ന്ത്യയുടെ ഏറ്റവും മഹാന്മാരായ പുത്രന്മാരായ മഹാത്മാഗാന്ധിക്കും സർദാർ വല്ലഭ്ഭായ് പട്ടേലിനും ജന്മം നൽകിയ ഗുജറാത്തിലേക്ക് വരാൻ സാധിച്ചതിൽ ഞാൻ സന്തോഷവാനാണ്. ലോകമെങ്ങും വ്യാപാരത്തിന്റെയും സംരംഭങ്ങളുടെയും പേരിലൂടെ അറിയപ്പെടുന്ന നിങ്ങളുടെ നടുവിലേക്ക് തിരിച്ചെത്തിയതിലും എനിക്ക് അതിയായ സന്തോഷമുണ്ട്. എന്റെ മകൾ അവളുടെ ബിരുദം നേടിയ സ്ഥലമെന്ന നിലയ്ക്കും (ഐ.ആർ.എം.എ. ആനന്ദിൽ നിന്നും) ഈ സ്ഥലത്തേക്ക് വരുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.

പക്ഷേ, ഇതൊക്കെ വളരെ ദുഃഖം നിറഞ്ഞ ഹൃദയത്തോടെയാണ് ഞാൻ പറയുന്നത്. നോട്ട് അസാധുവാക്കലിന്റെ ഫലമായി ജീവൻ നഷ്ടപ്പെട്ട നൂറുകണക്കിന് ആളുകളെ ഈയവസരത്തിൽ ഓർക്കുകയാണ്‌.

നോട്ട് അസാധുവാക്കലെന്ന വിനാശകരമായ നയം ഇന്ത്യൻ ജനതയ്ക്കുമേൽ അടിച്ചേൽപ്പിച്ചിട്ട് ഒരു വർഷമായി. വളരെ ദുഃഖത്തോടെയും അഗാധമായ ഉത്തരവാദിത്വബോധത്തോടെയും ഞാൻ പറയട്ടെ, നവംബർ എട്ട് നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്കും ജനാധിപത്യത്തിനും കരിദിനമാണ്. പ്രധാനമന്ത്രിയുടെ തീരുമാനം കേട്ട് ഞാൻ ഞെട്ടുകയായിരുന്നു. ഇത്തരമൊരു തീരുമാനം എടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ആരാണെന്നും തീരുമാനം എടുക്കുന്നതിനു മുമ്പ് ചിന്തിച്ചിരുന്നോ എന്നുമാണ് ആദ്യം എന്റെ മനസ്സിൽ വന്ന ചോദ്യങ്ങൾ.

കള്ളപ്പണവും നികുതിതട്ടിപ്പും ഈ രാഷ്ട്രം തടയേണ്ട കാര്യങ്ങളാണ്. പക്ഷേ, അതിന് നോട്ട് അസാധുവാക്കലല്ല പരിഹാരം. കള്ളപ്പണം തടയാനുള്ള ഒരു മാർഗമായി അതിനെ ഇതിനു മുൻപും പലതവണ മുന്നോട്ടുവെച്ചതാണ്. പക്ഷേ, ഒരുത്തരവാദിത്വമുള്ള സർക്കാരെന്ന നിലയ്ക്ക് ഞങ്ങൾ അത് സ്വീകരിച്ചില്ല. കാരണം, ഞങ്ങളുടെ വിശകലനത്തിൽ നോട്ട് അസാധുവാക്കൽ കൊണ്ടുണ്ടാകുന്ന നഷ്ടം അതുകൊണ്ടുണ്ടാകുന്ന ഫലത്തെക്കാൾ വളരെ അധികമായിരുന്നു.

ലോകത്തൊരു ജനാധിപത്യശക്തിയും തങ്ങളുടെ പണത്തിന്റെ 86 ശതമാനം ഒറ്റയടിക്ക് പിൻവലിക്കുക എന്ന തീരുമാനം എടുത്തിട്ടില്ലെന്നത് നാമോർക്കേണ്ടതാണ്. മാത്രമല്ല,  പിൻവലിച്ച 500, 1000 രൂപാ നോട്ടുകൾക്കുപകരം 2000-ത്തിന്റെ ഉയർന്ന മൂല്യമുള്ള നോട്ടുകൾ കൊണ്ടുവരാനും ആരും ഉപദേശിക്കില്ല.

നോട്ട് അസാധുവാക്കലിന്റെ പ്രഖ്യാപിതലക്ഷ്യങ്ങളായ കള്ളപ്പണം, ഭീകരവാദത്തിന് ഫണ്ടിങ്, വ്യാജനോട്ടുകൾ എന്നിവ തുടച്ചുനീക്കൽ ഇതുവരെ കൈവരിക്കാൻ സാധിച്ചിട്ടില്ലെന്നത് നമുക്കിതിനകം മനസ്സിലായിട്ടുണ്ട്. പണരഹിത സമൂഹമാകാൻ ഇത്തരത്തിലുള്ള നടപടികൾ പ്രായോഗികമല്ല.

കഴിഞ്ഞ തവണയുള്ളതിന്റെ 90 ശതമാനം നോട്ടുകൾ ഒരു വർഷത്തിനകം ഉപയോഗത്തിലായിക്കഴിഞ്ഞു. അസാധുവാക്കപ്പെട്ട നോട്ടുകളുടെ 99 ശതമാനം ബാങ്കുകളിൽ തിരിച്ചെത്തി എന്നത് സർക്കാരിന്റെ വാദങ്ങളെ തകർക്കുന്നതാണ്. പാവങ്ങൾ കഷ്ടപ്പെടുമ്പോൾ പണക്കാർ തങ്ങളുടെ കള്ളപ്പണം വെളുപ്പിക്കുകയാണെന്ന റിപ്പോർട്ടുകളും വ്യാപകമായിട്ടുണ്ട്.

യഥാർഥ കുറ്റവാളികൾ രക്ഷപ്പെടുമ്പോൾ രാഷ്ട്രീയലാഭത്തിനുള്ള ഒരടവ് മാത്രമായിരുന്നു നോട്ട് അസാധുവാക്കൽ. ഞാൻ വീണ്ടും ആവർത്തിക്കുകയാണ്, ഇത് ആസൂത്രിതമായ കവർച്ചയും നിയമപ്രാബല്യമുള്ള കൊള്ളയുമാണ്.

നോട്ടസാധുവാക്കൽ, ജി.എസ്.ടി. എന്നിവ നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാണ് ഏല്പിച്ചത്‌. ഇത് ചെറുകിട-ഇടത്തര വ്യവസായങ്ങളുടെ നട്ടെല്ലൊടിച്ചു. ടെക്‌സ്റ്റൈൽ കേന്ദ്രമായ സൂറത്തിൽ മാത്രം 60,000 കൈത്തറി കേന്ദ്രങ്ങളാണ് ജൂലായിൽ ഇല്ലാതായത്.

അതായത് ഏതാണ്ട് ഒരു തൊഴിൽ മേഖലയിൽ നിന്നുമാത്രം സൂറത്തിൽ 21,000 പേർക്ക് ജോലി നഷ്ടമായി. രാജ്യത്തെ മറ്റ് പ്രദേശങ്ങളിലും സാഹചര്യം ഇത്രയും തന്നെയോ അല്ലെങ്കിൽ ഇതിലധികമോ സങ്കീർണമാണ്. നമ്മുടെ ആഭ്യന്തരമേഖലയ്ക്ക് ആവശ്യത്തിനനുസരിച്ച് ഉത്പാദനം നടത്താൻ സാധിക്കാതായതോടെ ചൈനയാണ് ഇതിൽനിന്ന് ഗുണം കണ്ടെത്തുന്നത്.

2016-’17 ധനവർഷത്തിന്റെ ആദ്യപകുതിയിൽ ചൈനയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി 1.96 ലക്ഷം കോടി രൂപയുടേതാണ്. 2017-’18-ൽ ഇതേ കാലയളവിൽ ഇത് 2.41 ലക്ഷം കോടി രൂപയിലേക്ക് ഉയർന്നു. ഒരു വർഷത്തിനിടെയുള്ള ഈ 23 ശതമാനം വളർച്ച നോട്ട് അസാധുവാക്കലും ജി.എസ്.ടി.യും കാരണമാണ് സംഭവിച്ചത്.

യു.പി.എ. സർക്കാർ വിഭാവനം ചെയ്ത ജി.എസ്.ടി., നികുതി സമ്പ്രദായത്തെ 18 ശതമാനം എന്ന ഒറ്റ സ്ലാബിലൊതുക്കി ചെറുതും വലുതുമായ വ്യവസായത്തെ കൂടുതൽ സൗകര്യപ്രദവും ലളിതവുമാക്കുക എന്ന ലക്ഷ്യത്തോടെയുള്ളതായിരുന്നു. ഇതാണ് 28 ശതമാനം വരെ കുത്തനെ വർധിപ്പിച്ച് സങ്കീർണമായ വ്യവസ്ഥയാക്കിത്തീർത്തിരിക്കുന്നത്. പാർലമെന്റിലും പുറത്തും ഞങ്ങൾ നൽകിയ നിർദേശങ്ങളെ തീർത്തും അവഗണിച്ചാണ് സർക്കാർ ഇത് നടപ്പാക്കിയത്.

എന്റെ പ്രിയ സുഹൃത്തുക്കളേ, നല്ല ഭരണമെന്നത് ഹൃദയവും തലച്ചോറും ഒരുപോലെ ഉപയോഗിക്കേണ്ടതാണ്. കേന്ദ്ര സർക്കാർ ഇത് രണ്ടിലും പരാജയപ്പെട്ടിരിക്കുകയാണ്. ലോകം കണ്ട ഏറ്റവും മഹാന്മാരായ രണ്ട് ഗുജറാത്തികളുടെ ഉദാഹരണം വെച്ചാണ് ഞാനിതു പറയുന്നത്.

നമ്മുടെ രാജ്യത്തിന്റെ ഹൃദയവും ആത്മാവുമായ മഹാത്മാ നമുക്ക് ഒരു രക്ഷാമന്ത്രം പറഞ്ഞുതന്നിട്ടുണ്ട്. “നിങ്ങൾക്ക് എപ്പോൾ സംശയം തോന്നുന്നുവോ, ഇനി പറയുന്ന പരീക്ഷണം നടത്തുക. നിങ്ങൾക്കറിയാവുന്ന ഏറ്റവും പാവപ്പെട്ട വ്യക്തിയെ ഓർക്കുക. എന്നിട്ട് നിങ്ങൾ ചെയ്യാൻ പോകുന്ന കാര്യം കൊണ്ട് ആ വ്യക്തിക്ക് എന്തെങ്കിലും പ്രയോജനമുണ്ടോ എന്ന് നോക്കുക.

അവർക്കെന്തെങ്കിലും നേട്ടമുണ്ടാകുമോ എന്നാലോചിക്കുക. അവർക്കതു കൊണ്ട് അവരുടെ ജീവിതത്തെയും വിധിയെയും നിയന്ത്രിക്കാൻ സാധിക്കുമോ എന്ന് ചിന്തിക്കുക. ചുരുക്കിപ്പറഞ്ഞാൽ ആ കാര്യം വിശന്നിരിക്കുന്ന, ആത്മാവിനാൽ ദരിദ്രരായ, ദശലക്ഷക്കണക്കിന് പേരെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുമോ എന്ന് നിങ്ങളോട് തന്നെ ചോദിക്കുക?”

നോട്ട് അസാധുവാക്കലിന്റെ ഉത്തരവിൽ ഒപ്പിടാൻ ആർ.ബി.ഐ. ഗവർണറോട് ആവശ്യപ്പെടുമ്പോഴോ, ജി.എസ്.ടി. നടപ്പാക്കുമ്പോഴോ പ്രധാനമന്ത്രി  ഇക്കാര്യം ഓർത്തിരുന്നോ? എനിക്കഭിമാനത്തോടെ പറയാൻ സാധിക്കും ഞാൻ പ്രധാനമന്ത്രിയായിരിക്കെ 14 കോടി ആളുകളെ പട്ടിണിയിൽ നിന്ന് കരകയറ്റാൻ സാധിച്ചു. എന്നിട്ടും രണ്ടിലൊന്ന് ഇന്ത്യക്കാർ ഇപ്പോഴും ദുർബലരാണ്.

ഒരു ചുവട് തെറ്റിയാൽ അവർ പഴയ അവസ്ഥയിലേക്ക് പോകും. നോട്ട് അസാധുവാക്കൽ, ജി.എസ്.ടി. എന്നീ ഇരട്ടപ്രഹരങ്ങൾ ഇത്തരത്തിൽ ലക്ഷക്കണക്കിന് പേരെയാണ് കഷ്ടപ്പാടുകളിലേക്ക് തിരിച്ചുകൊണ്ടുപോയത്. അങ്ങനെ അവർക്ക് യു.പി.എ. സർക്കാർ കൊണ്ടുവന്ന തൊഴിലുറപ്പ് പദ്ധതി എന്ന സുരക്ഷാ വലയിലേക്ക് വീഴേണ്ടിവന്നു.

നമുക്കെല്ലാം പ്രചോദനമായ അടുത്ത ഗുജറാത്തി സർദാർ വല്ലഭ്ഭായ് പട്ടേലാണ്. 565 നാട്ടുരാജ്യങ്ങളിൽ നിന്നും ഇന്ത്യയെ ഒന്നാക്കിയതിന്‌ പുറകിൽ അദ്ദേഹമായിരുന്നു. ‘ഒരു രാജ്യം, ഒരു നികുതി’ എന്ന മുദ്രാവാക്യം നടപ്പാക്കുന്നതിനു മുമ്പ് സർദാർ പട്ടേലിനെ പോലെ വിശദാംശങ്ങളെക്കുറിച്ച് പ്രധാനമന്ത്രി ചിന്തിച്ചിരുന്നെങ്കിൽ ഇന്നത്തെ അവസ്ഥ തികച്ചും വ്യത്യസ്തമായേനെ. വീരവാദവും നാടകവും, ധീരതയ്ക്കും കാര്യങ്ങൾ നടത്താനുള്ള ശേഷിക്കും പകരം വെയ്ക്കാനാവില്ല.

(2017 നവംബർ 7-ന് സർദാർ വല്ലഭ് ഭായ് പട്ടേൽ സ്മാരക ഓഡിറ്റോറിയത്തിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് നടത്തിയ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങൾ)