money‘നമ്മളുണ്ടാക്കുന്നതൊന്നും നമ്മൾ ഉപയോഗിക്കുന്നില്ല. നമ്മൾ ഉപയോഗിക്കുന്നതൊന്നും നമ്മൾ ഉണ്ടാക്കുന്നുമില്ല’ -ഒരു കടങ്കഥപോലെയുണ്ടല്ലേ. ഏതാണ്ട് ഇങ്ങനെയൊരു സമ്പദ് വ്യവസ്ഥയാണ് കേരളത്തിന്റേത്. കേരളത്തിലെ ജനങ്ങളുടെ ഉപഭോഗത്തിന്റെ 70 ശതമാനം വരുന്ന അരി, തുണി, മണ്ണെണ്ണ, ഉപഭോഗവസ്തുക്കൾ എന്നിവ വിദേശത്തുനിന്നോ മറ്റുസംസ്ഥാനങ്ങളിൽനിന്നോ നാം വാങ്ങുന്നവയാണ്. നമ്മുടെ നാട്ടിൽ ഉത്‌പാദിപ്പിക്കുന്ന വാണിജ്യവിളകൾ, കെമിക്കലുകൾ, പെട്രോളിയം ഉത്‌പന്നങ്ങൾ തുടങ്ങിയവയിൽ ഏതാണ്ട് 60 ശതമാനം വിദേശത്തേക്കോ മറ്റുസംസ്ഥാനങ്ങളിലേക്കോ കയറ്റുമതിചെയ്യുന്നതാണ്. ഇത്രമാത്രം വാണിജ്യവത്കരിക്കപ്പെട്ടതാണ് നമ്മുടെ സമ്പദ്ഘടന.

 വ്യാപാരം കമ്മിയോ മിച്ചമോ?
ഇതിൽ കയറ്റുമതിയോ ഇറക്കുമതിയോ കൂടുതൽ? സ്വാതന്ത്ര്യത്തിനുമുമ്പ് കയറ്റുമതിയായിരുന്നു കൂടുതൽ. തിരുവിതാംകൂറിലെ വ്യാപാരക്കണക്കുകൾ പ്രസിദ്ധീകരിച്ച കാലംമുതൽ നമുക്ക് വ്യാപാരമിച്ചമാണ്. അങ്ങനെ നമുക്കുണ്ടായിരുന്ന സ്റ്റെർലിങ്‌ ബാലൻസ് അറുപതുകൾവരെ നമ്മുടെ ബജറ്റിൽ ഒരു വരുമാനമാർഗമായിരുന്നു. എന്നാൽ, വ്യാപാരമിച്ചം കുറഞ്ഞുവന്നു. എഴുപതുകളായപ്പോഴേക്കും നാം വ്യാപാരക്കമ്മി പ്രദേശമായി. 2019-’20ലെ ജി.എസ്.ടി. കണക്കുപ്രകാരം ഒരുലക്ഷം കോടി രൂപയാണ് വ്യാപാരക്കമ്മി.

 വ്യാപാരനിരക്ക്
വ്യാപാരക്കമ്മിയാണോ വ്യാപാരമിച്ചമാണോ എന്നതുപോലെ പ്രധാനമാണ് വാങ്ങലിന്റെയും വിൽക്കലിന്റെയും വിലകളിൽ വരുന്ന താരതമ്യമാറ്റവും. ഇതിനെയാണ് ടേംസ് ഓഫ് ട്രേഡ് അല്ലെങ്കിൽ വ്യാപാരനിരക്ക് എന്നുപറയുന്നത്. എഴുപതുകൾവരെ വ്യാപാരനിരക്ക് നമുക്ക് അനുകൂലമായിരുന്നു. എന്നുവെച്ചാൽ നാം കയറ്റുമതിചെയ്ത വാണിജ്യവിളകളുടെയുംമറ്റും വില നന്നായി ഉയർന്നു. അതേസമയം, ഇറക്കുമതിചെയ്തുകൊണ്ടിരുന്ന റേഷനരി, കൺട്രോൾ ഉത്‌പന്നങ്ങളായിരുന്ന തുണി, സിമന്റ്, സ്റ്റീൽ തുടങ്ങിയവയുടെ വില വളരെ പതുക്കെയേ ഉയർന്നുള്ളൂ. ഇത് കേരളത്തിന് വലിയ നേട്ടമായിരുന്നു.

എന്നാൽ, ഈ സ്ഥിതി മാറി. ഉദാരീകരണത്തോടെ വാണിജ്യവിളകളുടെ വില തകർന്നു. അതേസമയം, നിയന്ത്രണങ്ങൾ നീക്കിയപ്പോൾ അവശ്യവസ്തുക്കളുടെയും അടിസ്ഥാനവസ്തുക്കളുടെയും വില ഉയരാൻ തുടങ്ങി. അങ്ങനെ വ്യാപാരനിരക്ക് വിപരീതമായി നീങ്ങിത്തുടങ്ങി. വ്യാപാരക്കമ്മി കൂടുന്നതിനും ഇതൊരു കാരണമായി.  എന്നിരുന്നാലും വ്യാപാരക്കമ്മിയോ പ്രതികൂല വ്യാപാരനിരക്കോ നമുക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചില്ല. കാരണം, എഴുപതുകളുടെ മധ്യംമുതൽ ഗൾഫ് പണവരുമാനം കുത്തനെ ഉയരാൻ തുടങ്ങി. നമ്മുടെ സംസ്ഥാന ആഭ്യന്തരവരുമാനത്തിന്റെ ഏതാണ്ട് 30 ശതമാനത്തോളംവരുന്ന തുക പുറത്തുനിന്നെത്തി. ഈ പണം ഉപയോഗിച്ച് വ്യാപാരക്കമ്മി നികത്തി. പക്ഷേ, ഇന്ന് സ്ഥിതി മാറുകയാണ്.

ഉത്തേജകപാക്കേജ്
നാം അടിയന്തരനടപടികൾ സ്വീകരിക്കേണ്ടതുണ്ട്. അതാണ് സംസ്ഥാനസർക്കാർ ചെയ്യാൻ ശ്രമിക്കുന്നത്. ഒരു ദശാബ്ദത്തിനുള്ളിൽ കേരളത്തിൽ രണ്ടരലക്ഷം കോടിയുടെ പൊതുനിക്ഷേപം നടത്തുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കിഫ്ബി ഇപ്പോൾ 50,000 കോടിയുടെ അനുവാദം നൽകി. ഇനിയും 2025 കോടിരൂപ അടുത്ത അഞ്ചുവർഷത്തിനുള്ളിൽ കിഫ്ബിയിൽനിന്ന് മുതൽമുടക്കാനാവും. സിൽവർ ലൈൻ പ്രോജക്ട്, ഇൻഡസ്ട്രിയൽ കോറിഡോർ, കാപ്പിറ്റൽ സിറ്റി റീജിയൻ ഡെവലപ്പ്‌മെന്റ് തുടങ്ങിയവയിൽ മറ്റൊരു ഒരു ലക്ഷം കോടി രൂപ മുതൽമുടക്കും. ഇതിന് പ്രത്യേകം നിക്ഷേപസംവിധാനങ്ങൾ ഉണ്ടാക്കും. പിന്നെ സാധാരണ ബജറ്റിൽനിന്ന് 75000 കോടി രൂപ മൂലധനനിക്ഷേപം പ്രതീക്ഷിക്കുന്നു. അങ്ങനെ അടുത്തൊരു ആറുവർഷവുംകൂടി കഴിയുമ്പോൾ ചുരുങ്ങിയത് രണ്ടരലക്ഷംകോടി രൂപയായിരിക്കും കേരളത്തിലെ പൊതുനിക്ഷേപം.

വലിയൊരു ആഭ്യന്തരകമ്പോളമുണ്ട്. പുറത്തുനിന്ന് വാങ്ങുന്നതിനുപകരം കൂടുതൽ നാട്ടിൽനിന്നുതന്നെ ഉത്‌പാദിപ്പിക്കാം. മൂല്യവർധിത ഉത്‌പന്നങ്ങളാക്കി കച്ചവടനിരക്ക് അനുകൂലമാക്കാൻ നോക്കാം. നമ്മുടെ നാട്ടിലെ ചെറുകിടസമ്പാദ്യങ്ങളെ സംരംഭകത്വത്തിലേക്ക്‌ ആകർഷിക്കാൻ ശ്രമിക്കാം. ഇതിനൊക്കെ നേരത്തേ പറഞ്ഞ നിക്ഷേപം സഹായിക്കും. ഇത്തരമൊരു വമ്പൻ വികസന പ്രായോഗികപരിപാടി കേരളത്തിന്റെ മുന്നിൽ ആവിഷ്കരിച്ചു എന്നുള്ളതാണ് ഇന്നത്തെ സർക്കാരിന്റെ തനിമ.

 പൊളിച്ചെഴുത്ത്
നമ്മുടെ വികസനതന്ത്രം ഒരു പൊളിച്ചെഴുത്തിന്റെ ഘട്ടത്തിലേക്ക്‌ കടന്നുകഴിഞ്ഞു. വളരെ സൂക്ഷ്മമായി സാമ്പത്തികസ്ഥിതിഗതികളെ വീക്ഷിക്കേണ്ടതുണ്ട്. അതിനുള്ള ചുമതല കേരളത്തിലെ പ്രാമാണിക സാമ്പത്തിക ഗവേഷണസ്ഥാപനങ്ങളായ സെന്റർ ഫോർ ഡെവലപ്പ്‌മെന്റ് സ്റ്റഡീസും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനുംപോലുള്ളവ ഏറ്റെടുക്കേണ്ടതുണ്ട്. കേരളത്തിലെ വ്യാപാരപ്രവണതകളെക്കുറിച്ച് ഈ ലേഖനത്തിന്റെ തുടക്കത്തിൽ പരാമർശിച്ചല്ലോ. എൺപതുകളിൽ റാംമനോഹർ റെഡ്ഡിയും നടാ ദുവാരിയും ഞാനും ചേർന്ന് എഴുതിയ നാലുപ്രബന്ധങ്ങൾ സെന്റർ ഫോർ ഡെവലപ്പ്‌മെന്റ് സ്റ്റഡീസിലുണ്ട്.

ഈ വ്യാപാരക്കണക്കുകൾ ശേഖരിച്ചെടുക്കാൻ ഒരു വർഷത്തിലേറെ വേണ്ടിവന്നു. അതുകൊണ്ട് രണ്ടുവർഷത്തെ കണക്കുകൾ ഗണിച്ചെടുത്തപ്പോഴേക്കും പദ്ധതി ഞങ്ങൾ ഉപേക്ഷിച്ചു.
എന്നാൽ, ജി.എസ്.ടി.യും ഇ-വേ ബില്ലും വന്നതോടെ സംസ്ഥാനത്തിനകത്തും പുറത്തും നടക്കുന്ന എല്ലാവിധ വ്യാപാരക്കൈമാറ്റങ്ങളുടെയും കണക്കുകൾ അപ്പപ്പോൾ ലഭ്യമാണ്. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിലെ ഓണററി പ്രൊഫസറായ സുശീൽ ഖന്നയും ഒരു പഠനസംഘവും കഴിഞ്ഞ ഒരു വർഷത്തെ വ്യാപാര നീക്കങ്ങളെക്കുറിച്ച് ജി.
എസ്.ടി. കണക്കുകൾ ഉപയോഗപ്പെടുത്തി ഒരു റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്.

സാധാരണഗതിയിൽ ഇത്തരമൊരു സാമ്പത്തികവിശകലനത്തിന്റെ പ്രാഥമികകണക്കുകൾ ലഭ്യമാകുന്നതിന് രണ്ടുവർഷത്തെ കാലതാമസമുണ്ടാകും. ഇതാണ്1 ഇപ്പോഴുള്ള ആധികാരിക സാമ്പത്തികസ്ഥിതി പ്രസിദ്ധീകരണമായ എക്കണോമിക് റിവ്യൂവിന്റെ പരിമിതി. ഇനിമേൽ മാസംതോറും സാമ്പത്തികസ്ഥിതിഗതിയെക്കുറിച്ച് ഒരു റിപ്പോർട്ട് തയ്യാറാക്കാൻ ഉദ്ദേശിക്കുകയാണ്. ഇതുമാത്രമല്ല, അതത് മാസത്തെ വിലകളിലെ മാറ്റങ്ങൾ, സർക്കാരിന്റെ വരവുചെലവ്‌ കണക്ക്, മറ്റുപ്രധാന സാമ്പത്തിക സംഭവവികാസങ്ങൾ, ഇവയെല്ലാം കേരള എക്കോണമി എന്നൊരു മാസികയായി ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുകയാണ്. ആദ്യലക്കം ഇറങ്ങിക്കഴിഞ്ഞു. ആരാവശ്യപ്പെട്ടാലും മുടക്കമില്ലാതെ ഇതിന്റെ ഇ-കോപ്പി ലഭ്യമാകും.

കേരളത്തിന് ഇൻപുട്ട് ഔട്ട്പുട്ട് ​െമട്രിക്സ്

ജി.എസ്.ടി. കണക്കുകളുടെ അടിസ്ഥാനത്തിൽ നൂതനമായ പഠനങ്ങൾക്കും തുടക്കംകുറിക്കുകയാണ്. ഉദാഹരണത്തിന് കേരള സമ്പദ്ഘടനയ്ക്ക് ഇന്നും ഇൻപുട്ട് ഔട്ട്പുട്ട് ​​​െമട്രിക്സില്ല. സമ്പദ്ഘടനയിലെ എല്ലാ സ്ഥാപനങ്ങളും തമ്മിൽ കൊടുക്കൽവാങ്ങൽ ബന്ധങ്ങളുണ്ട്. ഉദാഹരണത്തിന് ഒരു തുണിമില്ല് പഞ്ഞി വാങ്ങും, യന്ത്രങ്ങൾ വാങ്ങും, വൈദ്യുതി വാങ്ങും, ചായം വാങ്ങും, തുണി വ്യാപാരികൾക്ക് വിൽക്കും. ഒരു വ്യവസായത്തിന്റെ ഔട്ട്പുട്ട് മറ്റൊരു വ്യവസായത്തിന്റെ ഇൻപുട്ട് ആയിരിക്കും. ഇങ്ങനെ എല്ലാ വ്യവസായമേഖലകളും തമ്മിലുള്ള ഇൻപുട്ട് ഔട്ട്പുട്ട് ബന്ധങ്ങൾ വിപുലമായ പട്ടികയിൽ രേഖപ്പെടുത്തുന്നതിനെയാണ് ഇൻപുട്ട് ഔട്ട്പുട്ട് മെട്രിക്സ് എന്നുപറയുന്നത്. ആസൂത്രണത്തിന് വളരെ സഹായകരമായ ഒരു ടൂളാണിത്. ഉദാഹരണത്തിന് ഒരു തുണിമില്ല് പുതുതായി ആരംഭിക്കുകയാണെങ്കിൽ അത് യന്ത്രം, നൂൽ, ചായം തുടങ്ങിയ വ്യവസായങ്ങളിൽ എന്ത് ഡിമാൻഡ്‌ സൃഷ്ടിക്കും, വ്യാപാരമേഖലയിലേക്ക്‌ എത്ര തുണി വിൽപ്പനയ്ക്കെത്തും എന്ന് നമുക്ക് കണക്കാക്കാൻ കഴിയും. ഇങ്ങനെ ഓരോ ഫാക്ടറിയെയും കുറിച്ചല്ല കണക്കെടുക്കുക. വിവിധ മേഖലകളിലെ പ്രവണതകളെയാണ് വിലയിരുത്തുക. ഇതുപോലെ, ജി.എസ്.ടി. േഡറ്റ ഉപയോഗിച്ച് ഒട്ടേറെ കാര്യങ്ങൾ ചെയ്യാനാവും. ഇതിനുള്ള പ്രത്യേക സംവിധാനം ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ ഉണ്ടാക്കാൻ പോവുകയാണ്. ജി.എസ്.ടി. വിവരശേഖരത്തെ ഇത്തരത്തിൽ വിശകലനാത്മകമായി ഉപയോഗപ്പെടുത്തുന്ന ആദ്യസംസ്ഥാനം കേരളമായിരിക്കും.