insurance billsസ്വകാര്യമേഖലയ്ക്ക് ജനറൽ ഇൻഷുറൻസ് മേഖല പതിച്ചുകൊടുക്കുന്നതോടെ, വർഷാവർഷം ആ പൊതുമേഖലാ സ്ഥാപനങ്ങൾ സർക്കാരിന് നൽകിപ്പോന്ന ലാഭവിഹിതം ഇനി സ്വകാര്യകമ്പനികൾ കീശയിലാക്കും. പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾ ദേശപുരോഗതിക്കായി  നീക്കിവെക്കുന്ന അനേകലക്ഷം കോടി രൂപ ഇനി കിട്ടാതാവും 

ഒരു വ്യാഴവട്ടംമുമ്പ്, 2008 സെപ്റ്റംബറിൽ ഒരു സ്വകാര്യ ഇൻഷുറൻസ് കമ്പനിയുടെ ഒരു മുഴുപ്പേജ് പരസ്യം കൊഴുപ്പിച്ച് പറഞ്ഞത്, അമേരിക്കൻ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ (എ.ഐ.ജി.) കുഴപ്പമൊന്നും തങ്ങളെ ബാധിക്കില്ല എന്നായിരുന്നു. 

തോണി മറിഞ്ഞാൽ

അതുവരെ എ.ഐ.ജി. എന്ന വിദേശകമ്പനിയുടെ കൂട്ടുടമസ്ഥതയുടെ കേമത്തം പാടിനടന്ന ആ കമ്പനിയാണ് ഇങ്ങനെയൊരു തലകീഴ്‌മറിച്ചിൽ നടത്തിയത്. വെറുതേയായിരുന്നില്ല ആ തകിടംമറിച്ചിൽ. ദിവസങ്ങൾക്കുമുമ്പാണ്, നിക്ഷേപകരുടെ കാശെടുത്ത് വാതുവെപ്പ് നടത്തി ലാഭമൂറ്റിയൂറ്റി ഒടുക്കം എ.ഐ.ജി. എന്ന ആ അമേരിക്കൻ ഇൻഷുറൻസ് ഗ്രൂപ്പ് കമ്പനി അത്യഗാധമായ ഒരു പാതാളക്കുഴിയിൽ ചെന്നുപതിച്ചത്. ഒടുക്കം  18,000 കോടി ഡോളറിന്റെ (13.5 ലക്ഷം കോടി രൂപയോളം) സഹായധനമാണ് അമേരിക്കൻ ഫെഡറൽ റിസർവിന്‌ അതിനെ കരകയറ്റാനായി ചെലവഴിക്കേണ്ടിവന്നത്. എ.ഐ.ജി.യുടെ തകർച്ച വരുത്തിവെച്ച സംഭ്രാന്തിയിൽപ്പെട്ട തങ്ങളുടെ ഉപഭോക്താക്കളെ ആശ്വസിപ്പിക്കാനാണ്, തോണി മറിഞ്ഞാൽ പുറംഭാഗം നല്ലത് എന്ന മട്ടിലുള്ള ഇന്ത്യയിലെ കൂട്ടുകമ്പനിയുടെ അന്നത്തെ പരസ്യം. 

ടൂ ബിഗ് ടു ജെയിൽ

പൊട്ടിപ്പൊളിയാനിരുന്ന ഇൻഷുറൻസ് കമ്പനികളെയും വൻകിട ബാങ്കുകളെയും 2008-ലെ വൻതകർച്ചയിൽനിന്ന് രക്ഷിക്കാൻ പൊതുമുതൽ ചെലവഴിച്ചതിന് അന്ന് അമേരിക്ക പറഞ്ഞ ന്യായം ടൂ ബിഗ് ടു ഫെയിൽ (അപ്പേരിൽ ഒരു പുസ്തകമെഴുതിയിട്ടുണ്ട് ന്യൂയോർക്ക് ടൈംസിലെ ആൻഡ്ര്യൂ റോസ് സോർക്കിൻ) എന്നായിരുന്നു. എന്നുവെച്ചാൽ ഇമ്മാതിരി വമ്പന്മാർ തകർന്നാൽ അതുവഴി മറ്റു വമ്പന്മാരും വമ്പന്മാരല്ലാത്ത സാധാരണ നിക്ഷേപകവങ്കന്മാരും ഒന്നിച്ച് നിലംപരിശാകുമെന്ന്. അതൊഴിവാക്കാനാണ് ജനങ്ങളുടെ നികുതിപ്പണമെടുത്ത് സ്വകാര്യമുതലാളിമാരെ നിലവിട്ട് സഹായിച്ചതെന്ന്! (ടൂ ബിഗ് ടു ജെയിൽ എന്ന് അതിനൊരു തിരുത്തുകൊടുത്തത് ബാങ്കോക്രസി എന്ന വിഖ്യാത ഗ്രന്ഥം രചിച്ച എറിക് ടൂസെയ്ന്റ് ആണ്. ക്രിമിനൽ കുറ്റംചെയ്ത ഭീമൻ കമ്പനികളെയും അവയുടെ ഉന്നതനേതൃത്വങ്ങളെയും തുറുങ്കിലടയ്ക്കാനാവാത്ത ചങ്ങാത്തമുതലാളിത്തത്തിനെ തുറന്നുകാട്ടാനാണ് ഈ ശൈലീഭേദം).

അക്കൂട്ടർ ആഹ്ലാദപ്പുളപ്പിൽ

ഇന്നിപ്പോൾ, ഇന്ത്യൻ പാർലമെന്റ് പാസാക്കിയ ഒരു നിയമഭേദഗതി അത്തരം ഭീമൻ കമ്പനികളെ സന്തുഷ്ടരാക്കും. പെരുത്ത് ലാഭമുണ്ടാക്കുന്ന സർക്കാർ സ്ഥാപനങ്ങളായ ജനറൽ ഇൻഷുറൻസ് കമ്പനികളെയാണ്‌ ഒറ്റയടിക്ക് വിഴുങ്ങാൻ കിട്ടുന്നത്! .
1972-ൽ പാസാക്കിയ ഒരു നിയമത്തിലൂടെ  ജനറൽ ഇൻഷുറൻസ് മേഖല അടക്കിഭരിച്ചിരുന്ന 107 സ്വകാര്യ കമ്പനികളെ സംഭ്രാന്തരാക്കിക്കൊണ്ട് അവയാകെ ദേശസാത്‌കരിക്കുകയായിരുന്നു കോൺഗ്രസ്‌ സർക്കാർ.   കോൺഗ്രസിനെക്കാൾ ശക്തമായി നവലിബറൽ നയങ്ങൾ നടപ്പാക്കുമെന്നേറ്റ് അധികാരത്തിലെത്തിയ ബി.ജെ.പി. സർക്കാർ അതിപ്പോൾ തിരിച്ചിട്ടിരിക്കുകയാണ്. 
2021 ഓഗസ്റ്റ് 11-ന്, ചർച്ചകളൊന്നുമനുവദിക്കാത്തതിൽ പ്രതിപക്ഷമാകെ പ്രതിഷേധിക്കുന്നതിനിടയിലാണ് രാജ്യസഭ നിമിഷാർധങ്ങൾക്കകം  ഈ ഭേദഗതി ബിൽ ചുട്ടെടുത്തത്. അതോടെ, എ.ഐ.ജി.യെപ്പോലെ ലാഭാർത്തിപൂണ്ട് എന്തിനും മുതിരുന്ന (സ്വന്തം ഉടമസ്ഥനെ നല്ല ലാഭം കിട്ടുമെങ്കിൽ തൂക്കിലേറ്റുകപോലും ചെയ്യുന്ന) ബഹുരാഷ്ട്രഭീമന്മാർക്ക് ആ മേഖല അമ്മാനമാടാൻ വിട്ടുകൊടുക്കുകയാണ്.

ദേശസാത്‌കരണാനന്തര വിശേഷങ്ങൾ

1972-ലെ ദേശസാത്‌കരണം ജനറൽ ഇൻഷുറൻസ് മേഖലയിലുണ്ടാക്കിയ കുതിച്ചുചാട്ടം സമാനതകളില്ലാത്തതാണ്. അതുവരെ നഗരകേന്ദ്രിതവും വൻകിട  സ്ഥാപനങ്ങളുടെ മാത്രം പരിരക്ഷ ലക്ഷ്യംവെച്ചുള്ളതുമായ ഇൻഷുറൻസ് വ്യവസായം, പൊതുമേഖലയിലായതോടെ, ഗ്രാമങ്ങളിലെ അതിസാധാരണക്കാരായ  ദുർബലജനവിഭാഗങ്ങളുടെ ജീവിതങ്ങളെ നേരിട്ട് സ്പർശിക്കാൻ തുടങ്ങി. 12 രൂപമാത്രം പ്രീമിയമുള്ള ജനതാ പേഴ്‌സണൽ ആക്‌സിഡന്റ് ഇൻഷുറൻസും പൗൾട്രി ഇൻഷുറൻസും ഗ്രാമീണ അപകട ഇൻഷുറൻസും യൂണിവേഴ്‌സൽ ഹെൽത്ത് ഇൻഷുറൻസും പമ്പ്സെറ്റ് ഇൻഷുറൻസുമൊക്കെ അത്തരമൊരു വിഭാഗത്തിനായി രൂപകല്പനചെയ്ത് വിജയിപ്പിക്കാൻ  ജനറൽ ഇൻഷുറൻസ് വ്യവസായത്തിന് കഴിഞ്ഞു.

ലോകമാകെ പൊതുമേഖല ഉപേക്ഷിക്കണമെന്ന്, നവ ലിബറൽ ആശയത്തിനടിപ്പെട്ട അന്താരാഷ്ട്ര സ്ഥാപനങ്ങൾ ആവർത്തിച്ചമർത്തിപ്പറയുന്ന 90-കളുടെ തുടക്കത്തിൽ ആ ഒഴുക്കിനൊത്ത് നീന്താനാണ് അന്നത്തെ ഭരണകക്ഷി തീരുമാനിച്ചത്. നെഹ്രൂവിയൻ നയങ്ങളോട് വിടപറഞ്ഞ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌  അതിന്റെ വിദേശനയത്തിലെന്നപോലെ സാമ്പത്തികനയത്തിലും അമേരിക്കൻ തീട്ടൂരങ്ങൾക്കൊത്ത് വെള്ളംചേർക്കുകയായിരുന്നു. സ്വാഭാവികമായും 91-ലെ നരസിംഹറാവു സർക്കാർ പൊതുമേഖലയ്ക്കെതിരേയുള്ള പ്രചാരണംകൂടി ഏറ്റെടുത്തു. മൽഹോത്രക്കമ്മിറ്റിയെക്കൊണ്ട് അതിനു കണക്കായി ശുപാർശകൾ എഴുതിവാങ്ങിച്ച ആ സർക്കാരിന്റെ തുടർച്ചയായെത്തിയ വാജ്‌പേയ് സർക്കാർ തങ്ങളുടെ ദേശസാത്‌കരണവിരുദ്ധ നിലപാട് ഒന്നുകൂടി കടുപ്പിക്കുകയായിരുന്നു.

തങ്ങളുടെ നയമാണ് കോൺഗ്രസ്‌ അപഹരിച്ചിരിക്കുന്നത് എന്നായിരുന്നല്ലോ  ബി.ജെ.പി. പ്രചാരണം.  1999-ൽ രണ്ടുകൂട്ടരും ചേർന്ന് ഐ.ആർ.ഡി.എ. ബിൽ പാസാക്കിയെടുക്കാൻ ഒരു വിഷമവും ഉണ്ടായില്ല. ദേശസാത്‌കരണത്തിന്റെ സദ്ഫലങ്ങൾ കുറേശ്ശെക്കുറേശ്ശെയായി ഇല്ലായ്മചെയ്യുകയായിരുന്നു. 

വാക്കുതെറ്റുന്നു, തെറ്റ് പറയുന്നു

ബജറ്റവതരണവേളയിൽ ധനമന്ത്രി പ്രഖ്യാപിച്ചത് രണ്ടു ബാങ്കുകളും ഒരു ജനറൽ ഇൻഷുറൻസ് കമ്പനിയും സ്വകാര്യവത്‌കരിക്കുമെന്നാണ്. ഒന്നല്ല, നാലാണ് ഒറ്റയടിക്ക് തൂക്കിവിൽക്കുന്നത്. ആ  വാക്കുമാറ്റമാണ് ബി.ജെ.പി.യുടെ സഖ്യകക്ഷികളെത്തന്നെ ബില്ലിനെതിരാക്കിയത്. ഒരസത്യപ്രസ്താവനകൂടി പാർലമെന്റിൽ ധനമന്ത്രി നടത്തുകയുണ്ടായി. വിദേശകമ്പനികൾ വന്നതോടെ ഈ മേഖലയിലുണ്ടായ മത്സരം കാരണം പ്രീമിയം നിരക്ക് കുറഞ്ഞുവന്നു എന്നാണത്. എന്നാൽ, വസ്തുതയെന്താണ്? 1990-ൽ പൊതുമേഖല മാത്രം നിലവിലുണ്ടായിരുന്ന കാലത്ത്, ഒരു സ്കൂട്ടറിന് ഈടാക്കിയ പ്രീമിയം 40 രൂപയായിരുന്നു. സ്വകാര്യമേഖല കടന്നുവന്ന  2000-ത്തിൽ അത് 160 ആയി. 2010-ൽ 359 ആയേടത്തുനിന്ന് 2020 എത്തിയപ്പോൾ അത് 752 ആയി കുതിച്ചുയരുകയായിരുന്നു എന്നത് വാഹന ഉടമകളുടെ നേരനുഭവം. ചെറിയ കാറിന് 1990-ലെ പ്രീമിയം 120 രൂപയായിരുന്നു. അതാണ് 2020-ൽ 3221 രൂപയായി വർധിച്ചത്. സ്വകാര്യകമ്പനികളുടെ വരവ് സാധാരണ ഉപഭോക്താവിന്റെ കീശയെയാണ് കുത്തിച്ചോർത്തിയത്. എന്നാൽ, വൻകിടക്കാർക്കുള്ള ഇൻഷുറൻസിൽ ഒട്ടേറെ വഴിവിട്ട സൗകര്യങ്ങൾ ചെയ്തുകൊടുത്ത് അവയെ ആകർഷിക്കുകയായിരുന്നു സ്വകാര്യമേഖല. അധാർമികവും നിയമവിരുദ്ധവുമായ രീതിയിൽ വഴിവിട്ടമട്ടിലുള്ള മത്സരത്തിനാണ്, തികഞ്ഞ അരാജകത്വത്തിനാണ്, ജനറൽ ഇൻഷുറൻസിലെ സ്വകാര്യപ്രവേശനം വഴിവെച്ചത്. 

വൻകിട സ്ഥാപനങ്ങളുടെ ഫയർ ഇൻഷുറൻസിന്റെ പ്രീമിയം നിശ്ചയിക്കുമ്പോൾ, അടിസ്ഥാന പ്രീമിയത്തിന്റെ 100 ശതമാനവും കിഴിവുകൊടുത്ത കേസുകളുണ്ട്. വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, ഭൂകമ്പം തുടങ്ങിയവയ്ക്കുള്ള അധിക ഇൻഷുറൻസിനുള്ള തുക മാത്രം ഈടാക്കിക്കൊണ്ടാണ് വൻകിടക്കാരുടെ വലിയ ഇൻഷുറൻസ് പോളിസികൾ പല കമ്പനികളും നൽകിപ്പോരുന്നത്. അതിനിടയിൽ അപ്രത്യക്ഷമാവുന്നത് അതിദുർബലർക്കായി രൂപകല്പനചെയ്ത കുടിൽ ഇൻഷുറൻസും തേനീച്ച ഇൻഷുറൻസുമൊക്കെയാണ്. സ്വകാര്യമേഖലയുടെ കഴുത്തറുപ്പൻ മത്സരത്തിൽ ഓടിയെത്തുന്ന തത്രപ്പാടിൽ ഇത്തരം ലഘുപദ്ധതികൾ ആവിയായിപ്പോവുകയാണ്.

നഷ്ടം ആർക്ക്?

സ്വകാര്യമേഖലയ്ക്ക് ജനറൽ ഇൻഷുറൻസ് മേഖല പതിച്ചുകൊടുക്കുന്നതോടെ, വർഷാവർഷം ആ പൊതുമേഖലാ സ്ഥാപനങ്ങൾ സർക്കാരിന് നൽകിപ്പോന്ന ലാഭവിഹിതം ഇനി സ്വകാര്യകമ്പനികൾ കീശയിലാക്കും. പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾ ദേശപുരോഗതിക്കായി വിവിധ വികസനപദ്ധതികൾക്ക് നീക്കിവെക്കുന്ന അനേകലക്ഷം കോടി രൂപ ഇനി കിട്ടാതാവും.
ഇൻഷുറൻസ് കമ്പനികൾ പഴയതുപോലെ നഗരകേന്ദ്രിതമാവും. ഗ്രാമീണർക്ക് ഈ മേഖല അപ്രാപ്യമാവും. സാമൂഹികസുരക്ഷാ ഇൻഷുറൻസ് പദ്ധതികൾ അവഗണിക്കപ്പെടും. ക്ലെയിമുകൾ തീർപ്പുകല്പിക്കുന്നത്, 50 വർഷംമുമ്പത്തെപ്പോലെ പക്ഷപാതപരമാവും. സുതാര്യത നഷ്ടപ്പെടും. ലാഭമാത്ര പ്രചോദിതമായി പെരുമാറുന്ന സ്വകാര്യമേഖല ചെറുകിട ഇൻഷുറൻസുകൾ കൈയൊഴിയും. സാധാരണക്കാരുടെ ഇൻഷുറൻസ് പ്രീമിയം കുതിച്ചുകയറും, വാഹനാപകട ഇൻഷുറൻസിന് പരിധിനിശ്ചയിച്ചേക്കും. കടുത്ത കഴുത്തറപ്പൻ മത്സരം ഈ മേഖലയിൽ കടുത്ത അരാജകത്വത്തിനാണ് ഇടവരുത്തുക. എല്ലാത്തിനുമുപരിയായി, അമേരിക്കൻ സാമ്പത്തികത്തകർച്ചക്കാലത്തും അതിനുശേഷവും കണ്ടതുപോലുള്ള വമ്പൻ തിരിമറികളും ഊഹക്കച്ചവടങ്ങളും നടക്കും. ഉപഭോക്താക്കൾ അടയ്ക്കുന്ന വൻ തുകയുടെ പ്രീമിയം അപ്പടി ആവിയായിപ്പോവും. അതുവഴി കോടിക്കണക്കായ പോളിസി ഉടമകൾ കണ്ണീർ കുടിക്കേണ്ടിവരും. അപ്പോഴും തങ്ങളുടെ കൈ ഒട്ടും പൊള്ളാതെ, 2008 പ്രതിസന്ധികാലത്തെ വമ്പൻ ധനകാര്യസ്ഥാപനങ്ങളുടെ ഉടമസ്ഥർ ചെയ്തതുപോലെ, ഈ സ്വകാര്യക്കമ്പനിത്തലവന്മാർ ജനങ്ങളുടെ സമ്പത്ത് സ്വന്തം കീശയിലാക്കും.

അതുകൊണ്ടുതന്നെ ഈ ബിൽ ദേശതാത്‌പര്യത്തിനെതിരാണ്. ഇൻഷുറൻസ് ജീവനക്കാർക്ക് മാത്രമായി പൊരുതിത്തോൽപ്പിക്കാനാവാത്ത ഈ ജനവിരുദ്ധ ബില്ലിനെതിരേ അതിവിപുലമായ ജനകീയ ഐക്യം വളർന്നുവരുകതന്നെ ചെയ്യും എന്നാണ് ബില്ലവതരണവേളയിലെ പാർലമെന്റ് ദൃശ്യങ്ങൾ ബോധ്യപ്പെടുത്തുന്നത്. ഭരണകക്ഷി ഒറ്റപ്പെടുക തന്നെയാണ്. അതിന് വഴിയൊരുക്കി എന്നതാവും ഈ ബില്ലിന്റെ സവിശേഷത.

ബെഫി മുൻ അഖിലേന്ത്യാ പ്രസിഡന്റാണ്‌ ലേഖകൻ