നാടും നാട്ടിലെ കാർട്ടൂണും നേരിട്ട ഒരു  ദുർദശയുടെ  വാർഷികമായി.  46 കൊല്ലംമുമ്പ് ജൂൺ 25-ന്‌ അർധരാത്രി ആഭ്യന്തര അടിയന്തരാവസ്ഥ നിലവിൽവന്നു; കൂടെ പത്രങ്ങളിൽ സെൻസർഷിപ്പും. ഇത്‌ ഏറ്റവും ബാധിച്ചത്‌ തിരുത്തലിന്‌ എളുപ്പം വഴങ്ങാത്ത കാർട്ടൂണുകളെയാണ്‌.

തികച്ചും വഴങ്ങാത്ത രണ്ടുകാർട്ടൂണിസ്റ്റുകൾ ഒരു പരീക്ഷണത്തിനും മുതിരാതെ രംഗംവിട്ടു. അന്ന് ‘ദി ഹിന്ദു’വിൽ വരച്ചിരുന്ന ഒ.വി. വിജയൻ, എഡിറ്റർ ജി. കസ്തൂരി എത്ര നിർബന്ധിച്ചിട്ടും പണിയൊഴിഞ്ഞു. രജീന്ദർപുരി വരവിട്ട്‌ രാഷ്ട്രീയപ്രവർത്തനത്തിലേക്ക് തിരിഞ്ഞു. വിഭജനത്തോടൊപ്പം കറാച്ചിയിൽനിന്ന് ഡൽഹിയിലെത്തിയ കുടുംബത്തിന്റെ രക്ഷാർഥം  അച്ഛൻ കൊണ്ടുനടന്ന കൈത്തോക്ക്  പൊടിതട്ടിയെടുത്ത്‌ ഒളിവിൽ പോവാൻ തയ്യാറായി.
പെട്ടെന്ന് കോറിയിട്ട ചിത്രം, ഒന്നൊന്നര വാചകം. ഇത്രയേ ഉള്ളൂ കാർട്ടൂൺ. അതിനിടയ്ക്ക് സെൻസർ  എന്ന തിരുത്തൽവാദിക്കു മേഞ്ഞുനടക്കാനുള്ള ഇടമൊന്നുമില്ല. എങ്കിലും ഈ സർക്കാർ ഉദ്യോഗസ്ഥർ ഏൽപ്പിച്ച പണിചെയ്യും. അത് കുറ്റം കണ്ടെത്തലാണ്‌. തുടർന്ന്‌ വാർത്തയും മുഖപ്രസംഗവും മാറ്റിയെഴുതപ്പെടും. അതുപോലെ തൊട്ടാൽ പൊട്ടുന്ന കാർട്ടൂണിൽ കൈവെക്കാനാവില്ല. പത്രത്തിനകത്തുപോലും ഇതിന്മേൽ അറ്റകുറ്റപ്പണി പതിവില്ല.  പടിഞ്ഞാറൻ ദേശങ്ങളിലെ  വിനോദമാസികകളിൽ ഉള്ളതുപോലെ ഇവിടെ കാർട്ടൂൺ എഡിറ്റർമാരില്ല. പരിക്കേൽപ്പിക്കാതെ  മാറ്റങ്ങൾ നിർദേശിക്കാൻ കഴിവുള്ള സഹപ്രവർത്തകർ ന്യൂസ് റൂമിൽ കണ്ടേക്കാം. അത്തരക്കാർ പൊതുവേ സഹൃദയരായിരിക്കും എന്നതുകൊണ്ട്  ഇടപെടൽ ഒരു ശീലമാക്കില്ല.

സർവാധികാരത്തോടെ ചതുരത്തിന്റെ അകത്തുവരെ റബ്ബർ സീൽ പതിപ്പിച്ച്‌ വികലമാക്കി അയോഗ്യതകല്പിച്ച  കാർട്ടൂണുകൾ അടിയന്തരാവസ്ഥയ്ക്കുശേഷം വെളിച്ചംകണ്ടിട്ടുണ്ട്. അബു അബ്രഹാമിന്റെയും ആർ.കെ. ലക്ഷ്മണിന്റെയുമൊക്കെ തിരസ്കൃത രചനകൾ ഒരുമിച്ചുനോക്കിയാൽ എന്തുമാനദണ്ഡംവെച്ചാണ് വിലക്കിയതെന്ന്‌ പറയാനേ ആവില്ല. ഇന്ന് സാമൂഹിക ഡിജിറ്റൽ മാധ്യമനിയന്ത്രണത്തിന്റെ ഭാഗമായി  ഈ ലോലചിത്രണകലയെ എങ്ങനെ അളന്നുതൂക്കുമെന്ന് കണ്ടറിയണം.

 അന്ന് ഭാഷാപത്രങ്ങളിലെ പ്രഗല്ഭരുടേതടക്കം നാടൊട്ടുക്ക് കാർട്ടൂണുകൾ സെൻസറുടെ നറുക്കെടുപ്പിനുവിധേയമായി. കെട്ടുറപ്പുള്ള  ഭരണം വാഗ്ദാനംചെയ്ത  അടിയന്തരാവസ്ഥയിൽ ഒന്നിനും ഒരു ഉറപ്പുമുണ്ടായിരുന്നില്ല എന്നതാണ് വസ്തുത. രാഷ്ട്രത്തിന്റെ ഭരണഘടനതന്നെ നിരന്തരം ഭേദഗതിചെയ്യപ്പെട്ടു. ഈ പ്രാമാണികഗ്രന്ഥത്തെ വരിസംഖ്യയടച്ച്‌ വായിക്കേണ്ട ഒരു ആനുകാലികമായി ചിത്രീകരിച്ച ഒരു കാർട്ടൂൺ സെൻസറിന്റെ കണ്ണുവെട്ടിച്ച്‌ അക്കാലത്ത്‌ അങ്ങിങ്ങ് വെളിച്ചംകണ്ടു.

ഭാഗ്യത്തിന് 1977 മാർച്ചിൽ തിരഞ്ഞെടുപ്പ് നടന്നു. സർക്കാർ മാറി. ഇരുപത്തൊന്നുമാസത്തെ നിത്യനിന്ദ അവസാനിച്ചു. മാറിനിന്ന വിജയൻ ‘ദി സ്റ്റേറ്റ്‌സ്‌മാൻ’ പത്രത്തിലും ‘മാതൃഭൂമി’യിലും നവോന്മേഷത്തോടെ വരച്ചുതുടങ്ങി.   തിരഞ്ഞെടുപ്പുഫലംകണ്ട്‌ അന്തംവിട്ട കേരളത്തിലെ വായനക്കാർക്ക് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ കോൺഗ്രസിതര സർക്കാരിനെ സ്വതഃസിദ്ധമായ ‘അനാദരവോടെ’ പരിചയപ്പെടുത്തി.
ഭരണമാറ്റത്തിനായി രാഷ്ട്രീയപ്രവർത്തനം നടത്തിയ  രജീന്ദർപുരി പുതിയ സർക്കാർ വെച്ചുനീട്ടിയ സ്ഥാനമാനങ്ങൾ നന്ദിയോടെ നിരസിച്ചു. ഒരിക്കലും ഉപയോഗിക്കേണ്ടിവരാഞ്ഞ കൈത്തോക്ക് മാറ്റിവെച്ചു. അന്നത്തെ 43-കാരൻ 38 കൊല്ലംകൂടി നമുക്കുവേണ്ടി വരച്ചു.

തിരിച്ചുവരാഞ്ഞത് ഒരു സ്ഥാപനമാണ്‌, ശങ്കേഴ്‌സ് വീക്ക്‌ലി. നാടൊട്ടുക്ക്‌ പ്രചാരമുള്ള ഏക കാർട്ടൂൺ ആനുകാലികം. വായനശാലകളിലും ആഢ്യന്മാരുടെ ക്ലബ്ബുകളിലും ട്രേഡ് യൂണിയൻ ഓഫീസുകളിലും ഒരുപോലെ കൂട്ടവായനക്കാരെ നേടിയെടുത്ത വാരിക. സാദാ  പത്രക്കടലാസിൽ വെടിപ്പോടെ ഒരുക്കിയെടുത്ത പേജുകൾ. വരയെ വെല്ലുന്ന എഴുത്ത്.  സ്ഥാപകനായ ശങ്കർ ഉറപ്പുവരുത്തിയ യുവസാന്നിധ്യം-നമ്മുടെ യേശുദാസനും  ബി.എം. ഗഫൂറുംതൊട്ട്‌ തനിനിഷേധിയായ അമേരിക്കക്കാരൻ ജൂലിസ് ഫൈഫർ (Jules Feiffer)വരെ.

ഇങ്ങനെ ഒരു പ്രസിദ്ധീകരണം  ഇവിടെ  പിന്നീടുണ്ടായില്ല. ഇന്നതിന്റെ  ആവശ്യമുണ്ടോ? നല്ല ആളോഹരി നർമമുള്ള ജനത ട്വിറ്റർതൊട്ട്‌ ചായക്കടയിൽവരെ സജീവമാണ്. കാർട്ടൂൺ ആസ്വദിക്കുന്നവർക്കും അഭ്യസിക്കുന്നവർക്കും ഇന്റർനെറ്റുണ്ട്.
ഉണ്ടോ? ഒന്നുകൂടി ഉറപ്പുവരുത്തുക. ലഡാക്ക് മുതൽ ലക്ഷദ്വീപുവരെ കഴിഞ്ഞ ഒറ്റവർഷത്തിൽ നൂറിലേറെത്തവണ  ഇന്റർനെറ്റ് നിരോധിച്ചിട്ടുണ്ട്.