രേഖകൾക്കിടെ

കൂട്ടുകാർ പാഡി എന്നുവിളിച്ച താണു പദ്‌മനാഭൻ കാർട്ടൂൺവഴി ഫിസിക്സിന്‍റെ ചരിത്രംപറയുന്ന ഒരു പുസ്തകം രചിച്ചിട്ടുണ്ട്-‘ഫിസിക്സിന്‍റെ കഥ’. 1970-കളിൽ തിരുവനന്തപുരത്ത്‌ കളിച്ചുവളർന്ന വിദ്യാർഥി കാർട്ടൂണിനെ അതിന്‍റെ സർവസാധ്യതകളോടെ ആസ്വദിച്ചിരിക്കും.

പത്രമാസികകൾക്കുപുറത്ത് അക്കാലത്ത്‌  ഇവിടങ്ങളിൽ കാർട്ടൂൺ കണ്ടിരുന്നത് സോവിയറ്റ്‌ യൂണിയനിൽനിന്നുള്ള ശാസ്ത്രപുസ്തകങ്ങളിലാണ്. സുഹൃദ് രാജ്യം ഇവ വിലകുറച്ച് വിറ്റിരുന്നു. ശാസ്ത്രവും ചരിത്രവും ശാസ്ത്രത്തിന്റെ ചരിത്രവും പഠിപ്പിക്കാൻ കാർട്ടൂൺ ഇന്നും ഉപയോഗിക്കാറുണ്ട്. ദൃശ്യം മനസ്സിലുറപ്പിക്കുക, കാര്യങ്ങൾ സരളമായി പറയുക എന്നിങ്ങനെ ചിലതുണ്ട് ഈ കലയിൽ.

ഇതിനപ്പുറമൊരു ഇണക്കം കാർട്ടൂണിന്‌ ഫിസിക്സിനോടുമാത്രമായിട്ടുണ്ട്. ഇത്‌ നേരത്തേ കണ്ടെത്തിയത് അനിമേഷൻ ചെയ്യുന്ന അമേരിക്കൻ സിനിമാസ്റ്റുഡിയോകളാണ്‌. നമ്മുടെ കുട്ടികൾ ടി.വി.യിൽ കാണുന്ന കാർട്ടൂൺ കഥാപാത്രങ്ങൾ ഇരിപ്പുറയ്ക്കാത്തവരാണ്. സദാ ചലിച്ചുകൊണ്ടിരിക്കും, നിത്യ ജീവിതത്തിൽ നാം പാലിക്കുന്ന സകലക്രമങ്ങളും തെറ്റിച്ചുകൊണ്ട്.
പുരപ്പുറത്തുനിന്നൊരു കോമിക് രൂപം അടിതെറ്റി വീഴുന്നത് ഞൊടിയിടയിലല്ല. ശൂന്യാകാശത്തിൽ അല്പനേരം തങ്ങിനിന്ന്, താഴോട്ടുനോക്കി ഞെട്ടിവിറച്ച് ഞെട്ടലും വിറയും അഭിനയിച്ചുകാണിക്കുകയും ചെയ്തിട്ടാണ് നിലംപതിക്കുന്നത്. സാമാന്യബോധത്തിന് നിരക്കാത്ത ഈ ശൈലീകൃതചലനമാണ് ചിരിയുണർത്തുന്നത്. 1930-കളിൽ വ്യാവസായികാടിസ്ഥാനത്തിൽ അനിമേഷൻ ചെയ്തുതുടങ്ങിയപ്പോൾ ഇത്തരം ചലനങ്ങൾ പലവട്ടം ആവർത്തിക്കേണ്ടിവന്നു. വഴിയേ കാർട്ടൂണിലെ ആട്ടത്തിനും ചാട്ടത്തിനും ഒരു വ്യവസ്ഥയുണ്ടായി. അനിമേഷൻ കലാകാരന്മാർ അതിനെ  ‘കാർട്ടൂൺ ഫിസിക്സ്‌’ എന്നുവിളിച്ചു.

ഇതൊരു ശാസ്ത്രശാഖയല്ല, സാങ്കല്പിക കോമിക് കഥാപാത്രങ്ങളുടെ ഒരു ആട്ടപ്രകാരംമാത്രം. അത് സാധ്യമായതുപക്ഷേ, യഥാർഥ ശാസ്ത്രത്തിന്റെ പിൻബലത്തിലാണ്. ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യദശകങ്ങളിൽ ആൽബർട്ട് ഐൻസ്റ്റൈൻ അടക്കം ഒരു കൂട്ടം വൈജ്ഞാനികർ മാറ്റിയെഴുതിയത് ശാസ്ത്രസിദ്ധാന്തങ്ങളെമാത്രമല്ല; അവർ വെല്ലുവിളിച്ചത് നമ്മുടെ സാമാന്യാനുഭവത്തെക്കൂടിയാണ്. രണ്ടുനൂറ്റാണ്ടിലേറെയായി ഐസക് ന്യൂട്ടൻ പറഞ്ഞപടി സുസ്ഥിരമായി തുടർന്ന ലോകത്തേക്കാണ്‌ ഈ അട്ടിമറികൾ ഒന്നൊന്നായി കടന്നുവന്നത്. കാഴ്ചയുടെ അടിസ്ഥാനമായ പ്രകാശംതന്നെ പെട്ടെന്ന് അപരിചിതമായി. വളഞ്ഞും പുളഞ്ഞും കണികയായും തരംഗമായുമൊക്കെ നീങ്ങുന്ന ബഹുരൂപിയായി വെളിച്ചം. നമ്മെ നിലത്തുപിടിച്ചുനിർത്തുന്ന ന്യൂട്ടോണിയൻ ഗുരുത്വാകർഷണത്തെ ഐൻസ്റ്റൈൻ അസ്ഥിരപ്പെടുത്തി; മറ്റുപലതിനെയും. പ്രപഞ്ചത്തിന്‌  അളവുണ്ട്, അതിരില്ല എന്നൊക്കെ പറഞ്ഞാൽ എന്തുചെയ്യാനാണ്? പൊതുസമൂഹം അമ്പരപ്പോടെ പിന്തുടർന്ന ഈ വൻ  കണ്ടെത്തലുകളെ അനിമേഷൻകാർക്ക്  ഒരിത്തിരി വലിച്ചുനീട്ടേണ്ടകാര്യമേ ഉണ്ടായിരുന്നുള്ളൂ. അമ്പരപ്പ് ചിരിക്ക്‌ വഴിമാറി.
ആധികാരികതയെ, നടപ്പുവ്യവസ്ഥകളെ, ധിക്കരിക്കാനുള്ള ഒരുക്കമില്ലെങ്കിൽ ഫിസിക്സുമില്ല, കാർട്ടൂണുമില്ല. കഴിഞ്ഞ നൂറ്റാണ്ടിലെ അതികായനായ  ഐൻസ്റ്റൈനെ  ചോദ്യംചെയ്തുകൊണ്ടാണ്  പാഡി ഗവേഷണം തുടർന്നത്‌. രാജഭരണകാലത്ത് ട്രാവൻകൂർ യൂണിവേഴ്സിറ്റിയിൽ  വൈസ് ചാൻസലറാവാനുള്ള ക്ഷണം ഐൻസ്റ്റൈൻ നിരസിച്ചത്രേ. 2006-ൽ അപ്പോഴേക്കും പേരുമാറി കേരള സർവകലാശാലയായ ഇതേ സ്ഥാപനത്തിൽ ഇതേസ്ഥാനം സ്വീകരിക്കാൻ പാഡിയും വിസമ്മതിച്ചു. പദവി മോശമായതുകൊണ്ടല്ല. സ്വതന്ത്രമായി പഠനവും അധ്യാപനവും തുടരാൻ. 

അധികാരത്തോട് അകന്നുനിൽക്കാൻ കാർട്ടൂണിസ്റ്റിന്‌ പ്രയാസമില്ല. അധികാരികൾക്ക് വരക്കാരെക്കൊണ്ട് ഒരു പ്രയോജനവുമില്ല. ശാസ്ത്രജ്ഞരുടെ കാര്യം അങ്ങനെയല്ല. അണുബോംബുതൊട്ട്‌ അണുബാധവരെ കൈകാര്യംചെയ്യാൻ അവർ വേണം. പാഡിയെപ്പോലൊരു ശുദ്ധശാസ്ത്രചിന്തകനിൽ പെട്ടെന്ന് പ്രയോജനപ്പെടുത്താവുന്ന ഒന്നും കണ്ടെന്നുവരില്ല. എങ്കിലും ആളുടെ രാജ്യാന്തരപ്രശസ്തി ഭരണകൂടം തിരിച്ചറിഞ്ഞു. അറിവിനപ്പുറം ഒന്നും ശ്രദ്ധിക്കാത്ത ഈ അന്വേഷകനാവട്ടെ അകന്നുതന്നെനിന്നു.
അധികാരം പിടിമുറുക്കുന്ന ഇക്കാലത്ത് ഇങ്ങനൊയൊരാളുടെ വിടവാങ്ങൽ  കടുത്ത നഷ്ടബോധമുണ്ടാക്കുന്നു. ഈ കാർട്ടൂൺ സ്നേഹിക്കുവേണ്ടി ഒരു വിശിഷ്ടകാർട്ടൂൺ ഓർത്തെടുക്കുന്നു. ഐൻസ്റ്റൈൻ മരിച്ച പിറ്റേന്ന്  1955 ഏപ്രിൽ 19-ന്‌ വാഷിങ്ടൺ പോസ്റ്റിൽ ഹെർബ്ലോക് വരച്ച ചിത്രത്തിൽ സൗരയൂഥം, അതിലൊരിടത്ത്  ഭൂഗോളം, അതിന്മേൽ സ്മരണക്കുറിപ്പ്: ‘ആൽബർട്ട് ഐൻസ്റ്റൈൻ ഇവിടെ ജീവിച്ചിരുന്നു.’