കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമൻ ലോക്‌സഭയിലെ ഉപധനാഭ്യർഥനകൾക്കു മറുപടി പറഞ്ഞുകൊണ്ട് ഞെട്ടിക്കുന്ന ഒരു വിവരം വെളിപ്പെടുത്തി. നവംബർ 30-ന്‌ എല്ലാ സംസ്ഥാനങ്ങൾക്കുംകൂടി ട്രഷറിയിൽ ചെലവഴിക്കാതെ മിച്ചമായി 3.08 ലക്ഷംകോടി രൂപയുണ്ടായിരുന്നു. 28 സംസ്ഥാനങ്ങളിൽ രണ്ടു സംസ്ഥാനങ്ങൾക്കുമാത്രമേ ട്രഷറിയിൽ പണം ഇല്ലാത്തതുകൊണ്ട് റിസർവ് ബാങ്കിൽനിന്ന് കൈവായ്പ അഥവാ വേസ് ആൻഡ് മീൻസ് അഡ്വാൻസ് എടുക്കേണ്ടിവന്നുള്ളൂ. ഈ സംസ്ഥാനങ്ങളുടെ പേരു പറഞ്ഞില്ലെങ്കിലും അതിലൊന്ന്‌ കേരളമാണെന്ന് നിസ്സംശയം പറയാം. കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം കേരളം പിന്തുടർന്ന ധനനയം ജനങ്ങളെ സഹായിക്കുന്നതിനു പരമാവധി പണം ചെലവഴിക്കുക എന്നുള്ളതാണ്. അപൂർവം ദിവസങ്ങളിൽ മാത്രമേ, കേരളത്തിന്റെ ട്രഷറിയിൽ ചെലവഴിക്കാതെ പണം മിച്ചമായി ഇരുന്നിട്ടുള്ളൂ.

ധന ഉത്തരവാദിത്വനിയമം
കേന്ദ്രത്തിന്റെ നിർബന്ധത്തിനുവഴങ്ങി എല്ലാ സംസ്ഥാനങ്ങളും ധന ഉത്തരവാദിത്വനിയമങ്ങൾ പാസാക്കിയിട്ടുണ്ട്. അതുപ്രകാരം ധനക്കമ്മി സംസ്ഥാന ആഭ്യന്തരവരുമാനത്തിന്റെ മൂന്നു ശതമാനത്തിൽ അധികമാകരുത്. വായ്പയെടുക്കണമെങ്കിൽ കേന്ദ്രത്തിന്റെ അനുവാദം വേണമെന്നുള്ളതുകൊണ്ട് ഈ നിബന്ധന പാലിക്കാതെ നിർവാഹമില്ല. ഏതെങ്കിലും ഒരുവർഷം പരിധിയിൽക്കവിഞ്ഞ് വായ്പ എടുത്തെന്നിരിക്കട്ടെ, അത്‌ പിറ്റേവർഷത്തെ അനുവദനീയവായ്പയിൽ തട്ടിക്കിഴിക്കും. രണ്ടാം നിബന്ധന റവന്യൂക്കമ്മി പൂജ്യം ആക്കണമെന്നതാണ്. റവന്യൂ വരുമാനത്തെക്കാൾ കൂടുതൽ റവന്യൂച്ചെലവ് പാടില്ല. അഥവാ വായ്പയെടുക്കുന്ന പണംകൊണ്ട് ശമ്പളവും പെൻഷനും ക്ഷേമപ്രവർത്തനവും പാടില്ല.ഈ രണ്ടാം നിബന്ധന നമുക്കു സ്വീകാര്യമല്ല. കാരണം, മറ്റു സംസ്ഥാനങ്ങളിൽനിന്ന്‌ വ്യത്യസ്തമായി വിദ്യാഭ്യാസ, ആരോഗ്യമേഖലകളിൽ വലിയതുക വർഷംതോറും നമ്മൾ ചെലവഴിക്കുന്നു. ഇതു വേണ്ടെന്നു വെക്കാനാവില്ല. ഈ ചെലവ് റവന്യൂച്ചെലവായിട്ടാണു കേന്ദ്രം പറയുന്നത്. നമ്മൾ അതിനെ മാനവവിഭവ വികസനത്തിനുള്ള നിക്ഷേപമായിട്ടാണു കാണുന്നത്.  

ട്രഷറി മിച്ച പ്രതിഭാസം
ധനഉത്തരവാദിത്വ നിയമങ്ങൾ പാസാക്കിയതിനുശേഷമാണ് ട്രഷറിയിൽ മിച്ചം പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്. വായ്പയെടുത്ത പണം ട്രഷറിയിൽ കിടന്നാലും റവന്യൂച്ചെലവുകൾക്കുവേണ്ടി ഉപയോഗിക്കാനാവില്ല. കേരളം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളും ഈ നിയമം നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ജനങ്ങൾ പട്ടിണിയിലാകാം, രോഗികളാകാം, പരമദരിദ്രരാകാം അവയൊന്നും പ്രശ്നമല്ല. പ്രശ്നം കേന്ദ്രം അടിച്ചേൽപ്പിച്ച നിയമം പാലിക്കുകയാണ്.അങ്ങനെ, 2005 ആയപ്പോഴേക്കും ട്രഷറികളിൽ 50,000 കോടിരൂപ മിച്ചമുണ്ടായിരുന്നു. 2015 ആയപ്പോഴേക്കും അത് 1.50 ലക്ഷംകോടി രൂപയായി. 2021 മാർച്ചിൽ അത് 2.5 ലക്ഷംകോടി രൂപയായി. ഇപ്പോൾ കേന്ദ്ര ധനമന്ത്രി പറയുന്നു, മൂന്നുലക്ഷംകോടി രൂപ കവിഞ്ഞെന്ന്. കോവിഡ്‌കാലത്തെ ഇന്ത്യയിലെ ജനങ്ങളുടെ ദയനീയാവസ്ഥ ഞാൻ വിശദീകരിക്കേണ്ടല്ലോ. എന്നാലും, കേന്ദ്രം അനുവദിച്ച വായ്പയിൽനിന്ന്‌ ഇതിനു പണം ചെലവഴിക്കുന്നില്ല.  

വിവിധ സംസ്ഥാനങ്ങളുടെ നില
2021-ൽ പണം ചെലവാക്കാതെ ഓരോ സംസ്ഥാനവും ട്രഷറിയിൽ എത്ര മിച്ചംവെച്ചെന്നു വിശദീകരിക്കാൻ കേന്ദ്രമന്ത്രി തയ്യാറായില്ല. അതുകൊണ്ട് ഊഹിക്കുകയേ നിർവാഹമുള്ളൂ. റിസർവ് ബാങ്ക് കോവിഡിനു തൊട്ടുമുമ്പുള്ള വർഷത്തെ കണക്കുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതുപ്രകാരം ബിഹാർ 17,390 കോടി രൂപയും യു.പി. 19,880 കോടി രൂപയും മധ്യപ്രദേശ് 11,280 കോടി രൂപയും ഉത്തരാഖണ്ഡ് 19,880 കോടി രൂപയും രാജസ്ഥാൻ 5807 കോടി രൂപയും ട്രഷറിയിൽ മിച്ചമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. മഹാരാഷ്ട്രപോലുള്ള സമ്പന്നസംസ്ഥാനങ്ങളും പിന്നിലല്ല. അവരുടെ മിച്ചം 14,119 കോടി രൂപയാണ്. പശ്ചിമബംഗാളിന് 13,170 കോടി രൂപയും.  

മിച്ചം പണം എന്തുചെയ്യുന്നു?
ഇങ്ങനെ ട്രഷറിയിൽ മിച്ചംവരുന്ന പണം റിസർവ്‌ ബാങ്ക് ഇന്ത്യാ സർക്കാരിന്റെ സെക്യൂരിറ്റികളിൽ സംസ്ഥാന സർക്കാരുകൾക്കുവേണ്ടി നിക്ഷേപിക്കുന്നു. 14 ദിവസമാണ് സാധാരണഗതിയിൽ ഈ സെക്യൂരിറ്റികളുടെ കാലാവധി. ഇപ്പോൾ 3.75 ശതമാനം പലിശ ലഭിക്കും. ട്രഷറിയിൽ കിടന്നാൽ അതിൽനിന്ന്‌ ഒരു വരുമാനവും ഉണ്ടാവില്ലല്ലോ. അതുകൊണ്ട് റിസർവ് ബാങ്ക് ചെയ്യുന്നതിനോട് ആർക്കും എതിർപ്പുമില്ല.എന്നാൽ, ഇങ്ങനെ ചെലവാക്കാതെ മിച്ചംവെക്കുന്നത് കമ്പോളത്തിൽനിന്ന്‌ വായ്പയായി എടുക്കുന്ന പണമാണല്ലോ. ഇതും നമ്മൾ പറയുന്നതനുസരിച്ച് റിസർവ് ബാങ്കാണ് ടെൻഡർ വിളിച്ച്, പലിശ നിശ്ചയിച്ച് വായ്പയെടുത്തുതരുന്നത്. ഇതിനിപ്പോൾ ശരാശരി 7.5 ശതമാനം പലിശ സംസ്ഥാനങ്ങൾ നൽകേണ്ടിവരുന്നുണ്ട്. ഇങ്ങനെ 7.5 ശതമാനം പലിശയ്ക്കെടുത്ത പണമാണ് കേന്ദ്രസർക്കാരിന് 3.75 ശതമാനം പലിശയ്ക്കു തിരിച്ചുനൽകുന്നത്. കേന്ദ്രസർക്കാരിന്റെ വായ്പയെടുക്കലിന് സംസ്ഥാന സർക്കാരുകൾ സബ്‌സിഡി നൽകുന്ന ഒരേർപ്പാടാണ് ഇതെന്ന്‌ വേണമെങ്കിൽ പറയാം.

പതിയിരിക്കുന്ന അപകടം
വായ്പയെടുത്ത പണം മൂലധനച്ചെലവിനേ ഉപയോഗിക്കാൻ പാടുള്ളൂ എന്നാണല്ലോ പ്രമാണം. എന്നാൽ, ടെൻഡർ വിളിച്ചുകൊടുത്ത നിർമാണപ്രവൃത്തികളുടെ ബില്ലുകൾ വരുമ്പോഴല്ലേ മൂലധനച്ചെലവ് നടത്താനാകൂ. അതുകൊണ്ടാണ് ഈ പണം ചെലവഴിക്കാനാവാതെ ട്രഷറിയിൽ മിച്ചം വരുന്നത്. ഇങ്ങനെ തുടർച്ചയായി വരുമ്പോൾ തത്‌കാലം വായ്പയെടുക്കുന്നതു കുറയ്ക്കാനാണ് പല സംസ്ഥാനസർക്കാരുകളും തീരുമാനിക്കുക. അതുകൊണ്ട് അനുവദനീയമായ മൂന്നുശതമാനം വായ്പപോലും പലരും എടുക്കുന്നില്ല. 2005-’06നും 2014-’15നും ഇടയിൽ മൂന്നു ശതമാനത്തിനുപകരം 1.9 ശതമാനംമുതൽ 2.6 ശതമാനംവരെ മാത്രമേ എല്ലാ സംസ്ഥാനങ്ങളുംകൂടി വായ്പ എടുത്തുള്ളൂ. ഇവിടെയും കേരളത്തിന്റെ നിലപാട് വ്യത്യസ്തമാണ്. അനുവദനീയമായ വായ്പ മുഴുവൻ എടുക്കുകയും അവ വിദ്യാഭ്യാസ-ആരോഗ്യ മേഖലയിലെ നിക്ഷേപത്തിനും പശ്ചാത്തലസൗകര്യങ്ങൾക്കുംവേണ്ടി മുതൽമുടക്കുകയും ചെയ്യുക എന്നതാണു നയം.സംസ്ഥാനങ്ങൾ വായ്പ പൂർണമായി ഉപയോഗിക്കാത്തത് ചൂണ്ടിക്കാണിച്ച് ധനഉത്തരവാദിത്വ നിയമം റിവ്യൂ ചെയ്യുന്നതിനു നിയോഗിച്ച എൻ.കെ. സിങ് കമ്മിറ്റി സംസ്ഥാനങ്ങളുടെ വായ്പപ്പരിധി മൂന്നുശതമാനത്തിൽനിന്ന് 1.75 ശതമാനമായി കുറയ്ക്കണമെന്ന് നിർദേശിച്ചു. ഇദ്ദേഹംതന്നെയായിരുന്നു 15-ാം ധനകാര്യ കമ്മിഷന്റെ ചെയർമാനായി നിയോഗിക്കപ്പെട്ടത്. തന്റെ കമ്മിറ്റിയുടെ നിർദേശം ധനകാര്യ കമ്മിഷന്റെ തീർപ്പായിട്ട് അദ്ദേഹം കൊണ്ടുവരുമെന്ന് ഭയപ്പെട്ടിരിക്കുകയായിരുന്നു. എന്നാൽ, കോവിഡ് അത്തരമൊരു അജൻഡ നീട്ടിവെക്കാൻ കേന്ദ്രത്തെ നിർബന്ധിതരാക്കി. 

ആശ്വാസകരമായ സ്ഥിതിവിശേഷമോ
ഏതായാലും കേന്ദ്ര ധനമന്ത്രി സംസ്ഥാനങ്ങളുടെ സാമ്പത്തികനില വളരെ ആശ്വാസകരമായ സ്ഥിതിയിലാണെന്ന നിഗമനത്തിലാണ് ലോക്‌സഭയിൽ എത്തിച്ചേർന്നത്. കേന്ദ്രസർക്കാരാണെങ്കിൽ ധനഉത്തരവാദിത്വ നിയമത്തിനൊന്നും വലിയ വില കല്പിക്കാറില്ല. കേന്ദ്രത്തിന്റെ ധനക്കമ്മി 2000-ങ്ങളിൽ ആറു ശതമാനത്തിനും 3.5 ശതമാനത്തിനും ഇടയ്ക്കായിരുന്നു. റവന്യൂക്കമ്മിയാവട്ടെ, 4.5 ശതമാനത്തിനും 2.1 ശതമാനത്തിനും ഇടയ്ക്കായിരുന്നു. എന്നാലും സാമ്പത്തിക അച്ചടക്കത്തിന്റെ കുതിരകയറ്റം സംസ്ഥാനങ്ങളുടെ മേലാണ്.

കേരളത്തിന്റെ ശരിയായ നയം
കേരളത്തിന്റെ റവന്യൂക്കമ്മി കടവും എല്ലാം ചൂണ്ടിക്കാണിച്ച് ഇവിടെയാകെ കുഴപ്പമാണെന്നു വ്യാഖ്യാനിക്കുന്ന ചില പണ്ഡിതരും രാഷ്ട്രീയക്കാരും ഉണ്ട്. കോവിഡ് കാലത്തുപോലും കൈയിലുള്ള പണം പാവങ്ങളെ സഹായിക്കാൻ ഉപയോഗിക്കാത്ത മറ്റു സംസ്ഥാനസർക്കാരുകളുടെ നയമാണോ കേരളത്തിൽ പിന്തുടരേണ്ടത്? ധനഉത്തരവാദിത്വനിയമങ്ങളെ പൊളിച്ചെഴുതണം. വിദ്യാഭ്യാസ, ആരോഗ്യച്ചെലവുകൾ നിക്ഷേപച്ചെലവുകളായി കണക്കാക്കണം. പശ്ചാത്തലസൗകര്യ നിർമാണത്തിനുവേണ്ടി അധികവായ്പ എടുക്കാനുള്ള അനുവാദം വേണം. ഇത്തരത്തിലുള്ള വികസനോന്മുഖ ധനനയമാണ് വേണ്ടത്.