‘‘കടബാധ്യത, അഭിമാനക്ഷതം, മാനസിക പീഡനം - ഇതെല്ലാം അനുഭവിച്ചിട്ടും ജീവിച്ചിരിക്കുന്ന മനുഷ്യനാണ് ഞാൻ’’ -വ്യാപാരി വ്യവസായി ഏകോപനസമിതി മലപ്പുറം ജില്ലാ സെക്രട്ടറി നിവിൽ ഇബ്രാഹിമിനെ വ്യാപാരികളുടെ പൊതുവായ അവസ്ഥയറിയാൻ വിളിച്ചപ്പോൾ സ്വന്തം അനുഭവത്തിന്റെ പൊള്ളുന്ന കഥയാണ് പറഞ്ഞത്. ന്യൂജെൻ വ്യാപാരങ്ങൾ കത്തിയെരിഞ്ഞു ചാമ്പലാകുന്ന അവസ്ഥകൂടി അതിലുണ്ട്.

മഞ്ചേരിയിൽ വീഡിയോ ഷോപ്പ് തുടങ്ങിയാണ് നിവിൽ വ്യാപാരരംഗത്തിറങ്ങിയത്. പുതിയ മേഖലയായതിനാൽ നല്ല സ്വീകാര്യത. അതിനിടെയാണ് സൂപ്പർ മാർക്കറ്റുകൾ പുതിയ ആശയമായി ഉരുത്തിരിഞ്ഞത്. ഒരു പങ്കാളിയുമായി ചേർന്ന് മാർജിൻ ഫ്രീ സൂപ്പർ മാർക്കറ്റ് തുടങ്ങി. ഒരുദിവസം കടയ്ക്ക് തീപിടിച്ചു. സകലതും ചാമ്പലായി. ഇൻഷുർ ചെയ്തതിനാൽ നഷ്ടപരിഹാരം കിട്ടാൻ കത്തിച്ചതാണെന്ന പ്രചാരണവും ജ്വലിച്ചു. ഇൻഷുറൻസ് തുക കിട്ടാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുമ്പോഴാണ് കടനമ്പർ തെറ്റായാണ്‌ പോളിസിയിൽ രേഖപ്പെടുത്തിയതെന്ന വസ്തുത അറിയുന്നത്. അതോടെ തുക നിരസിക്കപ്പെട്ടു. ‘‘ദുഷ്പ്രചാരണം അപ്പോഴും ആളിക്കത്തുന്നതിനാൽ എത്രയും പെട്ടെന്ന് കട തുറക്കണമെന്നു വാശിയായി’’.

 ഒരു സി.ഡി. ദുരന്തം
ഒരുവശത്ത് സി.ഡി. ബിസിനസ് നല്ലനിലയിൽ പോകുന്നതിനാൽ ബാങ്കിൽനിന്നും വായ്പയെടുത്ത് കച്ചവടം വീണ്ടും തുടങ്ങി. സി.ഡി. വിൽപ്പനയുടെ മൊത്തവ്യാപാരംകൂടി നിവിൽ ഏറ്റെടുത്തിരുന്നു. കേരളത്തിൽ 30,000-ഓളം സി.ഡി. കടകൾ ഉണ്ടായിരുന്ന കാലം. മലപ്പുറത്തു മാത്രം 2500 കടകളുണ്ട്. താഴെത്തട്ടിലുള്ള കടയുടമകൾ നിവിലിനെപ്പോലുള്ള മൊത്തവിൽപ്പനക്കാരിൽനിന്ന്‌ ഒരു സിനിമയുടെ കുറച്ച് സി.ഡി.കൾ വാങ്ങും. പിന്നീട് അതിൽനിന്ന്‌ കോപ്പിയെടുത്ത് വാടകയ്ക്ക് കൊടുക്കും.

അങ്ങനെയിരിക്കെയാണ് വ്യാജ സി.ഡി. പിടിക്കാൻ ഒരു പോലീസ് ഓഫീസറുടെ നേതൃത്വത്തിൽ റെയ്ഡ് തുടങ്ങിയത്. കോപ്പിറൈറ്റ് എടുത്തവർ സെൻസർഷിപ്പ് സർട്ടിഫിക്കറ്റ് ഇല്ലാതെ അബദ്ധത്തിലിറക്കിയ ഒറിജിനൽ സി.ഡി.കൾ ഇറക്കിയതുപോലും റെയ്ഡിൽ പിടികൂടിയെന്ന്‌ നിവിൽ പറഞ്ഞു. മൂന്നാലു മാസത്തിനകം കേരളത്തിലൊട്ടുക്കും സി.ഡി. വിൽപ്പനശാലകൾക്ക് താഴുവീണു. പിടിച്ചുനിന്നത് ഒറിജിനൽ മാത്രം വിൽക്കുന്ന 12,000-ഓളം കടകൾ മാത്രം.

മലപ്പുറത്ത് പൂട്ടിയ ഒട്ടുമിക്ക കടയുടമകളും നിവിലിന് 2000 രൂപമുതൽ 15,000 രൂപവരെ നൽകാനുണ്ടായിരുന്നു. 15 ലക്ഷം രൂപയുടെ സ്റ്റോക്കും കൈയിലുണ്ട്. റെയ്ഡും മറ്റും നടക്കുന്നത് ഇന്ത്യയിലൊട്ടാകെയുള്ള വിപണി ലക്ഷ്യമിട്ടുള്ള പുതിയ കമ്പനിക്കുവേണ്ടിയാണെന്ന പ്രചാരണവും അതിനിടെ ശക്തമായി.
എന്തായാലും നിവിൽ പുതിയ കമ്പനിയുടെയും ഏജൻസി എടുത്തു. തീപ്പിടിത്തത്തിനുശേഷം വീണ്ടും തുറന്ന മാർജിൻ ഫ്രീ കടയിലാകട്ടെ കച്ചവടം നന്നെ കുറഞ്ഞിരുന്നു. ആദ്യമൊക്കെ കുറഞ്ഞനിരക്കിൽ ഒറിജിനൽ സി.ഡി. വിറ്റ പുതിയ കമ്പനിക്കും വ്യാജ സി.ഡി.കളുടെ മത്സരം നേരിടേണ്ടിവന്നു. തന്മൂലം ഒറിജിനൽ സി.ഡി.യുടെ വിലയും വർധിച്ചു. അതോടെ സി.ഡി. എത്തുമ്പോഴേക്കും വ്യാജൻ വിപണിയിലിറങ്ങുന്ന അവസ്ഥയായി. ഒരുസംഘം ആളുകളെ രാത്രി ഉറക്കമിളച്ചിരുത്തിയാണ് സി.ഡി. ഷോപ്പുകളിലെത്തിച്ചിരുന്നത്.

കണ്ണടച്ചു തുറക്കുന്നവേഗത്തിലാണ് മൊബൈൽ ഫോണിൽ സിനിമ കാണാവുന്നവിധം സാങ്കേതികത മാറിയത്. അതോടെ സി.ഡി. കമ്പനികൾ പൊളിഞ്ഞു. നിവിൽ രണ്ടു ബാങ്കുകളിൽ നിന്നും വായ്പയെടുത്തിരുന്നു. 30 ലക്ഷത്തിന്റെ ആദ്യവായ്പ 62.5 ലക്ഷം രൂപയായിമാറിയപ്പോൾ ബാധ്യത തീർക്കാൻ ഒരു സ്വത്ത് വിറ്റു. 30 ലക്ഷം രൂപയുടെ രണ്ടാമത്തെ വായ്പത്തുകയിലേക്ക് 28 ലക്ഷത്തോളം പലിശയായി അടച്ചുകഴിഞ്ഞപ്പോഴാണ് ജനുവരിയിൽ റവന്യൂ റിക്കവറി വന്നത്. 72 ലക്ഷം രൂപ ബാധ്യതയെന്നു കാണിച്ച് പത്രത്തിൽ പരസ്യവും വന്നു. മാനംകൂടി നഷ്ടമായതോടെ ആകെ തളർന്നു. ഉമ്മയും ഉപ്പയും അമ്മാവനും രക്ഷയ്ക്കെത്തി. കുടുംബസ്വത്ത് വിറ്റ്‌ ആ ബാധ്യതയും തീർത്തു. കോവിഡുകാലത്ത് നിവിൽ മറ്റൊന്നുകൂടി ചെയ്തു. സ്റ്റോക്കുണ്ടായിരുന്ന സി.ഡി. ശേഖരം വണ്ടൂരിലെ ആക്രിക്കടക്കാരന് വിറ്റു. വിൽക്കാതെ തിരിച്ചുവന്നതടക്കം 30 ലക്ഷം രൂപയുടെ സ്റ്റോക്കാണ് കിലോവിന് 15 രൂപപ്രകാരം തൂക്കിവിറ്റത്. ഒരു ന്യൂജെൻ വ്യാപാരത്തിന്റെ ദുരന്തകഥകൂടിയാണ് ഈ വിൽപ്പന.

 തകർത്തത് ചെറുപ്പക്കാരുടെ ഭാവി
‘‘ഇനി വായ്പയെടുത്തുള്ള ഒരു കച്ചവടത്തിനും ഞാനില്ല. തീരുമാനിച്ചു.’’ -നിവിൽ പറഞ്ഞുനിർത്തിയത് രോഷത്തോടെയാണ്. ആ രോഷമാകട്ടെ സി.ഡി. ബിസിനസിനെ തകർത്ത റെയ്ഡിനുനേരെയായിരുന്നു. ‘‘വ്യാപകമായി ചെയ്തുകൊണ്ടിരിക്കുന്ന ഒരു കച്ചവടത്തെക്കുറിച്ച്‌ ശരിക്കും പഠിക്കാതെ ഉദ്യോഗസ്ഥരുടെ തന്നിഷ്ടത്തിനു വിട്ടുകൊടുത്തതുമൂലം സർക്കാർ തകർത്തെറിഞ്ഞത് കാൽലക്ഷത്തിലേറെവരുന്ന ചെറുപ്പക്കാരുടെ ഭാവിയാണ്. പ്രായോഗികതമറന്ന് നിയമവിരുദ്ധമെന്ന് ആരോപിച്ച് ഒരു വ്യാപാരത്തെയും ഇങ്ങനെ നശിപ്പിക്കരുത്. തെറ്റുകളും ശരികളുമുണ്ടാകും. അവിടെ പ്രായോഗികത പഠിച്ചുള്ള തീരുമാനങ്ങളെടുക്കാൻ ഭരണാധികാരികൾക്ക് കഴിയണം. റെയ്ഡില്ലായിരുന്നെങ്കിലും ആ വ്യാപാരം ഇല്ലാതാകുമായിരുന്നു.’’ -നിവിൽ പറഞ്ഞു.
 സുഹൃത്തുക്കളുടെ പിന്തുണയോടെ നിവിൽ ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണ്. സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ പുതുതലമുറയോട്‌ നിവിലിന് പറയാനുള്ളതും പ്രസക്തമാണ്: ‘‘വിപണിയെ ശാസ്ത്രീയമായും പ്രായോഗികമായും പഠിച്ചുമാത്രമേ വ്യാപാരത്തിനിറങ്ങാവൂ. കടക്കെണിയിൽ പെടുകയുമരുത്’’. കാലത്തിനനുസരിച്ച് ചില കച്ചവടങ്ങൾ തകൃതിയായി വരും. നടപ്പുസാങ്കേതികതയ്ക്കനുസരിച്ചുള്ള അത്തരത്തിലുള്ള ‘ന്യൂജെൻ വ്യാപാരങ്ങൾ’ ചിലപ്പോൾ വന്നതുപോലെ കത്തിത്തീരും. എസ്.ടി.ഡി. ബൂത്തുകൾ, വിഡിയോ-സി.ഡി. കടകൾ തുടങ്ങിയവ അതുപോലെ കാലയവനികയ്ക്കുള്ളിൽ മറഞ്ഞ വരുമാനമാർഗങ്ങളാണ്. ഇതിപ്പോൾ മൊബൈൽ ഫോണുകളുടെ കാലമാണ്.

മറുനാടൻ വ്യാപാരികളും ചുവടുറപ്പിക്കുന്നു

ഓൺലൈൻ വ്യാപാരവും വികേന്ദ്രീകൃത വിപണിവളർച്ചയും മാത്രമല്ല, മറുനാട്ടുകാരുടെ പ്രത്യക്ഷസാന്നിധ്യവും പരമ്പരാഗത കച്ചവടമേഖല നേരിടുന്ന പുതിയ വെല്ലുവിളിയാണ്.

കേരളത്തിന്റെ വിപണിയിൽ മറുനാട്ടുകാരുടെ സാന്നിധ്യം വർഷങ്ങളായുണ്ട്. നിത്യോപയോഗ സാധനങ്ങൾക്ക് മറ്റുസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിൽ മുഖ്യമായും ഇടനിലക്കാരുടെ റോളായിരുന്നു അവർക്ക്. കേന്ദ്രീകൃത വിപണികൾ തകർന്നതോടെ ഇടനിലക്കാർ വ്യാപാരികളായിത്തന്നെ രംഗപ്രവേശം ചെയ്യുന്ന അവസ്ഥയാണിപ്പോൾ.

സമീപകാലത്ത് കോഴിക്കോട്ട് മാത്രം കച്ചവടം തുടങ്ങിയ മറുനാട്ടുകാർ ഏറെയുണ്ടെന്നാണ് കേരള മർച്ചന്റ്‌സ് ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ജി. കാർത്തികേയൻ പറഞ്ഞത്. കേരളത്തിലെ വട്ടിപ്പലിശക്കാരെക്കാൾ കുറഞ്ഞനിരക്കിൽ മാർവാടികളിൽനിന്ന്‌ പണം വായ്പയെടുത്തു കച്ചവടം ചെയ്യുന്നവരാണവർ. ദീപാവലിവേളയിലേ ഇടപാട് തീർക്കേണ്ടതുള്ളൂ. കൃത്യമായി പണം നൽകിയാൽ സമ്മർദങ്ങളുമില്ല. ബാങ്കുകൾ ഔട്ട്‌സോഴ്‌സിങ് വഴി വ്യാപാരികളെ സമ്മർദത്തിലാക്കുമ്പോഴാണ് മാർവാടികളുടെ വ്യത്യസ്ത സമീപനമെന്നതും കാലത്തിന്റെ മാറ്റം.

കേരളത്തിന്റെ വ്യാപാരചരിത്രത്തിൽ ഉത്തരേന്ത്യൻ വ്യാപാരികൾ പുതുമയൊന്നുമല്ല. പക്ഷേ, അവർ മൊത്തവ്യാപാരത്തിലാണ് ശ്രദ്ധയൂന്നിയിരുന്നത്. എന്നാൽ, മൊത്തവ്യാപാരവും ചില്ലറവ്യാപാരവും തമ്മിലുള്ള അതിർവരമ്പ് ഇല്ലാതായിവരുമ്പോഴാണ് മറുനാടൻ വ്യാപാരികളുടെ സാന്നിധ്യം ശക്തമാകുന്നത്.

അപ്രതീക്ഷിത തിരിച്ചടികൾ

വ്യാപാരമാന്ദ്യംമൂലമുള്ള തകർച്ചയുടെ കഥയറിയേണ്ടത് പ്രതീക്ഷകളുടെ ബലത്തിൽ ഒരു സംരംഭം പടുത്തുയർത്തേണ്ടതിനുവേണ്ടി അനുഭവിക്കുന്ന പ്രയാസങ്ങളും ചെലവിടുന്ന പണവും സമയവും അധ്വാനവുംകൂടി മനസ്സിലാക്കിവേണം. കൊല്ലത്തെ ഒരു തുണിവ്യാപാരിയുടെ അനുഭവംതന്നെയെടുക്കാം. ഗൾഫിൽ അധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ട് നാട്ടിലൊരു വ്യാപാരം തുടങ്ങാൻ തീരുമാനിച്ചു. ഒരു കുടിക്കടസർട്ടിഫിക്കറ്റോ സ്ഥലത്തിന്റെ സ്‌കെച്ചോ കിട്ടണമെങ്കിൽ സാധാരണക്കാരൻ അനുഭവിക്കുന്ന വിഷമം ഊഹിക്കാവുന്നതാണല്ലോ.

അങ്ങനെ സ്ഥലവും കെട്ടിടവും സ്വന്തമായി വിലയ്ക്കുവാങ്ങിയാണ് വ്യാപാരി കച്ചവടം തുടങ്ങിയത്. നഗരത്തിലെ അതേ ബിസിനസ് രംഗത്തുള്ള സ്ഥാപനങ്ങളിലെ മികച്ച ജീവനക്കാരെ ഉയർന്ന വേതനം വാഗ്ദാനംചെയ്ത് കൊണ്ടുവന്നു. ഉദ്ഘാടനവും കെങ്കേമമായി നടത്തി. പക്ഷേ, സംരംഭം തുടങ്ങിയ സമയം നന്നായില്ല. പ്രളയവും കോവിഡും പ്രതീക്ഷകൾ തകർത്തെറിഞ്ഞു. സ്വന്തം സ്ഥാപനമായതിനാൽ ഇപ്പോഴും മുന്നോട്ടുപോകുന്നു.കോഴിക്കോട്ട് കോടികൾ ചെലവിട്ട് മൂന്നൂറോളം ജീവനക്കാരുമായി ഒരു വ്യാപാരസംരംഭം തുടങ്ങി രണ്ടാഴ്ചയ്ക്കകമാണ് കോവിഡ് 19 ലോക്ഡൗൺ വന്നത്. ഭൂരിഭാഗം ജീവനക്കാർക്കും ഒരുമാസത്തെ ശമ്പളംപോലും കിട്ടുംമുമ്പ് പണി ഇല്ലാതായി. ഇങ്ങനെയൊരു കട പ്രവർത്തിക്കുന്നുണ്ടെന്ന്‌ ആളുകളെ അറിയിക്കാൻ ഇനി അവർ ആദ്യംതൊട്ടു വിപണനതന്ത്രം പ്രയോഗിക്കണം.

(തുടരും)