പച്ചക്കറികള്‍ക്ക് തറവില എന്ന ആശയം രണ്ടുപതിറ്റാണ്ടുമുമ്പാണ് മാരാരിക്കുളത്ത് പരീക്ഷിച്ചത്. അത് വിജയമായിരുന്നു. കൃഷി അന്യംനിന്ന ചൊരിമണല്‍ പ്രദേശത്ത് പച്ചക്കറിയുത്പാദനം വര്‍ധിപ്പിക്കുന്നതിന് പി.പി. സ്വാതന്ത്ര്യം എന്ന പഞ്ചായത്ത് പ്രസിഡന്റാണ് കഞ്ഞിക്കുഴിയില്‍ ഒരു ജനകീയപ്രസ്ഥാനത്തിന് രൂപംനല്‍കിയത്. ഒരു ദശാബ്ദം പിന്നിട്ടപ്പോള്‍ സംഘകൃഷി അടിസ്ഥാനമാക്കി പച്ചക്കറികൃഷി വിപുലമായി. അപ്പോള്‍ കൃഷിക്കാര്‍ നേരിട്ട ഒരു വെല്ലുവിളിയായിരുന്നു വേനല്‍ക്കാലത്തെ അധികോത്പാദനം

ചില മാതൃകകൾ
കഞ്ഞിക്കുഴി, മാരാരിക്കുളം വടക്ക്‌ പഞ്ചായത്തുകൾ പഞ്ചായത്ത്‌ ഡെലവപ്പ്മെന്റ്‌ സൊസൈറ്റികളുടെ ആഭിമുഖ്യത്തിൽ നാഷണൽ ഹൈവേയിൽ വിപണനകേന്ദ്രങ്ങൾ ആരംഭിച്ചു. ഒപ്പം സ്വകാര്യ വിപണനശാലകളും. ജൈവപച്ചക്കറി എന്ന പെരുമയുണ്ടായിരുന്നതിനാൽ വഴിയാത്രക്കാർ കൂടുതൽ ഉയർന്ന വിലനൽകാനും തയ്യാറായി. എന്നിട്ടും ചില കാലങ്ങളിൽ വിലയിടിവുമൂലം കൃഷി നഷ്ടമായി. ഈ സാഹചര്യത്തിലാണ്‌ പഞ്ചായത്തുകളുടെ ആഭിമുഖ്യത്തിൽ പച്ചക്കറിക്ക്‌ തറവില പ്രഖ്യാപിക്കണമെന്ന ആശയം രൂപംകൊണ്ടത്‌.

2009-ൽ രണ്ടുപഞ്ചായത്തും 17 തരം പച്ചക്കറികൾക്ക്‌ താങ്ങുവില പ്രഖ്യാപിച്ചു. കർഷകർക്കും സംഘങ്ങൾക്കും പഞ്ചായത്തുവിപണനശാലകളിൽ പച്ചക്കറിയെത്തിക്കാം. കൃഷിക്കാർക്ക്‌ കാർഡുനൽകി ക്ഷീരസഹകരണ സംഘങ്ങളിലെന്നപോലെ അന്നന്ന്‌ കൊടുക്കുന്ന പച്ചക്കറികളുടെ വരവ്‌ എഴുതിപ്പതിപ്പിച്ച്‌ പണംകൊടുക്കുന്ന രീതിയാണ്‌ അവലംബിച്ചത്‌. കമ്പോളവില കുത്തനെ ഇടിയുന്ന വേളയിൽ തറവിലനൽകേണ്ടിവരുമ്പോഴുണ്ടാകുന്ന നഷ്ടം നികത്താൻ പ്ലാൻഫണ്ടിൽനിന്ന്‌ സബ്സിഡിനൽകാൻ പ്രത്യേക ഉത്തരവിലൂടെ അനുവാദം നൽകി. ഡോ. കെ.ജെ. യേശുദാസാണ്‌ ഈ പദ്ധതി ഉദ്ഘാടനംചെയ്തത്‌. തുടർന്ന്‌ എല്ലാവർഷവും മാരാരിക്കുളത്തെ ഏറ്റവും നല്ല കർഷകന്‌ അദ്ദേഹത്തിന്റെ വക സമ്മാനവും നൽകിവന്നിരുന്നു. മഹാഭൂരിപക്ഷവും കയർമേഖലയിൽ പണിയെടുത്തുകൊണ്ടിരുന്ന ഈ പ്രദേശത്ത്‌ കൃഷി ഒരു പ്രധാന ഉപവരുമാനമായി മാറി.

സുഭിക്ഷകേരളം പദ്ധതിയിലൂടെ മേൽപ്പറഞ്ഞതുപോലൊരു സാഹചര്യം കേരളത്തിലെമ്പാടും സംജാതമായിട്ടുണ്ട്‌. കൃഷിവകുപ്പിന്റെ കണക്കുപ്രകാരം കഴിഞ്ഞ നാലുവർഷംകൊണ്ട്‌ പച്ചക്കറിയുത്‌പാദനം 6.3 ലക്ഷം ടണ്ണിൽനിന്ന്‌ 14.9 ലക്ഷം ടണ്ണായി ഉയർന്നു. ഒരു ലക്ഷം ടൺ ഈ വർഷം കൂടുതൽ ഉത്‌പാദിപ്പിക്കും. കോവിഡ്‌ കാലത്തും കേരളത്തിന്റെ ഭക്ഷ്യവില സൂചികയിലെ വർധന അഖിലേന്ത്യാ ശരാശരിയെക്കാൾ വളരെ താഴ്ന്നുനിന്നതിന്‌ ഒരു കാരണമിതാണ്‌.

 മാതൃഭൂമി പരമ്പരയും പരാതിപരിഹാരവും
ഉത്‌പാദനവർധന ചില കാലങ്ങളിൽ സൃഷ്ടിക്കുന്ന വിലയിടിവിലേക്ക്‌ ശ്രദ്ധക്ഷണിച്ചുകൊണ്ട്‌ 'കായ്ക്കാത്ത കനികൾ' എന്നൊരു ലേഖനപരമ്പര പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ, മാതൃഭൂമിയിലെ ലേഖനപരമ്പരയിൽ പറയുന്നതുപോലെ ‘ന്യായവില ഉറപ്പിക്കാൻ ആരുമില്ല’ എന്ന പരാതിക്ക്‌ പച്ചക്കറിക്ക്‌ തറവില പ്രഖ്യാപിച്ചതോടെ വിരാമമായി.

വയനാട്‌, ഇടുക്കി, പാലക്കാട്‌ തുടങ്ങിയ മേഖലകൾ വൻതോതിൽ വാണിജ്യാടിസ്ഥാനത്തിൽ പച്ചക്കറിയും പഴങ്ങളും ഉത്‌പാദിപ്പിക്കുന്നുണ്ട്‌. ഇവിടങ്ങളിൽ പ്രാദേശികമായി വാങ്ങി, പ്രാദേശികമായി വിപണനം നടത്തുന്ന കടകൾവഴിയുള്ള സംഭരണം തികച്ചും അപര്യാപ്തമാണ്‌. അവിടങ്ങളിൽ വി.എഫ്.പി.സി.കെ., ഹോർട്ടി കോർപ്പ്‌ തുടങ്ങിയ സ്ഥാപനങ്ങൾവഴിയുള്ള കേന്ദ്രീകൃതസംഭരണമാണ്‌ അനിവാര്യം. ഇവർ ഈ അധികോത്‌പാദനം കമ്മിപ്രദേശങ്ങളിലെത്തിക്കണം. കേടുകൂടാതെ സൂക്ഷിക്കാനും കൊണ്ടുപോകാനുമുള്ള സംവിധാനങ്ങളൊരുക്കണം.

എന്നാൽ, ഭൂരിപക്ഷം പഞ്ചായത്തിലും തദ്ദേശഭരണസ്ഥാപനങ്ങളുമായി ചേർന്നുകൊണ്ട്‌ സഹകരണസംഘങ്ങളാണ്‌ സംഭരണ ഏജൻസികളായി പ്രവർത്തിക്കുക. നവംബർ മാസത്തിൽ 250 കടകൾ പ്രാഥമിക സഹകരണസംഘങ്ങൾ തുറക്കും. താമസംവിനാ എല്ലാ തദ്ദേശഭരണസ്ഥാപനത്തിലും ഒന്നുവീതം ആരംഭിക്കും. ഈ കടകൾ പ്രാദേശികമായി കൃഷിക്കാരിൽനിന്ന്‌ പച്ചക്കറി വാങ്ങുകയും ചെറിയൊരു മാർജിനിൽ വിൽക്കുകയുംചെയ്യും. ആവശ്യമെങ്കിൽ വി.എഫ്.പി.സി.കെ.യിൽനിന്നും മിച്ചപ്രദേശങ്ങളിൽനിന്നും പച്ചക്കറി വാങ്ങും. പച്ചക്കറിയുടെ മാർക്കറ്റ്‌ വില തറവിലയെക്കാൾ താഴ്ന്നാലും ഇവർ തറവിലയ്ക്ക്‌ വാങ്ങാൻ തയ്യാറാകും. അപ്പോഴുണ്ടാകുന്ന നഷ്ടം തദ്ദേശഭരണസ്ഥാപനങ്ങൾ അഞ്ചുലക്ഷംരൂപവരെ പ്ലാൻഫണ്ടിലൂടെ നികത്തിക്കൊടുക്കും. ഇങ്ങനെ ചെലവാകുന്ന പണം തദ്ദേശഭരണസ്ഥാപനങ്ങൾക്ക്‌ സർക്കാർ അധികമായി നൽകും.

 നടപടി ലളിതമാവും
സഹകരണസംഘങ്ങളുംമറ്റും വഴിയുള്ള തദ്ദേശഭരണസ്ഥല വിപണനശാലകളിൽ മുൻകൂർ രജിസ്ട്രേഷൻ ആവശ്യമില്ല. ചെറിയതോതിൽ വിപണനത്തിനായി മിച്ചമുള്ളവർക്കും പങ്കാളികളാകാൻ കഴിയുന്ന രീതിയിൽ നടപടി ലളിതമായിരിക്കും. അന്നന്ന്‌ ഓരോ കൃഷിക്കാരന്റെയും കൈയിൽനിന്ന്‌ വാങ്ങിയത്‌ ഓൺലൈനായി കൃഷിഭവനുകളെ അറിയിച്ചാൽ മതിയാകും. മൂന്ന്‌ ഏജൻസികളാണല്ലോ ഈ പ്രവർത്തനത്തിലുള്ളത്‌-സഹകരണസംഘം, പഞ്ചായത്ത്‌, കൃഷിഭവൻ. മൂന്നുപേരും ഒരുമിച്ചാൽമാത്രമേ വെട്ടിപ്പുനടക്കൂ. അത്‌ പ്രയാസമാണ്‌. പിന്നെ നാട്ടുകാരുമുണ്ടല്ലോ.

പണം നൽകുന്നതിന്‌ കാലതാമസമുണ്ടാകില്ല. വാങ്ങിയാലുടൻ പണം ലഭ്യമാക്കണം. സഹകരണബാങ്കുകളെ പങ്കാളിയാക്കുന്നതിന്റെ ലക്ഷ്യംതന്നെ ഇതാണ്‌. ഉത്‌പന്നം വാങ്ങിയാൽ, കൃഷിക്കാരന്റെ അക്കൗണ്ടിൽ പണം നൽകിയിരിക്കും. ഹോർട്ടി കോർപ്പിനും മറ്റും ഇതിനായി പ്രത്യേക പണം അനുവദിച്ചിട്ടുണ്ട്‌. വാണിജ്യസ്ഥാപനമെന്ന നിലയിൽ ഏതെങ്കിലും ബാങ്കിൽ ഓവർ ഡ്രാഫ്റ്റ്‌ ഇതിനായി ഇവർ വാങ്ങിയാൽ സംഭരിക്കുന്ന ദിവസംതന്നെ പണം കൈമാറാനും കഴിയും. ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയായിവരുന്നതേയുള്ളൂ.

 പച്ചക്കറി സംഭരിക്കുന്നതിനുംമറ്റും സഹകരണസംഘങ്ങളുടെ ആഭിമുഖ്യത്തിൽ കോൾഡ്‌ സ്റ്റോറേജുകൾ ബ്ലോക്ക്‌ അടിസ്ഥാനത്തിൽ ആരംഭിക്കുന്നതാണ്‌. ഇതിനും കടകളുടെ നടത്തിപ്പിനും നബാർഡിൽനിന്നുള്ള വായ്പയാണ്‌ ഉപയോഗപ്പെടുത്തുക. മിച്ച പച്ചക്കറികൾകൊണ്ട്‌ കൊണ്ടാട്ടങ്ങളും അച്ചാറുകളുമെല്ലാം ഉണ്ടാക്കുന്നതിനുള്ള മൈക്രോ യൂണിറ്റുകൾ ബ്ലോക്ക്‌ അടിസ്ഥാനത്തിൽ ആരംഭിക്കും. കൈതച്ചക്കപോലുള്ള പഴവർഗങ്ങൾ സംസ്കരിക്കുന്നതിനുള്ള സംവിധാനങ്ങളും വിപുലപ്പെടുത്തും. ഇവകൂടി വരുമ്പോഴേ ഈ തറവില സംവിധാനം പൂർണമാകൂ.

രാജ്യത്ത്‌ ആദ്യമായാണ്‌ പച്ചക്കറികൾക്ക്‌ തറവില നടപ്പാക്കുന്നത്‌. പുതിയ കാർഷികനിയമങ്ങൾ നിലവിലുള്ള സംഭരണവ്യവസ്ഥകളെ ഇല്ലാതാക്കിക്കൊണ്ടിരിക്കുമ്പോൾ കേരളം ഒരു പ്രതിരോധം തീർക്കുകയാണ്‌. സഹകരണസംഘങ്ങളും തദ്ദേശഭരണസ്ഥാപനങ്ങളും കൃഷിവകുപ്പിന്റെ ഏജൻസികളുംചേർന്ന്‌ പച്ചക്കറി കൃഷിക്കാർക്ക്‌ രക്ഷാകവചംതീർക്കുകയാണ്‌.

18% മാർജിൻ

നിശ്ചയിച്ചിരിക്കുന്ന തറവില ഉത്‌പാദനച്ചെലവിനെക്കാൾ ശരാശരി 18 ശതമാനം ഉയർന്നതാണ്‌. സാധാരണ തറവിലയ്ക്ക്‌ ഇത്രവലിയ മാർജിൻ ഒരിടത്തും നൽകാറില്ല. പച്ചക്കറികൃഷി ഒരിക്കലും നഷ്ടകൃഷിയാകില്ലെന്ന ഗ്യാരന്റിയാണ്‌ സർക്കാർ ഇതോടെ നൽകുന്നത്‌. എന്നാൽ ഒന്നുണ്ട്‌. ശരാശരി ഉത്‌പാദനക്ഷമതയെങ്കിലും കൈവരിച്ചേതീരൂ. ഉദാഹരണത്തിന്‌ വയനാടൻ നേന്ത്രൻ ഹെക്ടറിന്‌ 10 ടണ്ണാണ്‌ ഉത്‌പാദനക്ഷമതയായി നിശ്ചയിച്ചിട്ടുള്ളത്‌. ഇതിൽതാഴെയാണ്‌ ഉത്‌പാദനക്ഷമതയെങ്കിൽ തറവില ലഭിച്ചാലും ലാഭകരമായിരിക്കില്ല. ഇങ്ങനെ ഓരോ വിളയ്ക്കും ഉത്‌പാദനക്ഷമത നിശ്ചയിച്ചിട്ടുണ്ട്‌. അതിനുമുകളിലേക്ക്‌ ഉത്‌പാദനക്ഷമത കൊണ്ടുപോവുക എന്നതായിരിക്കണം ഓരോ കൃഷിഭവന്റെയും ലക്ഷ്യം.

ഉത്‌പാദനച്ചെലവും തറവിലയും

16 ഇനം പച്ചക്കറികൾക്കാണ്‌ തറവില നിശ്ചയിച്ചത്‌. ഓരോന്നിന്റെയും ഉത്‌പാദനച്ചെലവും മാർക്കറ്റ്‌ വിലയുംകൂടി കണക്കിലെടുത്താണ്‌ തീരുമാനം. അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഭാവിയിൽ മാറ്റങ്ങൾ വരുത്തും.
പ്രഖ്യാപനത്തിന്‍റെ പിറ്റേന്നുമുതൽ തറവില പ്രാവർത്തികമായി. വയനാടൻ നേന്ത്രന്റെ കാര്യമെടുക്കൂ. 24 രൂപയാണ്‌ തറവില. ഏതാണ്ട്‌ ഉത്‌പാദനച്ചെലവിനുതുല്യം. പക്ഷേ, മാർക്കറ്റ്‌ വില 16 രൂപയായി ഇടിഞ്ഞു. ഈ പരിപാടിയുടെ ഉദ്ഘാടനംതന്നെ 24 രൂപ തറവിലയ്ക്ക്‌ വയനാടൻ കൃഷിക്കാരിൽനിന്ന്‌ നേന്ത്രൻ സംഭരിച്ചുകൊണ്ടായിരുന്നു. ഒന്നാം ദിവസം എട്ടുടൺ, രണ്ടാംദിവസം 25 ടൺ. 100 ടണ്ണെങ്കിലും സംഭരിക്കാനുണ്ടാകും. ഹോർട്ടികോർപ്പാണ്‌ സംഭരണ ഏജൻസി.

ചട്ടപ്രകാരം കൃഷിവകുപ്പിൽ രജിസ്റ്റർചെയ്തിട്ടുള്ള കൃഷിക്കാർക്കാണ്‌ തറവില സംരക്ഷണം നൽകുന്നത്‌. കാരണം, കമ്പോളവില വളരെ താഴുമ്പോൾ അയൽസംസ്ഥാനങ്ങളിൽനിന്ന്‌ ഉത്‌പന്നങ്ങൾ ഇറക്കുമതിചെയ്ത്‌ തറവിലയ്ക്ക്‌ സർക്കാരിന്‌ നൽകുന്ന കബളിപ്പിക്കൽ ഉണ്ടാകരുത്‌. കർണാടകത്തിലും വയനാടൻ നേന്ത്രൻ കൃഷിചെയ്യുന്നുണ്ട്‌. ഏതായാലും തുടക്കമെന്നനിലയിൽ രജിസ്ട്രേഷന്‌ കാത്തുനിൽക്കാതെ അനുവാദം നൽകുകയാണ്‌ ചെയ്തത്‌. അടിയന്തരമായി രജിസ്‌ട്രേഷൻ നടത്തുന്നതിന്‌ നടപടികൾ കൃഷിവകുപ്പ്‌ സ്വീകരിച്ചുകൊണ്ടിരിക്കയാണ്‌. ഓരോ കൃഷിക്കാരനും അവർ കൃഷിചെയ്യുന്ന ഓരോ വിളയുടെയും വിസ്തൃതിയും പ്രതീക്ഷിത വിളവും പറയണം. കൃഷി ഓഫീസർ ഇത്‌ ഉറപ്പുവരുത്തുകയും വേണം.

24 രൂപയ്ക്ക്‌ സംഭരിച്ച നേന്ത്രൻ ഹോർട്ടികോർപ്പ്‌ ഇതിനകംതന്നെ കൊച്ചിയിലേക്ക്‌ അയച്ചുകഴിഞ്ഞു. ഇത്‌ വിൽക്കുമ്പോഴുള്ള മാർക്കറ്റ്‌വിലയും വാങ്ങിയ വിലയും തമ്മിലുള്ള അന്തരമാണ്‌ സർക്കാർ സബ്സിഡിയായി ഹോർട്ടികോർപ്പിന്‌ നൽകുക. പൊതുവിൽപറഞ്ഞാൽ തറവില നിശ്ചയിച്ചപ്പോൾ മാർക്കറ്റ്‌വിലകൾ ശരാശരി തറവിലയുടെ ഇരട്ടിയായിരുന്നു. വയനാടൻ നേന്ത്രന്റെ മാർക്കറ്റ്‌ വിലയായിരുന്നു ഏറ്റവും താഴ്ന്നത്‌-30 രൂപ. കേവലം 20 ശതമാനംമാത്രം അധികം.