നോട്ടുനിരോധനത്തിനുശേഷം വ്യാപാരികളുടെ ദൈനംദിന ജീവിതത്തിൽ വലിയൊരു മാറ്റമുണ്ടായി. രാവിലെ ധൃതികൂടി കടതുറക്കാനുള്ള ഓട്ടം കുറഞ്ഞു. കാരണം നേരത്തേച്ചെന്നു കടതുറന്നിട്ടും പ്രത്യേകിച്ചു കാര്യമില്ല. ആവശ്യക്കാർ പതിയെ അങ്ങെത്തിക്കൊള്ളും. തുറന്നുവെച്ചില്ലെങ്കിലും പ്രശ്നമാണ് എന്നുള്ളതുകൊണ്ട് അനുഷ്ഠാനംപോലെ എല്ലാം സാവധാനത്തിലങ്ങ് ചെയ്യും.  കോവിഡ്-19 കൂടി വന്നതോടെ സ്ഥിതി പറയാനുമില്ല. അത്യാവശ്യക്കാരല്ലാതെ ആരും റോഡിലിറങ്ങിയില്ല.

എന്നാൽ, കഴിഞ്ഞ നവരാത്രിമുതൽ ദീപാവലിവരെ നഗരങ്ങളിലെ ഉൾപ്രദേശങ്ങൾപോലും സജീവമായി. കുറിയർ കമ്പനികളുടെ പ്രതിനിധികൾ ഇരുചക്രവാഹനങ്ങളിലും ഗുഡ്‌സ് ഓട്ടോകളിലുമായി നഗരവീഥികളിലൂടെ ചീറിപ്പാഞ്ഞു. ഓൺലൈൻ കമ്പനികളുടെ ഉത്സവകാല ഇളവുകൾ പ്രഖ്യാപിച്ചുള്ള വിൽപ്പനാഘോഷമാണ് ഓരോ പട്ടണവീഥികളെയും വീടുകളെയും പുത്തനുണർവുകളിലേക്ക് നയിച്ചത്.
കേരളത്തിലെ വ്യാപാരത്തിന്റെ സുവർണവേളകളായ വിഷു, റംസാൻ, ഓണം, ബക്രീദ് തുടങ്ങിയ ആഘോഷങ്ങൾ കോവിഡുമൂലം ഇല്ലാതായപ്പോൾ തകർന്നുപോയ വിപണിക്ക്‌ മറ്റൊരു തിരിച്ചടിനൽകിയാണ് ഓൺലൈൻ കമ്പനികൾ ദീപാവലിക്കാലത്ത് കോടികൾ നേടിയത്. വിൽപ്പനയുടെ ആദ്യ നാലഞ്ചുദിവസത്തിനകംതന്നെ ഫ്‌ളിപ്കാർട്ട്, ആമസോൺ, മിൻട്ര, സ്‌നാപ്ഡീൽ എന്നീ കമ്പനികൾ 22,000 കോടി രൂപയുടെ വിൽപ്പന നടത്തിയെന്നാണ് ഒരു റിപ്പോർട്ട്.

 വിരൽത്തുമ്പിലെന്തും
വ്യാപാരികൾക്ക് വെല്ലുവിളിയായി ഓൺലൈൻ വ്യാപാരം വളർന്നിട്ട് വർഷങ്ങളേറെയായി. ശരാശരി 34 ശതമാനം വർധന ഓരോ വർഷവും ഓൺലൈൻ വ്യാപാരത്തിനുണ്ടെന്നാണ് റിപ്പോർട്ട്. സാങ്കേതികതയിലെ ദ്രുതഗതിയിലുള്ള മാറ്റംമൂലം പരമ്പരാഗതമായ ഷോപ്പിങ് രീതികളെല്ലാം തിരുത്തിയെഴുതപ്പെടുകയാണ്. എന്തും കിട്ടുന്ന കടകൾ മുഴത്തിനുമുഴം കേരളത്തിലെ പട്ടണങ്ങളിലെല്ലാമുണ്ടായിട്ടും വീട്ടിലോ ഓഫീസിലോ ഇരുന്ന്‌ ഓൺലൈൻ ഷോപ്പിങ്ങാണ് ആളുകൾക്ക് ഇഷ്ടം.

ഓൺലൈൻ ഷോപ്പിങ്ങിൽ സ്മാർട്ട് ഫോണുകളുടെ ഉപയോഗത്തെക്കുറിച്ച് തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിലെ അധ്യാപകരായ വി.പി. ഷബീറും ഡോ. പി.വി. ബഷീർ അഹമ്മദും ചേർന്ന് 2017-18ൽ നടത്തിയ സർവേയിൽ 16-നും 35 വയസ്സിനുമിടയിലുള്ളവരാണ് ഓൺലൈൻ വ്യാപാരത്തിൽ കൂടുതലായി സജീവമെന്ന് കണ്ടെത്തി. അതിൽ 16-നും 25 വയസ്സിനുമിടയിലുള്ളവരിൽ 87 ശതമാനവും സ്മാർട്ട്‌ ഫോൺ വഴിയാണ് ഓർഡർ ചെയ്യുന്നതെന്നും പറയുന്നു.

കോവിഡുകാലത്തെ ഓൺലൈൻ പഠനവും കുട്ടികളെ കൂടുതലായി മൊബൈൽ ഫോണിലേക്ക് അടുപ്പിച്ചു. പഠനം മാത്രമല്ല, ഷോപ്പിങ്ങിനും ഇതാണ് അവസരമെന്ന് കുട്ടികൾ രക്ഷിതാക്കളെ പഠിപ്പിച്ചു. അതോടെ ഓൺലൈൻ കമ്പനികൾക്ക് കൊയ്ത്തുകാലവുമായി. ഓൺലൈൻ കമ്പനികൾ ഇക്കാലയളവിൽ കേരളത്തിൽനിന്നും നേടിയ വ്യാപാരത്തിന്റെ കണക്ക് വരാനിരിക്കുന്നതേയുള്ളൂ.  

 സമാന്തര ഭീഷണി
കുറെ വർഷങ്ങളായി പ്രായ, കാല ഭേദമില്ലാതെ മലയാളിയുടെ പ്രിയഭക്ഷണമാണ് ബിരിയാണി. കേരളത്തിനകത്തും പുറത്തും നല്ല ബിരിയാണി കിട്ടുന്ന ഹോട്ടലുകൾ, ചിക്കന്‌ ഇന്നയിടം, ബീഫിന്‌ ഇന്നയിടം മട്ടന്‌ ഇന്നയിടം എന്നവിധത്തിൽ മലയാളിക്ക് ഹൃദിസ്ഥമാണ്.

കോവിഡുകാലത്ത് വ്യാപാരികൾക്ക് ഭീഷണിയായി അത്രയധികം സമാന്തര കച്ചവടങ്ങളാണ് കേരളത്തിലങ്ങോളമിങ്ങോളം തുടങ്ങിയത്. പലവ്യഞ്ജനം ഒഴിച്ച് മറ്റെല്ലാം ഈവിധം പെട്ടി ഓട്ടോകളിലും ഓംനി വാനുകളിലും കാറുകളിലും ഓട്ടോറിക്ഷകളിലുമായി വഴിയോരങ്ങളിലെത്തി. അതിൽ പ്രധാനിയായിരുന്നു ബിരിയാണി. 60 രൂപമുതൽ 80 രൂപവരെ വിലയിൽ വഴിയോരത്ത് ബിരിയാണി വിറ്റത് ഹോട്ടലുകൾ അടച്ചിട്ട ആദ്യകാലഘട്ടത്തിൽ ആളുകൾക്ക് ഉപകാരമായിരുന്നു.

 ‘‘തൊഴിൽ നഷ്ടപ്പെട്ട ഗൾഫുകാരനും ബസ്, ഓട്ടോ ജീവനക്കാരുമെല്ലാം ഇപ്പോൾ കച്ചവടത്തിനിറങ്ങുകയല്ലേ? ഞങ്ങൾ ഒരു ഹോട്ടൽ നടത്തുമ്പോൾ ഭക്ഷ്യസുരക്ഷ, തദ്ദേശസ്വയംഭരണം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരടക്കം എത്രയധികം ആളുകളാണ് പരിശോധനയ്ക്കെത്തി ബുദ്ധിമുട്ടിക്കുക? ഇതിപ്പോൾ വൃത്തിയും വെടിപ്പും ലൈസൻസും ഒന്നും വേണ്ടാ.’’ -ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജി പറയുന്നു.

ഹോട്ടലുകാർ മാത്രമല്ല, പഴം, പച്ചക്കറി, ബേക്കറി പോലുള്ള മേഖലകളിലുള്ളവരും സമാന്തര കച്ചവടംമൂലം കടുത്ത പ്രതിസന്ധിയിലാണ്. ‘‘ഏതൊരു രംഗത്തും നാളെ പണി നിർത്തിക്കളയാം എന്നു തീരുമാനിച്ചാൽ അപ്പോൾ ഫുൾസ്റ്റോപ്പിടാം. എന്നാൽ, കച്ചവടക്കാരന് ഒഴിമുറി കിട്ടണമെങ്കിൽ പ്രീമിയം ടാക്‌സ്, സൂപ്പർ ടാക്‌സ് പോലുള്ള ഒരുകൂട്ടം തടസ്സങ്ങളെക്കൂടി അതിജീവിക്കണം. അവിടെയാണ് വഴിവാണിഭക്കാർ ഒരു ബാധ്യതയുമില്ലാതെ വിലസുന്നത്.’’ -എറണാകുളത്തെ വ്യാപാരി നേതാവായ പി.സി. ജേക്കബിന്റെ വാക്കുകളിൽ വ്യാപാരികൾ നേരിടുന്ന സമാന്തര കച്ചവടത്തിന്റെ ഭീകരത വ്യക്തമായി പ്രതിഫലിക്കുന്നു.


കോവിഡുകാല നഷ്ടക്കണക്ക്

കോവിഡ്‌വ്യാപനം വ്യാപാരമേഖലയിലുണ്ടാക്കിയ ആഘാതത്തെക്കുറിച്ചറിയാൻ സംസ്ഥാന സാമ്പത്തിക സ്ഥിതിവിവരക്കണക്കുവകുപ്പ് ഒരു ത്വരിതപഠനം നടത്തിയിരുന്നു. 2020 ഏപ്രിൽമുതൽ ജൂലായ്‌വരെയുള്ള കാലയളവിലെ പ്രശ്നങ്ങളാണ് പഠനവിധേയമാക്കിയത്.

സംസ്ഥാനമൊട്ടുക്കുമുള്ള 2873 വ്യാപാരസംരംഭങ്ങളിൽനിന്നുള്ള വിവരമാണു ശേഖരിച്ചത്. അതിൽ 2162 എണ്ണം ചില്ലറവ്യാപാര മേഖലയിലും 255 എണ്ണം മൊത്തവ്യാപാരമേഖലയിലും 456 എണ്ണം മോട്ടോർ വാഹനങ്ങളുടെ മൊത്ത-ചില്ലറ വ്യാപാരമേഖലയിലെ സംരംഭങ്ങളുമാണെന്ന് വകുപ്പ് അഡീഷണൽ ഡയറക്ടർ കെ. അഭിലാഷ് പറഞ്ഞു.

2873 സംരംഭങ്ങളുടെ മൊത്തം ഒരുമാസത്തെ സാധാരണവരവ് 101 കോടി രൂപയാണ്. ഏപ്രിലിൽ ഇത് 29 കോടിയും (71% വരുമാനനഷ്ടം) മേയിൽ 50 കോടിയും (50% നഷ്ടം) ജൂണിൽ 65 കോടിയും (35% നഷ്ടം), ജൂലായിൽ 64 കോടിയും (36% നഷ്ടം) ആയി കുറഞ്ഞു. ചില്ലറവ്യാപാരമേഖലയിലെ 2162 സംരംഭങ്ങൾക്ക് ശരാശരി 60 കോടി വരുമാനമുണ്ടായിരുന്നത് ഏപ്രിൽമുതൽ ജൂലായ്‌വരെ യഥാക്രമം 16 കോടി, 29 കോടി, 38 കോടി, 37 കോടി എന്നിങ്ങനെ കുറഞ്ഞു. മൊത്തവ്യാപാരമേഖലയിലെ 255 സംരംഭങ്ങളിൽ ആകെ 28 കോടിരൂപ വരുമാനമുണ്ടായിരുന്നത് ഏപ്രിലിൽ 11 കോടി, മേയിൽ 16 കോടി, ജൂണിൽ 20 കോടി, ജൂലായിൽ 19 കോടി എന്നനിലയിൽ കുറഞ്ഞു.

വ്യാപാരികളുടെ കടബാധ്യതയും പഠനവിധേയമാക്കി. 32 ശതമാനം കടയുടമകൾ വായ്പയെടുത്തിരുന്നു. അവരിൽ 88 ശതമാനത്തിനും തിരിച്ചടവ് മുടങ്ങി. കുടിശ്ശികത്തുകമാത്രം ഏകദേശം 12 കോടിരൂപ വരുമെന്നാണ് കണ്ടെത്തൽ.


പാഠം പഠിപ്പിക്കാൻ ‘റെസോയ്’ വരുന്നു
ഓൺലൈൻ ഭക്ഷണവിതരണ ശൃംഖലകൾ ഹോട്ടലുകളുടെ ലാഭവിഹിതം തട്ടിയെടുക്കുന്ന അവസ്ഥയിലാണ് ലോക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടത്. ഈ അവസ്ഥയെ മറികടക്കാൻ സ്വന്തമായൊരു വിതരണശൃംഖലയുണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു അസോസിയേഷൻ. അതിന് ഒരു പേരുകണ്ടെത്താൻ മത്സരം നടത്തി. 18,000 പേർ നിർദേശങ്ങൾ അയച്ചതിൽനിന്നും ‘റെസോയ്’ തിരഞ്ഞെടുക്കപ്പെട്ടു. ഈ ലോക്ഡൗൺ വേളയിലുടനീളം റെസോയിയെ വികസിപ്പിച്ചെടുക്കുന്ന തിരക്കിലായിരുന്നു ഭാരവാഹികൾ.

100 രൂപയുള്ള ബിരിയാണിക്ക് 110 രൂപ ഈടാക്കി 10 രൂപ ലാഭത്തിൽ പ്രവർത്തിച്ച്‌ വിപണിയിൽ പിടിമുറുക്കിയ ഓൺലൈൻ വിതരണക്കാർ ഇപ്പോൾ ഉപഭോക്താക്കളിൽനിന്നും 120 രൂപ വാങ്ങി ഹോട്ടലുടമയ്ക്ക് 70 രൂപ മാത്രം നൽകുന്നവിധത്തിലാണ് പ്രവർത്തിക്കുന്നത്. ആ 70 രൂപതന്നെ 15 ദിവസം കഴിഞ്ഞേ അക്കൗണ്ടിലെത്തൂ. ഈ അവസ്ഥയെ ഇനി റെസോയ് മറികടക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് മൊയ്തീൻകുട്ടിക്ക് ഉറപ്പാണ്.

(തുടരും)