മഹാമാരിയുടെ ഒരു വർഷത്തിൽ ഇന്ത്യയിൽ ദരിദ്രരുടെ എണ്ണം ഇരട്ടിയിലധികമായി വർധിച്ചെന്നാണ് ലോകബാങ്കിന്റെ സ്ഥിതിവിവരക്കണക്കുകൾ വിശകലനം ചെയ്തുകൊണ്ട്  അമേരിക്കയിലെ പ്യു റിസർച്ച്‌ സെന്റർ കണ്ടെത്തിയിട്ടുള്ളത്. ഒരുദിവസം രണ്ടു ഡോളറിൽ (150 രൂപ) കുറഞ്ഞ വരുമാനമുള്ളവരുടെ എണ്ണം  ആറു കോടിയിൽനിന്ന്‌ 13.4 കോടിയായി വർധിച്ചു. ‘കൊടുംദാരിദ്ര്യം’ അനുഭവിക്കുന്നവരെന്നുവേണം ഇവരെ നിർവചിക്കേണ്ടത്. ദാരിദ്ര്യരേഖയ്ക്ക് മുകളിൽ മധ്യവർഗാക്കാരെന്നു നിർവചിക്കപ്പെടുന്നവരുടെ സംഖ്യ മൂന്നിലൊന്നായിച്ചുരുങ്ങി.

ഒരൊറ്റവർഷംകൊണ്ട് ഇന്ത്യ ഏകദേശം അരനൂറ്റാണ്ടോളം പിന്നാക്കംപോയി. 1970-കൾക്കു‌ശേഷം ദാരിദ്ര്യം കുറച്ചുകൊണ്ടുവരുന്നതിൽ ഇന്ത്യ നേടിയിരുന്ന പുരോഗതിയാണ് ഇല്ലാതെയായത്. പ്രത്യേകിച്ചും 2006-നും 2016-നുമിടയിൽ  27 കോടി 10 ലക്ഷം പേരാണ് ഇന്ത്യയിൽ ദാരിദ്ര്യത്തിന്റെ പിടിയിൽനിന്നു മോചിതരായതെന്ന്‌ 2019-ലെ ഗ്ലോബൽ മൾട്ടി ഡിമെൻഷനൽ പോവെർട്ടി ഇൻഡക്‌സ് കാണിച്ചത്. അതേവർഷം യു.എൻ. കണക്കുകൾപ്രകാരം ഇന്ത്യയിൽ ദരിദ്രരുടെ എണ്ണം 36.4 കോടി അഥവാ ജനസംഖ്യയുടെ 28 ശതമാനമായിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ 56 ശതമാനം ഉണ്ടായിരുന്ന ദരിദ്രരുടെ സംഖ്യയാണ് അത്രയും കുറഞ്ഞത്.

 ശതകോടീശ്വരന്മാർ വർധിക്കുന്നു
ഒരുഭാഗത്ത് ചിത്രം ഇതാണെങ്കിൽ മറുഭാഗത്ത് തികച്ചും വ്യത്യസ്തമായ മറ്റൊരു ചിത്രംകൂടിയുണ്ട്. വൈറസ് വ്യാപനത്തെ ചെറുക്കാനായി 2020 മാർച്ചിൽ ലോക്‌ഡൗൺ പ്രഖ്യാപിച്ചതിനുശേഷം ഡിസംബർവരെയുള്ള കാലഘട്ടത്തിൽ ഇന്ത്യയിൽ ഏറ്റവും മുകൾത്തട്ടിലുള്ള 100 ശതകോടീശ്വരന്മാരുടെ ആസ്തിയിൽ 12.98 ലക്ഷം കോടി രൂപയുടെ വർധനയുണ്ടായെന്നാണ് അന്താരാഷ്ട്ര  എൻ.ജി.ഒ.യായ ഓക്‌സ്‌ഫാം പ്രസിദ്ധീകരിച്ച ‘അസമത്വത്തിന്റെ വൈറസ്’ എന്ന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. 35 ശതമാനം വർധന. അവർ അധികമായിനേടിയ പണം ഇന്ത്യയിലെ കൊടുംദാരിദ്ര്യം അനുഭവിക്കുന്ന 13.8 കോടി ജനങ്ങൾക്കിടയിൽ തുല്യമായി വീതിച്ചാൽ ഓരോ ആൾക്കും 94,000 രൂപവീതം ലഭിക്കും. മഹാമാരിയുടെ ഒരുവർഷത്തിൽ  അംബാനി ഒരു മണിക്കൂറിൽ സമ്പാദിച്ച പണംനേടാൻ ഒരു അവിദഗ്ധതൊഴിലാളിക്ക് 10,000 വർഷങ്ങൾ അധ്വാനിക്കേണ്ടിവരുമെന്നാണ്  ആ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, മഹാമാരിയുടെ കഴിഞ്ഞവർഷത്തിൽ  അംബാനിയെയും കടത്തിവെട്ടി സ്വത്തിൽ വർധനയുണ്ടാക്കിയ  ഒരു വ്യവസായിയുണ്ട്. അത് ഗൗതം അദാനിയാണ്. അംബാനിയെക്കാൾ അഞ്ചു ബില്യൺ ഡോളർ കൂടുതൽ അദാനി നേടിയെന്നാണ് ബ്ലൂംബെർഗ് ബില്യണേഴ്‌സ് ഇൻഡക്‌സ് കാണിക്കുന്നത്. മഹാമാരി സമ്പദ്ഘടനയിലുണ്ടാക്കിയതായി പറയുന്ന ആഘാതം എല്ലാവരെയും ഒരുപോലെയല്ല ബാധിച്ചതെന്ന്‌ ഇത് വ്യക്തമാക്കുന്നു.

 പൊള്ളയായ അവകാശവാദങ്ങൾ
മഹാമാരി ഏറ്റവും വിജയകരമായി കൈകാര്യംചെയ്ത രാജ്യമെന്നാണ് ഇന്ത്യ അവകാശപ്പെടുന്നത്. എന്നാൽ, ഓസ്‌ട്രേലിയയിലെ ലോവി ഇൻസ്റ്റിറ്റ്യൂട്ട് ലോകത്ത്  ചൈനയൊഴികെ വിവിധരാജ്യങ്ങൾ മഹാമാരിയെ നേരിട്ട രീതി വിശകലനം ചെയ്തുകൊണ്ട് തയ്യാറാക്കിയ 98 രാജ്യങ്ങളുടെ പട്ടികയിൽ 1.10 കോടി രോഗികൾ ഉണ്ടായിരുന്ന ഇന്ത്യ  86-ാം സ്ഥാനത്താണ്. ന്യൂസീലൻഡ് ഒന്നാംസ്ഥാനത്തും ബ്രസീൽ അവസാനസ്ഥാനത്തുമായിരുന്നു. ഓരോരാജ്യത്തും ആദ്യത്തെ 100  രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനുശേഷം 2021 ജനുവരി ഒമ്പതുവരെയുള്ള സ്ഥിതി അവലോകനം ചെയ്തുകൊണ്ട് തയ്യാറാക്കിയ പട്ടികയാണിത്. ഇന്ത്യയുടെ അയൽരാജ്യമായ  ശ്രീലങ്ക ആദ്യ 10-ൽ ഇടംനേടി. ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടത്തിൽ അയൽക്കാരായ ഭൂട്ടാനും പാകിസ്താനും ഇന്ത്യയെക്കാൾ മുകളിൽ സ്ഥാനംനേടി. ലോകത്ത് ഏറ്റവും വിജയകരമായി കോവിഡ് 19-നെ നേരിട്ട രാഷ്ട്രമെന്ന സർക്കാരിന്റെ അവകാശവാദത്തിന് തൊട്ടുപിന്നാലെയാണ് ഈ പട്ടിക പുറത്തുവന്നത്. ദേശീയമായി കർക്കശ ലോക്‌ഡൗൺ നടപ്പാക്കിയ രാജ്യം  ഇന്ത്യയായിരുന്നു. രോഗനിയന്ത്രണത്തിന് ആരോഗ്യസംവിധാനത്തേക്കാളെറെ പോലീസിനെ ആശ്രയിച്ച രാജ്യമെന്ന ദുഷ്‌പ്പേരും സമ്പാദിച്ചു. ഇന്ത്യയിൽത്തന്നെ ഏറ്റവും കർക്കശമായി ലോക്‌ഡൗൺ നടപ്പാക്കിയ സംസ്ഥാനമായിരുന്നു കേരളം. രോഗവ്യാപനം തടയുന്നതിൽ മികച്ചവിജയംനേടിയെന്ന കേരളസർക്കാരിന്റെ അവകാശവാദവും ഈ അടിസ്ഥാനത്തിൽവേണം വിലയിരുത്തേണ്ടത്.

ഒന്നാംതരംഗത്തിൽ സർക്കാർ സംവിധാനങ്ങളുടെ പരാജയം പ്രത്യക്ഷമായി അനുഭവപ്പെട്ടിരുന്നില്ലെങ്കിൽ രണ്ടാംതരംഗത്തിൽ അത് വളരെ പ്രകടമാണ്. രോഗവ്യാപനത്തിന്റെ തീവ്രത, വർധിക്കുന്ന മരണസംഖ്യ, ഓക്‌സിജൻ ക്ഷാമം, വാക്‌സിൻ ക്ഷാമം എന്നിവയെല്ലാം അത് വ്യക്തമാക്കുന്നു. അടുത്തിടെപോലും ഓക്‌സിജൻ കയറ്റുമതിചെയ്ത ഇന്ത്യ രോഗികൾ ശ്വാസംമുട്ടി മരിക്കുന്ന അവസ്ഥയിൽ ലോകത്തിനുമുന്നിൽ നാണംകെടുന്നു. ലോകത്തെ ഏറ്റവും വലിയ വാക്‌സിൻ നിർമാണകേന്ദ്രമായ ഇന്ത്യയിലാണ് വാക്‌സിൻക്ഷാമം അനുഭവപ്പെടുന്നത്.  

 ആശങ്കയുണർത്തുന്ന കാര്യങ്ങൾ
മഹാമാരിയുടെ സാമ്പത്തിക ആഘാതങ്ങളിൽനിന്നും വളരെവേഗം കരകയറുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. ബജറ്റിന് മുന്നോടിയായി അവതരിപ്പിച്ച സാമ്പത്തികസർവേ റിപ്പോർട്ടിൽ V ആകൃതിയിലുള്ള ഒരു സാമ്പത്തികവളർച്ചയാണ് പ്രവചിച്ചിട്ടുള്ളത്. 2021-'22 വർഷത്തിൽ 11 ശതമാനം  വളർച്ചനേടുമെന്നും സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും വലിയ വളർച്ചയായിരിക്കും അതെന്നുമാണ് പറഞ്ഞിട്ടുള്ളത്. എന്നാൽ, 2020-'21 സാമ്പത്തിക വർഷത്തിൽ വളർച്ച 7.7 ആയി  ചുരുങ്ങുകയാണുണ്ടായതെന്നു കണക്കാക്കുമ്പോൾ രണ്ടുവർഷങ്ങളിലും കൂടിയുള്ള ആകെ വളർച്ച 2.45 ശതമാനം മാത്രമായിരിക്കുമെന്ന യാഥാർഥ്യം മറച്ചുവെച്ചിട്ടാണ് ഈ അവകാശവാദങ്ങളൊക്കെ ഉന്നയിക്കുന്നത്. മഹാമാരിക്ക് മുമ്പുതന്നെ ഇന്ത്യയുടെ സാമ്പത്തികവളർച്ച കുറയുകയായിരുന്നെന്നതാണ് യാഥാർഥ്യം. 2020  സാമ്പത്തികവർഷത്തിൽ 4.18 ശതമാനമായിരുന്നു ഇന്ത്യയുടെ സാമ്പത്തികവളർച്ച. മുൻവർഷത്തെ 6.12 ശതമാനത്തിൽനിന്നാണ് അത്രയും കുറഞ്ഞത്.

എൻ.ഡി.എ. സർക്കാരിൽ, യു.പി.എ. സർക്കാരിന്റെ നടപടികളുടെ സ്വാധീനമുണ്ടായിരുന്ന ആദ്യ ഒരുവർഷത്തിൽ മാത്രമായിരുന്നു 8.26 ശതമാനം എന്നതോതിൽ സാമ്പത്തികവളർച്ച കൂട്ടാൻകഴിഞ്ഞത്.

 വളർച്ച വിപരീതദിശയിൽ
സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയായി അധികാരമേറ്റ  ജവാഹർലാൽ നെഹ്രു ദാരിദ്ര്യം ഉന്മൂലനംചെയ്യുന്നതിന് പ്രാമുഖ്യംനൽകി. ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പഞ്ചവത്സരപദ്ധതികൾ ആവിഷ്‌കരിച്ചത്. 1970-കളിൽ ഇന്ദിരാഗാന്ധി ആവിഷ്‌കരിച്ച ‘ഗരീബി ഹഠാവോ’  പരിപാടികൾ ആ പ്രക്രിയയ്ക്ക് ആക്കംകൂട്ടി. 1991-ൽ ധനകാര്യമന്ത്രിയായിരിക്കുമ്പോൾ മൻമോഹൻ സിങ്‌ തുടക്കമിടുകയും അദ്ദേഹം നേതൃത്വം നൽകിയ യു.പി.എ.യുടെ രണ്ടു സർക്കാരുകളും അവധാനതയോടെ നടപ്പാക്കുകയുംചെയ്ത സാമ്പത്തിക ഉദാരവത്‌കരണനയങ്ങൾ ദാരിദ്ര്യത്തിന്റെ തോത് വളരെ കുറയ്ക്കുകയും ജനസംഖ്യയിൽ മധ്യവർഗം ശക്തിപ്പെടുകയുംചെയ്തു. അപ്പോഴും പരിഹരിക്കേണ്ടതായ പ്രശ്നങ്ങൾ ഏറെയുണ്ടായിരുന്നു. ആ ലക്ഷ്യത്തിലേക്ക് നീങ്ങുന്ന അവസരത്തിലുണ്ടായ ഭരണമാറ്റം കാര്യങ്ങൾ കീഴ്‌മേൽമറിച്ചു. ഇന്ത്യയുടെ ആസൂത്രണപ്രക്രിയയിൽ വലിയപങ്കുവഹിച്ച ആസൂത്രണക്കമ്മിഷൻ ഇല്ലാതായി. ബാങ്കുകൾ വീണ്ടും സ്വകാര്യമൂലധനശക്തികളുടെ നിയന്ത്രണത്തിലായി മാറി. ഇന്നിപ്പോൾ വിപരീത ദിശയിലാണ്‌ സഞ്ചാരം

കെ.പി.സി.സി. ഉപാധ്യക്ഷനാണ്‌ ലേഖകൻ