കേരളബാങ്ക് രൂപവത്കരണമെന്നത് ഇടതുസർക്കാരിന്റെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നാണ്. ജില്ലാസഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണബാങ്കിൽ ലയിപ്പിക്കുന്നതാണ് നടപടി. സംസ്ഥാന സഹകരണ ബാങ്കിന്റെ പേര്  കേരള സഹകരണ ബാങ്ക്(കേരളബാങ്ക്) എന്നായി മാറും.  ഇത്തരമൊരു ലയനം നടത്തുന്നതിന് മുന്നൊരുക്കമായി നടത്തേണ്ട നിയമപരവും സാങ്കേതികവുമായ കാര്യങ്ങൾ സർക്കാർ പൂർത്തിയാക്കിയിട്ടുണ്ട്. ഒരു വിദഗ്ധ സമിതി പഠനം നടത്തണം, അവരുടെ റിപ്പോർട്ട് പൊതുചർച്ചയ്ക്ക് വിധേയമാക്കണം എന്നിവയൊക്കെയാണിത്. െബംഗളൂരു ഐ.ഐ.എമ്മിലെ പ്രൊഫ.എം.എസ്. ശ്രീറാം അധ്യക്ഷനായ അഞ്ചംഗ സമിതിയാണ് കേരളബാങ്കിന്റെ സാധ്യതകളെക്കുറിച്ച് പഠിച്ചത്. ഈ സമിതി 2017 ഏപ്രിൽ 28-ന് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ട് സർക്കാർ പ്രസിദ്ധീകരിച്ചു. പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരവും നൽകി. 14 ജില്ലാസഹകരണ ബാങ്കുകളുടെയും ഭരണസമിതി അംഗങ്ങളുടെ അഭിപ്രായം കമ്മിറ്റി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് ശേഷമാണ് കേരളബാങ്ക് പ്രയോഗത്തിൽ കൊണ്ടുവരാൻ നബാർഡ് മുൻ സി.ജി.എം. വി.ആർ. രവീന്ദ്രനാഥ് അധ്യക്ഷനായ ടാസ്ക്‌ഫോഴ്‌സിനെ നിയോഗിച്ചത്.

ടാസ്ക്‌ഫോഴ്‌സ് സംസ്ഥാന-ജില്ലാസഹകരണ ബാങ്കുകളുടെ ലയനശേഷമുള്ള സാമ്പത്തികാവസ്ഥ വിശദീകരിക്കുന്ന റിപ്പോർട്ട് തയ്യാറാക്കി. ഇത് സഹിതമാണ് കേരളബാങ്ക് രൂപവത്കരണത്തിന് സർക്കാർ റിസർവ് ബാങ്കിന് അപേക്ഷ നൽകിയത്. 2018 ചിങ്ങം ഒന്നിന് കേരളബാങ്ക് മലയാളിക്ക് നൽകുമെന്നായിരുന്നു സർക്കാരിന്റെ പ്രഖ്യാപനം. അതിനുപക്ഷേ, റിസർവ് ബാങ്കിന്റെ പച്ചക്കൊടികിട്ടിയില്ല.  
ഭരണം രണ്ടരവർഷം പിന്നിട്ടപ്പോഴാണ് കേരളബാങ്ക് രൂപവത്കരണത്തിന് റിസർവ് ബാങ്ക് തത്ത്വത്തിൽ അനുമതി നൽകുന്നത്. അതും 19 ഉപാധികൾ പാലിക്കണമെന്ന നിർദേശത്തോടെ. ഇത് പാലിച്ച് 2019 മാർച്ച് 31-നകം ജില്ലാസഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണബാങ്കിൽ ലയിപ്പിക്കണം. അതിന് ഇനിയുള്ളത് 175 ദിവസാണ്. ഇതിൽ ഓരോ ദിവസവും നിർണായകമാണ്. റിസർവ് ബാങ്ക് മുന്നോട്ടുവെച്ച നിർദേശങ്ങൾ പലതും എളുപ്പത്തിൽ മറികടക്കാവുന്ന കടമ്പയല്ല. 

മുമ്പിലുള്ള കടമ്പകൾ 

റിസർവ് ബാങ്ക് നിർദേശിച്ച 19 ഉപാധികളിൽ ഏഴെണ്ണമാണ് ഏറെ പ്രധാനപ്പെട്ടത്. കേരളബാങ്കിന് തടസ്സമായി കോടതിവിധിയോ സ്റ്റേയോ ഉണ്ടാകാൻ പാടില്ല, ലയനത്തിന് സംസ്ഥാന-ജില്ലാബാങ്കുകളുടെ പൊതുയോഗത്തിന്റെ മൂന്നിൽരണ്ട് ഭൂരിപക്ഷം നേടണം, മനുഷ്യവിഭവ ശേഷിയുടെ വിഭജനം, എല്ലാ ജില്ലാബാങ്കുകളുടെയും സേവനങ്ങൾ നൽകാൻ പാകത്തിൽ സംസ്ഥാന സഹകരണ ബാങ്ക് സജ്ജമാകണം, റിസർവ് മാനദണ്ഡം പാലിക്കാൻ സംസ്ഥാന സഹകരണ ബാങ്കിന്റെ സാമ്പത്തികനില കുറവുണ്ടെങ്കിൽ അത് സർക്കാർ ഏറ്റെടുക്കണം, സഹകരണ മേഖലയിൽ പുതിയ ബാങ്ക് രൂപവത്കരിക്കാൻ പാടില്ല- എന്നിവയാണിത്. പുതിയ ബാങ്ക് രൂപവത്കരിക്കാൻ പാടില്ലെന്നത് ഭാവിയിൽ റിസർവ് ബാങ്ക് കൊണ്ടുവരാനിരിക്കുന്ന നിയന്ത്രണത്തിന്റെ ചൂണ്ടുപലകയായി മാത്രം കണ്ടാൽ മതി. കേരളബാങ്ക് രൂപവത്കരണത്തെ ഈ നിബന്ധന ബാധിക്കില്ല. മനുഷ്യവിഭവശേഷിയുടെ വിഭജനം,  സംസ്ഥാന സഹകരണ ബാങ്കിന് സഹായധനം നൽകേണ്ടിവരൽ എന്നിവ ഒരുപരിധിവരെ സർക്കാർ ഇടപെടൽകൊണ്ട് പരിഹരിക്കാനാകും. കേരളബാങ്കിനെതിരേ പ്രത്യക്ഷമായും പരോക്ഷമായും നിലനിൽക്കുന്ന 17 കേസുകൾ ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.

ഇതിൽ കോടതിയുടെ ഭാഗത്തുനിന്ന് എതിർനിലപാടുണ്ടാകാതിരിക്കാനുള്ള ജാഗ്രത സർക്കാരിന് വേണ്ടിവരും. ജില്ലാ ബാങ്കുകൾ ഇപ്പോൾ നൽകുന്ന സേവനം ഉറപ്പാക്കലും പൊതുയോഗത്തിന്റെ ഭൂരിപക്ഷം നേടലും അത്ര എളുപ്പത്തിൽ മറികടക്കാവുന്ന പ്രശ്നങ്ങളല്ല.  ജില്ലാബാങ്കുകളിൽ പ്രാഥമിക വായ്പാ സഹകരണ സംഘങ്ങൾക്കാണ് അംഗത്വമുള്ളത്. ഇങ്ങനെവന്നാൽ മലപ്പുറം ഒഴികെയുള്ള ജില്ലാബാങ്കുകളിൽ സി.പി.എം. നിയന്ത്രണത്തിലുള്ള സംഘങ്ങൾക്കാണ് മേൽക്കൈ. പക്ഷേ, കാസർകോട്, വയനാട് തുടങ്ങിയ ജില്ലകളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാൻപാകത്തിലുള്ള ശക്തി ഇടതുസംഘങ്ങൾക്കില്ല. ഈ മൂന്നിടത്തും ലയനത്തിന് അനുകൂലമായി പൊതുയോഗ തീരുമാനമെടുക്കൽ ബുദ്ധിമുട്ടാകും. പൊതുയോഗത്തിന്റെ മൂന്നിൽരണ്ട് ഭൂരിപക്ഷത്തോടെ ലയനത്തിന് അനുമതി വാങ്ങണമെന്ന് റിസർവ് ബാങ്ക് നിബന്ധനയായി തന്നെ ഉൾപ്പെടുത്തിയതാണ് ഒരു പ്രശ്നം. 

ബാങ്കുകളുടെ ലയനം സംബന്ധിച്ച് 2016 ഏപ്രിൽ 21-ന് റിസർവ് ബാങ്ക് ഇറക്കിയ മാർഗരേഖയിൽ സഹകരണ ബാങ്കുകളെക്കുറിച്ച് പറയുന്നില്ല. റിസർവ് ബാങ്കിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള അർബൻസഹകരണ ബാങ്കുകൾക്ക് ലയനം സംബന്ധിച്ചിറക്കിയ മാർഗരേഖയിലെ വ്യവസ്ഥകൾ ബാധകമല്ലെന്ന് പ്രത്യേകിച്ച് പറയുന്നുമുണ്ട്. സഹകരണം സംസ്ഥാന വിഷയമാണെന്ന് ഭരണഘടനാഭേദഗതി സ്റ്റേ ചെയ്തുകൊണ്ട് ഗുജറാത്ത് ഹൈക്കോടതി വ്യക്തമാക്കിയതാണ്. സഹകരണസംഘങ്ങളുടെ ലയനത്തിന് പൊതുയോഗത്തിന്റെ മൂന്നിൽരണ്ട് ഭൂരിപക്ഷം നേടണമെന്ന വ്യവസ്ഥ സംസ്ഥാന സഹകരണ നിയമത്തിലാണുള്ളത്. അതിനാൽ, റിസർവ് ബാങ്കിന്റെ നിർദേശത്തിന് വലിയ നിയമപിന്തുണയുണ്ടാകാനിടയില്ല. അതേസമയം, ഒരു ഓർഡിനൻസിലൂടെ കേരളസഹകരണ നിയമത്തിൽ സർക്കാർ ഭേദഗതി വരുത്തിയാൽ ഈ വ്യവസ്ഥതന്നെ ഇല്ലാതാക്കാനാകും. പ്രത്യേകിച്ച് ജില്ലാ സഹകരണബാങ്കുകൾ തന്നെ ഇല്ലാതാക്കി ഘടനാമാറ്റം വരുത്തുന്നത് ലക്ഷ്യമിട്ടുള്ള ഓർഡിനൻസ് ആകുമ്പോൾ.  അതിന് കഴിഞ്ഞില്ലെങ്കിലാണ് ഭൂരിപക്ഷമെന്ന നിബന്ധന സർക്കാരിന് തലവേദനയാകുക. 

സേവനം ഉറപ്പാക്കൽ പ്രതിസന്ധി

സാമ്പത്തികവും സാങ്കേതികവുമായ അടിത്തറയുള്ള ബാങ്ക്. അതാണ് കേരളബാങ്കിലൂടെ ലക്ഷ്യമിടുന്നത്. ഇത് യാഥാർഥ്യമാക്കൽ വലിയൊരു പ്രതിസന്ധിയാണ്. ലയനത്തോടെ ജില്ലാസഹകരണബാങ്കുകളുടെ ലൈസൻസ് റദ്ദാകും. സംസ്ഥാന സഹകരണബാങ്കിന്റെ ലൈസൻസാണ് നിലനിൽക്കുക. അതായത്, ജില്ലാ ബാങ്കുകൾ നൽകിയിട്ടുള്ള എല്ലാ സേവനങ്ങളും സംസ്ഥാന സഹകരണ ബാങ്കിന്റെ ലൈസൻസിൽ പ്രവർത്തിക്കുന്ന കേരളബാങ്കിന് നൽകാനാകണം. നിലവിൽ അത് സാധ്യമല്ല. സ്വന്തമായി എ.ടി.എം. സ്ഥാപിക്കാനും മൊബൈൽ ബാങ്കിങ്, ഇന്റർനെറ്റ് ബാങ്കിങ്, ആർ.ടി.ജി.എസ്.-എൻ.ഇ.എഫ്.ടി. തുടങ്ങിയ ഇലക്‌ട്രോണിക് ഫണ്ട് ട്രാൻസ്‌ഫർ, പ്രവാസിനിക്ഷേപം സ്വീകരിക്കൽ എന്നിവയ്ക്കൊന്നും സംസ്ഥാന സഹകരണബാങ്കിന് ലൈസൻസില്ല.

ഇലക്‌ട്രോണിക് ഫണ്ട് ട്രാൻസ്ഫർ ഐ.ഡി.ബി.ഐ.യുടെ സഹായത്തോടെയാണ് സംസ്ഥാന സഹകരണ ബാങ്ക് ചെയ്യുന്നത്.. എ.ടി.എമ്മും ഏജൻസി വഴിയാണ്. ഇന്റർനെറ്റ്-മൊബൈൽ ബാങ്കിങ് എന്നിവയൊന്നും ഇപ്പോൾ സംസ്ഥാന സഹകരണ ബാങ്ക് ചെയ്യുന്നില്ല. അതേസമയം, ഇവയെല്ലാം ജില്ലാസഹകരണ ബാങ്കുകൾ ചെയ്യുന്നുണ്ട്. പല ജില്ലാബാങ്കുകൾക്കും സ്വന്തമായി എ.ടി.എമ്മും ഐ.എഫ്.എസ്.സി. കോഡും ഉണ്ട്. ഇന്റർനെറ്റ് -മൊബൈൽ ബാങ്കിങ്- ഇലക്‌ട്രോണിക് ഫണ്ട് ട്രാൻസ്ഫർ എന്നിവയും സ്വന്തമായി ചെയ്യാൻ അനുമതിയുണ്ട്.  കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് പ്രവാസി നിക്ഷേപം സ്വീകരിക്കാൻ അനുമതിയുള്ള ഏക സഹകരണബാങ്കാണ്. ഇതൊക്കെ, ലയനശേഷം മുടങ്ങാതെ നൽകണമെങ്കിൽ  സംസ്ഥാന സഹകരണ ബാങ്കിന് ഇനി പുതിയ ലൈസൻസ് നേടേണ്ടതുണ്ട്. ഇനിയുള്ള 175 ദിവസം കൊണ്ട് ഇത് നേടിയെടുക്കുകയെന്നത് വലിയ കടമ്പതന്നെയാണ്. അത് കിട്ടിയില്ലെങ്കിൽ കേരളബാങ്കിന്റെ നിലനില്പുതന്നെ ചോദ്യംചെയ്യപ്പെടും. 

ആർ.ടി.ജി.എസ്.-എൻ.ഇ.എഫ്.ടി. സൗകര്യങ്ങൾ റിസർവ് ബാങ്കിന്റെ ലൈസൻസുള്ള ഏതെങ്കിലും വാണിജ്യബാങ്കിന്റെ സഹായത്തോടെ ചെയ്യാനാകും. അതിന് കോടികൾ പലിശരഹിത നിക്ഷേപം ആ ബാങ്കിന് നൽകേണ്ടതുണ്ട്. ഇടപാടുകളുടെ തോത് അനുസരിച്ചാണ് നിക്ഷേപത്തുക നിശ്ചയിക്കുക. 14 ജില്ലാബാങ്കുകളുടെയും സംസ്ഥാന സഹകരണ ബാങ്കിന്റെയും ഇടപാടുകളാണ് കേരളബാങ്കിൽ വരുന്നത്. അതിനാൽ, സ്വന്തമായി ആധുനിക ബാങ്കിങ് ലൈസൻസ് നേടിയില്ലെങ്കിൽ കോടികൾ കേരളാബാങ്കിന് മറ്റ് ബാങ്കുകൾക്ക് പലിശരഹിത നിക്ഷേപമായി നൽകേണ്ടിവരും. 

എ.ടി.എം., ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് എന്നിവയ്ക്ക് ലൈസൻസ് കിട്ടണമെങ്കിൽ നിഷ്‌ക്രിയ ആസ്തി അഞ്ചുശതമാനമാകണം. കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ ഒരുവർഷമെങ്കിലും അറ്റലാഭത്തിലായിരിക്കണം. ഇങ്ങനെയാണ് വ്യവസ്ഥ. സംസ്ഥാന സഹകരണബാങ്ക് 128 കോടിരൂപ അറ്റ നഷ്ടത്തിലാണ്. വർഷങ്ങളായി നഷ്ടം തുടരുകയുമാണ്. നിഷ്‌ക്രിയ ആസ്തി കൂടിയതിനാൽ 103 കോടിരൂപ റിസർവായി സംസ്ഥാന ബാങ്ക് സൂക്ഷിക്കുന്നുണ്ട്. അതായത്, റിസർവ് ബാങ്കും നാഷണൽ പെയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും കേരളത്തിനോട് കരുണകാണിച്ചാൽ മാത്രമേ ഈ കുറഞ്ഞ സമയത്തിനുള്ളിൽ കേരളബാങ്കിന് ഈ ലൈസൻസ് നേടിയെടുക്കാനാകൂ. ഇത് നേടിയെടുത്താൽ മാത്രമേ പ്രാഥമിക സഹകരണബാങ്കുകൾക്ക് ആധുനിക ബാങ്കിങ് സൗകര്യങ്ങൾ കേരളബാങ്കിന് നൽകാനാകൂ. 

ഘടനാമാറ്റത്തിലൂടെ സംഭവിക്കുന്നത് 

കേരളബാങ്ക് രൂപവ്തകരണത്തിലൂടെ കേരളത്തിന് സ്വന്തമായി വലിയൊരു സഹകരണബാങ്കിനെ സൃഷ്ടിക്കുന്നുവെന്നത് മാത്രമല്ല, കേരളത്തിലെ സഹകരണ മേഖലയെയാകെ ഉടച്ചുവാർക്കുന്നതുകൂടിയാണ്. കൃത്യമായി പറഞ്ഞാൽ ഒരു തലതിരിച്ചിടൽ. അതായത്, ഹ്രസ്വകാല സഹകരണ വായ്പമേഖല രണ്ടുതട്ടിലേക്ക് മാറ്റുന്നുവെന്നതാണ് ഘടനാപരമായ മാറ്റം. നേരത്തേ സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാസഹകരണ ബാങ്കുകൾ, പ്രാഥമിക സഹകരണ ബാങ്കുകൾ ഈ രീതിയിലായിരുന്നു ഘടന. ഇനി ജില്ലാബാങ്കുകളെ സംസ്ഥാനസഹകരണ ബാങ്കിൽ ലയിപ്പിക്കും. മുകളിൽ സംസ്ഥാന സഹകരണ ബാങ്ക്(കേരളബാങ്ക്) താഴെ പ്രാഥമിക സഹകരണ ബാങ്കുകൾ എന്ന രീതിയിലേക്ക് ഘടന മാറ്റും. കേരളത്തിൽ ഏറ്റവും ശക്തമായി നിൽക്കുന്നത് പ്രാഥമിക സഹകരണബാങ്കുകളാണ്. സഹകരണ മേഖലയിലെ മൊത്തം നിക്ഷേപത്തിന്റെ 60 ശതമാനത്തിലേറെ പ്രാഥമികസംഘങ്ങളുടേതാണ്. ഈ ബലത്തിലാണ് ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും നിലനിൽക്കുന്നത്. ഈ ഘടനയിൽ ഇപ്പോഴത്തെ സ്ഥിതിയിൽ സാമ്പത്തികനില ഏറ്റവും മോശമായത് സംസ്ഥാന സഹകരണ ബാങ്കിനാണ്. കേരളബാങ്ക് വരുന്നതോടെ ഏറ്റവും ശക്തം ഇതാകും.

സർക്കാരിന്‌ നേട്ടം

ആയിരം കോടി രൂപയുടെ മൂലധനമുള്ള ഒരു ബാങ്ക്, സംസ്ഥാനത്തിന്റെ ഔദ്യോഗിക ബാങ്കായി പ്രവർത്തിക്കാനുള്ള ശേഷി, വൻകിട പദ്ധതികൾക്ക് വായ്പ നൽകാനുള്ള സാമ്പത്തികസ്ഥിതി, പ്രാഥമിക ബാങ്കുകൾക്ക് ആധുനിക ബാങ്ക് സംവിധാനം സബ് മെമ്പർഷിപ്പിലൂടെ നൽകാനാകുക എന്നിവയാണ് കേരളബാങ്കിലൂടെ ലക്ഷ്യമിടുന്നത്. കേരളബാങ്ക് വന്നാൽ, വലിയ നേട്ടം സർക്കാരിനാണ്. ബാങ്കുകൾ സ്വീകരിക്കുന്ന നിക്ഷേപത്തിന് നിശ്ചിതതോതിൽ കരുതൽ ധനം സൂക്ഷിക്കേണ്ടതുണ്ട്. സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ, കാഷ് റിസർവ് റേഷ്യോ എന്നീ രണ്ടുവിഭാഗത്തിലാണിത്. രണ്ടുംചേർന്ന് 24 ശതമാനം വരും. അതായത്, 100 രൂപ നിക്ഷേപം വാങ്ങിയാൽ 24 രൂപ കരുതലായി മാറ്റിവെക്കണം.  ഇതിൽ എസ്.എൽ.ആർ. ഗവൺമെന്റ് സെക്യൂരിറ്റികളിൽ നിക്ഷേപിക്കാം. 1.30 ലക്ഷം കോടി രൂപയാണ് സഹകരണ മേഖലയിലെ ആകെ നിക്ഷേപം. ഇതിന്റെ 24 ശതമാനം കരുതൽ ധനമായി ലഭിക്കും. ഇതിൽ സി.ആർ.ആർ. കേരളബാങ്കിനും സെക്യൂരിറ്റി നിക്ഷേപത്തിലേക്കുള്ളത് കിഫ്ബിയിലേക്ക് ലഭിക്കും. ഇതാണ് പ്രധാനനേട്ടം. 

പ്രാഥമിക സഹകരണ ബാങ്കുകൾക്ക് ആർ.ടി.ജി.എസ്.-എൻ.ഇ.എഫ്.ടി. സൗകര്യം നൽകാനായാൽ അതിൽനിന്ന്‌ പലിശരഹിത നിക്ഷേപം കേരളബാങ്കിന് ലഭിക്കും. 1642 പ്രാഥമികസഹകരണ ബാങ്കുകളാണ് കേരളത്തിലുള്ളത്. ഇതിൽ 585 ബാങ്കുകൾ കോർബാങ്കിങ് സംവിധാനത്തിൽ പ്രവർത്തിക്കുന്നതാണ്. സ്വകാര്യ വാണിജ്യബാങ്കുകളുടെ സഹായത്തോടെയാണ് ഈ ബാങ്കുകൾ ആർ.ടി.ജി.എസ്.-എൻ.എഫ്.ടി. സംവിധാനം ചെയ്യുന്നത്. 18 കോടി രൂപവരെ ഇതിനായി പലിശരഹിത നിക്ഷേപമായി ഇവർ വാണിജ്യ ബാങ്കുകൾക്ക് നൽകുന്നുണ്ട്. കേരളബാങ്കിന് സബ് മെമ്പർഷിപ്പ് നൽകാനായാൽ ഈ തുക അത്രയും അവർക്ക് ലഭിക്കും. നബാർഡ് വഴിയും മറ്റും നൽകുന്ന വായ്പകൾക്ക് ജില്ലാബാങ്കുകൾ ഈടാക്കുന്ന പലിശ വിഹിതം ഒഴിവാക്കാനാകുമെന്നതാണ് ഇടപാടുകാർക്കുള്ള നേട്ടം.

പ്രാഥമിക സഹകരണ ബാങ്കുകൾക്ക് ആർ.ടി.ജി.എസ്.-എൻ.ഇ.എഫ്.ടി. സൗകര്യം നൽകാനായാൽ അതിൽനിന്ന്‌ പലിശരഹിത നിക്ഷേപം കേരളബാങ്കിന് ലഭിക്കും. 1642 പ്രാഥമികസഹകരണ ബാങ്കുകളാണ് കേരളത്തിലുള്ളത്. ഇതിൽ 585 ബാങ്കുകൾ കോർബാങ്കിങ് സംവിധാനത്തിൽ പ്രവർത്തിക്കുന്നതാണ്. സ്വകാര്യ വാണിജ്യബാങ്കുകളുടെ സഹായത്തോടെയാണ് ഈ ബാങ്കുകൾ ആർ.ടി.ജി.എസ്.-എൻ.എഫ്.ടി. സംവിധാനം ചെയ്യുന്നത്. 18 കോടി രൂപവരെ ഇതിനായി പലിശരഹിത നിക്ഷേപമായി ഇവർ വാണിജ്യ ബാങ്കുകൾക്ക് നൽകുന്നുണ്ട്. കേരളബാങ്കിന് സബ് മെമ്പർഷിപ്പ് നൽകാനായാൽ ഈ തുക അത്രയും അവർക്ക് ലഭിക്കും. നബാർഡ് വഴിയും മറ്റും നൽകുന്ന വായ്പകൾക്ക് ജില്ലാബാങ്കുകൾ ഈടാക്കുന്ന പലിശ വിഹിതം ഒഴിവാക്കാനാകുമെന്നതാണ് ഇടപാടുകാർക്കുള്ള നേട്ടം.