ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ടനുസരിച്ച് 2020-21ലെ ദേശീയ വരുമാന വളർച്ചയിൽ 7.3 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ കഴിഞ്ഞ 40 വർഷത്തെ ഏറ്റവും ദയനീയമായ പ്രകടനമാണിത്. സർക്കാരിന്റെ സാമ്പത്തികനയങ്ങളെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ട്, വലതുപക്ഷ സാമ്പത്തിക ശാസ്ത്രജ്ഞരിൽ പ്രമുഖനായ കൗശിക ബസു ഉൾപ്പെടെയുള്ളവർ രംഗത്തെത്തിക്കഴിഞ്ഞു. അതേസമയം, പ്രതീക്ഷിച്ചതിലും (എട്ടുശതമാനം) കുറഞ്ഞ തിരിച്ചടിമാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും മാന്ദ്യത്തിൽനിന്ന് കരകയറുന്ന ലക്ഷണമാണ് നാം കാണുന്നത് എന്ന്‌ സർക്കാരിനെ അനുകൂലിക്കുന്നവരും പറയുന്നു. എന്താവാം വാസ്തവം?
 

വാദവും പ്രതിവാദവും

കോവിഡ്കാലത്തെ വളർച്ചനിരക്കിലെ കുറവ് ആഗോള പ്രതിഭാസമാണ് എന്നതാണ് സർക്കാർ അനുകൂലികളുടെ  പ്രധാനവാദം. 2020-21 സാമ്പത്തികവർഷത്തിലെ ഒന്നാം പാദത്തിൽ ദേശീയവരുമാന വളർച്ചനിരക്ക് ചരിത്രത്തിലെ ഏറ്റവും വലിയ  തിരിച്ചടിയായ നെഗറ്റീവ് 24.4 ശതമാനം കുറവാണ് രേഖപ്പെടുത്തിയത് എങ്കിലും പിന്നീടുള്ള പാദങ്ങളിൽ പതുക്കെയെങ്കിലും പ്രതിഫലിച്ച പുരോഗതി, യഥാക്രമം നെഗറ്റീവ് 7.4 ശതമാനവും 0.5 ശതമാനവും 1.6 ശതമാനവും ശുഭസൂചകമാണെന്നും മൂന്നാം പാദവുമായി താരതമ്യം ചെയ്യുമ്പോൾ നാലാം പാദത്തിൽ നിർമാണം, മാനുഫാക്ചറിങ്, വൈദ്യുതി, ഗ്യാസ്, റിയൽ എസ്റ്റേറ്റ് തുടങ്ങിയ എട്ടോളം മേഖലകളിലെ വളർച്ചനിരക്ക് പ്രകടമാണ് എന്നതിനാലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്ന് ഇവർ അവകാശപ്പെടുന്നു. 2021-22 വർഷത്തിൽ, ഇന്ത്യ 12.5 ശതമാനം വളർച്ചനിരക്ക് കൈവരിക്കും എന്ന അന്താരാഷ്ട്ര  നാണ്യനിധിയുടെ പ്രവചനവും 9.3 ശതമാനം വളർച്ചനിരക്ക് കൈവരിക്കും എന്ന മൂഡീസിന്റെ കണക്കുകളും ഇവർ ഉദാഹരിക്കുന്നു. 
എന്നാൽ, ദേശീയവരുമാന വളർച്ചനിരക്കിലെ കുറവിനെ  ദീർഘകാലമായും ഹ്രസ്വകാലമായും പരിഗണിച്ചാണ് മറുഭാഗം വാദങ്ങൾ നിരത്തുന്നത്. കോവിഡിന്റെ ഭീഷണിക്കും വളരെ മുന്നേതന്നെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ദുർബലമായിരുന്നു എന്നതിന്റെ തെളിവുകൾ വളർച്ചനിരക്ക് നിരത്തിയാണ് ഇവർ വാദിക്കുന്നത്. 

നോട്ടു പിൻവലിക്കലും ആസൂത്രണമില്ലാതെ ജി.എസ്‌.ടി. നടപ്പാക്കിയതുൾപ്പെടെയുള്ള വിവിധ തീരുമാനങ്ങളാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ  പിന്നോട്ടടിച്ചത് എന്നും കോവിഡിന്റെ സാമ്പത്തിക ആഘാതം ഒരു ആഗോള പ്രതിഭാസമായിരുന്നു എങ്കിലും, പ്രധാന രാജ്യങ്ങളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ തിരിച്ചടി ഇന്ത്യയ്ക്ക് കിട്ടാൻ കാരണം ഈ നയവൈകല്യങ്ങളായിരുന്നു എന്നും ഇവർ സമർഥിക്കുന്നു. അന്താരാഷ്ട്ര നാണ്യനിധിയുടെ 2020-ലെ സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പ്രതിപാദിച്ച 195 രാജ്യങ്ങളിൽ 150-ാം സ്ഥാനത്തു മാത്രമാണ് ഇന്ത്യ. പ്രസ്തുത പട്ടികയിൽ അമേരിക്ക, ചൈന, ഇംഗ്ലണ്ട്, ജർമനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ മാത്രമല്ല, നമ്മുടെ അയൽരാജ്യങ്ങളായ പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ്, തുടങ്ങി അഫ്ഗാനിസ്താൻപോലും ഇന്ത്യയുടെ മുകളിലാണ് ഇടംപിടിച്ചിരിക്കുന്നത്. സാമ്പത്തികവളർച്ചയ്ക്ക് അത്യാവശ്യ ഘടകമായ നിക്ഷേപത്തിന്റെ അളവും രാജ്യത്തു കുറഞ്ഞുവരികയാണ്. 2011 സെപ്റ്റംബറിൽ ദേശീയ വരുമാനത്തിന്റെ 41.2 ശതമാനമായിരുന്ന നിക്ഷേപം ഇപ്പോൾ  വെറും 29.5 ശതമാനം മാത്രമാണ്. 
 

ഹ്രസ്വകാല ആശങ്കകൾ

ഹ്രസ്വകാല ആശങ്കകൾ വർധിപ്പിക്കുന്ന മറ്റൊരു ഘടകം സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി പുറത്തുവിട്ട പ്രതിമാസ തൊഴിലില്ലായ്മയുടെ കണക്കുകളാണ്. പ്രസ്തുത റിപ്പോർട്ടനുസരിച്ച്‌, തൊഴിലില്ലായ്മ, ഈ കഴിഞ്ഞ മേയ് മാസത്തിൽ 11.9 ശതമാനമാണ്. 2021 ഏപ്രിലിൽ തൊഴിലുറപ്പു പദ്ധതിക്കായി രജിസ്റ്റർചെയ്തത് 2.7 കോടി ജനങ്ങളാണ്, കഴിഞ്ഞവർഷം 1.3 കോടിയായിരുന്നു, എന്നുകൂടി ഓർക്കുമ്പോഴാണ് ഗ്രാമീണമേഖലയിലെ തൊഴിൽനഷ്ടത്തിന്റെയും വരുമാനശോഷണത്തിന്റെയും വ്യാപ്തി വ്യക്തമാവുക. ഇന്ത്യയിൽ സ്വകാര്യ ഉപഭോഗ ചെലവിലും  പ്രതിശീർഷ വരുമാനത്തിലും 2019-20 കാലത്തേക്കാൾ കുറവാണ് 2020-21ൽ രേഖപ്പെടുത്തിയത്. 

മാന്ദ്യം അക്ഷരാർഥത്തിൽ ഉലച്ചത് ചെറുകിട-ഇടത്തരം കമ്പനികളെയും അസംഘടിതമേഖലയിൽ ജോലിചെയ്യുന്നവരെയുമാണ്. ഇന്ത്യയിൽ ഏതാണ്ട് 90 ശതമാനം ജനങ്ങളും ഈ മേഖലയിലാണ് ജോലിചെയ്യുന്നത്.  കോവിഡിന്റെ രണ്ടാം തരംഗം മുന്നത്തേതിൽനിന്ന് വ്യത്യസ്തമായി, ഡിമാൻഡ് ഷോക്ക് ആണ് ഉണ്ടാക്കുന്നത് എന്ന ആർ.ബി.ഐ.യുടെ നിഗമനം ഇതുമായി ചേർത്തുവായിക്കുക. ആർ.ബി.ഐ.യുടെതന്നെ ശുപാർശയുണ്ടായിട്ടും മറ്റു വരുമാനമാർഗങ്ങൾ നിലച്ചതിനാൽ, അന്താരാഷ്ട്ര വിപണിയിൽ വിലയിൽ വൻ ഇടിവുണ്ടായിട്ടും പെട്രോൾ, ഡീസൽ എന്നിവയുടെ വില കുറയ്ക്കാനോ അവയെ ജി.എസ്.ടി.യുടെ പരിധിയിൽ കൊണ്ടുവരാനോ കേന്ദ്രസംസ്ഥാന സർക്കാരുകൾ ശ്രമിക്കുന്നില്ല എന്നത് മൊത്തവിലസൂചികയെ അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പം വർധിക്കാനും ജനജീവിതം കൂടുതൽ ദുസ്സഹമാക്കാനും ഇടയാക്കുന്നു എന്നത് മറ്റൊരു വസ്തുത. 

ഫലിക്കാത്ത ആത്മനിർഭർ ഭാരത്

ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും കോവിഡിന്റെ ആഘാതം ചെറുക്കാനുള്ള ഉത്തേജന പാക്കേജുകൾ അവതരിപ്പിച്ചിരുന്നു. ഇന്ത്യ  ആത്മ നിർഭർ ഭാരത് എന്നപേരിൽ അവതരിപ്പിച്ച, മൊത്തം ദേശീയ വരുമാനത്തിന്റെ പത്തുശതമാനത്തോളംവരുന്ന   പാക്കേജ്  കൂടുതലും ബാങ്ക്  വായ്പയുമായി ബന്ധപ്പെടുത്തിയുള്ളതായിരുന്നു. അതേസമയം, ബാങ്കിന്റെ വായ്പലഭ്യതാ നിയമങ്ങളിൽ പ്രത്യേകിച്ച് മാറ്റമൊന്നും വരുത്തിയതുമില്ല. അതുകൊണ്ടുതന്നെ ഈ പാക്കേജ് സാധാരണ ജനങ്ങളുടെ ജീവിതത്തിൽ വലിയ ഉത്തേജനമൊന്നും സൃഷ്ടിച്ചില്ല. 

വാക്സിനേഷനും വാങ്ങൽശേഷി വർധനയും

ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും  ലോക്‌ഡൗൺ ഏർപ്പെടുത്തി എന്നതിനാൽ 2021-ലെ ഒന്നാം പാദത്തിലും വളർച്ചനിരക്ക് കുറയാനാണ്‌ സാധ്യത. ഇന്ത്യയിലെ കോവിഡിന്റെ രണ്ടാം തരംഗം എത്രവേഗത്തിൽ കൈകാര്യം ചെയ്യുന്നുവെന്നതിനെയും ഒരുപക്ഷേ, മൂന്നാം തരംഗം ഉണ്ടായാൽ രാജ്യം അതിനെ എങ്ങനെ പ്രതിരോധിക്കും എന്നതിനെയും  ആശ്രയിച്ചാവും ഈ വർഷത്തെ വളർച്ചനിരക്ക് നിലകൊള്ളുന്നത്. കഴിഞ്ഞദിവസം പുറത്തുവന്ന കേന്ദ്രബാങ്കിന്റെ വാർഷിക റിപ്പോർട്ടിലും ഇക്കാര്യം അടിവരയിട്ടു പറയുന്നു. വാക്സിനേഷൻ വേഗത്തിലാക്കിയാൽ മാത്രമേ, രാജ്യം മെച്ചപ്പെട്ട സാമ്പത്തികവളർച്ച നിരക്കിലേക്ക്‌ എത്തുകയുള്ളൂ എന്നു സാരം.

കോവിഡ് ഉയർത്തിയ സാമ്പത്തികപ്രതിസന്ധി മറികടക്കാൻ, ആളുകളുടെ വാങ്ങൽശേഷി വർധിപ്പിക്കുക എന്ന മാർഗമേയുള്ളൂ. ഇതിനായി,  പ്രധാനമായും രണ്ടു മാർഗങ്ങളായിരുന്നു സാമ്പത്തികശാസ്ത്രജ്ഞർ മുന്നോട്ടുവെച്ചത്. അതിൽ ഒന്ന്, ഹെലികോപ്റ്റർ മണി എന്നറിയപ്പെടുന്ന കൂടുതൽ നോട്ടുകൾ അച്ചടിച്ച് വിതരണം ചെയ്യുക എന്ന പദ്ധതിയാണ്. മാന്ദ്യവും പലിശനിരക്ക് പൂജ്യത്തിനോടടുത്തുനിൽക്കുന്നതിനാലും ഇത്തരം ഒരു കടുത്ത നടപടിയിലേക്കു പോകാനുള്ള ഒരു സാഹചര്യം നിലവിലുണ്ട് എന്നാണ് അവരുടെ വാദം. മറ്റൊന്ന്, അതികോടീശ്വരന്മാരുടെമേൽ സൂപ്പർ ടാക്‌സ് ഏർപ്പെടുത്തുക എന്നതാണ്.  അർജന്റീനയും അമേരിക്കയുമൊക്കെ ഈ വഴിക്ക്‌ നിയമനിർമാണത്തിലേക്കു കടന്നുകഴിഞ്ഞു. എന്നാൽ, ഇന്ത്യ ഈ രണ്ടു മാർഗങ്ങളോടും വിമുഖതയാണ് കാട്ടിയത്. അമേരിക്ക തങ്ങളുടെ പൗരന്മാർക്ക്,  1400 ഡോളറാണ് പണമായി വിതരണംചെയ്തത് എന്നുകൂടി ഓർക്കുക. പണമായി ഇന്ത്യയിൽ ജൻധൻ യോജന വഴി, 500 രൂപവീതം മൂന്നുമാസത്തേക്ക് നൽകിയിരുന്നു. അതുതന്നെ, 40 ശതമാനത്തോളം പേർക്ക് ലഭിച്ചിട്ടില്ല എന്ന് അസിം പ്രേംജി യൂണിവേഴ്‌സിറ്റിയുടെ പഠനങ്ങൾ വ്യക്തമാക്കുന്നു.  
 

മാന്ദ്യകാലത്തെ നേട്ടക്കാർ 

ഈ മാന്ദ്യകാലത്തെ ഏറ്റവും വലിയ നേട്ടക്കാരാണ്, ശതകോടീശ്വരർ എന്നറിയപ്പെടുന്ന ഗണം. ലോകം സാമ്പത്തികമാന്ദ്യത്തിൽ വലിഞ്ഞുമുറുകുമ്പോഴും ആഗോളതലത്തിലും ഇന്ത്യയിലും ഒറ്റവർഷംകൊണ്ട്  ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ വൻവർധനയാണ്; 388-ൽനിന്ന് 626 ആയാണ് ഉയർന്നിരിക്കുന്നത്. ഫോബ്‌സ് മാഗസിൻ തയ്യാറാക്കിയ ആ പട്ടികയിൽ പുതുതായെത്തിയ 238 പേരിൽ, 38 പേർ ഇന്ത്യക്കാരാണ്! കഴിഞ്ഞവർഷം 169-ാം സ്ഥാനത്തുണ്ടായിരുന്ന, പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ട് തലവൻ സൈറസ് പൂനാവാല ഇത്തവണ എട്ടാം  സ്ഥാനത്താണ്. ഇന്ത്യയിലെ 140 ശതകോടീശ്വരന്മാരുടെ മൊത്തവരുമാനം 313 ബില്യൺ ഡോളറിൽ(ഏകദേശം 22,80,371 കോടി രൂപ)നിന്ന് 596 ബില്യൺ ഡോളറായാണ് (ഏകദേശം 43,42,176 കോടി രൂപ) ഈ കഴിഞ്ഞ ഒരു വർഷംകൊണ്ടുമാത്രം വർധിച്ചത്. ഒരുവശത്ത്‌ തൊഴിലില്ലായ്മകൊണ്ട് വലയുന്ന സാധാരണ ജനങ്ങളും മറുവശത്ത്‌ ആസ്തി വർധിപ്പിക്കുന്ന കോടീശ്വരന്മാരും; ഇന്ത്യയിലെ വർധിച്ചുവരുന്ന സാമ്പത്തിക, സാമൂഹിക അസമത്വത്തിന്റെ നേർക്കാഴ്ചകളാണ്  ഈ കോവിഡ് കാലം കാട്ടിത്തരുന്നത്.

എന്തുകൊണ്ട്‌ ഓഹരിവിപണി എന്നിട്ടും കുതിക്കുന്നു ?

സാമ്പത്തികരംഗം കൂപ്പുകുത്തുമ്പോഴും സെൻസെക്‌സും നിഫ്റ്റിയും മാത്രമല്ല, ലോകമെമ്പാടുമുള്ള എല്ലാ പ്രധാന ഓഹരിവിപണികളുടെയും സൂചികകൾ സർവകാല റെക്കോഡുകൾ ഭേദിച്ച് മുന്നേറുകയാണ്. എന്തുകൊണ്ടാവും ഇത്?  പലരും വാദിക്കുന്നതുപോലെ, ഓഹരിവിപണി സമ്പദ്‌വ്യവസ്ഥയുടെ, തിരിച്ചും, പ്രതീകമോ പ്രതിഫലനമോ അല്ല. മറിച്ച്, ഓഹരിവിപണി എന്നത് ഓഹരി കമ്പോളത്തിൽ ഇറങ്ങുന്നവരുടെ പ്രതീക്ഷകളുടെയും പേടിയുടെയും കൂട്ടായ്മയാണ്. 

ഓഹരിവിപണിയുടെ പ്രതീക്ഷകൾ വർധിപ്പിക്കാൻ ലോകമെമ്പാടുമുള്ള രാജ്യങ്ങൾ നടപ്പാക്കിയ കോവിഡ് പുനരുദ്ധാരണ പാക്കേജുകൾ ഇടയാക്കി എന്നതാണ് വസ്തുത. അല്പംകൂടി വിശദീകരിച്ചാൽ, പുനരുദ്ധാരണ പാക്കേജുകൾ പ്രധാനമായും പലിശനിരക്കുകളിൽ ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ  ബാങ്കുകളുടെയും സർക്കാരുകളുടെയും  ഉറപ്പ് വൻകിടകമ്പനികൾക്ക് ഈ പ്രതിസന്ധിഘട്ടത്തിൽ അവരുടെ അസ്തിത്വം ഉറപ്പിക്കാൻ സഹായകമായി. 

പ്രധാനരാജ്യങ്ങളുടെ പലിശനിരക്ക് പൂജ്യത്തിനോടടുത്തപ്പോൾ ബോണ്ടുകളെക്കാളും ബാങ്ക് നിക്ഷേപങ്ങളെക്കാളും മെച്ചപ്പെട്ട നിക്ഷേപമാർഗം എന്നനിലയിൽ  ഇക്വിറ്റികൾ മാറി എന്നത് ഓഹരിവിപണിയെ ഉദ്ദീപിപ്പിച്ച മറ്റൊരു പ്രധാന ഘടകമാണ്. ബാങ്കുകൾക്കുപുറമേ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള ഫെയ്‌സ്ബുക്ക്, മൈക്രോസോഫ്റ്റ്‌, ട്വിറ്റർ, ആമസോൺ, നെറ്റ്ഫ്‌ലിസ്, ഇൻഫോസിസ്, ടിസിഎസ്  തുടങ്ങിയുള്ള  എല്ലാ കമ്പനികളും ഈ മാന്ദ്യകാലത്ത് വൻസാമ്രാജ്യം കെട്ടിപ്പടുക്കുകയായിരുന്നു. ഈ കമ്പനികളുടെ ഷെയർമൂല്യമാണ്  പല സൂചികകളുടെയും അടിസ്ഥാനം. വാക്‌സിന്റെ വരവും വിപണിയുടെ പ്രതീക്ഷകൾ വർധിപ്പിച്ച ഘടകമാണ്.

(കൊച്ചി കുഫോസിലെ ബിസിനസ് അഡ്മിനിസ്‌ട്രേഷൻ ആൻഡ് മാനേജ്മെന്റ്‌ വിഭാഗം അസിസ്റ്റന്റ്‌ പ്രൊഫസറാണ്‌ ലേഖകൻ)