മേഖലാ സമഗ്രസാമ്പത്തികപങ്കാളിത്ത(ആർ.സി. ഇ.പി.)കരാറിന്റെ അവസാനവട്ട  ചർച്ചകൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി തായ്‌ലാൻഡിലെ ബാങ്കോക്കിൽ    എത്തിയിരിക്കുകയാണ്. കരാറിൽ പ്രതിഷേധത്തിലാണ് രാജ്യത്തെ വിവിധ കർഷക, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ. രാജ്യതാത്പര്യം സംരക്ഷിക്കുന്ന കരാറിലേ  ഒപ്പുവെക്കൂ എന്നതാണ് ഇന്ത്യയുടെ നിലപാട്. യാഥാർഥ്യമായാൽ ലോകത്തെ ഏറ്റവുംവലിയ സ്വതന്ത്രവ്യാപാരമേഖലയാകും ആർ.സി.ഇ.പി.

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയിൽ (ആസിയാൻ) അംഗങ്ങളായ 10 രാജ്യങ്ങളും ഇന്ത്യയുൾപ്പെടെ ആറുരാജ്യങ്ങളുമാണ് ആർ.സി.ഇ.പി. കരാറിൽ ഏർപ്പെടാൻപോകുന്നത്. ലോകജനസംഖ്യയുടെ പകുതിയും (360 കോടി) വസിക്കുന്നത് ഈരാജ്യങ്ങളിലാണ്. ആസിയാൻ രാജ്യങ്ങളെയും അവയുടെ സ്വതന്ത്രവ്യാപാരപങ്കാളികളായ രാജ്യങ്ങളെയും  ഒന്നിപ്പിച്ച് സ്വതന്ത്രവ്യാപാരമേഖല രൂപവത്കരിക്കുക -ഇതാണ് ആർ.സി.ഇ.പി. കരാറിന്റെ ഉദ്ദേശ്യം.


 തുടക്കം
2012-ൽ കംബോഡിയയിലെ നോം പെനിൽ നടന്ന 21-ാം ആസിയാൻ  ഉച്ചകോടിയിലാണ് ആർ.സി.ഇ.പി. ചർച്ചകൾക്ക്‌ തുടക്കമായത്. ആധുനികവും  സമഗ്രവും ഉന്നതനിലവാരമുള്ളതും പരസ്പരനേട്ടമുണ്ടാക്കുന്നതുമായ   സാമ്പത്തികപങ്കാളിത്തക്കരാർ എന്ന ലക്ഷ്യമായിരുന്നു ഇതിനുപിന്നിൽ.

 ഇപ്പോഴത്തെ സ്ഥിതി
ആകെ 25 അധ്യായങ്ങളാണ് കരാറിലുള്ളത്. ഇവയിൽ 21 എണ്ണത്തിന്റെയും കാര്യത്തിൽ തീരുമാനമായിക്കഴിഞ്ഞു. നിക്ഷേപം, ഓൺലൈൻ വ്യാപാരം, ഉത്പന്നത്തിന്റെ ഉദ്‌ഭവസ്ഥാനം വ്യക്തമാക്കുന്ന ചട്ടങ്ങൾ, വ്യാപാരത്തർക്കപരിഹാരം എന്നീകാര്യങ്ങളിലാണ് തർക്കം തുടരുന്നത്.

 ആശങ്കകൾ
സ്വതന്ത്ര വ്യാപാരക്കരാറുകളിൽ  (എഫ്.ടി.എ.) നിന്നുണ്ടായ ദുരനുഭവമാണ് ആർ.സി.ഇ.പി.യോട് വിവിധ കോണുകളിൽനിന്നുയരുന്ന എതിർപ്പിനുകാരണം. കേന്ദ്രസർക്കാർ കരുതലോടെ കരുക്കൾനീക്കുന്നതിന്റെ കാര്യവും ഇതുതന്നെ.

ആർ.സി.ഇ.പി.യിലെ അംഗരാജ്യങ്ങളുമായി ഇന്ത്യയ്ക്കുള്ള വ്യാപാരക്കമ്മി 10,500 കോടി ഡോളറിന്റേതാണ് (7.4 ലക്ഷം കോടി രൂപ). 2018-’19  സാമ്പത്തികവർഷത്തെ കണക്കാണിത്. 2013-’14-ൽ ഇത് 5400 കോടി ഡോളർ മാത്രമായിരുന്നു.

   ഇന്ത്യൻ കയറ്റുമതിയുടെ 20 ശതമാനം ഈരാജ്യങ്ങളിലേക്കാണ്. അവിടെനിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയാകട്ടെ 35 ശതമാനവും. അതായത്, ആസിയാൻ രാജ്യങ്ങൾ ഇന്ത്യൻ വിപണിയിലേക്ക് വലിയതോതിൽ കടന്നുകയറി. ഇന്ത്യയ്ക്കാകട്ടെ ഇതിന് ആനുപാതികമായി ആ രാജ്യങ്ങളിൽ വിപണിനേടാനായിട്ടുമില്ല.

 ചൈനീസ് കടന്നുകയറ്റം
അമേരിക്കയുമായുള്ള വ്യാപാരബന്ധം വേർപെടുത്തിക്കൊണ്ടിരിക്കുന്ന  ചൈനയാണ് ആർ.സി.ഇ.പി.ക്കായി വാദിക്കുന്ന പ്രധാനരാജ്യം. ആർ.സി.ഇ.പി. രാജ്യങ്ങളിൽ ഇന്ത്യയിലേക്ക് ഏറ്റവുമധികം ഇറക്കുമതി നടക്കുന്നത്  ചൈനയിൽനിന്നാണ്. ഇന്ത്യയുടെ വ്യാപാരക്കമ്മിയിൽ 5300 കോടി ഡോളറും (3.8 ലക്ഷം കോടി രൂപ) ചൈനയുമായുള്ളതാണ്.

ഇലക്‌ട്രിക്കൽ ഉപകരണങ്ങൾ, യന്ത്രങ്ങൾ, പ്ലാസ്റ്റിക് സാധനങ്ങൾ, ഇരുമ്പ്,  ഉരുക്ക്, അലുമിനിയം, സെറാമിക് ഉത്പന്നങ്ങൾ, നൂൽ, ഫർണിച്ചർ തുടങ്ങി  ഒട്ടേറെ ഉത്പന്നങ്ങളാണ് ചൈനയിൽനിന്ന് ഇന്ത്യ ഇറക്കുമതിചെയ്യുന്നത്. ആർ.സി.ഇ.പി. കരാറോടെ ഇവയിൽ 80 ശതമാനത്തിന്റെയും തീരുവ നീക്കാനോ കുറയ്ക്കാനോ ഇന്ത്യ നിർബന്ധിതമാകും. ചൈനീസ് ഉത്പന്നങ്ങൾ ഇന്ത്യൻവിപണിയിലേക്ക് ഒഴുകാൻ ഇതിടയാക്കും.


ഒപ്പിടാനിടയില്ല
ആർ.സി.ഇ.പി. കരാറുമായി സഹകരിക്കാമെന്ന തത്ത്വത്തിലുള്ള ഉടനടിയിൽ മാത്രം ഒപ്പിട്ടുകൊണ്ട്‌ തുടർ ചർച്ചകളിലേക്ക്‌ നീങ്ങാമെന്ന ധാരണയോടെ ബാങ്കോക്ക്‌ ഉച്ചകോടിയിൽനിന്ന്‌ ഇന്ത്യ തലയൂരാനാണ്‌ സാധ്യത.
-ഡോ. ടി.പി. സേതുമാധവൻ (ലോകബാങ്ക്‌ കൺസൾട്ടന്റ്‌)


 എപ്പോഴും  സ്വീകർത്താവ്
സ്വതന്ത്രവ്യാപാരക്കരാറുകൾ ഒപ്പിട്ടാൽ എപ്പോഴും ഇന്ത്യയിലേക്കുള്ള ഇറക്കുമതി കൂടുന്നതായാണ് കണ്ടുവരുന്നത്. ലോഹവ്യവസായത്തെയാണ് എഫ്.ടി.എ. ഏറ്റവുമധികം ബാധിച്ചത്. ലോഹങ്ങൾക്കുള്ള ഇറക്കുമതിത്തീരുവ പത്തു ശതമാനം കുറച്ചാൽ, ഇറക്കുമതി 1.4 ശതമാനം കൂടുമെന്നാണ് രണ്ടുകൊല്ലംമുമ്പ് നീതി ആയോഗ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലെ കണക്ക്. ആസിയാൻ രാജ്യങ്ങളിലും ശ്രീലങ്കയിലും നിന്ന് ഏലവും കുരുമുളകും എത്തുന്നു. വിയറ്റ്നാമിലും ഇൻഡൊനീഷ്യയിലും നിന്ന് റബ്ബറും ഫിലിപ്പീൻസിലും ഇൻഡൊനീഷ്യയിലും നിന്ന് തേങ്ങാപ്പിണ്ണാക്കും കുറഞ്ഞവിലയിൽ ഇവിടെയെത്തുന്നുണ്ട്. ഇത് കേരളകർഷകരെ  കഷ്ടത്തിലാക്കിയിരിക്കുമ്പോഴാണ് ആർ.സി.ഇ.പി. എത്തുന്നത്. കരാർ യാഥാർഥ്യമായാൽ സ്ഥിതി ഇതിലും ഗുരുതരമാകും.


രത്നച്ചുരുക്കം
പങ്കാളിത്തരാജ്യങ്ങൾ കയറ്റുമതി, ഇറക്കുമതി ചുങ്കം കുറയ്ക്കുകയോ പൂർണമായി എടുത്തുകളയുകയോ ചെയ്യണം എന്നതാണ് എല്ലാ  സ്വതന്ത്രവ്യാപാരക്കരാറുകളിലെയും (എഫ്.ടി.എ.) പോലെ ആർ.സി.ഇ.പി.യുടെയും രത്നച്ചുരുക്കം.

ഉള്ളടക്കം
ചരക്ക്-സേവനം, നിക്ഷേപം, സാമ്പത്തിക-സാങ്കേതിക സഹകരണം,  ബൗദ്ധികസ്വത്ത്, പരസ്പരമത്സരം, തർക്കപരിഹാരം, ഓൺലൈൻ വ്യാപാരം, ചെറുകിട-ഇടത്തരം സംരംഭങ്ങൾ എന്നിവ.


പ്രതിഷേധം ശക്തം
ഇന്ത്യ ആർ.സി.ഇ.പി. കരാറിൽ ഒപ്പിടുന്നതിനെതിരേ കേരളനിയമസഭ പ്രമേയം പാസാക്കി.  സംഘപരിവാർ സംഘടനയായ സ്വദേശി ജാഗരൺമഞ്ചും  പ്രതിപക്ഷപാർട്ടികൾക്കൊപ്പം പ്രതിഷേധമുയർത്തുന്നു


ഇന്ത്യ പ്രതിസന്ധിയിലാഴും
ഉത്പാദന, കാർഷിക മേഖലകളിൽ പ്രതിസന്ധി അനുഭവിക്കുകയാണ് ഇന്ത്യ. ഇത് രാജ്യത്ത് തൊഴിൽനഷ്ടമുണ്ടാക്കുന്നു. ഇന്ത്യയിലേക്ക് കുറഞ്ഞവിലയ്ക്കുള്ള സാധനങ്ങൾ ഒഴുകുന്നതിൽ കഴിഞ്ഞ പതിറ്റാണ്ടിൽ രാജ്യം ഒപ്പിട്ട  സ്വതന്ത്രവ്യാപാരക്കരാറുകൾക്ക് പ്രധാനപങ്കുണ്ട്. ആർ.സി.ഇ.പി.യിലെ 11 രാജ്യങ്ങളുമായും 2018-’19 സാമ്പത്തികവർഷം ഇന്ത്യയ്ക്ക് വ്യാപാരക്കമ്മിയാണുള്ളത്.
-സ്വദേശി ജാഗരൺ മഞ്ച്


കേരളത്തെ തകർക്കും

കേരള സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ കാർഷിക, മത്സ്യ മേഖലയെയും ചെറുകിടവ്യവസായത്തെയും കരാർ ഗുരുതരമായി ബാധിക്കും
-പിണറായി വിജയൻ


മുൻകരാറുകൾ
ആർ.സി.ഇ.പി. അംഗരാജ്യങ്ങളിൽ 12 എണ്ണവുമായും ഇന്ത്യയ്ക്ക് ഉഭയകക്ഷി വ്യാപാരക്കരാറുണ്ട്. ഇന്ത്യ-ആസിയാൻ സ്വതന്ത്രവ്യാപാരക്കരാറിന്റെ ഭാഗമായി ഒപ്പിട്ടവയാണിവ.
ഇന്ത്യയും എഫ്.ടി.എ.യും
രാജ്യങ്ങൾ - ഒപ്പിട്ട വർഷം
 ശ്രീലങ്ക (1998)  അഫ്ഗാനിസ്താൻ (2003)
 തായ്‌ലാൻഡ് (2004)  സിങ്കപ്പൂർ (2005)
 ഭൂട്ടാൻ (2006)  നേപ്പാൾ (2009)  ദക്ഷിണകൊറിയ (2009)  മലേഷ്യ (2011)  ജപ്പാൻ (2011)
മേഖലകൾ
 ദക്ഷിണേഷ്യൻ സ്വതന്ത്രവ്യാപാരക്കരാർ (2004)
 ഇന്ത്യ-ആസിയാൻ (2010)
ഏഷ്യയ്ക്കുവെളിയിൽ
 ചിലി (2006)
 മെർകോസുർ (ബ്രസീൽ, അർജന്റീന, യുറഗ്വായ്, പാരഗ്വായ് എന്നിവയുൾപ്പെടുന്ന കൂട്ടായ്മ) -2004


 പ്രധാന മേഖലാ വ്യാപാരക്കരാറുകൾ
ആർ.സി.ഇ.പി.പോലുള്ള സ്വതന്ത്രവ്യാപാരക്കരാറുകൾ മേഖലാ വ്യാപാരക്കരാറുകൾ (ആർ.ടി.എ.) എന്നാണ് അറിയപ്പെടുന്നത്. ലോകത്തെ പ്രധാന ആർ.ടി.എ.കൾ
 നോർത്ത് അമേരിക്കൻ സ്വതന്ത്രവ്യാപാരക്കരാർ
   (നാഫ്റ്റ)  യൂറോപ്യൻ യൂണിയൻ
 ഏഷ്യാ-പസഫിക് ഇക്കണോമിക് കോ-ഓപ്പറേഷൻ (അപെക്)


ഇന്ത്യൻ വിപണിയിലേക്ക്‌

കുരുമുളക്, ഏലം, റബ്ബർ,  നാളികേര ഉത്പന്നങ്ങൾ പാലുത്പന്നങ്ങൾ മത്സ്യം, മാസം, തുണിത്തരങ്ങൾ വാഹനഘടകങ്ങൾ, ഇലക്‌ട്രിക്‌-
ഇലക്‌ട്രോണിക്‌ ഉപകരണങ്ങൾ ഫാർമ ഉത്‌പന്നങ്ങൾ തുടങ്ങിവയവ


ഇന്ത്യയു​െട ആശങ്കകൾ പരിഹരിക്കണം
അസന്തുലിതമായ വ്യാപാരക്കമ്മിയെക്കുറിച്ചുള്ള ആശങ്കകൾ പരിഗണിക്കണം. ഇന്ത്യയുടെ വിപണി  തുറന്നുകൊടുക്കുമ്പോൾ അതിനനുസരിച്ച് മറ്റുരാജ്യങ്ങളുടെ വിപണി ഇന്ത്യയ്ക്കും തുറന്നുകിട്ടണം
- പ്രധാനമന്ത്രി നരേന്ദ്രമോദി