bank1969-ലെ ബാങ്ക് ദേശസാത്‌കരണം ഇന്ത്യൻ ബാങ്കിങ്‌ വ്യവസ്ഥയുടെ അലകുംപിടിയും മാറ്റി കൂടുതൽ ജനകീയവും ജനോപകാരപ്രദവുമായി തീർക്കുകയുണ്ടായി. രാഷ്ട്രനിർമാണപ്രക്രിയയിൽ ബാങ്കുകൾക്ക് സക്രിയമായി പങ്കുവഹിക്കാനാകുമെന്നും കൃഷിക്കും സ്വയംതൊഴിലിനും ഉത്‌പാദന വർധനയ്ക്കും ഉതകുന്ന പദ്ധതികൾക്ക് വായ്പ ലഭ്യമാക്കാമെന്നും അതു തെളിയിച്ചു. എന്നാൽ, ’90-ൽ ആരംഭിച്ച നവലിബറൽ നയങ്ങൾ ബാങ്കുകളുടെ ഉള്ളടക്കത്തിലും സമീപനത്തിലും മൗലികമായ മാറ്റങ്ങൾ ഉണ്ടാക്കി. സാങ്കേതികതയുടെ പ്രയോഗം സൗകര്യങ്ങൾ വർധിക്കുന്നതിന് കാരണമായിട്ടുണ്ട്. എന്നാൽ, ഇടപാടുകാരുടെ അസംതൃപ്തികളും പരാതികളും വർധിച്ചു. ബാങ്ക് ജീവനക്കാരിൽ രൂപപ്പെടാനിടയായ മാനസികസമ്മർദം അവരെ ആത്മഹത്യയിലേക്ക് നയിക്കുന്നതിലെത്തിയിരിക്കുന്നു! ജനങ്ങളുടെ ജീവിതസമ്പാദ്യം ശേഖരിക്കപ്പെടുന്ന ഉറവിടമെന്ന നിലയിൽ ബാങ്കുകളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഭാവമാറ്റങ്ങളെ സമൂഹമൊന്നാകെ ഗൗരവത്തോടെ വിശകലനം ചെയ്യേണ്ടതുണ്ട്.

ബാങ്ക് വായ്പ വിന്യാസത്തിന്റെ ഗതിമാറ്റം
ബാങ്കുകളിൽ സമാഹരിക്കപ്പെട്ട ജനസമ്പാദ്യം കൃഷിക്കും ചെറുകിട ഇടത്തരം സംരംഭങ്ങൾക്കുമായി ചെറിയ വായ്പകളായി അസംഖ്യം കരങ്ങളിലേക്ക് കൈമാറുന്ന ശൈലിയാണ് സ്വീകരിച്ചിരുന്നത്. അങ്ങനെയാണ് സാധാരണ ജനങ്ങളുടെ വരുമാനം വർധിക്കാനും കമ്പോളത്തിന് ഉണർവുണ്ടാക്കാനും മുൻകാലങ്ങളിൽ സാധിച്ചത്. എന്നാൽ, സമീപകാലത്ത് വിശേഷിച്ചും ബാങ്ക് വായ്പകൾ കേന്ദ്രീകരിച്ചിരിക്കുന്നത് വൻകിട കോർപ്പറേറ്റുകളിലാണ്. രാജ്യത്തെ മൊത്തം ബാങ്ക് വായ്പകളിലെ 54 ശതമാനം തുകയും 500 കോടിക്ക് മുകളിൽ വായ്പയെടുത്തവരുടേതാണ്. ഈ സമവാക്യമാറ്റം കാണിക്കുന്നത് സമ്പദ്ഘടനയിൽ ഉത്തേജനം ലഭിക്കുന്നത് മേൽത്തട്ടുകാർക്ക് മാത്രമാണെന്നാണ്. അതിസമ്പന്നരുടെ ദിവസവരുമാനം 2200 കോടി രൂപയെന്നാണ് 2018-ലെ ഓക്സ്ഫാം റിപ്പോർട്ട് പറയുന്നത്. കേന്ദ്രസർക്കാർ നിയോഗിച്ച അർജുൻസെൻ ഗുപ്ത റിപ്പോർട്ട് രേഖപ്പെടുത്തുന്നത് 84 കോടി ഇന്ത്യക്കാരുടെ ദിവസവരുമാനം 20 രൂപയാണെന്നാണ്. പ്രതിദിനം 600 രൂപയെങ്കിലും കൂലി വേണമെന്ന് ആവശ്യപ്പെടുന്നതിന്റെ സാമൂഹികപ്രസക്തി ഇത്തരുണത്തിൽ വർധിക്കുകയാണ്. ഇന്ത്യൻ രാഷ്ട്രശരീരത്തിൽ ദൃശ്യമാകുന്ന സമ്പത്തിന്റെ കേന്ദ്രീകരണവും വർധിച്ചുവരുന്ന അസമത്വവും ഈ നയംമാറ്റത്തിന്റെ പ്രതിഫലനങ്ങളാണ്. രൂക്ഷമായ തൊഴിലില്ലായ്മയും കാർഷിക മുര ടിപ്പും കമ്പോളമാന്ദ്യവും സംഭവിക്കുന്നത് താഴേത്തട്ടിലുള്ള ജനവിഭാഗത്തിന് ജീവിതസന്ധാരണത്തിനായി ധനവിഭവങ്ങൾ ലഭിക്കാത്തതിനാലാണ്. ബാങ്ക് വായ്പകളിലെ ചേരുവകളിൽവന്നിട്ടുള്ള വരേണ്യ പക്ഷപാതിത്വം അതിജീവിക്കാതെ സന്തുലിതമായ രാജ്യവികസനം അസാധ്യമാണ്. 88 ലക്ഷം കോടി രൂപയാണ് ഇന്ത്യയിലെ ആകെ ബാങ്ക് വായ്പ. ഇത് രാജ്യത്തിന്റെ മൊത്തം ജി.ഡി.പി. യുടെ പകുതിയിലധികം വരും.

കുതിച്ചുയരുന്ന കിട്ടാക്കടം
ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം 10 ലക്ഷം കോടി രൂപ കഴിഞ്ഞിരിക്കുകയാണ്. 2015 മാർച്ചിലുണ്ടായിരുന്ന കിട്ടാക്കടമായ 4.37 ലക്ഷം കോടി രൂപയിൽനിന്നാണ് മൂന്നുകൊല്ലം കൊണ്ട് ഈ ഞെട്ടിപ്പിക്കുന്ന വർധനയുണ്ടായിട്ടുള്ളത്. 12 കുത്തകകൾ വരുത്തിയ കിട്ടാക്കടങ്ങൾ 2,55,000 കോടി രൂപയെന്നാണ് റിസർവ് ബാങ്കിന്റെ വെളിപ്പെടുത്തൽ. കിട്ടാക്കടം വർധിക്കുമ്പോൾ ബാങ്കുകൾക്ക് നഷ്ടം വരുന്നു. 2018 മാർച്ചിലെ കണക്കുപ്രകാരം 21 പൊതുമേഖലാ ബാങ്കുകളിൽ, ഇന്ത്യൻ ബാങ്കും വിജയാബാങ്കും ഒഴിച്ചുള്ള 19 ബാങ്കുകളും നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തത്‌ഫലമായിട്ടാണ് ബാങ്കുകളെ സ്വകാര്യവത്‌കരിക്കാനും വിദേശവത്‌കരിക്കാനും തീരുമാനമെടുക്കുന്നത്. ഇത് രാജ്യത്തെ സമ്പദ്‌വ്യവസ്ഥയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് വഴി യൊരുക്കും. കിട്ടാക്കടം പിരിച്ചെടുക്കാൻ കർശനമായ നിയമങ്ങളും മുഖംനോക്കാതെയുള്ള നടപടികളും സ്വീകരിക്കാൻ അധികാരികൾ സന്നദ്ധരാകണം. സർവോപരി ബാങ്ക് വായ്പകൾ അനുവദിക്കുമ്പോൾ പാലിക്കേണ്ട വിശുദ്ധിയും നൈതികതയും സുപ്രധാനമാണ്. നേരത്തേ ബാങ്ക് ശാഖകളിലൂടെ അതത് മാനേജർമാർ വിവേചനത്തോടെ വികേന്ദ്രീകൃതമായിട്ടാണ് വായ്പകൾ നൽകിവന്നിരുന്നത്. എന്നാൽ, പുതിയ നയംമാറ്റത്തെത്തുടർന്ന് വായ്പ തീരുമാനങ്ങളെല്ലാം ഹെഡ്ഡാഫീസിലും വായ്പഹബ്ബുകളിലുമായി കേന്ദ്രീകരിച്ചതോടെ വൻകിട വായ്പകളിൽ അഭയം തേടുന്ന പ്രവണതയുണ്ടായി. നിക്ഷിപ്ത താത്‌പര്യങ്ങൾ ഉരുണ്ടുകൂടുന്ന ഈ സ്ഥിതിവിശേഷത്തെ അഭിമുഖീകരിച്ചില്ലെങ്കിൽ ബാങ്കിങ്‌ രംഗത്തെ പ്രശ്നങ്ങൾ കടുത്ത പ്രതിസന്ധികളിലെത്തുമെന്നത് തീർച്ചയാണ്.

സാങ്കേതികതയുടെ വിപത്തുകൾ
എ.ടി.എം. മുഖാന്തരമുള്ള തട്ടിപ്പുകളും പാസ് വേഡ് കൈക്കലാക്കി നടത്തുന്ന പണാ പഹരണവും മൂലം ഇടപാടുകാർ അക്ഷരാർഥത്തിൽ അങ്കലാപ്പിലാണ്. ഇടയ്ക്കിടെ എ.ടി.എം. കാർഡിന്റെ മോഡലുകൾ മാറുമ്പോൾ ഇടപാടുകാർ പരിഭ്രാന്തിയിലാകുന്നു. തന്മൂലം ഡിജിറ്റൽ ഇടപാടുകളെയെല്ലാം സംശയത്തോടെയും ഭയത്തോടെയും സമീപിക്കുന്നതാണ് സ്ഥിതി. നൂതനമാർഗങ്ങൾ അവലംബിക്കുമ്പോൾ അക്കാര്യം ഇടപാടുകാർക്ക്‌ ഹൃദിസ്ഥമാക്കിക്കുന്നതിൽ വലിയ കുറവുകളാണ് നിലനിൽക്കുന്നത്. ഈ വൈകല്യം തിരിച്ചറിഞ്ഞുകൊണ്ടാണ് വിരുതന്മാരായവർ, വ്യാജ ഇ-മെയിൽ സന്ദേശങ്ങളും ഫോൺവിളികളും മുഖാന്തരം നിഷ്കളങ്കരായ ഇടപാടുകാരിൽനിന്ന് പണംതട്ടിയെടുക്കാൻ ശ്രമിക്കുന്നത്. അതിനാൽത്തന്നെ ആധുനിക ബാങ്കിങ്‌ സങ്കേതങ്ങളെക്കുറിച്ച് ഇടപാടുകാർക്കിടയിലും ജീവനക്കാർക്കിടയിലും ഫലപ്രദമായ തോതിൽ ബോധവത്‌കരണം നടത്താൻ ശാഖാ അടിസ്ഥാനത്തിൽത്തന്നെ പദ്ധതികൾ ഉണ്ടാകേണ്ടതുണ്ട്.

ജീവനക്കാർക്ക് പ്രഷർകുക്കർ ജീവിതം
വൻതോതിലുള്ള മാനസികസമ്മർദത്തിന് അടിമപ്പെട്ടുകൊണ്ടാണ്, പ്രത്യേകിച്ചും ബാങ്ക് ഓഫീസർമാർ, ബാങ്കുകളിൽ ജോലി ചെയ്തുവരുന്നത്. ജോലിസമയക്ലിപ്തത കടലാസിൽ മാത്രമേ നിലനിൽക്കുന്നുള്ളൂ. രാത്രി സമയങ്ങളിലും തുറന്നിരിക്കുന്ന ബാങ്ക് ശാഖകൾ ധാരാളമാണ്. അനുവദിക്കപ്പെട്ട ലീവെടുക്കുന്നത് ശാഖയിലെ ചുറ്റുപാടനുസരിച്ച് മാത്രമേ കഴിയൂ. ഒരിക്കലും നേടാൻ കഴിയാത്ത ടാർജറ്റുകൾ അടിച്ചേൽപ്പിക്കുമ്പോൾ നിർവഹിക്കാൻ കഴിയില്ലെന്നത് തീർച്ചയാണ്. സാമ്പത്തിക രംഗത്തെ മരവിപ്പ്, ജനതയുടെ സമ്പാദ്യശീലം, പ്രദേശത്തിന്റെ സവിശേഷത എന്നിവയൊന്നും പരിഗണിക്കാതെയാണ് ടാർജറ്റ് നൽകാറുള്ളത്. ലക്ഷ്യങ്ങൾ നേടാൻ കഴിതാകുമ്പോൾ ഉന്നത ഉദ്യോഗസ്ഥരിൽനിന്നുള്ള ചീത്തവിളികൾ ഏൽക്കേണ്ടിവരുമ്പോൾ സഹിക്കാനാകാതെ ജോലി ഉപേക്ഷിക്കുന്നവരുണ്ട്. അന്തർമുഖത്വം ബാധിച്ച്, നിരാശാജീവിതം നയിക്കുന്നവർ ആത്മഹത്യയ്ക്കുപോലും തുനിയുന്നു. 200 ബാങ്ക് ജീവനക്കാരെങ്കിലും കഴിഞ്ഞ ഒരു വർഷത്തിനിടയിൽ മാനസിക സമ്മർദംകൊണ്ട് ആത്മഹത്യചെയ്തുവെന്നാണ് അനൗദ്യോഗിക കണക്ക്.

മാത്രവുമല്ല, കേന്ദ്ര,സംസ്ഥാന സർവീസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വേതനഘടനയും വളരെ പിറകിലാണ്. തന്മൂലം ഏറ്റവും അനാകർഷകമായ ഒന്നായി ബാങ്കുജോലി മാറുന്നതായി കാണാം. വിശിഷ്ടമായ ബുദ്ധി വൈദഗ്ധ്യവും കാര്യക്ഷമതയുമുള്ള മനുഷ്യവിഭവങ്ങളെ തന്മൂലം ബാങ്കിങ്‌ രംഗത്തേക്ക് ആകർഷിക്കാനാകുന്നില്ല. ബാങ്കിങ്‌ രംഗത്തെ പ്രയാണത്തിന് ഈ സാഹചര്യം തടസ്സം സൃഷ്ടിക്കും. ഒരു വ്യവസായത്തിന്റെ ആന്തരികപ്രശ്നങ്ങളെ ശരിയാംവിധം വിശകലനം ചെയ്ത് പൊതുജനമധ്യത്തിലും അധികാരികളിലും എത്തിക്കേണ്ട ഉത്തരവാദിത്വം അവിടത്തെ അധ്വാനശക്തിക്ക് തന്നെയാണ്. ബാങ്ക് ദേശസാത്‌കരണം യാഥാർഥ്യമായത് മറ്റു സാമൂഹികകാരണങ്ങളോടൊപ്പം ജീവനക്കാരുടെ ശക്തമായ ഇടപെടൽ കൊണ്ടുകൂടിയാണ്. രാജ്യത്തെ ഏറ്റവും തന്ത്രപ്രധാനമായ ഒരു മേഖലയെന്ന നിലയിൽ ബാങ്കിങ്‌ രംഗത്തെ ഇന്നത്തെ ദൗർബല്യങ്ങൾക്ക് അറുതിവരുത്തി രാജ്യപുരോഗതിക്കും ജനനന്മയ്ക്കുമായി ബാങ്കുകളെ ഉപയോഗിക്കാൻ ജീവനക്കാരുടെയും ഇടപാടുകാരുടെയും കൂട്ടായ്മ അനിവാര്യമായിരിക്കുന്നു.

സർവീസ് ചാർജുകൾ ഭാരമായി, ബാങ്ക് നിക്ഷേപം അനാകർഷകമായി

:മാസത്തിൽ മൂന്നുപ്രാവശ്യത്തിലധികം അക്കൗണ്ടിൽ പണം നിക്ഷേപിച്ചാൽ ഫീസ് വസൂലാക്കുന്ന രീതി, വിഭവദാരിദ്ര്യം അനുഭവിക്കുന്ന ഒരു രാജ്യത്ത് അഭിലഷണീയമല്ല. ജനങ്ങളുടെ സമ്പാദ്യശീലത്തെ നിരുത്സാഹപ്പെടുന്ന സമീപനമാണിത്. എ.ടി.എം. എന്ന സാങ്കേതികവിദ്യ ജനങ്ങളുടെ ഒരു ശീലമായി മാറിക്കഴിഞ്ഞു. അപ്പോഴാണ് മാസത്തിൽ അഞ്ചുപ്രാവശ്യത്തിൽ കൂടുതൽ എ.ടി.എം. ഉപയോഗിച്ചാൽ, ചാർജ് ഈടാക്കുമെന്ന നിബന്ധന നിലവിൽവരുന്നത്. കൂടുതൽ പണം കൈവശം സൂക്ഷിക്കാൻ പ്രേരിപ്പിക്കുന്ന നയമാണിത്. സ്വാഭാവികമെന്നോണം, ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നതിൽനിന്ന് ഇടപാടുകാർ പിൻതിരിയുകയും ഇതര സമ്പ്രദായങ്ങളിലേക്ക് തങ്ങളുടെ മിച്ച സമ്പാദ്യം വിന്യസിക്കാനുള്ള വഴികൾ ആരായുകയും ചെയ്യുന്നു. മാത്രവുമല്ല, ബാങ്കുകളിലെ നിക്ഷേപത്തിന് നൽകിവരുന്ന പലിശനിരക്ക് സാരമായി കുറയുന്നതായും കാണാം. ബാങ്ക് പലിശയെ ഒരു വരുമാനമായി കാണുന്ന പെൻഷൻകാരടക്കമുള്ളവർ തങ്ങളുടെ പണം മറ്റുമാർഗങ്ങളിലേക്ക് തിരിച്ചുവിടുന്നത് ഈയൊരു പശ്ചാത്തലത്തിലാണ്. എന്നിട്ടും ബാങ്ക് നിക്ഷേപം 120 ലക്ഷം കോടി രൂപയിൽ എത്തിയിട്ടുള്ളത്, ഇന്ത്യൻ ബാങ്കിങ്‌ വ്യവസ്ഥയുടെ ചൈതന്യത്തെയാണ് ചൂണ്ടിക്കാട്ടുന്നത്. നാടിന്റെ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ മൂന്നിൽ നാലുഭാഗം വരുന്ന ഈ തുകയെ ഫലപ്രദമായി വിനിയോഗിക്കാനായാൽ രാജ്യത്തിന് വൻ പുരോഗതി സാധ്യമാക്കാമെന്നാണ് അനുഭവം.

(ബെഫി കേരളയുടെ പ്രസിഡന്റാണ്‌ ലേഖകൻ)