു. 

അണുകുടുംബത്തിൽനിന്ന് വ്യക്തികേന്ദ്രീകൃതമായി കുടുംബജീവിതം മാറുന്ന ഘട്ടമാണിത്. പ്രായമായവരെ നോക്കാൻ ആളില്ല. ഈ ഘട്ടത്തിലാണ് മുതിർന്ന പൗരന്മാർക്ക് ഒരുഗ്രാമം എന്ന കാഴ്ചപ്പാട് ലാഡർ മുന്നോട്ടുവെക്കുന്നത്. വൃദ്ധസദനങ്ങളും വയോജന പാർക്കുകളും വയോജന റെസിഡൻഷ്യൽ കേന്ദ്രങ്ങളുമെല്ലാം നിലവിലുണ്ട്. അവർക്കുവേണ്ടി ഒരു ഗ്രാമം തീർക്കുകയെന്നത്, അതും ഒരു സഹകരണ സംഘം, ലോകത്തൊരിടത്തും അത്തരമൊന്ന് ഉണ്ടായിട്ടില്ല. പാലക്കാട് മുതലമടയിൽ 44 ഏക്കർ സ്ഥലത്താണ് ലാഡർ ‘സീനിയർ സിറ്റീസൺ വില്ലേജ്’ പണിയുന്നത്. അവിടെ ആതുരാലയമുണ്ടാകും. കുളവും കൃഷിയും കഥപറഞ്ഞിരിക്കാൻ തണലിടവും കുട്ടികളെ കാണാനും മിണ്ടാനും കുഞ്ഞ്‌ സ്കൂളുമെല്ലാം ഉണ്ടാകും. ആധിയില്ലാത്തതുമാത്രമല്ല, ആനന്ദമുള്ളൊരു വാർധക്യം അതാണ് ലാഡർ ലക്ഷ്യമിടുന്നത്.

2012-ലാണ് സി.എൻ. വിജയകൃഷ്ണന്റെ നേതൃത്വത്തിൽ ലാഡർ തുടങ്ങുന്നത്. അന്നേ തുടങ്ങിയതാണ് വലിയ സ്വപ്നങ്ങൾ കാണാൻ. ഫ്ളാറ്റുകൾ നിർമിച്ചായിരുാന്നു തുടക്കം. പിന്നെ, മഞ്ചേരിയിൽ മാളും തിയേറ്ററും ഫുഡ് പാർക്കും പണിതു. ‘‘ടാറ്റയ്ക്കും ബിർളയ്ക്കും മാത്രമല്ലല്ലോ, ഒരു സാധാരണക്കാരനും സ്റ്റാർ ഹോട്ടൽ മുതലാളി ആവണമെന്ന് ആഗ്രഹമുണ്ടാവില്ലേ’’ നക്ഷത്രഹോട്ടൽ സ്ഥാപിക്കാനുള്ള തിരുമാനമെടുക്കുന്ന ഭരണസമിതി യോഗത്തിൽ വിജയകൃഷ്ണൻ ചോദിച്ചതാണിത്.

ചെറിയ ആളുകൾക്കും വലിയ സ്വപ്നം കാണാം. അത് യാഥാർഥ്യമാക്കാൻ ഒരു വഴിയുണ്ട്. കുറേപ്പേർ ചേർന്ന് ഒരേ സ്വപ്നം കാണുക എന്നതാണത്. ഇതിന്റെ പേരാണ്  സഹകരണം. ലാഡർ ചെയ്യുന്നത് അതാണ്. - സി.എൻ. വിജയകൃഷ്ണൻ, ചെയർമാൻ, ലാഡർ

# മണ്ണിനെ സ്നേഹിച്ച മറ്റത്തൂർ

4000 ഏക്കറിൽ കൃഷി. ഒരുലക്ഷം കർഷകർക്ക് വരുമാനം. രണ്ടായിരം പേർക്ക് തൊഴിൽ. ഒരു ലേബർ സഹകരണ സംഘത്തിന്റെ ലക്ഷ്യമാണിത്. വലിയ പേരും പെരുമയുമില്ലാതെ മഹത്തായ മാതൃകതീർത്ത ഒരു ലേബർ സഹകരണസംഘമുണ്ട് തൃശ്ശൂരിൽ. അതിന്റെ പേരാണ് മറ്റത്തൂർ. അതിന്റെ ലക്ഷ്യമാണ് ആദ്യം പറഞ്ഞതും.നിർമാണജോലികൾ ഏറ്റെടുത്ത് തൊഴിലാളികൾക്ക് തൊഴിലുറപ്പാക്കുകയെന്നതാണ് സാധാരണ ഒരു ലേബർ സഹകരണസംഘത്തിന്റെ ലക്ഷ്യം.

എന്നാൽ, ഇതിന് അപ്പുറത്തേക്ക് ഒരു തൊഴിൽ കാഴ്ചപ്പാട് മുന്നോട്ടുവെക്കുകയും അതിലൂടെ ഒരുനാടിന്റെ ജീവിതനിലവാരം മാറ്റിയെടുക്കുകയും ചെയ്തുവെന്നതാണ് മറ്റത്തൂർ കാട്ടിയ മാതൃക. 2008-ലാണ് തൃശ്ശൂർ ജില്ലയിലെ മറ്റത്തൂർ ലേബർ സഹകരണ സംഘം തുടങ്ങുന്നത്. കാർഷിക-നിർമാണ മേഖലയിൽ വിവിധ പദ്ധതികൾ ആവിഷ്കരിച്ച് അംഗങ്ങൾക്ക് തൊഴിലവസരം ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. 800 അംഗങ്ങളിൽ 500-ലധികം പേരും കർഷകരാണ്. അങ്ങനെയാണ് മണ്ണിനെ മനസ്സിലിട്ട് സംഘം സ്വപ്നംകാണാൻ തുടങ്ങിയത്.

കദളീവനം, ഔഷധവനം, പാവൽ നാട്, പൂഗ്രാമം, മഞ്ഞൾവനം, തുളസീവനം- മറ്റത്തൂരിന്റെ കാർഷിക പദ്ധതികളുടെ പേരാണിതെല്ലാം. 13 വർഷംകൊണ്ട് ഈ പദ്ധതിപ്പേരിനൊക്കെ മറ്റത്തൂർ ഒരു മേൽവിലാസമുണ്ടാക്കി. 100 ഏക്കറിൽ കുറുന്തോട്ടി കൃഷി, 100 ഏക്കറിൽ കദളിക്കുല, 60 ഏക്കറിൽ പാവൽ തോട്ടം, 125 ഏക്കറിൽ ഔഷധവനം, 2500 വീടുകളിലായി തുളസീവനം ഇതെല്ലാം ഇന്ന് ഒട്ടേറെ കൃഷിക്കാരുടെയും തൊഴിലാളികളുടെയും പ്രതീക്ഷകളുടെ അളവാണ്. കുട്ടികൾക്കുമുണ്ട് കൃഷി. മഞ്ഞയും ഓറഞ്ചും ചെണ്ടുമല്ലികൾ വിരിയിക്കുന്ന ഒരേക്കറിലധികം പൂപ്പാടം. കൃഷി ഒരുവികാരവും സംസ്കാരവുമായി പുതിയ തലമുറയ്ക്കുമുണ്ടാകാനാണ് കുട്ടിക്ലബ്ബ് കൊണ്ടുവന്നതെന്ന് സംഘം സെക്രട്ടറി കെ.പി. പ്രശാന്ത് പറഞ്ഞു. 150 കുട്ടിക്കർഷകർ ഇന്ന് സംഘത്തിനുണ്ട്.

കൃഷിക്ക് ‘ബൈബാക്ക്’ സ്‌കീം കൊണ്ടുവന്നുവെന്നതാണ് മറ്റത്തൂരിന്റെ നേട്ടം. എത്രയുണ്ടാക്കിയാലും വിപണി വിലയെക്കാൾ നൽകി സംഘം എടുക്കും. ഇതാണ് കർഷകർക്ക് നൽകുന്ന ഉറപ്പ്. ഭക്തർക്ക് പ്രസാദമായി നൽകാൻ ഗുരുവായൂർ ക്ഷേത്രത്തിൽ ഒരുദിവസം 12,000 കദളിപ്പഴം വേണം. ഈ വിപണി സാധ്യതയിൽനിന്നാണ് മറ്റത്തൂർ മണ്ണ് പാകപ്പെടുത്തിയത്. 2009 മുതൽ ഇന്നും ഗുരുവായൂർ ക്ഷേത്രത്തിലേക്കുള്ള കദളിക്കുല മറ്റത്തൂരിന്റേതാണ്.
ഔഷധിക്ക് ഔഷധമുണ്ടാക്കാൻ ഒരാഴ്ച വേണ്ടത് 4000 ജൈവ പാവലാണ്. അതും മറ്റത്തൂർ ഏറ്റെടുത്തു. അങ്ങനെയാണ് ‘പാവൽ നാട്’ പിറന്നത്. ഇതിനായി കർഷകരുടെ ക്ലസ്റ്ററുണ്ടാക്കി. 30 പഞ്ചായത്തുകളിലായാണ് ഔഷധത്തോട്ടം തീർത്തത്. കുറുന്തോട്ടി, കൊടുവേലി, ശതാവരി, കച്ചോലം, ഓരില, മൂവില, അടപതിയൻ കിഴങ്ങ്, സർപ്പഗന്ധി, ഇങ്ങനെ നീളുന്നു ഔഷധക്കൃഷിയിനങ്ങളുടെ പട്ടിക. 

സംതൃപ്തരായ കർഷകരെയും സ്ഥിര വരുമാനമുള്ള തൊഴിലാളികളെയും സൃഷ്ടിക്കാനായി എന്നതാണ് മറ്റത്തൂരിന്റെ നേട്ടം. ഇവിടെ ഇടനിലക്കാരില്ല. ചൂഷണമില്ല. ലാഭക്കൊതിയില്ല. - കെ.പി പ്രശാന്ത്, സെക്രട്ടറി, മറ്റത്തൂർ ലേബർ കോൺട്രാക്ട്  സഹകരണ സംഘം.