രേഖകൾക്കിടെ

ഈയിടെ അന്തരിച്ച കാർട്ടൂണിസ്റ്റ് യേശുദാസൻ രാഷ്ട്രീയ, സിനിമാ ആനുകാലികങ്ങൾ ഒന്നിച്ചുനടത്തിയ സംരംഭകനുംകൂടിയാണ്. ഒരുപാട്‌ രാഷ്ട്രീയേതരതാത്‌പര്യങ്ങൾ ഉണ്ടായിരുന്ന അദ്ദേഹവും പക്ഷേ, അറിയപ്പെട്ടത് രാഷ്ട്രീയ കാർട്ടൂണിസ്റ്റായിട്ടാണ്. അതത്ര ചെറിയ കാര്യമാണെന്നല്ല. വാർത്താലോകത്തിനപ്പുറവും  കാർട്ടൂണുണ്ടെന്ന്‌ ഓർക്കേണ്ട കാലമാണിത്.

കേരളത്തിൽ മിക്കവാറും കക്ഷിരാഷ്ട്രീയമാണ് വാർത്തസൃഷ്ടിക്കുന്നത്. ഇപ്പോൾ നടക്കുന്ന തട്ടിപ്പിന്റെ തലവാചകങ്ങൾപോലും തിരയടിച്ചുകയറുന്നത് അധികാരകേന്ദ്രങ്ങളിലേക്കാണ്‌.  കുറേക്കാലമായി ഇവിടത്തെ കാർട്ടൂണിനെ നിർവചിക്കുന്നത്‌ അപ്പപ്പോൾ പൊട്ടിവീഴുന്ന വാർത്തകൾതന്നെയാണ്. അങ്ങനെയാവുമ്പോൾ കാർട്ടൂണിസ്റ്റ്  ഒരു പ്രതികരണത്തൊഴിലാളിമാത്രമാവുന്നു.
സംഭവങ്ങളോട് പ്രതികരിക്കുക; അവയ്ക്കുമുമ്പോ പിമ്പോ എന്തുനടക്കുന്നുവെന്ന് നോക്കാതിരിക്കുക. ‘നിങ്ങളൊരു സംഭവമാണ്’ എന്ന അടുത്തിടെ പ്രചാരത്തിൽവന്ന പ്രശംസാവചനം കാർട്ടൂണിസ്റ്റുകൾക്ക് നന്നേ ചേരും. ദേശീയതലത്തിലും സ്ഥിതി വ്യത്യസ്തമല്ല. എന്നാൽ, സംഭവങ്ങൾക്കപ്പുറം എന്ത് എന്നന്വേഷിക്കുന്ന ഒരു കാർട്ടൂൺ പാരമ്പര്യം കേരളത്തിലുണ്ടായിരുന്നു. പത്രങ്ങളിലെ ഒന്നാംപേജിലെ പോക്കറ്റ് കാർട്ടൂൺ രാഷ്ട്രീയത്തിനും ആനുകാലികങ്ങളുടെ  അവസാന പേജ് മുഴുവനും സാമൂഹിക കാർട്ടൂണിനും നീക്കിവെച്ചിരുന്നു. രണ്ടാമത് പറഞ്ഞയിനം ഇപ്പോൾ പേരിന്‌ കൊണ്ടുനടക്കുന്ന ഒന്നായി.

അരവിന്ദനും ടോംസുമൊക്കെ വാർത്താകാർട്ടൂണിസ്റ്റുകളോളം പ്രശസ്തരായിരുന്നു. അവർ മുടങ്ങാതെ മലയാളിയുടെ  നിത്യജീവിതത്തെ വരച്ചുകാണിച്ചു. തട്ടിപ്പും അഴിമതിയും ആകാശത്തുനിന്ന്‌ പൊട്ടിവീഴുന്ന മഹാദ്‌ഭുതങ്ങളല്ല. കുറ്റകൃത്യങ്ങൾക്ക് പശ്ചാത്തലമുണ്ട്; പിന്നിൽ നീണ്ട ഒരുക്കമുണ്ട്. ഇതിന്റെ ആദ്യ അവ്യക്തസൂചനകൾ, വാർത്താ സമ്മർദമില്ലാതെ വരയ്ക്കുന്ന സാമൂഹിക കാർട്ടൂണിസ്റ്റിന്റെ കണ്ണിൽപ്പെടും അസ്ഥാനത്ത് കയറിക്കൂടുന്ന ആഡംബരക്കാറും പുരാവസ്തുവുമൊക്കെ.  

ഈ സാമൂഹികജാഗ്രത ഇപ്പോൾ കാണുന്നത് പുതിയ സിനിമചെയ്യുന്നവരിലാണ്. വാർത്തയ്ക്കുപുറത്തുള്ള ലോകം മലയാള കാർട്ടൂണിലേക്ക് പെട്ടെന്നൊന്നും തിരിച്ചുവരുമെന്ന് തോന്നുന്നില്ല. തത്കാലം ഏതായാലും വരക്കാർക്ക് വിഷയദാരിദ്ര്യമില്ല. മലയാളിജീവിതം സംഭവബഹുലമായിക്കൊണ്ടേയിരിക്കുന്നു. വീണുകിട്ടുന്നത് ഒറ്റൊറ്റ സംഭവമല്ല, സംഭവപരമ്പരകൾതന്നെയാണ്. സരിത, സ്വപ്ന, ഇപ്പോൾ മോൻസൺ... ഒരു കേന്ദ്രകഥാപാത്രത്തെ മുൻനിർത്തി ചുരുളഴിയുന്ന  കുറ്റാന്വേഷണ തുടർക്കഥ. 

തുടർച്ചകൾ രസക്കയർ മുറിയാതെ വായനാതാത്‌പര്യം നിലനിർത്തും. ഒരു കയർ അയയുമ്പോൾ മറ്റൊന്ന് മുറുകും. ഏറ്റവും വിചിത്രം ഉദ്വേഗജനകമായ കുറ്റാന്വേഷണത്തിന്റെ പരിണാമഗുപ്തിയെന്തെന്ന്‌ ആരും അന്വേഷിക്കുന്നില്ല എന്നതാണ്. എന്നെങ്കിലും തിരിഞ്ഞുനോക്കിയാൽ കാണുക ധൂർത്തടിച്ച അമിതാവേശമാണ്. കുറെ അപൂർണ കഥകളും കാലഹരണപ്പെട്ട ശ്ലഥകാർട്ടൂണുകളും. പുനർവായനയ്ക്ക് പ്രേരിപ്പിക്കുന്ന ഒന്നുമുണ്ടാവില്ല. ‘ബോബനും മോളിയും’ ‘ചെറിയ മനുഷ്യരും’ ഒക്കെ വീണ്ടും മറിച്ചുനോക്കാൻ ആളുണ്ട്.

ഇപ്പോൾ നാം കടന്നുപോവുന്ന തട്ടിപ്പിന്റെ കഥകൾക്കും ന്യായമായ പരിസമാപ്തിയുണ്ടാവുമെന്ന് വിശ്വസിക്കവയ്യ. ഒരു പുതുമയുണ്ടെന്ന്‌ സമ്മതിക്കണം. ഇത്രയും  ചിത്രീകരണസാധ്യതയുള്ള തുടർവാർത്തകൾ അടുത്തൊന്നും ഉണ്ടായിട്ടില്ല. പുരാതനശില്പങ്ങൾ, വിഗ്രഹങ്ങൾ, നാണയങ്ങൾ, കലാവസ്തുക്കൾ, ചെമ്പോലകൾ... ഈ പോക്കുപോയാൽ ഐതിഹ്യമാല മൊത്തം വരച്ചു തീർക്കേണ്ടിവരും.
എല്ലാം വ്യാജവുംകൂടിയാവുമ്പോൾ കാർട്ടൂൺ വാസനകൾ ശരിക്കും ഉണരും. എന്തുപ്രായോഗികവാദത്തിന്റെ പേരിലും കളവിനെ കണ്ടില്ലെന്നുനടിക്കാൻ കാർട്ടൂണിസ്റ്റിനാവില്ല.  നാലുകൊല്ലത്തെ ദുർഭരണത്തിനുശേഷവും ഡൊണാൾഡ്‌ ട്രംപ് എന്ന അമേരിക്കൻ പ്രസിഡന്റിന്റെ ജനപിന്തുണയ്ക്ക് വലിയ കോട്ടമൊന്നും തട്ടിയില്ല. എന്നാൽ, കളവുപറഞ്ഞ ഒരു ദിവസവും ആളെ കാർട്ടണിസ്റ്റുകൾ വെറുതേ വിട്ടില്ല. കാർട്ടൂണിസ്റ്റിന്‌ ഒറ്റ ഒഴിവുദിവസം നേതാവ് നൽകിയതുമില്ല.

ഇങ്ങനെ ശ്രദ്ധ പതറാതെ ഏതെങ്കിലും അധികാരകേന്ദ്രത്തെ നിരന്തരം വർഷങ്ങളോളം നിരീക്ഷിക്കാനും ചോദ്യംചെയ്യാനുമുള്ള മാധ്യമാന്തരീക്ഷം ഇന്ത്യൻ ജനാധിപത്യത്തിലില്ല. എങ്കിൽ സാമൂഹിക കാർട്ടൂണുകളുടെ അഭാവം ഇത്രകണ്ട് അനുഭവപ്പെടില്ല. ഇവിടെ വിമർശന വിധേയമാവുന്ന സംഭവപരമ്പരകൾ പരമാവധി ആഴ്ചകളോ മാസങ്ങളോ നീണ്ടുനിൽക്കും. ഇടവേളകളിൽനിന്നുപോവുന്ന പടയൊരുക്കങ്ങൾ. ഇന്റർവെൽ പഞ്ചോടെ സിനിമ കഴിയും. പിന്നെ അടുത്ത റിലീസ്.