വികസനത്തിന് ഉന്നതതലം

സർക്കാർ നാലുവർഷമായി തുടരുന്ന വികസനത്തെ കൂടുതൽ ഉയർന്നതലത്തിലേക്ക് കൊണ്ടുപോകുന്ന ബജറ്റാണ്. പ്രാഥമികാരോഗ്യകേന്ദ്രങ്ങൾമുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ളവയുടെ നവീകരണം ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ആരോഗ്യ ഇൻഷുറൻസിന് അഷ്വറൻസ് മാതൃകയിലേക്ക് മാറ്റിയത് എടുത്തുപറയേണ്ടതാണ്. ഏജൻസിയെ ഒഴിവാക്കി സർക്കാർ നേരിട്ട് നടത്തുന്നതിന്റെ ഗുണം ഗുണഭോക്താക്കൾക്ക്‌ ലഭിക്കും. രോഗാതുരതയുള്ള സംസ്ഥാനമെന്നകാര്യം പരിഗണിച്ച്  പൊതുജനാരോഗ്യമേഖലയിലെ പ്രശ്നങ്ങൾ നേരിടാൻ ഒരു പൊതുജനാരോഗ്യ സമീപനം ആവശ്യമാണ്. ചികിത്സയ്ക്കുള്ള സൗകര്യം വർധിപ്പിക്കുന്നതിനൊപ്പം രോഗവ്യാപനം അടക്കമുള്ള പ്രശ്നങ്ങളെ ശാസ്ത്രീയമായി പഠിച്ച് തടയുകയെന്ന പ്രവർത്തനത്തിനാണ് കേരളം മുൻഗണന നൽകേണ്ടത്. ആരോഗ്യസർവകലാശാലയിൽ എപ്പിഡമോളജി ആൻഡ് ഡിസീസ് കൺട്രോൾ സെന്റർ  സ്ഥാപിക്കുന്നത് അതിന്റെ ഭാഗമാണ്. ആ കേന്ദ്രത്തിന് ഡോ. പല്പുവിന്റെ പേരിടാനുള്ള തീരുമാനവും കേരളം ആഗ്രഹിച്ചതാണ്. എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജുകൾ വരുന്നുവെന്നതും  കാൻസർ മരുന്നുകൾ ഉത്‌പാദിപ്പിക്കാനുള്ള കേന്ദ്രം കെ. എസ്.ഡി.പി.യിൽ വരുന്നതും പ്രധാനമാണ്. സർക്കാർ ആശുപത്രികളിൽ 48 ശതമാനം പേരും ആരോഗ്യസേവനം തേടുന്നുവെന്നകാര്യം പ്രത്യേകം ശ്രദ്ധിക്കണം.  ഡോ. ബി ഇക്ബാൽ,
പൊതുജനാരോഗ്യപ്രവർത്തകൻ


കതിരിൽ വളംവെക്കലാവും

ഉന്നതവിദ്യാഭ്യാസരംഗത്ത് സംസ്ഥാനത്തെ ഒരു സ്ഥാപനവും ലോകനിലവാരത്തിൽ ഇല്ലെന്ന് ധനമന്ത്രി പറഞ്ഞത് ശരിയാണ്. ആ നിലവാരത്തിൽ എത്താനുള്ള ശ്രമങ്ങൾ ഉണ്ടാകണം. എന്നാൽ, ഉന്നതവിദ്യാഭ്യാസമേഖല പരിഷ്‌കരിച്ച് ആ നിലവാരത്തിൽ എത്താൻ ശ്രമിക്കുന്നത് കതിരിൽ വളംവെക്കുന്നതുപോലെയാകും. അത് തുടങ്ങേണ്ടത്  താഴേത്തട്ടുമുതലാണ്. സർക്കാർ സ്കൂളുകളെപ്പറ്റിയുള്ള പരമ്പരാഗത ധാരണ മാറാൻതക്കമുള്ള ഇടപെടലുകൾ ഈ സർക്കാരിന്റെ കാലത്ത് ഉണ്ടായിട്ടുണ്ട്. അതിന്റെ തുടർച്ചയായിവേണം ഉന്നതവിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങൾ വിഭാവനംചെയ്യാൻ. ഉന്നതനിലവാരമുള്ള ഏതു സ്ഥാപനം നോക്കിയാലും അക്കാദമികരംഗത്ത് രാഷ്ട്രീയ ഇടപെടലുകൾ ഇല്ലെന്നു കാണാം. പ്രത്യേകിച്ച് അധ്യാപകനിയമനത്തിലും മറ്റും. അധ്യാപക തസ്തികകൾ നികത്താൻ തീരുമാനിച്ചത് നന്നായി. അവ ഒഴിഞ്ഞുകിടക്കേണ്ടവയല്ലല്ലോ. എന്നാൽ, നിയമനത്തിന് മെറിറ്റ് മാത്രമേ ബാധകമാകാവൂ. എങ്കിലേ മികവിന്റെ കേന്ദ്രങ്ങളെന്ന ലക്ഷ്യത്തിൽ എത്താനാവൂ. ലോകത്തുണ്ടാകുന്ന മാറ്റങ്ങൾ നമ്മുടെ ഉന്നത വിദ്യാഭ്യാസരംഗത്തും ഉൾക്കൊള്ളണം. സ്വകാര്യ സർവകലാശാലകളെ അകറ്റിനിർത്തി ഈ ലക്ഷ്യം കൈവരിക്കാനാവില്ല. ദേശീയ വിദ്യാഭ്യാസ നയത്തിൽ ചില നല്ല നിർദേശങ്ങളുണ്ട്. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും വിദ്യാഭ്യാസനയങ്ങൾ തമ്മിൽ മത്സരിക്കേണ്ടതില്ല. നല്ലവശങ്ങൾ ഉൾക്കൊള്ളാം. കാലത്തിനൊപ്പം നടക്കുകയും കാലത്തിനപ്പുറം കാണുകയും ചെയ്യുന്നവരാണ് മികച്ച ഭരണാധികാരികൾ. ഉന്നതവിദ്യാഭ്യാസരംഗത്ത് കാലത്തിനപ്പുറം കണ്ടുള്ള നടപടികൾക്ക് തുടക്കമാകണം.
-ഡോ. സിറിയക് തോമസ്, മുൻ വൈസ് ചാൻസലർ, എം.ജി. സർവകലാശാല.


സിനിമ: ബജറ്റിൽ നിരാശ

മലയാള സിനിമയ്ക്കുവേണ്ടി നടപ്പാക്കുമെന്ന് സർക്കാർ പറഞ്ഞ കാര്യങ്ങൾ ബജറ്റിൽ കാണാത്തത് നിരാശയുണ്ടാക്കുന്നു. വനിതാസംവിധായകരെ  പ്രോത്സാഹിപ്പിക്കാൻ മൂന്നുകോടി രൂപ അനുവദിക്കുമെന്നു പറയുന്നു. ഈ തുകകൊണ്ട് രണ്ടുസിനിമ നിർമിക്കാനാവുമെന്നു മാത്രം. വിനോദനികുതി ഒഴിവാക്കൽ, സബ്‌സിഡി തുടങ്ങിയവ ചലച്ചത്രമേഖലയുടെ പ്രധാന ആവശ്യങ്ങളാണ്. വ്യവസായത്തിന്റെ നിലനിൽപ്പിന്‌ ഇത്‌ അനിവാര്യമാണ്. മൂന്നുമാസത്തേക്ക്‌ വിനോദനികുതി ഒഴിവാക്കുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞെങ്കിലും ബജറ്റിൽ അക്കാര്യമില്ല. വിനോദനികുതി പൂർണമായും ഒഴിവാക്കി പ്രഖ്യാപനം പ്രതീക്ഷിച്ചു. തിയേറ്ററുകളിൽ ടിക്കറ്റ് മെഷീനെന്ന കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനം നടപ്പായില്ല. അതേപ്പറ്റി ഇത്തവണ ഒന്നും പറയുന്നതുമില്ല. വിഷമമുണ്ട്. കടവന്ത്രയിൽ പോസ്റ്റ്‌ പ്രൊഡക്‌ഷൻ സെന്റർ ആരംഭിക്കും തുടങ്ങിയ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നു.
എം. രഞ്ജിത്ത്‌
പ്രസിഡന്റ്, പ്രൊഡ്യൂസേഴ്‌സ്
അസോസിയേഷൻ


കോവിഡനന്തര രോഗങ്ങളെ കണ്ടില്ല

ആരോഗ്യസർവകലാശാലയെ മികച്ച ഗവേഷണകേന്ദ്രമായി ഉയർത്തുമെന്ന പ്രഖ്യാപനം എത്രത്തോളം പ്രാവർത്തികമാകുമെന്ന് പറയാനാവില്ല. ദേശീയ വിദ്യാഭ്യാസനയം വരുന്നതോടെ ആരോഗ്യസർവകലാശാലയുടെ നിലനിൽപ്പുതന്നെ അപ്രസക്തമാകും. അതല്ലെങ്കിൽ പ്രത്യേക നിയമനിർമാണം നടത്തേണ്ടിവരും. കോവിഡനന്തര രോഗങ്ങളുടെ പ്രതിരോധമോ അത്തരം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരുടെ  ചികിത്സയോ സംബന്ധിച്ച് ബജറ്റിൽ പ്രഖ്യാപനങ്ങളൊന്നുമില്ല. കോവിഡനന്തര രോഗം വലിയ ആരോഗ്യപ്രശ്നമായി മാറിക്കൊണ്ടിരിക്കുന്നതിനാൽ അവരുടെ ക്ഷേമം ഉറപ്പാക്കേണ്ടതുണ്ട്. ആരോഗ്യവകുപ്പിൽ പുതിയ തസ്തിക പ്രഖ്യാപിച്ചതിലും പ്രതീക്ഷയില്ല. അറുപതുകളിലെ സ്റ്റാഫ് പാറ്റേൺ ആണ് ഇപ്പോഴും തുടരുന്നത്. പുതിയ മെഡിക്കൽ കോളേജുകളിലൊന്നും ആവശ്യത്തിന് തസ്തികകൾ സൃഷ്ടിച്ചിട്ടില്ല.-ഡോ. പി.ടി. സഖറിയാസ്,ഐ.എം.എ. സംസ്ഥാന പ്രസിഡന്റ്  


മികച്ച ബജറ്റ്; ആശങ്കയുണ്ട്

മികച്ച ബജറ്റാണ് മന്ത്രി തോമസ് ഐസക് അവതരിപ്പിച്ചത്. പക്ഷേ, എത്രമാത്രം യാഥാർഥ്യമാകും, പ്രഖ്യാപിച്ചതിനൊക്കെ പണം എവിടെനിന്നു കിട്ടുമെന്നൊക്കെയുള്ള ആശങ്കയുണ്ട്. സ്വപ്നം എത്രവേണമെങ്കിലും കാണാം, സഫലമാകണം. ഇപ്പോൾത്തന്നെ വലിയ കടബാധ്യതയിലാണ്. അതിനിയും കൂടും. അതൊക്കെ മറികടന്ന്  എല്ലാം പ്രാവർത്തികമാകട്ടെ. ചലച്ചിത്രമേഖലയ്ക്ക് വിനോദനികുതിയിളവ് ഉൾപ്പെടെ ഒട്ടേറെ നല്ലകാര്യങ്ങൾ ചെയ്യുമെന്ന് മുഖ്യമന്ത്രി നേരത്തേ പറഞ്ഞിരുന്നു. സിനിമാമേഖലയോട് ഇത്രയേറേ വിട്ടുവീഴ്ചചെയ്ത സർക്കാർ വേറെയില്ല. നല്ലകാര്യം ആരുചെയ്താലും നല്ലതെന്നു പറയും.
കമ്യൂണിസ്റ്റുകാരനായല്ല പ്രതികരിക്കുന്നത്. അഭിപ്രായം പറയാൻ പേടിയില്ല. 15 വർഷം സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് ഭരണസമിതിയംഗമായും മലയാളം ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും മലയാള ചലച്ചിത്ര പരിഷത്തിന്റെയും  വൈസ് പ്രസിഡന്റായിരുന്ന ആളെന്നനിലയിൽ, 26 സിനിമകളുടെ നിർമാതാവെന്നനിലയിൽ, അനുഭവത്തിന്റെ വെളിച്ചത്തിലാണ് സർക്കാർ സഹായങ്ങളെപ്പറ്റിയും ബജറ്റിനെക്കുറിച്ചും പറയുന്നത്. -ശ്രീകുമാരൻ തമ്പി


സാമ്പത്തിക ഉത്തേജനം എവിടെ?

കോവിഡ്കാലത്ത് തൊഴിൽ സംസ്‌കാരം മാറ്റി ശക്തമായി പിടിച്ചുനിൽക്കാൻ ശ്രമിച്ച വിവരസാങ്കേതിക മേഖലയ്ക്ക് ശ്രദ്ധനൽകിയത് പ്രശംസനീയമാണ്. സ്റ്റാർട്ടപ്പുകൾക്ക് നൽകുന്ന ഊന്നൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ജോലിയിൽനിന്ന് മാറിനിൽക്കുന്ന പ്രൊഫഷണലുകളായ സ്ത്രീകളെ തിരികെക്കൊണ്ടുവരുന്നത് ഗുണകരമാണ്.
വർക്ക്‌ നിയർ പദ്ധതി നേട്ടമാവും. നിഷ്‌ക്രിയ അടിസ്ഥാന സൗകര്യങ്ങളെ ഇതിനായി പ്രയോജനപ്പെടുത്താം.

നൈപുണി പരിശീലനവും മികവിന്റെ 30 കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതും ഭാവിക്ക് ഉപയുക്തമാവും. ഐ.ടി. മേഖലയിൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളാണ് ഭൂരിഭാഗവും. മഹാമാരിക്കാലത്ത് ഏറ്റവും കൂടുതൽ ആഘാതമുണ്ടായതും ഇത്തരം സ്ഥാപനങ്ങൾക്കാണ്. അവയ്ക്ക് സാമ്പത്തിക ഉത്തേജനമോ ഇളവുകളോ ആകാമായിരുന്നു. ആനിമേഷൻ വിഷ്വൽ ഇഫക്ട് മേഖലയിൽ പ്രഗല്‌ഭരായ സാങ്കേതിക വിദഗ്ധരുടെയും കലാകാരന്മാരുടെയും  കേന്ദ്രമാണ് കേരളം. കേരളത്തിൽ ഇതിന്റെയൊരു ഹബ്ബ് സ്ഥാപിക്കുന്നത് ദീർഘകാല ആവശ്യമാണ്. അതുണ്ടായില്ല.
പി. ജയകുമാർ-സി.ഇ.ഒ., ടൂൺസ് മീഡിയ ഗ്രൂപ്പ്


ധനപരമായ ബാധ്യത കൂടും

15-ാം ധനകാര്യ കമ്മിഷൻ പഞ്ചായത്തുകൾക്ക് നൽകിയ 1628 കോടി, നഗരമേഖലയ്ക്കുള്ള 754 കോടി എന്നിവയെപ്പറ്റി ബജറ്റിൽ പറയുന്നില്ല. നിർബന്ധിത വകയിരുത്തൽ കൂടുന്നത് തദ്ദേശസ്ഥാപനങ്ങളുടെ സ്വതന്ത്ര പ്രവർത്തനത്തെ ബാധിക്കും. തദ്ദേശസ്ഥാപനങ്ങളുടെ ധനപരമായ ബാധ്യത കൂടുകയും ചെയ്യും. ഇപ്പോൾത്തന്നെ വലിയ ബാധ്യതയാണ്. ദുരന്ത മാനേജ്‌മെന്റ് പ്ളാൻ വളരെ പ്രധാനപ്പെട്ട കാര്യമാണ്. പക്ഷേ, തുക വകയിരുത്തിക്കാണുന്നില്ല. സ്പിൽഓവർ പദ്ധതികൾക്ക് ആനുപാതിക തുക നൽകാത്തതും പ്രശ്നമാണ്.
-ഡോ. പി.പി. ബാലൻ, സീനിയർ കൺസൾട്ടന്റ്, കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം, കില മുൻ ഡയറക്ടർ.