ദൈവത്തിന്റെ സ്വന്തം നാടാണെന്നാണ് കേരളത്തിന്റെ ആഗോള പ്രശസ്തി. പ്രകൃതി അതിസുന്ദരം. ആ സൗന്ദര്യത്തിന്റെ ആത്മാവ് കുടികൊള്ളുന്നതാകട്ടെ ഗ്രാമങ്ങളിലാണ്. പക്ഷേ, പ്രകൃതിരമണീയമായ എത്രയെത്ര പ്രദേശങ്ങളാണ് ഇപ്പോഴും സഞ്ചാരികളുടെ പാദസ്പർശമേൽക്കാതെ കഴിയുന്നത്! മതിയായ യാത്രാസൗകര്യമോ താമസസൗകര്യമോ ഇല്ലാത്തതാണ് അത്തരം സ്ഥലങ്ങൾ സഞ്ചാരികളുടെ കാഴ്ചവട്ടത്തുനിന്ന് അകന്നു നിൽക്കാൻ കാരണം. സഞ്ചാരികളുടെയും അതത്‌ പ്രദേശങ്ങളുടെയും വലിയ നഷ്ടം. അതിനുള്ള പരിഹാരമാണ് സംസ്ഥാന ടൂറിസംവകുപ്പ് ആവിഷ്കരിച്ചു നടപ്പാക്കുന്ന കാരവൻ വിനോദസഞ്ചാര പദ്ധതി.ഇനിയും കണ്ടെത്തിയിട്ടില്ലാത്ത ഒട്ടേറെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടിക  സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്ന് വിനോദസഞ്ചാര വകുപ്പ് ശേഖരിച്ചിട്ടുണ്ട്. പ്രകൃതി രമണീയവും ചരിത്രപരവും സാംസ്കാരികവുമായി പ്രധാന്യമുള്ളതുമായ പ്രദേശങ്ങളാണ് ഇവയെല്ലാം. ആഗോള സഞ്ചാരികളുടെ കാഴ്ചയിൽനിന്ന് മറച്ചുവെക്കേണ്ട സ്ഥലങ്ങളല്ല ഇവയൊന്നും. സഞ്ചാരികളുടെ മുമ്പാകെ ഈ പ്രദേശങ്ങളെ അവതരിപ്പിക്കുകയാണ് കാരവൻ വിനോദസഞ്ചാര പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. 

നാട്ടുകാഴ്ചകളുടെ കുളിരിലേക്ക്‌
നാട്ടുമ്പുറങ്ങളായതുകൊണ്ടുതന്നെ ഈ കേന്ദ്രങ്ങളിൽ നല്ല റിസോർട്ടുകളോ ഹോട്ടലുകളോ ഇല്ല.  ഗ്രാമീണ ടൂറിസത്തിന്റെ അനന്തസാധ്യതകൾക്ക് വലിയ പരിമിതിയും മാർഗതടസ്സവുമായി നിൽക്കുന്ന പ്രധാന സംഗതിയാണിത്.  ഗ്രാമീണജനതയ്ക്ക്  ഈ  പദ്ധതി തങ്ങളുടെ സ്വന്തമാണെന്ന കാഴ്ചപ്പാടുണ്ടാകണം.  പദ്ധതി യാഥാർഥ്യമാകുന്നതോടെ ഗ്രാമങ്ങളുടെ ജീവിതനിലവാരത്തിൽ വലിയ മാറ്റമുണ്ടാകും. അത് വ്യക്തികളുടെ ജീവിതത്തിലും മാറ്റമുണ്ടാക്കും. വിനോദ സഞ്ചാരത്തെ കുറേക്കൂടി മണ്ണിലേക്കും മനുഷ്യരിലേക്കും അടുപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇത് സൃഷ്ടിക്കുന്ന തൊഴിലവസരങ്ങൾ ഒട്ടേറെയാണ്. വിനോദ സഞ്ചാരപ്രദേശത്തെ വരുമാനം വർധിപ്പിക്കാനും ഇത് സഹായിക്കും.തടസ്സങ്ങളില്ലാത്ത, മാലിന്യവിമുക്തമായ വിനോദസഞ്ചാരത്തിനാണ് സർക്കാർ പ്രാധാന്യം നൽകുന്നത്. കോവിഡ് കാലത്ത് നടപ്പാക്കിയ നവീന ആശയങ്ങൾകൊണ്ട് കേരളം ആഗോളശ്രദ്ധ പിടിച്ചുപറ്റി. വിനോദ സഞ്ചാരികളുടെ ലക്ഷ്യസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് 100 ശതമാനം  വാക്സിനേഷൻ പൂർത്തിയാക്കാൻ നമുക്ക് സാധിച്ചു. വയനാട്ടിലെ വൈത്തിരിയിലും മേപ്പാടിയിലും ആരംഭിച്ച പരിപാടി പിന്നീട് കേരളത്തിലാകെ വ്യാപിപ്പിക്കുകയായിരുന്നു.

കോവിഡനന്തര സാഹചര്യത്തിൽ സഞ്ചാരികളെ വരവേൽക്കാൻ ഇനിയും ഒരുപടികൂടി മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. സഞ്ചാരികൾക്ക് പുത്തൻ അനുഭവങ്ങളും അനുഭൂതികളുമുണ്ടാകണം. ഈ ലക്ഷ്യത്തോടെയാണ് നവീനമായ ഒരു വിനോദസഞ്ചാര ഉത്‌പന്നം എന്ന നിലയിൽ കാരവൻനയം ആവിഷ്കരിച്ചത്. എൺപതുകളുടെ ഒടുവിൽ കേരളത്തിൽ കൊണ്ടുവന്ന വിനോദസഞ്ചാര ഉത്‌പന്നമാണ് കെട്ടുവള്ളം. ഇന്നും സംസ്ഥാനത്തെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് കെട്ടുവള്ളവും കായൽ ടൂറിസവും. മാറിയ സാഹചര്യത്തിൽ കാലോചിതമായ മറ്റൊരു ഉത്‌പന്നമെന്ന നിലയിലാണ് കാരവൻ കൊണ്ടുവരുന്നത്. കേരളത്തിന്റെ മനോഹാരിതകളിലേക്ക് കാരവൻ പദ്ധതി സഞ്ചാരികളെ ആനയിക്കുമെന്ന് തീർച്ച. 
സിനിമാതാരങ്ങൾ ഉപയോഗിക്കുന്ന ആഡംബരവാഹനമെന്ന നിലയിലാണ് നമുക്ക് കാരവൻ പരിചയം.  ഇതുവരെ യാത്രാ ലക്ഷ്യമല്ലാതിരുന്ന കേന്ദ്രങ്ങളിലേക്കുകൂടി വിനോദസഞ്ചാരികൾക്ക് യാത്രചെയ്യാനും രാപാർക്കാനും പറ്റുന്നവിധം തയ്യാറാക്കുന്ന വാഹനങ്ങളാണ് വിനോദസഞ്ചാരവകുപ്പ് ഏർപ്പെടുത്തുന്ന കാരവൻ. സഞ്ചാരികളെ ലക്ഷ്യംവെച്ച് ഇവ റോഡിൽ ഇറങ്ങുമ്പോൾ ടൂറിസം മേഖലയുടെ സമഗ്രവികസനമാണ് ലക്ഷ്യമിടുന്നത്. 

പ്രവർത്തനം രണ്ടുമേഖലകളിൽ
രണ്ടുമേഖലകളിലായാണ് കാരവൻ ടൂറിസം പ്രവർത്തിക്കുക. കാരവൻ വാഹനവും കാരവൻ പാർക്കിങ്ങും. പകൽ സമയത്ത് കാരവനിൽ കാഴ്ചകൾ കണ്ട് സഞ്ചാരം. സുരക്ഷിതകേന്ദ്രങ്ങളിൽ ഏർപ്പെടുത്തുന്ന പാർക്കിങ്‌ കേന്ദ്രങ്ങളിൽ രാത്രിതാമസം. ഒരു റിസോർട്ടിലോ ഹോട്ടലിലോ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും കാരവനിലുണ്ടാകും.
സ്വകാര്യസംരംഭകരുടെ ഉടമസ്ഥതയിലാണ് കാരവനുകൾ നിരത്തിലിറങ്ങാൻ പോകുന്നത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇതിനകംതന്നെ നടത്തിയിട്ടുണ്ട്. രണ്ടുതരം കാരവനുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. രണ്ടുപേർക്ക് സഞ്ചരിക്കാവുന്നതാണ് ഒന്ന്. നാലുപേർ അടങ്ങുന്ന കുടുംബത്തിനും മറ്റും സഞ്ചരിക്കാവുന്നതാണ് രണ്ടാമത്തേത്. ഇന്റർനെറ്റ് സൗകര്യമുൾപ്പെടെ എല്ലാ ആധുനിക സൗകര്യങ്ങളും കാരവനിലുണ്ടാകും. സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള സംവിധാനങ്ങളുമുണ്ടാകും. മോട്ടോർ വാഹന നിയമത്തിനനുസൃതമായാണ് വാഹനങ്ങൾ ഏർപ്പെടുത്തുക. ഓട്ടോമേറ്റഡ്‌ റിസർച്ച്‌ അസോ. ഇന്ത്യയുടെ അംഗീകാരത്തിനു വിധേയമായാണ് കാരവൻ നിരത്തിലിറങ്ങുക. 

നിക്ഷേപകർക്ക്‌ അവസരം
കാരവൻ പാർക്കിങ്‌ കേന്ദ്രങ്ങൾ സ്വകാര്യ മേഖലയിലും പൊതുമേഖലയിലും ഏർപ്പെടുത്തും പി.പി.പി. മാതൃകയിലും സ്ഥാപിക്കാം.  ഭക്ഷണം, വെള്ളം, മറ്റ് സൗകര്യങ്ങൾ എന്നിവയൊക്കെ പാർക്കിങ്‌ കേന്ദ്രത്തിലുണ്ടാകും.  ക്ലീനിങ്‌  ഉൾപ്പെടെ ധാരാളം പേർക്ക് തൊഴിലവസരവുമുണ്ടാകും.  മതിയായ സൗകര്യമുണ്ടെങ്കിൽ സ്വകാര്യവ്യക്തികൾക്കും വീട്ടുവളപ്പിൽ കാരവൻ പാർക്കിങ്‌ ആരംഭിക്കാം. അരയേക്കറെങ്കിലും സ്ഥലമുള്ളവർക്കാണ് കാരവൻ പാർക്കിങ്ങിന്  അനുമതി നൽകുക. നിർമാണം 100 ശതമാനം പരിസ്ഥിതിസൗഹൃദമാകണം. ആധുനികമായ അടിസ്ഥാന സൗകര്യങ്ങൾ, കാരവന്റെയും സഞ്ചാരികളുടെയും സുരക്ഷ എന്നിവയ്ക്ക് പ്രാധാന്യം നൽകണം. പ്രാദേശിക ജീവിതത്തെ അലോസരപ്പെടുത്താതെ, കഴിയുന്നത്ര പ്രാദേശിക ഉത്‌പന്നങ്ങളെയും സൗകര്യങ്ങളെയും പ്രയോജനപ്പെടുത്തണം. നിക്ഷേപകർക്ക് ഇൻ​െസന്റീവ് നൽകാനും ഉദ്ദേശിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ വിനോദസഞ്ചാര വകുപ്പ് ഉടൻ പ്രസിദ്ധീകരിക്കും.
താമസസൗകര്യങ്ങൾ കുറഞ്ഞ സ്ഥലങ്ങളിൽ സഞ്ചാരികളുടെ വരവ് വർധിക്കുന്നതോടെ വിവിധ തലങ്ങളിലുള്ള  വികസനമാണ് സർക്കാർ ലക്ഷ്യംെവക്കുന്നത്. ടൂറിസം മേഖലയുടെ സമഗ്ര വികസനവും സാധ്യമാകും.  തദ്ദേശവാസികൾക്ക് തൊഴിലവസരം സൃഷ്ടിക്കുക, ടൂറിസം മേഖലയിൽ കൂടുതൽ നിക്ഷേപം ആകർഷിക്കുക, ടൂറിസം മേഖലപരിസ്ഥിതി സൗഹാർദമാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.

കോവിഡ് വന്നതോടെ ലോകമെമ്പാടും കാരവനുകൾക്ക് ഡിമാൻഡ്‌ വർധിച്ചിട്ടുണ്ട്. ഇന്ത്യയിലും ഇത് സാധ്യമാണ്.  കാരവന്റെ ഡിമാൻഡ്‌ മൂന്നിരട്ടിയായതായി പ്രമുഖ കാരവൻ നിർമാണ കമ്പനിയുടെ ഉടമ ഈയിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. കോവിഡ് മഹാമാരിയുടെ കാലത്ത് പൊതുജന സമ്പർക്കം കുറച്ചുകൊണ്ടുള്ള വിനോദ സഞ്ചാരത്തിന് കാരവൻ ടൂറിസം  മികച്ച മാർഗമാണ്. ഫ്രാൻസ്, ഇറ്റലി, ബ്രിട്ടൻ, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ കാരവൻ ടൂറിസം ഏറെ ജനപ്രിയമാണ്. യു.എസിൽ 1950-ൽ തന്നെ ഇതുണ്ട്.  ഓസ്‌ട്രേലിയയിൽ മികച്ച വരുമാനസ്രോതസ്സാണ് ഇത്‌. ഇന്ത്യയിൽ 2009 -2010 കാലത്തു ഇതിന്റെ സാധ്യത പ്രയോജനപ്പെടുത്താൻ ആലോചന നടന്നിരുന്നു. പക്ഷേ, കാരവന്‌ അനൂകൂലമായ അടിസ്ഥാന സൗകര്യങ്ങളുണ്ടായിരുന്നില്ല.