തൊണ്ണൂറുകളുടെ അവസാനം തിരുവനന്തപുരം ടെക്‌നോപാർക്കിൽനിന്ന് ആരംഭിച്ച്, വ്യോമയാന, ചരക്കുഗതാഗത സോഫ്റ്റ്‌വേർ മേഖലയിൽ പടർന്നുപന്തലിച്ച ഐ.ബി.എസ്. സോഫ്റ്റ്‌വേർ എന്ന കമ്പനി 25-ാം വർഷത്തിലേക്ക് കടക്കുകയാണ്. കേരളത്തിലെ ഐ.ടി. രംഗം അതിന്റെ ശൈശവദശയിലായിരിക്കുമ്പോൾ ബെംഗളൂരു പോലുള്ള നഗരങ്ങളെ ഉപേക്ഷിച്ചാണ് 55 എൻജിനിയർമാരും ഒരു ഉപഭോക്താവുമായി വി.കെ. മാത്യൂസ് എന്ന ഏറോനോട്ടിക്കൽ എൻജിനിയർ തിരുവനന്തപുരം ടെക്‌നോപാർക്കിനെ കമ്പനിയുടെ ആസ്ഥാനമാക്കിയത്‌. ഐ.ബി.എസിന്റെ വളർച്ചയെയും നിലവിലെ സാഹചര്യങ്ങളെയും കുറിച്ച് ഐ.ബി.എസ്. എക്സിക്യുട്ടീവ് ചെയർമാനായ വി.കെ. മാത്യൂസ് മാതൃഭൂമി പ്രതിനിധി എം. ബഷീറുമായി സംസാരിക്കുന്നു

ലോകമെമ്പാടും 200-ലധികം വൻകിട ഉപയോക്താക്കളും 20 രാഷ്ട്രങ്ങളിൽനിന്നുൾപ്പെടെയുള്ള 3500 തൊഴിലാളികളുമായി 1.5 ബില്യൻ ഡോളർ മൂല്യമുള്ള കമ്പനിയാണ് ഇന്ന് ഐ.ബി.എസ്. ആഗോള വ്യോമയാന വ്യവസായ രംഗത്തിന് ആവശ്യമായ സാങ്കേതിക പിന്തുണയൊരുക്കുന്ന കമ്പനി എയർലൈൻ പാസഞ്ചർ സർവീസ്, കാർഗോ ഓപ്പറേഷൻ, ഫ്ളൈറ്റ് ആൻഡ്‌ ക്രൂ ഓപ്പറേഷൻ, എയർപോർട്ട് ഓപ്പറേഷൻ, എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനിയറിങ്‌ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നു. 24 വർഷംമുമ്പ് എമിറേറ്റ്‌സിന്റെ ജനറല്‍ മാനേജറായിരുന്ന വി.കെ. മാത്യൂസ് ആ ജോലി ഉപേക്ഷിച്ച് കേരളത്തിൽനിന്ന് ഒരു ഐ.ടി. കമ്പനി എന്ന വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. 

  കാൽനൂറ്റാണ്ടുമുമ്പ് കേരളത്തിൽനിന്ന് ഇത്തരമൊരു സംരംഭം ആരംഭിക്കാൻ തീരുമാനിച്ചപ്പോൾ ഈ വളർച്ച മുൻകൂട്ടി കണ്ടിരുന്നോ
 ഇന്നത്തെ നിലയിലെ വളർച്ചയൊന്നും അന്ന് ലക്ഷ്യമായിരുന്നില്ല. ഒരുലക്ഷ്യം നേടുകയെന്നത് ഈ യാത്രയിലെ ഒരു നാഴികക്കല്ലു മാത്രമാണ്. ഇന്ത്യയിൽത്തന്നെ കമ്പനി തുടങ്ങണമെന്ന് തീരുമാനിച്ചിരുന്നു. ഇവിടെ ആവശ്യത്തിന് സാങ്കേതിക വിദഗ്‌ധരുണ്ടെന്നുള്ളത് അറിയാമായിരുന്നു. ഞാൻ എമിറേറ്റ്‌സിൽ ഉണ്ടായിരുന്നപ്പോഴും ഇന്ത്യയിൽ നിന്നുള്ള ഒട്ടേറെപ്പേർ അവിടെയുണ്ടായിരുന്നു. എന്നാൽ, കേരളത്തിൽ കമ്പനി തുടങ്ങണമെന്നത് പ്ലാനിൽ ഉണ്ടായിരുന്നില്ല. ബെംഗളൂരുവിൽ തുടങ്ങാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ, കേരളത്തിൽ തുടങ്ങിയതിനു പിന്നിൽ പല ഘടകങ്ങളുണ്ടെങ്കിലും ഏറ്റവുംവലിയ ഘടകം ടെക്‌നോപാർക്ക് തന്നെയായിരുന്നു. ടെക്‌നോപാർക്കിൽ തുടങ്ങിയത് ഐ.ബി.എസിന്റെ വിജയത്തിന് ഒരു കാരണമായെന്നു വേണമെങ്കിലും പറയാം. നമുക്ക് എന്തുചെയ്യാൻ കഴിയുമെന്നത് നാം എത്ര ശക്തരാണെന്നതിനെ ആശ്രയിച്ചിരിക്കും. കൈവശമുള്ള സാങ്കേതികത മാത്രമല്ല, സ്ഥാപനത്തിന്റെ സംസ്കാരവും ഒരു ശക്തിയാണ്. ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഇവിടെ ഞാൻ സ്ഥാപനം തുടങ്ങുന്നത്. അദ്ദേഹത്തിൽനിന്നും പിന്നീടുവന്ന സർക്കാരുകളിൽനിന്നുമൊക്കെ ആവശ്യത്തിന് പിന്തുണ കിട്ടി. ഇവിടെ ബിസിനസ് പറ്റില്ല, പ്രശ്നങ്ങളാണ്, യൂണിയനാണ് എന്നൊക്കെ പറയുമ്പോൾ അതൊക്കെ ഒരു വസ്തുതയാണ്. അതേസമയം, ടെക്നോപാർക്കിൽ ഈ കമ്പനി തുടങ്ങിയെന്നതുതന്നെയാണ് വളർച്ചയ്ക്കു ഗുണകരമായതും.

 ഇത്തരം റിസ്കെടുക്കൽ ഇന്ന് സാധ്യമാകുമോ
 അന്നത്തെപോലെ കടുത്ത തീരുമാനങ്ങളെടുത്ത്, വലിയ റിസ്കെടുത്ത് കമ്പനികൾ വരണം എന്നു നമ്മൾ ശഠിക്കേണ്ട ആവശ്യമില്ല. ഞാൻ എമിറേറ്റ്‌സിൽനിന്ന്‌ രാജിവെച്ച് ഇവിടെ കമ്പനി തുടങ്ങാൻ വരുമ്പോൾ അക്കാര്യം എന്റെ ബന്ധുക്കൾക്ക് ആർക്കും അറിയില്ലായിരുന്നു. അന്ന് അക്കാര്യം അവരോട് പറഞ്ഞിരുന്നുവെങ്കിൽ ആരും സമ്മതിക്കില്ലായിരുന്നു. എതിർപ്പുകളുണ്ടായാൽ കമ്പനി തുടങ്ങാനുള്ള ആത്മവിശ്വാസം ഇല്ലാതെപോകും. അതുകൊണ്ടാണ് അന്ന് പറയാതിരുന്നത്. ഇന്ന് ആ സാഹചര്യം മാറി. എന്റെ രക്ഷിതാക്കൾ എനിക്ക് പ്രചോദനം നൽകിയപോലെത്തന്നെ ഇന്നത്തെ മാതാപിതാക്കളും കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു. ഞാൻ അന്ന് നടത്തിയത് ഒരു വലിയ റിസ്കുള്ള കാര്യമായിരുന്നു. സ്ഥാപനം പൊളിഞ്ഞിരുന്നുവെങ്കിൽ എല്ലാം നഷ്ടപ്പെടുന്ന അവസ്ഥയായിരുന്നു. കേരളത്തിലെ അന്നത്തെ തൊഴിൽ സംബന്ധമായ പ്രശ്നങ്ങളെക്കുറിച്ച് ഞാനത്ര ബോധവാനുമായിരുന്നില്ല.

 കിഴക്കമ്പലം സ്വദേശിയാണ് താങ്കൾ. കിഴക്കമ്പലത്തുള്ള ഒരു കമ്പനിയാകട്ടെ, കേരളം വിടാനുള്ള ശ്രമത്തിലുമാണ്
 കേരളത്തിൽ നിക്ഷേപത്തിന്, ബിസിനസിന് ഒക്കെ താഴേത്തട്ടിൽ തടസ്സങ്ങളുണ്ട്. അത് ഇല്ലെന്നു നാം പറയരുത്. അമിതമായ രാഷ്ട്രീയവത്കരണം, അമിതമായ യൂണിയൻ പ്രവർത്തനം ഒക്കെ ഒരളവുവരെ തടസ്സങ്ങളുണ്ടാക്കുന്നുവെന്നത് വസ്തുതയാണ്. അതിനുനേരെ കണ്ണടച്ചിട്ടുകാര്യമല്ല. അതിനെ മറികടക്കാൻ എന്താണു ചെയ്യേണ്ടതെന്നാണ് നോക്കേണ്ടത്. കിഴക്കമ്പലത്തെ സംഭവം ഒരു യാഥാർഥ്യമാണ്. അത് അഡ്രസ് ചെയ്യാൻ നാം ശ്രമിക്കണം. കാരണം, ഐ.ബി.എസ്.പോലുള്ള ഒരു ഐ.ടി. കമ്പനിക്ക് അതു കുഴപ്പമില്ല. കാരണം, അവിടെയുള്ള ജീവനക്കാർ ഉന്നതവിദ്യാഭ്യാസമുള്ളവരാണ്. അവർക്ക് ഇവിടെയല്ലെങ്കിൽ വേറെ എവിടെയെങ്കിലും ജോലികിട്ടും. അതേസമയം, കിറ്റെക്സ് പോലുള്ള സ്ഥാപനത്തിലെ ഒരു തൊഴിലാളിക്ക് അത്ര എളുപ്പമല്ല കേരളത്തിൽ ജോലികിട്ടാൻ. കാരണം, അവരുടെ വിദ്യാഭ്യാസയോഗ്യതയ്ക്കനുസരിച്ചുള്ള ജോലിയാണത്. ഇത്തരമൊരു വിഭാഗത്തിന് ജോലി ലഭ്യമാക്കുകയെന്നതു നമ്മുടെ കടമയാണ്. സംസ്ഥാനത്തിന്റെ വളർച്ചയ്ക്കും അത് ആവശ്യമാണ്. അതിന് ഇന്നു നിലനിൽക്കുന്ന സാഹചര്യങ്ങളിൽ പലതും മാറേണ്ടതായുണ്ട്.

 ഐ.ടി. രംഗത്ത് ഇതിനുമുമ്പ് പ്രതിസന്ധികളുണ്ടായപ്പോഴൊന്നും അവ ഐ.ബി.എസിനെ കാര്യമായി ബാധിച്ചിട്ടില്ല. കോവിഡ് കാലം എങ്ങനെ
 കോവിഡ് ഏറ്റവുമധികം തിരിച്ചടിയുണ്ടാക്കിയ മേഖലയാണ് ട്രാവൽ ഇൻഡസ്ട്രി. ട്രാവൽ, ടൂറിസം, ഹോട്ടൽ, ഹോസ്പിറ്റാലിറ്റി എന്നിവയിൽ 70 ശതമാനമാണ് ജി.ഡി.പി.നഷ്ടം. ഒട്ടേറെ എയർലൈൻ കമ്പനികളും ഹോട്ടൽ കമ്പനികളും ലേ ഓഫീലേക്ക് പോയി. എന്നാൽ, ഞങ്ങളുടേതുപോലുള്ള കമ്പനികൾക്ക് പിടിച്ചുനിൽക്കാനായി. ഉദാഹരണത്തിന് കാർഗോ മേഖലയിൽ കാര്യമായ വളർച്ചയാണുണ്ടായത്. യാത്രാവിമാനങ്ങളിലാണ് ഭൂരിഭാഗം ചരക്കു കൈമാറ്റവും നടന്നിരുന്നത്. കോവിഡിനെത്തുടർന്ന് യാത്രാവിമാനങ്ങൾ നിർത്തിവെച്ചതോടെ കാർഗോ സർവീസുകളുടെ പ്രവർത്തനം വർധിച്ചു. ഐ.ബി.എസ്. എന്നത് ഈ മേഖലയിലുള്ള പ്രമുഖ കമ്പനിയാണ്. എയർ ഫ്രൈറ്റ് മാനേജ്‌മെന്റ്, കസ്റ്റമർ ലോയൽറ്റി മാനേജ്‌മെന്റ്‌ മേഖലയിലും മുന്നിലുള്ള കമ്പനിയാണ് ഞങ്ങൾ. ഈ സാഹചര്യത്തിൽ ഞങ്ങളുടെ ഉപഭോക്താക്കൾ ഞങ്ങളെ കൂടുതലായി ആശ്രയിച്ചു. കോവിഡ് കാലത്ത് ഐ.ബി.എസിന്റെ ആന്വൽ റെക്കറിങ്‌ റവന്യൂ വർധിക്കുകയാണുണ്ടായത്.

  പുതിയകാലത്ത് റിക്രൂട്ട്‌മെന്റ് കുറയുകയാണല്ലോ
ഐ.ബി.എസിന്റേത് സ്ഥിരതയുള്ള വളർച്ചയാണ്. റിക്രൂട്ട്‌മെന്റ്‌ കുറയുന്നതെന്തെന്നാൽ എല്ലാ കമ്പനികളം അവരുടെ ഉത്പാദനക്ഷമത വർധിപ്പിക്കാനാണ് ശ്രമിക്കുന്നത്. ജീവനക്കാരെ കഠിനാധ്വാനികളാക്കുന്നതിനെക്കാൾ എങ്ങനെ അവരെ സ്മാർട്ടായി ജോലിചെയ്യുന്നവരാക്കാം എന്നാണു നോക്കുന്നത്. തൊഴിലാളികളുടെ എണ്ണം വർധിപ്പിച്ചുള്ള വളർച്ചയ്ക്കപ്പുറമുള്ള വളർച്ചയാണ് കമ്പനികളുടെ ലക്ഷ്യം. അങ്ങനെവരുമ്പോൾ നിർമിതബുദ്ധിയും മെഷീൻ ലേണിങ്ങും ഒക്കെവെച്ച് ഉത്‌പാദനക്ഷമത വർധിപ്പിക്കാൻ നോക്കും. പുതിയ റിക്രൂട്ട്‌മെന്റുകൾ ഉണ്ടായില്ലെങ്കിലും ജീവനക്കാരുടെ കാര്യക്ഷമത വർധിപ്പിക്കാനും അവർക്ക് ഉയർന്ന ശമ്പളം നൽകാനുമാകും. ഐ.ബി.എസിന്റെ കാര്യത്തിൽ അടുത്ത സമയത്ത് റിക്രൂട്ട്‌മെന്റ് നടന്നില്ലെന്നുവെച്ച് വരുമാനത്തിൽ കുറവുണ്ടായിട്ടില്ല. 

2015-2020 വരെ ഇന്ത്യൻ ഇൻഡസ്ട്രിയുടെ വളർച്ച 7.5 ശതമാനമാണ്. 2020-2025 വരെ അത് 12.5 ശതമാനമായി വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് എല്ലാരംഗത്തും ഡിജിെറ്റെസേഷൻ സാധ്യമാക്കി. ഈ സാങ്കേതികതകൾ നമുക്ക് നേരത്തേ ഉണ്ടായിരുന്നെങ്കിലും അത് സ്വീകരിക്കുന്നത് ഇപ്പോൾ വേഗത്തിലായി. കോവിഡ് അതിനു വഴിയൊരുക്കുകയായിരുന്നു. കൂടുതൽ സാങ്കേതികതകൾ സ്വായത്തമാക്കാൻ എല്ലാ കമ്പനികളും പണം കൂടുതൽ ചെലവാക്കുകയാണ്. ഐ.ടി. കമ്പനികൾ മാത്രമല്ല, എല്ലാ കമ്പനികളും കോവിഡനന്തരകാലത്ത് സാങ്കേതികതയിലൂന്നി പ്രവർത്തിക്കുന്നവയാകും.

  ഐ.ബി.എസിന്റെ ഏറ്റെടുക്കലിൽ ഭൂരിഭാഗവും വിദേശ കമ്പനികളായതെന്തുകൊണ്ട്?
 നമ്മൾ ഒരു പ്രോഡക്ട് കമ്പനിയായതിനാൽ ബിസിനസ് ഡൊമൈൻ നോളജാണ് ആവശ്യം. ആവശ്യത്തിന് ഡൊമൈൻ നോളജുള്ള കമ്പനികളെയാണ് ഏറ്റെടുക്കുന്നതിനായി കണ്ണുവെക്കുന്നത്. ഒരു ഏറ്റെടുക്കൽ നടക്കുമ്പോൾ അതു വളർച്ചയെ ത്വരപ്പെടുത്തും. കാരണം, നമ്മൾ ഒരു ഡൊമൈൻ ടെക്‌നോളജികൂടി കൂട്ടിച്ചേർത്തുകഴിഞ്ഞു. അത്തരം കമ്പനികളെയാണ് ഐ.ബി.എസ്. ഏറ്റെടുത്തത്. 2002-ൽ ടോപ് എയറിനെയാണ്‌ ആദ്യം ഏറ്റെടുത്തത്. ആഗോള സാന്നിധ്യവും ആഗോള മികവും പ്രത്യേകിച്ച് ഐ.പി., ഡൊമൈൻ നോളജും തന്നെയാണ് ഏറ്റെടുക്കലിനുള്ള തന്ത്രം.

 വീട്ടിലിരുന്നുള്ള ജോലി ഉത്പാദനക്ഷമതയെ ബാധിച്ചിട്ടുണ്ടോ
 ഞങ്ങൾക്ക് അത് ഉത്‌പാദനക്ഷമത കുറച്ചിട്ടില്ല. ഇത് മറ്റൊരുരീതിയിലുള്ള ജോലിസംവിധാനമായതിനാൽ ജീവനക്കാർ കൂടുതൽ സമയം ജോലി ചെയ്യുന്നുണ്ടാകാം. ജീവനക്കാർക്ക് എവിടെയിരുന്നും ജോലിചെയ്യാനാകുന്നതിന് സജ്ജമാക്കുകയെന്നാണ് ഇന്ന് ലോകത്തിലെ എല്ലാ കമ്പനികളും ശ്രമിക്കുന്നത്. 70-80 ശതമാനം പേർ ഓഫീസിലെത്തി ജോലിചെയ്യണമെന്നാണ് ഞങ്ങൾ കരുതുന്നത്. അതിന് ഒരുപാടു ഗുണമുണ്ട്. അവർ ഓഫീസുകളിൽ വരാതിരിക്കുന്നതും അവർക്കു പ്രശ്നമാണ്. നിലവിലെ സാഹചര്യം നമുക്ക് മനസ്സിലാക്കാം. എന്നാൽ, അവർ ഓഫീസുകളിലേക്ക് എത്തുന്നതും അവരുടെ സുഹൃത്തുക്കളുമായും സഹപ്രവർത്തകരുമായും ആശയവിനിമയം നടത്തുന്നതിനും അതിന്റേതായ ചില ഗുണങ്ങളുണ്ട്.

 ഐ.ബി.എസ്. വിജയരഹസ്യം
 രണ്ടുകാര്യം പറയാം. ഒന്ന് വ്യക്തമായ കാഴ്ചപ്പാട്. രണ്ടാമത്തേത് ഐ.ബി.എസിലെ ജീവനക്കാർ. ഞങ്ങൾ എന്താണു ചെയ്യേണ്ടതെന്നു വ്യക്തമായി അറിയാമായിരുന്നു. അതുപോലെ എന്തുചെയ്യരുതെന്നതും മനസ്സിലാക്കിയിരുന്നു. കമ്പനിയുടെ സംസ്കാരവും മൂല്യങ്ങളും വിജയത്തിന് ഏറെ സഹായിച്ചു. ഐ.ബി.എസ്. എപ്പോഴൊക്കെ ഒരു ഉപഭോക്താവുമായി ബന്ധപ്പെട്ടുവോ അപ്പോഴൊക്കെ കോംപ്ലിമെന്റിങ്‌ ആയ കമന്റുമാത്രമാണ് അവരിൽനിന്ന് എനിക്കു കേൾക്കാനായത്. അങ്ങനെയൊരു തൊഴിൽസംസ്കാരമാണ് ഐ.ബി.എസ്. വളർത്തിയെടുത്തത്.