കേരളവും ഇതര സംസ്ഥാനങ്ങളും നിരന്തരം ഉന്നയിച്ച ആവശ്യത്തിന്റെ പിന്നാലെയാണ്‌ കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമൻ സംസ്ഥാനങ്ങളുടെ വായ്പപ്പരിധി ഉയർത്തിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്‌. സംസ്ഥാനങ്ങളുടെ ആഭ്യന്തര ഉത്‌പാദനത്തിന്റെ മൂന്നുശതമാനം എന്ന പരിധി അഞ്ചാക്കി ഉയർത്തി.

കേന്ദ്രം വെച്ച നാലു നിബന്ധനകൾ പൂർണമായും നീക്കണമെന്ന്‌ ഇതിനകം തന്നെ കേരളവും ബംഗാളും തമിഴ്‌നാടും ആവശ്യപ്പെട്ടുകഴിഞ്ഞു. കേരളത്തിന്റെ പൊതുകടബാധ്യത 2015-’16 കാലയളവിലെ ഒരുലക്ഷത്തിപതിനാറായിരം കോടിയിൽ നിന്ന്‌ 2020-’21 കാലയളവിൽ രണ്ടുലക്ഷത്തിതൊണ്ണൂറ്റി എണ്ണായിരമായി ഉയർന്നുകഴിഞ്ഞിരിക്കുന്നു. ഇനി അത്‌ വീണ്ടും കൂടും. ഇന്നത്തെ സാഹചര്യത്തിൽ അനിവാര്യം.

പലിശയിനത്തിൽമാത്രം നാം ഒരുവർഷം കൊടുക്കേണ്ടത്‌ ഏകദേശം ഇരുപതിനായിരം കോടി രൂപയാണ്‌. വായ്പപ്പരിധി കൂടുമ്പോൾ ഈ തിരിച്ചടവിന്റെ ബാധ്യതയും പലിശയും കൂടും എന്നുതീർച്ച.

എത്രകാലം ഈ വികലമായ സാമ്പത്തിക മാതൃക കൊണ്ടുനടക്കാമെന്ന്‌ അടിയന്തരമായി ആലോചിക്കണം. അഞ്ചുശതമാനം എന്നുള്ളത്‌ ഏഴോ എട്ടോ ശതമാനം ആക്കിയാൽ തീരുന്നതാണോ നമ്മുടെ സംസ്ഥാനത്തിന്റെ പ്രശ്നം?
കോവിഡിന്‌ മുമ്പുതന്നെ ദൈനംദിന ചെലവുകൾക്ക്‌ വഴിമുട്ടിനിൽക്കുന്ന സ്ഥിതിയിൽ ആയിരുന്നു നമ്മുടെ സംസ്ഥാനം. ഇത്‌ ഒരു സർക്കാരിന്റെയോ ധനമന്ത്രിയുടെയോ പിടിപ്പുകേടല്ല.  സംസ്ഥാന ധനകാര്യ മന്ത്രിമാരിൽ മുൻപന്തിയിൽത്തന്നെ സ്ഥാനമുള്ള ഒരു ധനമന്ത്രിയാണ്‌ ഇന്ന്‌ കേരളത്തിലുള്ളത്‌.

 ധനക്കമ്മി ശതമാനം ഒരു അനുപാതമാണ്‌; കമ്മിയും ആഭ്യന്തര ഉത്‌പാദനവും തമ്മിൽ. ഉത്‌പാദനം കൂടിയാൽ ഈ അനുപാതം നമുക്ക്‌ നിയന്ത്രണവിധേയമാക്കാം. വളർച്ചയ്ക്കുവേണ്ടി സർക്കാരിന്റെ കുറെ നല്ലനടപടികൾ ഉണ്ടായിട്ടുണ്ടെങ്കിലും നമ്മൾ ഇപ്പോഴും ഏറെ പിറകിലാണ്‌. വളർച്ചനിരക്കിൽ 26-ാം സ്ഥാനത്ത്‌ (ഗ്രാഫ്‌ കാണുക).

വേണ്ടത്‌ ഘടനാപരമായ മാറ്റം
പക്ഷേ, പരമ്പരാഗതമായി നാം തുടർന്നുവന്ന വികലമായ ഒരു സാമ്പത്തിക മാതൃകയുടെ ഫലമാണ്‌ കേരളത്തിന്റെ ഇന്നത്തെ അവസ്ഥ. മദ്യവിൽപ്പന പ്രധാന വ്യവസായമായി നടത്തുന്ന ഒരു സർക്കാരിന്റെ സ്ഥിതിവിശേഷം ഒന്നു ആലോചിക്കുക. കേരളീയർ കൂടുതൽ കുടിക്കട്ടെ, അങ്ങനെ നമ്മുടെ വരുമാനം വളരട്ടെ എന്ന സ്ഥിതിയിൽനിന്ന്‌ ഘടനാപരമായ ഒരു മാറ്റം അനിവാര്യമാണ്‌.

അവിടെയാണ്‌ കേന്ദ്രം നിർദേശിച്ചിട്ടുള്ള നാല്‌ നിബന്ധനകളിൽ ഒരെണ്ണം സുപ്രധാനമാവുന്നത്‌. സുഗമമായി ബിസിനസ്‌ നടത്താനുള്ള സൂചികയിൽ കഴിഞ്ഞ കണക്കെടുപ്പിൽ കേരളം പിറകോട്ടാണ്‌ പോയത്‌-പതിനെട്ടിൽനിന്ന്‌  ഇരുപത്തിയൊന്നിലേക്ക്‌, മൂന്നുവർഷംകൊണ്ട്‌. സംസ്ഥാനത്തെ തന്നെ പ്രമുഖരായ വ്യവസായികൾ- ചിറ്റിലപ്പിള്ളിയടക്കം-അവരുടെ ഇനിയുള്ള മുതൽമുടക്ക്‌ സംസ്ഥാനത്തിന്റെ വെളിയിൽ നടത്തുന്നു.

സംസ്ഥാനസർക്കാർ കിണഞ്ഞു പരിശ്രമിച്ചിട്ടും ആഭ്യന്തര ഉത്‌പാദനം ഗണ്യമായി വർധിക്കാത്തതുകൊണ്ട്‌ മദ്യവും ലോട്ടറിയും നടത്തിയാണ്‌ രാജ്യത്തെ ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനം നിത്യനിദാന ചെലവുകൾക്ക്‌ പണം കണ്ടെത്തുന്നത്‌. കുറവ്‌ നികത്താൻ വായ്പയും. കോവിഡിന്റെ പശ്ചാത്തലത്തിലെങ്കിലും പ്രായോഗികവും അനിവാര്യവുമായ മാറ്റങ്ങൾ നാം വരുത്തിയില്ലെങ്കിൽ ഇനി എന്നാണ്‌ നാം മാറുക. മുതലാളിത്തത്തിന്റെ കരാളഹസ്തങ്ങൾ എന്നൊക്കെ പറയാൻ സുഖമുണ്ടെങ്കിലും അമേരിക്കൻ കുത്തകയായ ഫെയ്‌സ്‌ബുക്കും വാട്‌സാപ്പും ഗൂഗിളും നാം യഥേഷ്ടം ഉപയോഗിക്കുന്നു എന്ന്‌ മറക്കാതിരിക്കുക. ഡെങ്‌ സിയാവോ പിങ്ങിന്റെ പ്രായോഗിക സോഷ്യലിസം എന്ന തത്ത്വമാണ്‌ കമ്യൂണിസ്റ്റ്‌ ചൈനയെപ്പോലും ഇന്നത്തെ സ്ഥിതിയിൽ എത്തിച്ചത്‌ എന്ന്‌ നാം ഓർക്കുക.

വായ്പയെടുക്കലിന്റെ രീതി
രണ്ടാമത്തെ കാര്യം നമ്മുടെ വായ്പയെടുക്കലിന്റെ രീതിതന്നെ പുതിയ ഒരു സമീപനത്തിലേക്ക്‌ നീങ്ങേണ്ടിയിരിക്കുന്നു. ഇക്കഴിഞ്ഞ മാസങ്ങളിൽ കേരളം എടുത്ത വായ്പകൾക്ക്‌ കൊടുത്ത പലിശ എത്രയാണെന്ന്‌ ഒന്നു ചാർട്ടിൽ നോക്കുക.

എത്രത്തോളം വായ്പയുടെ കാലാവധി നീളുന്നുവോ അത്രയും അധികപലിശ നാം കൊടുക്കുന്നു. സംസ്ഥാനങ്ങളുടെ ബാങ്കർ ആയ റിസർവ്‌ ബാങ്ക്‌ ഒരു വ്യവസ്ഥയും വായ്പക്കാലയളവ്‌ സംബന്ധിച്ച്‌ നിഷ്കർഷിച്ചിട്ടില്ല. അത്‌ സംസ്ഥാനങ്ങൾക്ക്‌ തീരുമാനിക്കാം. നാം പറയുന്ന കാലയളവിലേക്ക്‌ വായ്പയെടുക്കാൻ റിസർവ്‌ബാങ്ക്‌ നമ്മെ സഹായിക്കുന്നു. അത്രയേ ഉള്ളൂ.

അപ്പോൾ കുറെക്കൂടി കാര്യക്ഷമമായ, സ്മാർട്ടായ വായ്പയെടുക്കൽ-ഇപ്പോൾ എന്തായാലും ഹ്രസ്വകാല വായ്പ എടുക്കുക, പലിശഭാരം കുറയ്ക്കുക-അടിയന്തരമായി ചെയ്യേണ്ടതാണ്‌. അല്ലെങ്കിൽ കൂനിന്മേൽ കുരുപോലെയാവും നമ്മുടെ പലിശഭാരം. കൂടാതെ, വിഖ്യാതമായ കേരള മോഡലിന്‌ വ്യാവസായിക, കച്ചവട, കൃഷി മേഖലകളിൽ ഒരു പുത്തൻസമീപനവും വേണം; പ്രത്യയശാസ്ത്രത്തിന്റെ നിഘണ്ടുവിൽനിന്ന്‌ ഒന്ന്‌ വ്യതിചലിച്ചുകൊണ്ട്‌.

(പൊതുമേഖലാ ബാങ്കിലെ ഉയർന്ന ഉദ്യോഗസ്ഥനാണ്‌ ലേഖകൻ)

Content Highlight: How long is the distorted economic model?