സഹകരണസംഘങ്ങൾ സ്വീകരിക്കുന്ന നിക്ഷേപത്തിൽ ‘നിയമലംഘനം’ കണ്ടെത്തി റിസർവ് ബാങ്ക് രംഗത്തുവന്നിരിക്കയാണ്. സത്യവും അസത്യവും അർധസത്യവും അടങ്ങുന്നതാണ് റിസർവ് ബാങ്കിന്റെ മുന്നറിയിപ്പ്. ഒരു ധനകാര്യസ്ഥാപനത്തിന്റെ നിലനിൽപ്പ്‌ എന്നത് അവിടത്തെ ഇടപാടുകാരുടെ വിശ്വാസ്യതയാണ്. നിക്ഷേപങ്ങൾ ഒന്നിച്ച് പിൻവലിക്കപ്പെടില്ല എന്നും വായ്പകൾക്ക് തിരിച്ചടവ് മുടങ്ങില്ലെന്നുമുള്ള വിശ്വാസമാണ് ബാങ്കിങ്‌ ധനകാര്യസ്ഥാപനങ്ങളുടെ ബിസിനസിന് അടിസ്ഥാനമാകുന്നത്. അത്തരം ഇടപാടുകാർക്കിടയിലേക്ക് അവിശ്വാസമുണ്ടാകുന്ന നടപടി, രാജ്യത്തെ പരമോന്നത ധനകാര്യ മാനേജ്‌മെന്റ് സ്ഥാപനമായ റിസർവ് ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത് അതിഗൗരവുമുള്ളതാണ്. നിർഭാഗ്യവശാൽ സഹകരണസംഘങ്ങളെക്കുറിച്ചുള്ള റിസർവ് ബാങ്കിന്റെ മുന്നറിയിപ്പുനോട്ടീസ് ഇത്തരമൊരു നടപടിയാണെന്ന് പറയേണ്ടിവരും. ഈ മുന്നറിയിപ്പുനോട്ടീസിലെ ഓരോ കാര്യവും പരിശോധിച്ചാൽ അതിലെ നിയമവിരുദ്ധത ബോധ്യപ്പെടും.

 അംഗങ്ങൾ ആര്
വോട്ടവകാശമുള്ള അംഗങ്ങളെമാത്രമേ ഒരു സഹകരണസ്ഥാപനത്തിലെ അംഗങ്ങളായി പരിഗണിക്കാനാകൂവെന്നതാണ് ആർ.ബി.ഐ. നോട്ടീസിൽ പറയുന്നത്. ആ പരാമർശം ഇങ്ങനെയാണ്: ‘1949-ലെ ബാങ്കിങ് നിയമനിയന്ത്രണത്തിന്റെ വ്യവസ്ഥകൾ ലംഘിച്ച്, ബാങ്കിങ് ബിസിനസ് നടത്തുന്നതിന് തുല്യമായി ചില സഹകരണസംഘങ്ങൾ അംഗങ്ങളല്ലാത്തവരിൽനിന്നും നാമമാത്ര അംഗങ്ങളിൽനിന്നും അസോസിയേറ്റ് അംഗങ്ങളിൽനിന്നും നിക്ഷേപം സ്വീകരിക്കുന്നതായി ആർ.ബി.ഐ.യുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മേൽപ്പറഞ്ഞ സഹകരണസംഘങ്ങൾക്ക് ബി.ആർ.ആക്ട് പ്രകാരം ലൈസൻസ് നൽകിയിട്ടില്ലെന്നും അവയെ ബാങ്കിങ് ബിസിനസ് നടത്തുന്നതിന് ആർ.ബി.ഐ. അധികാരപ്പെടുത്തിയിട്ടില്ലെന്നും പൊതുജനങ്ങളെ ഇതിനാൽ അറിയിക്കുന്നു.’
ബാങ്കിങ് നിയന്ത്രണനിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചെന്നാണ് ആർ.ബി.ഐ.യുടെ കണ്ടെത്തൽ. അങ്ങനെയെങ്കിൽ ലംഘിക്കപ്പെട്ട വ്യവസ്ഥ എന്താണെന്ന് വിശദീകരിക്കേണ്ടതുണ്ട്. ബി.ആർ. ആക്ടിൽ ഒരിടത്തും ഒരു സഹകരണസംഘത്തിലെ അംഗങ്ങൾ ആരാകണമെന്ന് വ്യവസ്ഥചെയ്തിട്ടില്ല. പിന്നെ, എങ്ങനെ നാമമാത്ര അസോസിയേറ്റ് അംഗങ്ങളിൽനിന്നുള്ള നിക്ഷേപം നിയമവിരുദ്ധമാകുമെന്ന് വിശദീകരിക്കേണ്ടത് റിസർവ് ബാങ്കാണ്. ഇപ്പോൾ ആർ.ബി.ഐ. ഉന്നയിക്കുന്ന സമാനവാദം, സഹകരണസംഘങ്ങൾക്ക് ആദായനികുതി ഇളവ് നിഷേധിക്കുന്നതിനുമുമ്പ് ഇൻകംടാക്സ് അതോറിറ്റി ഉയർത്തിയതാണ്. സഹകരണബാങ്കുകൾ ആദായനികുതി നൽകണമെന്ന് ആദായനികുതി വ്യവസ്ഥചെയ്യുന്നുണ്ട്. എന്നാൽ, സഹകരണസംഘങ്ങൾക്ക്‌ നികുതിയിളവ് നൽകുന്നുണ്ട്. സഹകരണസംഘം ഒരു നാടിന്റെ ജനകീയകൂട്ടായ്മയായി രൂപപ്പെട്ട്, ആ നാടിന്റെ ഉന്നമനത്തിനുവേണ്ടി വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്ന സ്ഥാപനങ്ങൾ എന്നനിലയിലാണ്‌ ഈ നികുതിയിളവ് നിയമപരമായിത്തന്നെ നൽകിയത്. കേരളത്തിലെ സഹകരണസംഘങ്ങൾ ബാങ്കുകളായാണ് പ്രവർത്തിക്കുന്നതെന്നും അതിനാൽ, ആദായനികുതി നൽകണമെന്നുമായിരുന്നു ഇൻകംടാക്സ് അതോറിറ്റിയുടെ നിർദേശം. നികുതിയും പിഴയും കൂട്ടുപിഴയും ചുമത്തി. കേസ് സുപ്രീംകോടതിയിലെത്തി.

 സുപ്രീംകോടതി പറഞ്ഞത്
ആദായനികുതി കേസിൽ 2021 ജനുവരി 12-ന്  സുപ്രീംകോടതിവിധിയിൽ ആർ.ബി.­ഐ.യുടെ ഇപ്പോഴത്തെ കുറ്റപ്പെടുത്തലിനുള്ള ഉത്തരംകൂടിയുണ്ട്. അന്ന്  അഡീഷണൽ സോളിസിറ്റർ ജനറലിന്റെ പ്രധാനവാദം ഇതായിരുന്നു: ‘പ്രാഥമിക കാർഷികവായ്പാ സഹകരണസംഘത്തിന്റെ ഇടപാടുകൾ പ്രധാനമായും നോമിനൽ അംഗങ്ങളുമായിട്ടാണ്. നോമിനൽ അംഗങ്ങളെന്നത് യഥാർഥ അംഗങ്ങളല്ല. അത് പൊതുസമൂഹത്തിനുതുല്യമാണ്. പൊതുജനങ്ങളുമായി ബാങ്കിങ് ബിസിനസ് ചെയ്യുന്നത് കാർഷികവായ്പാ സഹകരണ സംഘത്തിന്റെ പരിധിയിൽ വരുന്ന കാര്യമല്ല. അത് ബാങ്കിങ് പ്രവർത്തനമാണ്.’ ഇതാണ് ഇപ്പോൾ ആർ.ബി.ഐ.യുടെ മുന്നറിയിപ്പുനോട്ടീസിലും പറയുന്നത്.

സഹകരണസംഘങ്ങളും സഹകരണബാങ്കുകളും ഒന്നല്ല എന്ന് അർഥശങ്കയ്ക്കിടയില്ലാതെ ഈ വിധിയിൽ വിശദീകരിക്കുന്നുണ്ട്. റിസർവ് ബാങ്കിന്റെ ലൈസൻസോടെ പ്രവർത്തിക്കുന്ന സഹകരണസംഘങ്ങളാണ് സഹകരണ ബാങ്കുകളെന്ന് ബി.ആർ. ആക്ടിലെ 22(1)(ബി) വകുപ്പിൽ വിശദമാക്കിയിട്ടുണ്ട്. മാത്രവുമല്ല, കേരളത്തിലെ പ്രാഥമിക കാർഷികവായ്പാ സഹകരണസംഘങ്ങൾ റിസർവ് ബാങ്കിന്റെ ലൈസൻസിന് അപേക്ഷിച്ചപ്പോൾ 2013 ഒക്ടോബർ 25-ന് ആർ.ബി.ഐ. നൽകിയ കത്തിൽ പ്രാഥമിക കാർഷികവായ്പാ സഹകരണസംഘങ്ങൾക്ക് ബാങ്കിങ് ലൈസൻസ് വേണ്ടതില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇവ സഹകരണസംഘംരജിസ്ട്രാറുടെ നിയന്ത്രണത്തിലാണെന്നും ആർ.ബി.ഐ.യുടെ നിയന്ത്രണത്തിലല്ലെന്നും വിശദമാക്കിയിട്ടുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
നാമമാത്ര അസോസിയേറ്റ് അംഗങ്ങളെന്നത് സഹകരണസംഘത്തിന്റെ യഥാർഥ അംഗങ്ങളല്ലെന്ന ആദായനികുതി വകുപ്പിന്റെ വാദവും സുപ്രീംകോടതി തള്ളി. നോമിനൽ അംഗങ്ങളെ പൊതുജനങ്ങളായും അവരുമായുള്ള ഇടപാട് ബാങ്കിങ് പ്രവർത്തനമായും വ്യാഖ്യാനിക്കുന്നത് നിയമപരമല്ലെന്ന് വിധിയിൽ ചൂണ്ടിക്കാട്ടുന്നു.  ആദായനികുതി നിയമത്തിൽ ഒരിടത്തും സഹകരണസംഘത്തിലെ അംഗങ്ങളെ നിർവചിച്ചിട്ടില്ല. അതത് സംസ്ഥാനങ്ങളാണ് സഹകരണനിയമം പാസാക്കുന്നത്. ആ നിയമത്തിലാണ് സഹകരണസംഘത്തിലെ അംഗങ്ങളെ നിർവചിച്ചിട്ടുള്ളത്. ആ നിർവചനമാണ് ആദായനികുതിനിയമവും അംഗീകരിക്കുന്നത്.

 കേരള സഹകരണസംഘം നിയമത്തിൽ നോമിനൽ അംഗങ്ങളെയും അംഗങ്ങളായിത്തന്നെയാണ് കണക്കാക്കിയിട്ടുള്ളത്. നിയമത്തെ തെറ്റായി വ്യാഖ്യാനിച്ചെടുത്ത് സഹകരണസംഘങ്ങളുടെ പ്രവർത്തനത്തിന്റെ പിന്നാമ്പുറം ആദായനികുതി ഉദ്യോഗസ്ഥർ തേടേണ്ടതില്ലെന്നും സുപ്രീംകോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

 ഫെഡറൽ തത്ത്വത്തിന് എതിര്
2021 ജൂലായ് 20-ന് ഭരണഘടനാഭേദഗതി റദ്ദാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധിയും പ്രധാനമാണ്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിൽ രണ്ടാംപട്ടികയിൽ 32-ാമത്തെ ഇനമാണ് സഹകരണം. ഇത് സംസ്ഥാന വിഷയമാണ്. സംസ്ഥാനത്തിന്റെ അധികാരപരിധിയിലുള്ള ഒരു വിഷയത്തിൽ കേന്ദ്രസർക്കാരിന് നിയമനിർമാണം പാടില്ലെന്നായിരുന്നു  ഈ വിധി. ഭരണഘടനാഭേദഗതി ആദ്യം റദ്ദാക്കിയ ഗുജറാത്ത് ഹൈക്കോടതി വിധിയിൽ പറയുന്നത് ഇങ്ങനെയാണ്: ‘ഭരണഘടനാഭേദഗതിയിലൂടെ സംസ്ഥാനവിഷയമായ സഹകരണ സംഘങ്ങളിൽ കടന്നുകയറാനുള്ള വളഞ്ഞവഴിയാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. ഫെഡറൽ തത്ത്വമെന്ന ഭരണഘടനയുടെ അടിസ്ഥാനഘടനയെ ബാധിക്കുന്നതാണിത്. സ്വതന്ത്രവും ശരിയായ വിധത്തിലും നിയമം നിർമിക്കാനുള്ള സംസ്ഥാനനിയമസഭകളുടെ അവകാശം നഷ്ടപ്പെടുത്തുന്നതും വെട്ടിക്കുറയ്ക്കുന്നതുമാണ് 97-ാം ഭരണഘടനാഭേദഗതിയിലൂടെ കേന്ദ്രസർക്കാർ കൊണ്ടുവന്ന വ്യവസ്ഥകൾ’. നീതിപീഠം പറഞ്ഞിട്ടും സംസ്ഥാനത്തെ സഹകരണസംഘങ്ങളിലെ നാമമാത്ര അസോസിയേറ്റ് അംഗങ്ങളെ നിയമവിരുദ്ധ അംഗങ്ങളായി നിർവചിക്കാൻ റിസർവ് ബാങ്കിന് എന്താണ് അധികാരമെന്ന് വിശദീകരിക്കേണ്ടതുണ്ട്.

 നിക്ഷേപങ്ങൾക്ക്  സുരക്ഷാഭീഷണിയുണ്ടോ
സഹകരണസംഘങ്ങളിൽ നിക്ഷേപിക്കുന്നവർക്ക് കേന്ദ്ര നിക്ഷേപഗാരന്റി കോർപ്പറേഷന്റെ സുരക്ഷയില്ലെന്നാണ് ആർ.ബി.ഐ. പൊതുജനങ്ങൾക്ക് നൽകിയ മുന്നറിയിപ്പ്. ഇത് അർധസത്യമാണ്. റിസർവ് ബാങ്കിന്റെ ലൈസൻസുള്ള വാണിജ്യബാങ്കുകളിലെ നിക്ഷേപത്തിനാണ് കേന്ദ്ര ഗാരന്റി കോർപ്പറേഷൻ സുരക്ഷനൽകുന്നത്. അത് സഹകരണസംഘങ്ങൾക്കുവേണ്ടിയുള്ള സ്ഥാപനമല്ല. പക്ഷേ, കേരളത്തിൽ സഹകരണബാങ്കുകളിലെ നിക്ഷേപത്തിനുമാത്രമല്ല, എല്ലാ സഹകരണസംഘങ്ങളിലെയും നിക്ഷേപത്തിന് ഗാരന്റി ഉറപ്പുനൽകുന്നുണ്ട്. അതിന്  ‘സഹകരണനിക്ഷേപ ഗാരന്റി ഫണ്ട് ബോർഡ്’ എന്ന സ്ഥാപനമുണ്ട്. കേന്ദ്ര ഗാരന്റി കോർപ്പറേഷന് സമാനമായ രീതിയിലുള്ള സംസ്ഥാനത്തിന്റെ ക്രമീകരണം. ആർ.ബി.ഐ. പോലുള്ള സ്ഥാപനം നിക്ഷേപത്തിന് സുരക്ഷയില്ലെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പുനൽകുമ്പോൾ, മറ്റൊരു ഗാരന്റി സംവിധാനമുള്ളത് മറച്ചുവെക്കരുത്. കാരണം, കൂലിപ്പണിക്കാരന്റെ നിത്യക്കൂലിയിൽനിന്ന് ഇത്തിരിപ്പോന്ന വിഹിതം ഓരോ ദിവസവും പിരിച്ചെടുത്തുള്ള നിക്ഷേപമാണ് സഹകരണസംഘങ്ങളിലുള്ളത്. സഹകരണസംഘങ്ങളെ നിയമലംഘകരായും നിക്ഷേപം അനധികൃതമാണെന്നും ആർ.ബി.ഐ. പ്രഖ്യാപിക്കുമ്പോൾ ആ കൂലിപ്പണിക്കാരന്റെ നെഞ്ചിലേക്കാണ് തീ കോരിയിടുന്നതെന്ന് മറക്കരുത്.