ക്രിപ്‌റ്റോകറൻസികൾ സുപ്രീംകോടതി നിയമാനുസൃതമാക്കിയിരിക്കയാണല്ലോ. ബിറ്റ്‌കോയിനടക്കമുള്ള ക്രിപ്‌റ്റോകറൻസികൾ ഇന്ത്യയിൽ ക്രയവിക്രയത്തിന്‌ അംഗീകൃതമല്ലെന്ന്‌ പ്രഖ്യാപിക്കുന്ന റിസർവ്‌ ബാങ്കിന്റെ 2018-ലെ സർക്കുലറാണ് സുപ്രീംകോടതി റദ്ദാക്കിയത്. റിസർവ് ബാങ്കിന്റെ വിശ്വാസ്യതയും പ്രാഗല്‌ഭ്യവും ഊന്നിപ്പറഞ്ഞുകൊണ്ടുള്ള  വിധിയാണെങ്കിലും  ആധുനികതയ്ക്ക് പുറംതിരിഞ്ഞുനിൽക്കരുത് എന്നാണ് സുപ്രീംകോടതി ഈ വിധിയിലൂടെ റിസർവ്‌ബാങ്കിന് നൽകുന്ന സന്ദേശം. 
ഏതായാലും, റിസർവ് ബാങ്ക് ഭാവിയിൽ പുറത്തുകൊണ്ടുവന്നേക്കാവുന്ന കൂടുതൽ ശാസ്ത്രീയമായ തെളിവിന്റെ പിൻബലത്തിൽ മറിച്ചൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ക്രിപ്‌റ്റോകറൻസികൾ രാജ്യത്ത് നിയമാനുസൃതമാണ്.  
 സാമ്പത്തികരംഗം അടിമുടി മാറും
ഈ വിധികൊണ്ട്‌ ഉണ്ടാകാൻപോകുന്ന ഗുണഫലങ്ങളറിയാൻ സമയമെടുക്കും. എങ്കിലും, ഈയൊരുത്തരവ് സാമ്പത്തികരംഗത്ത് മുന്നേറ്റംകുറിക്കും എന്ന കാര്യത്തിൽ സംശയമില്ല. ബിറ്റ്‌കോയിനടക്കമുള്ള ക്രിപ്‌റ്റോകറൻസികൾ വാങ്ങുന്നതും വിൽക്കുന്നതും അവയുപയോഗിച്ച് ക്രയവിക്രയം ചെയ്യുന്നതും സാധാരണമാകും. ക്രിപ്‌റ്റോകറൻസികൾ ആധാരമാക്കിയുള്ള ഒരുപാട് സ്റ്റാർട്ടപ്പ് കമ്പനികൾ ഇന്ത്യയിൽ പുതുതായി രൂപംകൊള്ളും. ഇതിനകം രൂപംകൊണ്ടവ  കൂടുതൽ വികസിക്കും. സോഫ്റ്റ്‌വേർ മേഖലയ്ക്കും ഊർജംപകരും. ഗെയ്‌മിങ്‌ രംഗത്തുള്ളവർക്ക് ക്രിപ്‌റ്റോകറൻസികൾ ഉപയോഗിച്ച് ക്രയവിക്രയംചെയ്യാം. ക്രിപ്‌റ്റോ കറൻസികൾ ഉപയോഗിച്ചുള്ള പുതിയ പ്രോഡക്ടുകൾ ബാങ്കുകൾക്ക് നടപ്പിൽവരുത്താം. അങ്ങനെ ഒട്ടേറെ പുതുമകൾ സമീപഭാവിയിൽതന്നെ കാണാം.
 ക്രിപ്‌റ്റോ കറൻസി എന്നാൽ
രൂപയോ ഡോളറോപോലെ അച്ചടിച്ച ഒരു കറൻസിയല്ല ക്രിപ്‌റ്റോ കറൻസി. വെറും കംപ്യൂട്ടർ കോഡുകളാണവ. ഗണിതശാസ്ത്രത്തിലെ നമ്പർ തിയറിയും കംപ്യൂട്ടർ സയൻസിലെ ക്രിപ്‌റ്റൊഗ്രാഫിയും ഉപയോഗിച്ചുണ്ടാക്കുന്ന കോഡുകൾ. വിവിധതരത്തിൽ ഇത്തരം കോഡുകൾ ഉണ്ടാക്കാമെന്ന് തെളിഞ്ഞിട്ടുള്ളതിനാൽത്തന്നെ അത്രയും തരത്തിലുള്ള ക്രിപ്‌റ്റോ കറൻസികളും ലോകത്തുണ്ട്. അതിലൊന്നുമാത്രമാണ് ബിറ്റ്‌കോയിൻ. എത്തേറിയംപോലുള്ള  മറ്റു ഒട്ടേറെ ക്രിപ്‌റ്റോ കറൻസികളുണ്ട്.
ക്രിപ്‌റ്റോ കറൻസിളെല്ലാംതന്നെ ഉണ്ടാക്കുന്നത് വിദേശത്താണ്. അവ സംരക്ഷിക്കുന്നതും ബ്ലോക്ക്‌ചെയിൻ അധിഷ്ഠിത വിദേശസർവറുകളിലാണ്. അവയുടെ ക്രയവിക്രയവും വിലയും നിയന്ത്രിക്കുന്ന ട്രേഡിങ്‌ ഹൗസുകളും വിദേശത്താണ്. അതിനാൽ, ബിറ്റ്‌കോയിനടക്കമുള്ള ഏത് ക്രിപ്‌റ്റോ കറൻസിയിൽ പണം നിക്ഷേപിച്ചാലും അത് ഇന്ത്യയുടെ ഡോളർനിക്ഷേപത്തെ നിയമാനുസൃതമല്ലാത്ത രീതിയിൽ പ്രതികൂലമായി ബാധിച്ചേക്കാം. മാത്രമല്ല, ബാങ്കുകളിലൂടെയല്ലാതെ ക്രിപ്‌റ്റോകറൻസികൾ വാങ്ങാനും വിൽക്കാനുമാകില്ല എന്ന നിയമം വന്നില്ലെങ്കിൽ രൂപയിലൂടെയല്ലാതെ ക്രിപ്‌റ്റോകറൻസികൾവഴി രാജ്യത്തിനകത്ത് നടത്തുന്ന പണമിടപാടുകളിൽ സർക്കാരിന് നിയന്ത്രണമില്ലാതെവരും. അവയെല്ലാം പരിഹരിക്കുമാറുള്ള നിയമങ്ങൾ ഉടൻ നടപ്പിൽവരുമെന്നാശിക്കാം.
ക്രിപ്‌റ്റോ കറൻസിയിൽ പണമിറക്കി നഷ്ടം വരുത്തിവെക്കുന്നവർക്ക് സർക്കാരിന്റെ ഒരുതരത്തിലുള്ള സംരക്ഷണവും ഇതുവരെ ലഭ്യമായിരുന്നില്ല. പുതിയ കോടതിവിധിയോടെ സാഹചര്യം മാറിയതിനാൽ ഇവർക്ക് സംരക്ഷണം കിട്ടുന്ന വിധത്തിലുള്ള പുതിയ നിയമങ്ങൾ വേണ്ടിവരും.
 കരുതിയിരിക്കേണ്ട കാര്യങ്ങൾ
പോലീസിനെ ആശങ്കപ്പെടുത്തുന്നത് ക്രിപ്‌റ്റോ കറൻസികൾമൂലമുണ്ടായിട്ടുള്ള കുറ്റകൃത്യങ്ങളാണ്. കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ ഇന്ത്യയിലെ ഒട്ടേറെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് ഓൺലൈനായി അപ്രത്യക്ഷമായ പണം പോയത് ബിറ്റ്‌കോയിൻ തട്ടിപ്പുകാരിലേക്കാണെന്ന് മനസ്സിലായിട്ടുണ്ട്. ബിറ്റ്‌കോയിൻ ഉപയോഗിച്ച് നിയമവിരുദ്ധ ലഹരിമരുന്ന് ഇറക്കുമതിമുതൽ തീവ്രവാദഫണ്ടിങ്‌വരെ നടക്കുന്നുണ്ട്. ബിറ്റ്‌കോയിൻ വാങ്ങാനായി സ്വന്തം അക്കൗണ്ടിൽനിന്ന് പണം ഓൺലൈനായി ട്രാൻസ്‌ഫർ ചെയ്യുന്നതിനുപകരം മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ ഹാക്ക്ചെയ്ത് പണം ഓൺലൈനായി ട്രാൻസ്‌ഫർചെയ്തുകൊടുക്കുന്ന തരം തട്ടിപ്പും കേരള പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ബിറ്റ്‌കോയിൻ ബിസിനസ് ചെയ്യാനറിയാത്തവർ അതുചെയ്യാനറിയുന്നവരെ വിശ്വസിച്ച് വലിയ തുക അനധികൃതമായി കൈമാറി ഇരട്ടിപ്പിച്ചെടുക്കുന്നതും അതിനിടയിൽ വിശ്വാസംതകർന്ന് കൊലപാതകത്തിലെത്തുന്നതും പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മലപ്പുറംജില്ലക്കാരായ ചിലർ ഇങ്ങനെ പിണങ്ങിയപ്പോൾ  പാസ്‌വേർഡ്  സ്വന്തമാക്കാനായി തട്ടിപ്പുക്കാരനെ ഉത്തർപ്രദേശിലേക്ക്‌ വിളിച്ചുവരുത്തി മർദിച്ചതും അതയാളുടെ മരണത്തിൽ കലാശിച്ചതും കൊലയാളികൾ ജയിലിലെത്തിയതുമൊക്കെ ഇതിനോടകം മലയാളമാധ്യമങ്ങളിൽ വാർത്തയായതാണല്ലോ.
 കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ
ഇത്തരം തട്ടിപ്പുകൾ പലപ്പോഴും തടയാനാവില്ല. കാരണം, ഇവയെല്ലാംതന്നെ അന്താരാഷ്ട്രതലത്തിലുള്ളതും ഇന്റർനെറ്റും മറ്റ് ഓൺലൈൻ സംവിധാനങ്ങളും ഉപയോഗിച്ച് ചെയ്യുന്നതുമാണ്. ഇത്തരം തട്ടിപ്പുകൾ നടത്തുന്ന വെബ്‌സൈറ്റുകൾ നിരോധിക്കുക എന്നത് ലിബറൽ ജനാധിപത്യം പുലർത്തുന്ന ഇന്ത്യയ്ക്ക് ചേർന്നതുമല്ല. ഇനി അഥവാ നിരോധിച്ചാൽത്തന്നെ അവ മറ്റുപേരുകളിൽ, മറ്റ് ഐ.പി. അഡ്രസുകൾ ഉപയോഗിച്ച് ഉടൻതന്നെ പുനഃസൃഷ്ടിക്കപ്പെടുകയുംചെയ്യും. അത്ര ശക്തമാണ് ഈ അന്താരാഷ്ട്രലോബി. 
ക്രിപ്‌റ്റോ കറൻസികൾവഴിയുള്ള കുറ്റകൃത്യങ്ങൾ നടക്കാതിരിക്കാൻ ബോധവത്കരണവും, നടന്നാൽ കാര്യക്ഷമമായ ശാസ്ത്രീയാന്വേഷണവുംമാത്രമാണ് പോംവഴി. അതിനാൽ, കേന്ദ്ര-സംസ്ഥാന സർക്കാരുകളും പോലീസും കസ്റ്റംസും ജാഗരൂകരാണ്. ക്രിപ്‌റ്റോ കറൻസികൾ കൊടുത്ത് വാങ്ങിയ അനധികൃത 
മരുന്നുകളും ലഹരിമരുന്നുകളുംമറ്റും ഇന്ത്യയിലേക്ക് വരുന്നുണ്ടോ എന്ന നിരീക്ഷണം നടക്കുന്നുണ്ട്. 
മാത്രമല്ല, ക്രിപ്‌റ്റോ കറൻസികൾ വന്നതോടെ ലോകത്താകമാനം സാമ്പത്തികത്തട്ടിപ്പുകളുടെ രീതികൾതന്നെ മാറിയിട്ടുണ്ടെന്ന് പോലീസ് മനസ്സിലാക്കിയിട്ടുണ്ട്. അതിനാൽ, ഇത്തരം കേസുകളിൽ അവലംബിക്കേണ്ടതായ ആധുനിക സൈബർ ഇൻവെസ്റ്റിഗേറ്റീവ് പ്രോട്ടോകോളുകളിൽ രാജ്യത്താകമാനമുള്ള അന്വേഷണോദ്യോഗസ്ഥർക്ക് പരിശീലനം കിട്ടിക്കൊണ്ടിരിക്കുന്നു. മാത്രമല്ല, ഇന്ത്യയിൽ ഈ സൈബർ ഫൊറൻസിക്ക് മേഖലയിൽ ഇനിയും ഒരുപാട് ഗവേഷണപഠനങ്ങൾക്ക് സാധ്യതയുണ്ട്. 
തട്ടിപ്പുകാർക്കെതിരേ മാത്രമല്ല ചിലപ്പോൾ തട്ടിപ്പിന്റെ ഇരയ്ക്കെതിരേയും കേസെടുക്കാവുന്നതരം അപൂർവതയുണ്ട് ക്രിപ്‌റ്റോ കറൻസി തട്ടിപ്പുകൾക്ക്. പുതിയ കോടതിവിധിയോടെ മാറിയ സാഹചര്യത്തിൽ ഇത്തരം കുറ്റകൃത്യങ്ങൾ കൂടാൻ സാധ്യതയുണ്ട്. 
 
(ലോക്‌നാഥ് ബെഹ്‌റ സംസ്ഥാന പോലീസ് മേധാവിയും ഡോ. പി. വിനോദ് ഭട്ടതിരിപ്പാട് സൈബർ ഫൊറൻസിക്ക് വിദഗ്ധനുമാണ്. അഭിപ്രായങ്ങൾ വ്യക്തിപരം)