മന്ത്രി കെ. രാധാകൃഷ്ണന്റെ കൃഷിത്തോട്ടം കാണാൻപോയി. അദ്ദേഹം ഒന്നാംതരം കൃഷിപ്പണിക്കാരനാണ്. ഇലക്‌ഷനുമുന്നേ വീടിനടുത്തു കുറച്ചുസ്ഥലം കൂട്ടുകാരുമൊത്ത് പാട്ടത്തിനെടുത്ത് കപ്പക്കൃഷിചെയ്തു. വിളവൊക്കെ ഒന്നാംതരം. പക്ഷേ, കപ്പയ്ക്ക് എട്ട് രൂപയേ വിലയുള്ളൂ. ആ വിലയ്ക്ക് കൃഷി മുതലാവില്ല. അതുകൊണ്ട്‌ കപ്പമുഴുവൻ വാട്ടക്കപ്പയാക്കി. 80,000 രൂപ നഷ്ടമെന്നാണ് രാധാകൃഷ്ണൻ പറഞ്ഞത്. നഷ്ടമൊക്കെ ആയെങ്കിലും ഒരിക്കൽക്കൂടി പരീക്ഷണത്തിനു തുനിഞ്ഞിരിക്കുകയാണ് അവർ. ഇത്തവണ കപ്പ മാത്രമല്ല, ഒന്നിൽ പൊളിഞ്ഞാൽ മറ്റൊന്നിൽനിന്നു കിട്ടിയാലോ. അതുകൊണ്ട് ചേന, മഞ്ഞൾ, കുറ്റിപ്പയർ എല്ലാം നടുന്നുണ്ട്. കൃഷി വെറും ലാഭത്തിനുവേണ്ടി മാത്രമല്ലല്ലോ. അതി​െന്റയൊരുരസം വേറെ. പക്ഷേ, ഒരു തവണകൂടി നഷ്ടത്തിലായാൽ രാധാകൃഷ്ണൻ ആഗ്രഹിച്ചാലും കൃഷിക്ക് കൂട്ടുകാർ ഉണ്ടാവില്ലെന്നതു തീർച്ച.

  കപ്പയുടെ തറവില
കപ്പയ്ക്ക് സർക്കാർ താങ്ങുവില നിശ്ചയിച്ചിട്ടുള്ളതാണ്. 12 രൂപയാണ് താങ്ങുവില. ആ വിലയ്ക്കു വിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ ഹോർട്ടികോർപ്പു വഴിയോ സഹകരണസംഘങ്ങളുടെ വിപണനശാല വഴിയോ തറവിലയ്ക്കു 16 ഇനം പച്ചക്കറികൾ സർക്കാർ സംഭരിക്കുമെന്നാണ് ഉറപ്പുനൽകിയത്. പക്ഷേ, അങ്ങനെയല്ല കാര്യങ്ങളുടെ കിടപ്പ്. ഞാൻ എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റിനുകീഴെ കപ്പക്കൃഷിക്കാരുടെ പരാതിപ്രളയമായിരുന്നു. അഞ്ചുരൂപവരെ വിലയ്ക്കു വിറ്റവർ ഉണ്ടത്രേ. ചിലർ മഴവന്നപ്പോൾ ഇഷ്ടമുള്ളവരോട് പറിച്ചെടുത്തുകൊള്ളാൻ പറഞ്ഞു. മാതൃഭൂമി ‘താങ്ങായില്ല തറവില’ എന്ന തലവാചകത്തിൽ ഒരു മുൻപേജ് വാർത്ത തന്നെ കൊടുത്തു.
സുഭിക്ഷ കേരളം കാമ്പയിൻ വലിയ ചലനമാണ് നാട്ടിൻപുറങ്ങളിൽ സൃഷ്ടിച്ചിട്ടുള്ളത്. പച്ചക്കറിയുടെ കാര്യമെടുത്താൽ കഴിഞ്ഞ നാലുവർഷംകൊണ്ട് പച്ചക്കറി ഉത്‌പാദനം 6.3 ലക്ഷം ടണ്ണിൽനിന്ന് 14.9 ലക്ഷം ടണ്ണായി ഉയർന്നു. ഒരുലക്ഷം ടൺ ഈ വർഷം കൂടുതൽ ഉത്‌പാദിപ്പിക്കും. കോവിഡ് കാലത്തും കേരളത്തിന്റെ ഭക്ഷ്യവിലസൂചികയിലെ വർധന അഖിലേന്ത്യാ ശരാശരിയെക്കാൾ വളരെ താഴ്ന്നുനിന്നതിന് ഒരു കാരണമിതാണ്.

  തറവില താഴ്ന്നതോ
ഒരു പ്രധാന വിമർശനം തറവില താഴ്ന്നുപോയി എന്നതാണ്. ഇത്രയും ആദായം കിട്ടിയാൽപോരായെന്നാണു പരാതി. നിശ്ചയിച്ചിരിക്കുന്ന തറവില  ഉത്പാദനച്ചെലവിനെക്കാൾ ശരാശരി 18 ശതമാനം ഉയർന്നതാണ്. സാധാരണ തറവിലയ്ക്ക് ഇത്രവലിയ മാർജിൻ ഒരിടത്തും നൽകാറില്ല. സാധാരണഗതിയിൽ തറവില സംഭരണവിലയെക്കാൾ ഉയർന്നതായിരിക്കും. കൃഷിക്കാർക്ക് അത് എവിടെ വേണമെങ്കിലും വിൽക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. പച്ചക്കറിക്കൃഷി ഒരിക്കലും നഷ്ടക്കൃഷി ആകില്ലെന്ന ഗാരന്റി മാത്രമാണു സർക്കാർ നൽകുന്നത്. എന്നാൽ, ഒന്നുണ്ട്, ശരാശരി ഉത്‌പാദനക്ഷമതയെങ്കിലും കൈവരിച്ചേതീരൂ. ഉദാഹരണത്തിന് വയനാടൻ നേന്ത്രൻ ഹെക്ടറിന് 10 ടണ്ണാണ് ഉത്‌പാദനക്ഷമതയായി നിശ്ചയിച്ചിട്ടുള്ളത്. ഇതിൽ താഴെയാണ് ഉത്‌പാദനക്ഷമതയെങ്കിൽ തറവില ലഭിച്ചാലും ലാഭകരമായിരിക്കില്ല. ഇങ്ങനെ ഓരോ വിളയ്ക്കും ഉത്‌പാദനക്ഷമത നിശ്ചയിച്ചിട്ടുണ്ട്. അതിനു മുകളിലേക്ക്‌ ഉത്‌പാദനക്ഷമത കൊണ്ടുപോവുക എന്നതായിരിക്കണം ഓരോ കൃഷിഭവന്റെയും ലക്ഷ്യം. തറവില ഉയർത്തണമെന്നുള്ള ആവശ്യം തത്‌കാലം നിൽക്കട്ടെ. എന്നാൽ, തറവിലയ്ക്കു സംഭരിക്കാനുള്ള സംവിധാനം ഫലപ്രദമല്ലെന്നുള്ള വിമർശനം ഗൗരവത്തിൽ എടുത്തേതീരൂ.

  വൻകിട സംഭരണം
രണ്ടു രീതിയിലാണു സംഭരണം. ഒന്ന്: വാണിജ്യാടിസ്ഥാനത്തിൽ വലിയതോതിൽ കൃഷി ചെയ്യുന്നവരിൽനിന്നു വി.എഫ്.പി.സി.കെ. തുടങ്ങിയ ഏജൻസികൾ വഴിയുള്ള സംഭരണം. വയനാട്, ഇടുക്കി, പാലക്കാട് തുടങ്ങിയ മേഖലകളിൽ വൻതോതിൽ വാണിജ്യാടിസ്ഥാനത്തിൽ പച്ചക്കറിയും പഴങ്ങളും ഉത്പാദിപ്പിക്കുന്നുണ്ടല്ലോ. ഇവരിൽനിന്ന് വി.എഫ്.പി.സി.കെ.യും ഹോർട്ടികോർപ്പും മറ്റും സാധാരണഗതിയിൽ പച്ചക്കറികളും മറ്റും മാർക്കറ്റു വിലയ്ക്കു ചില്ലറവിപണിയിൽ വിൽക്കുന്നതിനുവേണ്ടി സംഭരിക്കുന്നുണ്ട്. ഇതിനു പുറമേയാണ് വിലയിടിഞ്ഞാൽ തറവിലയ്ക്കു വാങ്ങുമെന്നുള്ള ഉറപ്പ്. ഇത്തരത്തിൽ സംഭരണപരിപാടിയിൽ ഉൾപ്പെടാൻ ഉദ്ദേശിക്കുന്നവർ കൃഷിഭവൻ വഴി പേര് രജിസ്റ്റർചെയ്യുക. നല്ലൊരുപങ്ക് കൃഷിക്കാർക്ക് ഇതിനെക്കുറിച്ച് അറിയില്ല. സ്കീം പ്രഖ്യാപിച്ചതിനുശേഷം നേന്ത്രൻ, കപ്പ തുടങ്ങിയ പലതും സംഭരിച്ചിട്ടുണ്ട്. ഇവ തറവിലയ്ക്കു സംഭരിക്കുമ്പോൾ ഉണ്ടാകുന്ന നഷ്ടം നികത്താൻ 25 കോടി രൂപ കഴിഞ്ഞവർഷം അനുവദിച്ചതാണ്. എന്നാൽ, മൂന്നുകോടി രൂപയാണ് കഴിഞ്ഞ ധനകാര്യവർഷം ചെലവായിട്ടുള്ളത്. സംഭരണത്തിന്റെ പണം നൽകിയിട്ടില്ലെന്ന ആക്ഷേപവും ചില കോണുകളിലുണ്ട്.

സാധാരണഗതിയിലുള്ള ഔട്ട്‌ലെറ്റ് വിൽപ്പനയ്ക്കുവേണ്ടിയുള്ള സംഭരണം മുടക്കമില്ലാതെ നടക്കുന്നുണ്ട്. എന്നാൽ, തറവിലയ്ക്കു നഷ്ടംസഹിച്ച്‌ സംഭരിക്കുന്നതിന് എന്തോ വിമുഖതയുള്ളതായി തോന്നുന്നു. ഇതു മാറണം. രജിസ്റ്റർചെയ്ത
കൃഷിക്കാരുടെ ഉത്‌പന്നങ്ങൾ സംഭരിക്കുന്നതിനുള്ള ഉത്തരവാദിത്വം ഈ ഏജൻസികൾ ഏറ്റെടുത്തേ തീരൂ. നഷ്ടം കുറയ്ക്കുന്നതിനുള്ള മാർഗം മിച്ച ഉത്പന്നങ്ങൾ മൂല്യവർധിത ഉത്‌പന്നങ്ങളാക്കി മാറ്റുകയാണ്. ഇതിനായി കൃഷിക്കാരുടെ പ്രൊഡ്യൂസർ കമ്പനികളോ സ്റ്റാർട്ടപ്പുകളോ വഴിയുള്ള സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കണം. കപ്പയുടെ കാര്യത്തിൽ ധനമന്ത്രിതന്നെ മദ്യം ഉത്‌പാദിപ്പിക്കുന്നതിനുള്ള നിർദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. പരമ്പരാഗത കപ്പ ഉത്‌പന്നങ്ങൾ വാണിജ്യാടിസ്ഥാനത്തിലാവണം. വാഴക്കുളത്തെ പൈനാപ്പിൾ ഫാക്ടറിയുടെ സംസ്കരണശേഷി പലമടങ്ങ് ഉയർത്തണം. എല്ലാ ജില്ലകളിലും ആഗ്രോ പാർക്കുകൾ സ്ഥാപിക്കുന്നതിനു കിഫ്ബിയിൽ നിർദേശിച്ചതാണ്. ജില്ലാ ഫാമുകളിൽ സ്ഥലം കണ്ടെത്തണം. ഇത്തരം പാർക്കുകൾ ആരംഭിക്കുന്നതിനു പിന്നെ എന്താണു തടസ്സം?

  ചില്ലറ സംഭരണം
രണ്ട്: അടുത്ത സംഭരണരീതി പ്രാഥമിക കാർഷിക സഹകരണ ബാങ്കുകൾ വഴിയാണ്. ഇതിനായി തുറക്കുന്ന പച്ചക്കറിക്കടകളിൽ ഏതൊരു കൃഷിക്കാരനും തങ്ങളുടെ പച്ചക്കറി കൊണ്ടുചെന്നു വിൽക്കാം. മാർക്കറ്റു വിലയ്ക്കുവാങ്ങി ചെറിയൊരു മാർജിനെടുത്തു ഉപഭോക്താക്കൾക്കു വിൽക്കും. മാർക്കറ്റുവില തറവിലയെക്കാൾ താഴ്ന്നാൽ തറവിലയ്ക്കു സംഭരിക്കും. മാർക്കറ്റുവിലയ്ക്കു വിൽക്കും. അപ്പോഴുണ്ടാകുന്ന നഷ്ടം നികത്താൻ തദ്ദേശഭരണ സ്ഥാപനങ്ങൾക്കു പ്രോജക്ടുകൾ വെക്കാം. അഞ്ചുലക്ഷം രൂപവരെ ഇങ്ങനെ വകയിരുത്താവുന്നതാണ്.

ഒന്നാം നൂറുദിന പരിപാടിയിൽ ഇതിനായി ആദ്യഘട്ടമെന്ന നിലയിൽ 250 കടകൾ തുറക്കുമെന്നാണു പ്രഖ്യാപിച്ചത്. കോ-ഓപ്പ് മാർട്ടുകൾ എന്ന ബ്രാൻഡ് പേരിൽ ഈ കടകൾ തുറന്നു. പക്ഷേ, പച്ചക്കറി മാത്രമല്ല, മറ്റ് ഉപഭോക്തൃ ഉത്‌പന്നങ്ങളും കോ-ഓപ്പ് മാർട്ടിൽ വിൽക്കാം. ഇതിൽ തെറ്റില്ല. മറ്റ് ഉത്‌പന്നങ്ങൾ വിറ്റുകിട്ടുന്ന ലാഭം ക്രോസ്-സബ്സിഡിയായി പച്ചക്കറിക്ക് ഉപയോഗിക്കാമല്ലോ. പക്ഷേ, കൂടുതൽ കടകൾ തുറന്നില്ലെന്നു മാത്രമല്ല, തുറന്ന കടകൾ പലതും അവയുടെ അടിസ്ഥാനലക്ഷ്യം വിസ്മരിച്ച മട്ടാണ്. പച്ചക്കറിയൊഴികെ ബാക്കിയെല്ലാം അവിടെ ലഭിക്കും.

  സഹകരണസംഘവും പഞ്ചായത്തും
കോ-ഓപ്പ് മാർട്ടുകൾ വഴിയുള്ള സംഭരണം ഫലപ്രദമാകണമെങ്കിൽ തദ്ദേശഭരണ സ്ഥാപനങ്ങളുമായിട്ടുള്ള ഏകോപനം അനിവാര്യമാണ്. സഹകരണ ബാങ്കും പഞ്ചായത്തും ചർച്ചചെയ്ത് ധാരണയിൽ എത്തണം. പച്ചക്കറി വാങ്ങുന്നതും വിൽക്കുന്നതും സംബന്ധിച്ചും സുതാര്യമായ കണക്കുരീതി ഉറപ്പുവരുത്തണം. മാത്രമല്ല, ഒരു ബ്ലോക്കിൽ ഒന്നെങ്കിലുംവെച്ച് ഒരു കോൾഡ് സ്റ്റോർ അനിവാര്യമാണ്. ഇത് ബ്ലോക്ക് പഞ്ചായത്തിന്റെ പ്രോജക്ടാകാം. നബാർഡിന്റെ വായ്പ ലഭ്യമാണ്. നടത്തിപ്പ് ഒരു സ്വയംസഹായസംഘത്തെ ഏൽപ്പിക്കാവുന്നതാണ്. ഇതിനുപുറമേ ബ്ലോക്ക് അടിസ്ഥാനത്തിൽ ഒന്നോ രണ്ടോ കൊണ്ടാട്ടം, വറവുകൾ, ജാം തുടങ്ങിയവ ഉണ്ടാക്കുന്ന ചെറുകിട സംരംഭങ്ങളും വേണം. അധികംവരുന്ന മിച്ച ഉത്‌പന്നങ്ങൾ ഇത്തരത്തിൽ സംസ്കരിച്ച് വിപണിയിൽ ഇറക്കാൻ കഴിയണം. 1000 ജനസംഖ്യക്ക്‌ അഞ്ചുവീതം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങൾ ബാധ്യസ്ഥരാണല്ലോ.

  കഞ്ഞിക്കുഴി മാതൃക
ഇതൊക്കെ പ്രായോഗികമാണോയെന്നു ചിന്തിക്കുന്ന സന്ദേഹവാഹികളോടു പറയാനുള്ളത്, രണ്ടുവർഷം കഞ്ഞിക്കുഴി, മാരാരിക്കുളം വടക്ക് ഗ്രാമപ്പഞ്ചായത്തുകൾ ഈ സ്കീം വിജയകരമായി നടപ്പാക്കിയതാണ്. പക്ഷേ, ഇപ്പോൾ ഇങ്ങനെയൊരു സ്ഥിരംസംവിധാനത്തി​െന്റതന്നെ ആവശ്യം അവിടെ ഇല്ല.  കാരണം, അവിടത്തെ പച്ചക്കറിക്കു നല്ലൊരു ജൈവബ്രാൻഡ് പ്രശസ്തിയുണ്ട്. അതുകൊണ്ട് കൂടുതൽ വിലയ്ക്കു വാങ്ങാൻ ആളുകൾ തയ്യാറാണ്. ഓൺലൈൻ മാർക്കറ്റിങ്‌ അടക്കമുള്ള രീതികൾ അവലംബിക്കുന്ന ഒട്ടേറെ സംരംഭകർ വളർന്നുവന്നുകഴിഞ്ഞു. ഈ ചൊരിമണൽ പ്രദേശത്തു പച്ചക്കറിക്കൃഷി സ്ഥായിയാക്കുന്നതിൽ വിപണനത്തിനു നൽകിയ ശ്രദ്ധ നിർണായകമായി.