പല നിലയ്ക്ക്‌ പലരും നമ്മുടെ എഴുപത്തിയഞ്ചുതികഞ്ഞ ജനാധിപത്യത്തെ വിലയിരുത്തിക്കൊണ്ടിരിക്കയാണ്. കാർട്ടൂണിന്റെ പേരിലും ആവാം. സംഗതി വിമർശനകല ആയതുകൊണ്ട് പ്രത്യക്ഷത്തിൽ യുക്തിയുണ്ട്. സ്വതന്ത്രഭാരതത്തിൽ എടുത്തുപറയാവുന്ന കാർട്ടൂണിസ്റ്റുകൾ ഉണ്ടായിട്ടുണ്ട്. തലമുറകളായി കണ്ണിമുറിയാതെ ഇംഗ്ലീഷിലും ചില  ഭാഷാപത്രങ്ങളിലെങ്കിലും കാർട്ടൂൺ തുടരുന്നുമുണ്ട്. ഇതുതന്നെ സ്വാതന്ത്ര്യത്തിന്റെ ലക്ഷണമായി കാണാം; അലസനോട്ടത്തിൽ.

നമ്മെക്കാൾ ഒരുദിവസം നീണ്ട സ്വയംഭരണപാരമ്പര്യമുള്ള പാകിസ്താനിലും നല്ല കാർട്ടൂണിസ്റ്റുകൾ കുറവല്ല. അവിടെ സജീവ ജനാധിപത്യം നടക്കുന്നതായി അറിവില്ല. കാർട്ടൂണിനെ സ്വീകരിക്കാൻ ഒരു ഉദാരമനസ്സൊക്കെ വേണമെങ്കിലും ഈ കലാരൂപത്തിന്റെ കേവലസാന്നിധ്യം സ്വാതന്ത്ര്യത്തിന്‍റെ തെളിവല്ല.
അങ്ങനെയൊരു സുഖകരമായ തെറ്റിദ്ധാരണ പരത്തിയത് ചരിത്രമാണ്. സ്വാതന്ത്ര്യം തലയ്ക്കുപിടിച്ച ഒരുകാലത്താണ് ഇന്ന്‌ നാമറിയുന്ന തരത്തിലുള്ള പത്രവാർത്താ കാർട്ടൂൺ ഇവിടെയുണ്ടായത്. സ്വാതന്ത്ര്യം നേടാനായി നാം സമരംചെയ്ത കാലത്ത്‌, സ്വാതന്ത്ര്യം നഷ്ടപ്പെടാതിരിക്കാനുള്ള പോരാട്ടത്തിലായിരുന്നു ചില പടിഞ്ഞാറൻ രാജ്യങ്ങൾ. അവയിൽപ്പെടും നമ്മോടു ഇംഗ്ലീഷ് ഭാഷ വഴി ബന്ധപ്പെട്ടുകിടക്കുന്ന ബ്രിട്ടനും അമേരിക്കയും.

ഹിറ്റ്‌ലർ, മുസോളിനിമാരുടെ വെല്ലുവിളി നേരിട്ട  ഇവിടങ്ങളിലെ  കാർട്ടൂണിസ്റ്റുകളാണ് നമ്മെ കാര്യമായി സ്വാധീനിച്ചത്. ഇവരിൽ എടുത്തുപറയേണ്ട രണ്ടുപേരാണ്  ലണ്ടനിലെ പ്രമുഖ പത്രങ്ങളിൽ 44 കൊല്ലം വരച്ച ഡേവിഡ്‌ ലോയും ‘വാഷിങ്ടൺ പോസ്റ്റ്‌’ എന്ന ഒറ്റപ്പത്രത്തിനുവേണ്ടി 55 വർഷം വരച്ച ഹെർബ്ലോക്കും. നമ്മുടെ മാത്രമല്ല, ഏതുജനാധിപത്യത്തെയും  വിലയിരുത്താനുള്ള മാനദണ്ഡങ്ങൾ ഇവരുടെ രചനകളിലുണ്ട്.  

‘ഹിന്ദുസ്ഥാൻ ടൈംസി’ൽ സ്റ്റാഫ്‌ കാർട്ടൂണിസ്റ്റായി ചേരാൻ 1932-ൽ ശങ്കർ ഡൽഹിയിലെത്തി. സ്വാതന്ത്ര്യലബ്ധിയുടെ അടുത്തകൊല്ലംതന്നെ അദ്ദേഹം ‘ശങ്കേഴ്സ് വീക്ക്‌ലി’ എന്ന കാർട്ടൂൺ വാരികയുടെ സ്ഥാപക പത്രാധിപരും സംരംഭകനും ആയി. വെറും ഒന്നരദശാബ്ദത്തിൽ വ്യക്തി, സ്ഥാപനമായി. കാർട്ടൂണിന്‍റെ കാലമായിരുന്നു അത്.
ലോകം ഒരു  മഹായുദ്ധത്തിലൂടെ കടന്നുപോയ ഈ കാലയളവിലാണ്  ഡേവിഡ്‌ ലോ(David Low)യുടെ സുപ്രധാന കാർട്ടൂണുകൾ വരുന്നത്. ഹിറ്റ്‌ലർ എന്ന വായാടിയുടെ വംശീയദൃഷ്ടി ജർമനിയുടെ  അതിർത്തികൾതാണ്ടി ലോകം മുഴുവൻ വ്യാപിക്കുമെന്ന് കാലേക്കൂട്ടി ലോ പറഞ്ഞു. ജനാധിപത്യം എന്നൊന്ന് എവിടെയും വാഴണമെങ്കിൽ ഈ മുറിമീശക്കാരനെ കീഴ്‌പ്പെടുത്തണമെന്നും.

തിരിഞ്ഞുനോക്കുമ്പോൾ ഇത് സാമാന്യബുദ്ധിയായി തോന്നാമെങ്കിലും ജർമൻ ചാൻസലറെ അപകടകാരിയായി  ബ്രിട്ടീഷ്‌ സർക്കാരുപോലും അക്കാലത്തുകണ്ടില്ല. വാണിജ്യബന്ധങ്ങളുള്ള, ഒരു സമ്പന്ന സുഹൃദ്‌ രാജ്യത്തിന്‍റെ തലവനെ അവഹേളിക്കുന്ന കാർട്ടൂണിസ്റ്റിനെ പ്രധാനമന്ത്രി ചേംബർലിൻ പരസ്യമായി ചീത്തവിളിച്ചു.

ഭരണകൂടം അതിബുദ്ധിയോടെ കൂട്ടിക്കിഴിച്ച കണക്കിലല്ല, കാർട്ടൂൺ കാണിച്ച വഴിയെയാണ്  ചരിത്രം നീങ്ങിയത്. യുദ്ധം  പൊട്ടിപ്പുറപ്പെട്ടതോടെ ഡേവിഡ്‌ ലോ ക്രാന്തദർശിയായി വാഴ്ത്തപ്പെട്ടു. വായനക്കാരുമായി ഒരുന്നത   ജനാധിപത്യബോധം പങ്കുവെച്ച ഇക്കാല കാർട്ടൂണുകളാണ് ഇന്ത്യയിൽ ‘ടൈംസ്‌ ഓഫ് ഇന്ത്യ’യും ‘ദി ഹിന്ദു’വും  പുനഃപ്രസിദ്ധീകരിച്ചത്‌. വാർത്താ കാർട്ടൂൺ അവിടെയും ഇവിടെയും അന്ന് സ്ഫോടനാത്മകമായി വളർന്നത്‌  കുറിക്കുകൊള്ളുന്ന ചുവരെഴുത്തുകളെപ്പോലെ, മുദ്രാവാക്യങ്ങൾപോലെ  പ്രതിഷേധരാഷ്ട്രീയത്തിന്റെ ഊർജംകൊണ്ടുകൂടിയാണ്.

നെഹ്രുവിൽനിന്ന്  ഇന്ദിരാഭരണകാലത്തെത്തുമ്പോഴേക്കും ലോക കാർട്ടൂൺകേന്ദ്രം ബ്രിട്ടനിൽനിന്ന് അമേരിക്കയിലേക്ക്‌ മാറി. അവിടത്തെ മുൻനിരയിലെ ഒന്നാമനായിരുന്നു ഹെർബ്ലോക്ക്‌. ലോയെക്കാൾ 18 വയസ്സ്  ഇളപ്പമുള്ള ഈ രാഷ്ട്രീയജന്മവും ഹിറ്റ്‌ലർ എന്ന ഹ്രസ്വകായന്റെ വിശ്വരൂപം നേരത്തേ കണ്ടിരുന്നു. യുദ്ധാനന്തരം സമാധാനകാലത്തും ഈ കരുതൽ തുടർന്നു. സ്വന്തം നാട്ടിൽ അധികാരം കനത്തപ്പോൾ തുടക്കത്തിലേ തിരിച്ചറിഞ്ഞു.  

അനിഷ്ടംതോന്നിയ ആരെയും അമേരിക്കാവിരുദ്ധരും കമ്യൂണിസ്റ്റുകളും ആക്കി വിചാരണചെയ്ത സെനറ്റർ ജോസഫ് മെക്കാർത്തിയെ വെടിപ്പായി ഷേവുചെയ്യാത്ത ഒരു അപ്രസന്ന മുഖമായി വരച്ചു. ചതുരന്‍റെ ചര്യയ്ക്ക്‌ ഒരു പേരും കണ്ടെത്തി -മെക്കാർത്തിയിസം. പദം ആദ്യം പ്രത്യക്ഷപ്പെട്ടത് 1950 മാർച്ച്‌ 29-ലെ ഹെർബ്ലോക്കിന്റെ  കാർട്ടൂണിലാണ്. മാധ്യമവിചാരണകളുടെ  ഇക്കാലത്ത് നമുക്കിതിനെ ഡിജിറ്റൽ മെക്കാർത്തിയിസം എന്നുവിളിക്കാം.