കോവിഡിന്റെ രണ്ടാം വരവോടുകൂടി സൂക്ഷ്മ, ചെറുകിട, ഇടത്തരം യൂണിറ്റുകളടക്കം മിക്കവാറും എല്ലാ മേഖലയും മാന്ദ്യത്തിലാണ്. അസംഘടിത/അനൗദ്യോഗിക ജോലികളിൽ ഏർപ്പെട്ടിട്ടുള്ളവരുടെയും വരുമാനം സാരമായി ബാധിക്കപ്പെട്ടിരിക്കുന്നു. സ്ഥിരവരുമാനക്കാർ ഒഴികെ മറ്റുള്ള എല്ലാവരും വരുമാനഞെരുക്കം അനുഭവിക്കുന്നു. കൂടാതെ ഏകദേശം രണ്ടരലക്ഷത്തിലധികം പ്രവാസികളും നാട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. കഴിഞ്ഞവർഷത്തെക്കാളേറെ ദുർഘടമായ ഒരു സ്ഥിതിവിശേഷത്തിലാണ് കേരളം. 

സാമ്പത്തികപ്പാക്കേജ് വേണം

സാധാരണ ബജറ്റ് സമയത്തെ ചർച്ചകളിൽ ഉയർന്നുവരുന്ന പൊതുകടം, പലിശ, ശമ്പളം എന്നിവയൊക്കെ നമുക്ക് പ്രധാനപ്പെട്ട വിഷയങ്ങളാണെങ്കിലും ഇപ്പോൾ നടത്തേണ്ടകാര്യം വളർച്ചയ്ക്കുതകുന്ന ഒരു സാമ്പത്തികപ്പാക്കേജ് മാത്രമാണ്. കാരണം നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞത് കഴിഞ്ഞ സാമ്പത്തിക വർഷം ഏകദേശം 3.5 ശതമാനം സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ ചുരുങ്ങി എന്നാണ്‌. 

ഈ റിവേഴ്‌സ് ഗിയറിൽ നമുക്ക് ഇനിയും യാത്രചെയ്യാൻ പറ്റില്ല. അത് ആളോഹരി വരുമാനത്തെയും ഉപഭോഗത്തെയും വിഭവസമാഹരണത്തെയും തൊഴിൽസാധ്യതകളെയും ഒരുപക്ഷേ, ക്ഷേമപ്രവർത്തനങ്ങളെയുംവരെ  അവതാളത്തിലാക്കും. 

അനുകൂലസാഹചര്യങ്ങൾ

ബാലഗോപാലിന്റെ ആദ്യ ബജറ്റിന് മൂന്നു പ്രധാനപ്പെട്ട അനുകൂല സാഹചര്യങ്ങളുണ്ട്. ഖജനാവിൽ പണമുണ്ട്. ജി.എസ്.ടി.യിലെ വരുമാനക്കുറവ് നികത്താൻ കേന്ദ്രം നൽകിയ 5000 കോടി രൂപ കൂടാതെ കഴിഞ്ഞവർഷം കോവിഡിന്റെ ആഘാതം മറികടക്കാൻ അനുവദിച്ച അധികവായ്പയുടെ ബാക്കി ഇപ്പോഴും സംസ്ഥാനത്തിനുണ്ട്. അതുകൊണ്ട് അടുത്ത മാർച്ചുവരെ സർക്കാരിന് കാശിന് ബുദ്ധിമുട്ടില്ല.
കിഫ്ബി എന്ന ആശയം വിവാദത്തിനതീതമായിരിക്കുന്നു. നടത്തിപ്പിനെക്കുറിച്ചും ഓഡിറ്റ് പോലുള്ള സംഗതികളെക്കുറിച്ചും വിമർശനമുണ്ടെങ്കിൽപ്പോലും. അപ്പോൾ, ഏറ്റെടുത്ത പദ്ധതികൾ നടപ്പാക്കാനുള്ള ഒരു സംവിധാനം കേരളത്തിനുണ്ട്. എന്തായാലും കടമെടുക്കാതെ അടിസ്ഥാനസൗകര്യ വികസനമൊന്നും നമുക്ക് ആലോചിക്കാൻപോലും പറ്റില്ല, കടം മൂലധന ചെലവുകൾക്കാണെങ്കിൽ അത് നല്ലതാണ്, ഈ സമയത്ത്‌.  എല്ലാ മേഖലകളെയും സ്പർശിക്കുന്ന ഒരു വിപുലമായ വികസനക്ഷേമ മാർഗരേഖ ഇടതുമുന്നണിയുടെ പ്രകടനപത്രികയിൽത്തന്നെയുണ്ട്. പക്ഷേ, ഇവയ്ക്കുള്ള പണം എവിടെനിന്നു കണ്ടെത്തും? സംസ്ഥാനത്തിന്റെ പൊതുകടം 3.25 ലക്ഷം കോടിയായി നിലകൊള്ളുകയല്ലേ? ഇനിയും കടമെടുത്താൽ പുറത്തുവരാൻപറ്റാത്ത കടക്കെണിയിലാവില്ലേ നമ്മൾ? എന്നൊക്കെയാണ് അനുബന്ധ ചോദ്യങ്ങൾ. പൊതുകടത്തിനെക്കുറിച്ച് വലിയ ആശങ്കയൊന്നുമില്ലാത്ത കാലമാണിത്. ജീവനോപാധികൾ തിരികെപ്പിടിക്കാൻ എന്തും സർക്കാർ ചെയ്തേ മതിയാവൂ. അതിന്‌ സാമ്പത്തികരംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികളാണെങ്കിലും സ്ഥാപനങ്ങളാണെങ്കിലും പൈസ എത്തിക്കണം 

ഭാവനാത്മക സമീപനം ആവശ്യം

സർക്കാർ മാത്രം കടമെടുത്തു ചെയ്യേണ്ട ചില വികസന പ്രവർത്തനങ്ങൾ വിദ്യാഭ്യാസ, ആരോഗ്യ, ജനക്ഷേമ മേഖലകളിലുണ്ട്. അത് സർക്കാരിനു മാത്രമേ ചെയ്യാൻ സാധിക്കൂ. സർക്കാർതന്നെ അവ ചെയ്യണം. പക്ഷേ, ഇതിന്റെ പ്രയോജനം സാർവത്രികമായി സൗജന്യമാക്കണോ അതോ വിവേചനാധികാരം ഉപയോഗിച്ച് അർഹരായവർക്ക് മാത്രം സൗജന്യമായും മറ്റുള്ളവർക്ക്‌ സാമാന്യം താങ്ങാവുന്ന നിരക്കിലും കൊടുക്കാമോ എന്നകാര്യം ചർച്ചചെയ്യപ്പെടണം. 

മറ്റൊന്ന് ചെറുകിട കച്ചവടം, വ്യവസായം, സേവനം എന്നിവ നടത്തുന്ന ആൾക്കാർക്കും കാർഷികാനുബന്ധമേഖലയിൽ ഉപജീവനം നടത്തുന്നവർക്കും വ്യക്തികൾക്കും അവരുടെ ബിസിനസ് തിരിച്ചുപിടിക്കാൻ ബാങ്ക് വായ്പ ഉദാരമായി കൊടുക്കണം എന്ന് റിസർവ് ബാങ്കും കേന്ദ്രസർക്കാരും പറഞ്ഞിട്ടുണ്ട്. 

ഇതിന്‌ സംസ്ഥാന ബജറ്റിൽ ഭാവനാത്മകമായ ഒരു സമീപനം ആവശ്യമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയിലെ 50 ഇന പരിപാടിയിൽ 20-തിനും അതേപോലെ അനുബന്ധമായ 900 എണ്ണത്തിൽ കുറഞ്ഞത് 100-നും ബാങ്ക് വായ്പസൗകര്യമൊരുക്കി പണമെത്തിക്കാൻ സാധിക്കും. പലിശയിനത്തിൽവരുന്ന ഭാരത്തിന്‌ ഒരു താങ്ങ്‌ സംസ്ഥാനസർക്കാരിന് പലിശ സബ്‌സിഡിയായി കൊടുക്കാം. സർക്കാരിന്റെ പ്രതിബദ്ധതയുടെയും ബാങ്കുകളുമായി ചേർന്ന് പണം ആവശ്യമുള്ളവർക്ക് ‘ഉത്തരവാദിത്വ കടമെടുപ്പി’ന്റെ ഭാഗമായി നൽകാൻ സാധിക്കും. ഇതുകൂടാതെ തിരിച്ചടവിനുള്ള ഒരു സഹായസംവിധാനം (ഗ്യാരന്റി അല്ല) സർക്കാരിന്റെ ബന്ധപ്പെട്ട വകുപ്പുകൾ ഒരുക്കിയാൽ ബാങ്കുകൾ മുന്നോട്ടുവരും, വായ്പകൊടുക്കാൻ. 

പണം എത്തിക്കുക 

നിക്ഷേപമാണ് ഇപ്പോൾ സംസ്ഥാന ബാങ്കുകളിൽ കുന്നുകൂടുന്നത്. വായ്പകൾ, പ്രത്യേകിച്ചും മുൻഗണനാ വകുപ്പിൽവരുന്ന അപേക്ഷകർക്ക് ഉദാരമായി കൊടുക്കണം എന്നാണ് അവർക്കുള്ള നിർദേശം. പണം എത്തിക്കുക. അത് ‘സർപ്ലസ് വാല്യൂ’ (അധികവരുമാനം) ഉണ്ടാക്കാനായി സ്വകാര്യവ്യക്തികൾക്കും യൂണിറ്റുകൾക്കും സാധിക്കണം. അത് ഉപജീവനത്തിനും തൊഴിലിനും വരുമാനം വർധിപ്പിക്കാനും സർക്കാരിന്റെ വിഭവസമാഹരണത്തിനും സഹായിക്കും. സർക്കാരിന് അവരുടെ മേഖല. മറ്റുള്ളവ കേരളത്തിലെത്തന്നെ സംരംഭക സ്പിരിറ്റുള്ള ആൾക്കാർക്കു വിട്ടുകൊടുക്കുക. തത്കാലമെങ്കിലും മൂലധനം എവിടെനിന്നുവന്നാലും അത് നിക്ഷേപിക്കാൻ വഴിയൊരുക്കുക. 1957-ൽ ഐക്യകേരളത്തിന്റെ ആദ്യത്തെ ബജറ്റ് പ്രസംഗത്തിൽ ഈ അർഥംവരുന്ന കാര്യങ്ങൾ ക്രാന്തദർശിയായ അച്യുതമേനോൻ പറഞ്ഞത് നാം ഇനിയെങ്കിലും ഓർത്തെടുക്കണം

(പൊതുമേഖലാ ബാങ്കുകളിലൊന്നിന്റെ  മുതിർന്ന ഉദ്യോഗസ്ഥനായ ലേഖകൻ ബാങ്കിങ് വിദഗ്‌ധനാണ്)