ആഗോളതാപനത്തിന്റെ തിക്തഫലങ്ങൾ നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലെ വർധമാന വേഗത്തിൽ കാർബൺ ബഹിർഗമനം അടുത്തൊരു രണ്ടുപതിറ്റാണ്ടിലും ഉയർന്നാൽ ആഗോള താപനം രണ്ടു ഡിഗ്രി സെൽഷ്യസ് ഉയരും. ഇവിടെ നമ്മുടെ തലമുറയ്ക്കുതന്നെ വാസം സാധ്യമല്ലാതായിത്തീരും. 1.5 ഡിഗ്രി സെൽഷ്യസിൽ എങ്ങനെ വർധനയെ പിടിച്ചുകെട്ടാം എന്നതു ചർച്ചചെയ്യാനാണ് ഗ്ലാസ്ഗോ സമ്മേളനം.

ആരാണ് കുറ്റവാളി?
ഇന്ന് കാർബൺ ഏറ്റവും കൂടുതൽ സൃഷ്ടിക്കുന്ന രാജ്യങ്ങളെ എടുത്താൽ ഒന്നാംപ്രതി ചൈനയാണ്. ആഗോള കാർബൺ ബഹിർഗമനത്തിന്റെ 28 ശതമാനം ചൈനയിൽനിന്നാണ്. 15 ശതമാനം വിഹിതമുള്ള അമേരിക്കയാണ് രണ്ടാംപ്രതി. ഏഴു ശതമാനം വിഹിതത്തോടെ ഇന്ത്യ മൂന്നാം സ്ഥാനത്തുണ്ട്. ഇത്തരം കണക്കുകൾ വികസിത രാജ്യങ്ങളെയും വികസ്വര രാജ്യങ്ങളെയും ഒരേപോലെ കുറ്റക്കാരാക്കാനുള്ള പ്രചാരണങ്ങളുടെ ഭാഗമാണ്.
എല്ലാ മനുഷ്യർക്കും പ്രകൃതിയിൽ തുല്യ അവകാശമല്ലേ. അതുകൊണ്ട് കണക്കുപറയുമ്പോൾ ഓരോ രാജ്യത്തിന്റെയും ജനസംഖ്യകൂടി കണക്കിലെടുക്കേണ്ടേ? അങ്ങനെ നോക്കിയാൽ ഇന്ത്യയുടെ പ്രതിശീർഷ ബഹിർഗമനം 2.6 ടൺ മാത്രമാണ്. അമേരിക്കയുടേത് 18 ടണ്ണും ചൈനയുടേത് 8.2 ടണ്ണുമാണ്.
 ശിക്ഷയെന്ത്?
‘പല്ലിനു പല്ല്, മുക്കിനു മൂക്ക്’ എന്ന പഴയ നിയമം നമുക്ക് ഉപേക്ഷിക്കാം. കാരണം, മനുഷ്യരാശിയുടെ നിലനിൽപ്പുതന്നെ അപകടത്തിലാണ്. വിനാശകരമായ കൽക്കരി, എണ്ണ, ആധുനിക നിർമാണരീതികൾ, അനിയന്ത്രിത കൃത്രിമ കൃഷിരീതികൾ തുടങ്ങിയവ നമ്മളും കുറയ്ക്കണം. പക്ഷേ, അതിനു വലിയ ചെലവുവരും. ആ നഷ്ടം വികസിതരാജ്യങ്ങൾ നികത്തണം. അവരുടെ കാർബൺ ബഹിർഗമനം അടിയന്തരമായി കുറയ്ക്കണം. ഇതാണ് അവർക്കുള്ള ശിക്ഷ. ക്ലൈമറ്റ് ആക്‌ഷൻ ഫണ്ട് കോപ്പൻഹേഗനിൽ 2009-ൽ ചേർന്ന കാലാവസ്ഥാ വ്യതിയാന സമ്മേളനം ഇതിനായി 100 ബില്യൺ ഡോളറിന്റെ ഫണ്ട് പ്രഖ്യാപിച്ചതാണ്. ഇതു തികച്ചും അപര്യാപ്തമാണ്. എന്നാൽ, ഇതിനെക്കുറിച്ചുപോലും ഗ്ലാസ്‌ഗോയിലും വാചകമടിയല്ലാതെ മൂർത്തമായ തീരുമാനമൊന്നും ഉണ്ടായില്ല.
 കാർബൺ ക്രെഡിറ്റ്
കാലാവസ്ഥാ ആക്‌ഷൻ ഫണ്ട് വർധിപ്പിക്കുന്നതിനോടൊപ്പം, റിയോ സമ്മേളനം മുന്നോട്ടുവെച്ച കാർബൺ ക്രെഡിറ്റ് എന്ന ആശയവും പ്രാവർത്തികമാക്കണം. മനുഷ്യപ്രവർത്തനത്തിന്റെ ഫലമായി സൃഷ്ടിക്കപ്പെടുന്ന കാർബൺ വലിച്ചെടുക്കാൻ പ്രകൃത്യാ ചില സംവിധാനങ്ങളുണ്ട്. ഭൂമിയിലെ സസ്യങ്ങളും സമുദ്രത്തിലെ പ്ലാങ്ങ്‌ടണും കാർബൺ വലിച്ചെടുക്കുന്നവയാണ്. ഇവയെ പോഷിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതാണ്‌ കാർബൺ ക്രെഡിറ്റ്.വനങ്ങൾ നട്ടുപിടിപ്പിച്ച് കൂടുതൽ കാർബൺ വലിച്ചെടുക്കുന്നതിനും ഏർപ്പാടുണ്ടാക്കുകയാണെങ്കിൽ അതു കൃത്യമായി ഡോക്യുമെന്റ് ചെയ്ത് അന്താരാഷ്ട്ര അംഗീകാരം വാങ്ങണം. അനുവദനീയ പരിധിയെക്കാൾ കൂടുതൽ കാർബൺ ബഹിർഗമനം അനിവാര്യമായ കമ്പനികളും രാജ്യങ്ങളും വിലനൽകി കാർബൺ ക്രെഡിറ്റ് വാങ്ങണം. എന്നാൽ, അമേരിക്കയുടെ നിസ്സഹകരണംമൂലം ഇതു നടപ്പായിട്ടില്ല.പുതിയ ഒന്നിനെക്കുറിച്ചുകൂടി ആലോചിക്കാം. ഇനി അനുവദനീയമായ ആഗോള കാർബൺ ബഹിർഗമനം ആളോഹരി അടിസ്ഥാനത്തിൽ വിഭജിക്കുക. കൂടുതൽ കാർബൺ അനിവാര്യമായ വികസിതരാജ്യങ്ങൾ വില കൊടുത്ത്‌ ഇതിനുള്ള സാവകാശം അവികസിത രാജ്യങ്ങളിൽനിന്നു വാങ്ങണം.
 മൂന്നാംലോക ഐക്യം
ഇതിനൊക്കെയുള്ള കൂട്ടായ വിലപേശലിനു മൂന്നാംലോക രാജ്യങ്ങളെ ഒരുമിച്ച് അണിനിരത്തണം. പക്ഷേ, നെഹ്രുവിന്റെയും നാസറിന്റെയും സുക്കാർണോയുടെയും മറ്റും റോൾ ഏറ്റെടുക്കാൻ ഇന്ന് ആരുമില്ല. ശക്തവും കൂട്ടായതുമായ വിലപേശൽ നടത്തുന്നതിനോടൊപ്പം ഇന്നത്തെ ഗുരുതരമായ സ്ഥിതി കണക്കിലെടുത്ത് നാംതന്നെ പല കാര്യങ്ങളും ചെയ്യാൻ മുൻകൈയെടുക്കേണ്ടതുണ്ട്. അവ പലതും വികസനവിരുദ്ധമല്ലെന്നു മാത്രമല്ല, വികസനത്തിന് അത്യന്താപേക്ഷിതവുമാണ്.
 മരംനടൽ
വനനശീകരണം തടയണം, വനത്തെ പോഷിപ്പിക്കണം. ഇതിനു സമഗ്രപരിപാടി വേണം. വരൾച്ചയും വെള്ളപ്പൊക്കവും തടയാൻ അനിവാര്യമാണിത്. വനത്തിൽ മാത്രമല്ല, നാട്ടിലും വേണം കൂടുതൽ മരങ്ങൾ. വർഷംതോറും ഒരുകോടി മരങ്ങൾവീതം നടാനുള്ള കേരളസർക്കാർ പദ്ധതിയുടെ പ്രസക്തി ഇവിടെയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ പുരയിടങ്ങളിൽ ഫലവൃക്ഷക്കൃഷിയിലേക്കു നീങ്ങേണ്ടതുണ്ട്. അനുയോജ്യ വിളകൾ നിർണയിച്ച് അവയുടെ നല്ല നടീൽവസ്തുക്കൾ ഉറപ്പുവരുത്തണം. പ്ലാന്റേഷനിൽ വിളകളുടെ എണ്ണത്തിൽ ചിലയിനം ഫലവൃക്ഷങ്ങളെക്കൂടി നിബന്ധനയ്ക്കു വിധേയമായി ഉൾക്കൊള്ളിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതുണ്ട്.
 ട്രീ ബാങ്കിങ്‌
കാലാവസ്ഥാ സമ്മേളനത്തിലെ, മരത്തിന്റെ സാമൂഹികമൂല്യവും തലമുറനേട്ട വ്യത്യാസങ്ങളെയും കുറിച്ചുള്ള ചർച്ചകൾ വായിച്ചപ്പോഴാണ് മീനങ്ങാടി പഞ്ചായത്തിൽ പരീക്ഷിച്ച ട്രീ ബാങ്കിങ്‌ എത്ര ദീർഘ കാഴ്ചയോടെയുള്ള ഒന്നായിരുന്നുവെന്നു തിരിച്ചറിയുന്നത്. ദീർഘകാല മരങ്ങൾ വലിയതോതിൽ നട്ടുവളർത്തുന്നതുകൊണ്ട് ഇന്നത്തെ തലമുറയ്ക്ക് നേട്ടം ഒന്നുമില്ല. അനന്തരാവകാശികൾക്കാണു നേട്ടം. അതിൽ ഒരുഭാഗം ഇന്നു നട്ടുവളർത്തുന്നവർക്കായി നൽകാൻ എന്താണു മാർഗം? അതിന് ഉത്തരമാണ് ട്രീ ബാങ്കിങ്‌. നട്ടുവളർത്തുന്ന മരം ഈടായി ഇന്നു വായ്പനൽകുക. മരം വെട്ടുന്നകാലത്തു പലിശസഹിതം തിരിച്ചുനൽകിയാൽ മതിയാകും. കാലാവസ്ഥാഫണ്ടിൽ ഒരുഭാഗം ഇത്തരം സ്കീമുകൾക്കായി മാറ്റിവെക്കാനാവണം. ഇതിനായി ബാങ്കിങ്‌ മാർഗനിർദേശങ്ങളിൽ മാറ്റംവരുത്തണം.
കത്തിക്കലല്ല, കമ്പോസ്റ്റിങ്‌
വേസ്റ്റ്‌ ടു എനർജി അനിവാര്യമായ ചില വലിയ നഗരങ്ങളുണ്ടാകും. എന്നാൽ, ജൈവമാലിന്യം മുഴുവൻ വലിയ സബ്‌സിഡിനൽകി എനർജിയാക്കി മാറ്റാമെന്ന ആശയം തെറ്റാണ്. ഒന്ന്, ഭൂമിയിൽ നിന്നെടുത്തതു ഭൂമിയിലേക്കു തിരിച്ചുചെല്ലണം. അല്ലാത്തപക്ഷം നമ്മുടെ ഭൂമി ഊഷരമായിപ്പോകും. ജൈവ കമ്പോസ്റ്റിന്റെ അഭാവത്തിൽ കൃത്രിമരാസവളങ്ങളെ കൂടുതലായി ഉപയോഗിക്കാൻ നിർബന്ധിതരാകും. രാസവള ഉപയോഗം കുറയ്ക്കാനുള്ള മാർഗങ്ങൾ ആരായാൻ നാം ബാധ്യസ്ഥരാണ്. രണ്ട്, കമ്പോസ്റ്റ് വളം കാർബൺ മണ്ണിലുറപ്പിക്കാൻ സഹായിക്കുന്നതാണ്. പ്രകൃത്യാതന്നെ മണ്ണിൽ കാർബൺ ന്യൂട്രലൈസ് ചെയ്യാൻ കമ്പോസ്റ്റ് സഹായിക്കും.
മൂന്ന്, കത്തിക്കുമ്പോഴോ ചീഞ്ഞളിയുമ്പോഴോ ഉണ്ടാകുന്ന ഹരിതഗൃഹ വാതകങ്ങളെ ഒഴിവാക്കാൻ സഹായിക്കും. ഉറവിടമാലിന്യ സംസ്കരണമാണ് കരണീയം. കടൽ-കായൽ മലിനീകരണം തടയുന്നതിനും സമയബന്ധിതപരിപാടി വേണം.
 ഊർജദുർവ്യയം ഒഴിവാക്കൽ 
ഊർജ ഉപഭോഗം വർധിക്കുന്നതു തടയാനാവില്ല. ആഗോള ഊർജ ഉപഭോഗ ശരാശരിയെക്കാൾ എത്രയോ താഴെയാണ് നാം ഇപ്പോഴും. പക്ഷേ, ദുർവ്യയം ഒഴിവാക്കാനാവണം.
ഉദാഹരണത്തിന് ഇലക്‌ട്രിസിറ്റി ബോർഡിന്റെ പൂർണ ചെലവിൽ കേരളത്തിലെ എല്ലാ ഫിലമെന്റ് വിളക്കുകളും എൽ.ഇ.ഡി.യായി മാറ്റിയിട്ടാലും ബോർഡിനു ലാഭമാണ് എന്നത് ബജറ്റ് പ്രസംഗങ്ങളിൽത്തന്നെ സമർഥിച്ചിട്ടുള്ള കാര്യമാണ്. സ്ഥാപനങ്ങളെ ഊർജ ഓഡിറ്റ് നടത്തി വാണിജ്യാടിസ്ഥാനത്തിൽ ലാഭകരമായി ഊർജദുർവ്യയം ഒഴിവാക്കാനാവും. പക്ഷേ, നാം വളരെയേറെയൊന്നും മുന്നോട്ടുപോയിട്ടില്ല. ഇതുപോലെത്തന്നെയാണ് പുരസൗരോർജ ഉത്‌പാദനത്തിന്റെ സ്ഥിതിയും.

കാർബൺ ന്യൂട്രൽ വയനാട്
എത്ര ശ്രമിച്ചാലും അടുത്തൊന്നും കേരളത്തെ കാർബൺ ന്യൂട്രലാക്കി മാറ്റാനാവില്ല. ഇന്ത്യതന്നെ 2070-ലാണ് ഈ ലക്ഷ്യം മുന്നോട്ടുവെച്ചിട്ടുള്ളത്. പക്ഷേ, വയനാടുപോലുള്ള പ്രദേശങ്ങൾ കാർബൺ ന്യൂട്രലാക്കുക പ്രായോഗിക ലക്ഷ്യമാണ്. അത്തരമൊരു പദവി വയനാട് കാപ്പിയെ ബ്രാൻഡ് ചെയ്യുന്നതിനും അതുവഴി കൃഷിക്കാരുടെ വരുമാനം ഇരട്ടിയായി ഉയർത്തുന്നതിനും സഹായിക്കും. തണൽ എന്ന സന്നദ്ധസംഘടനയുടെ സഹായത്തോടെ വയനാടിനുള്ള പ്രാഥമിക കണക്കുകൾ തയ്യാറാക്കിയിട്ടുണ്ട്. വിശദമായ പഠനങ്ങൾ തുടർന്നും നടത്താം. പക്ഷേ, പ്രവർത്തനം ഇപ്പോൾത്തന്നെ ആരംഭിക്കണം. ഇതിനുള്ള പരിപാടി മുഖ്യമന്ത്രിതന്നെ തിരഞ്ഞെടുപ്പിനു മുമ്പ്‌ പ്രകാശിപ്പിച്ചതാണ്. ഇതു യാഥാർഥ്യമാക്കി മാറ്റുന്നത് വയനാട്ടിലെ കാർഷികപ്രതിസന്ധി പരിഹരിക്കുന്നതിനും കേരളത്തിന്റെ ആഗോള യശസ്സ് ഉയർത്തുന്നതിനും സഹായിക്കും.