ആത്മനിർഭർ ഭാരത് മിഷന്റെ ഭാഗമായി സർക്കാർ നടപ്പാക്കിയ പേറ്റന്റ് നിയമഭേദഗതി (പേറ്റന്റ് അമെൻമെന്റ്‌ റൂൾസ് 2021) പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. ഇതിലെ ഏറ്റവും സവിശേഷമായ ഭേദഗതി, വിദ്യാഭ്യാസസ്ഥാപനങ്ങളെയും അവരുടെ ഗവേഷണങ്ങളെയും പ്രോത്സാഹിപ്പിക്കാനായി അപേക്ഷാഫീസിൽ വരുത്തിയ മാറ്റമാണ്. എൺപത് ശതമാനത്തോളം വരുന്ന ഇളവ്.

​ഭേദഗതി നിലവിൽ വരുമ്പോൾ

ഇന്ത്യൻ പേറ്റന്റ് നിയമങ്ങൾ (ആക്ട്) 1972-ന് ആനുപാതികമായ ഇന്ത്യൻ പേറ്റന്റ് ചട്ടങ്ങൾ (റൂൾ) 2003 ആണ് സർക്കാർ ഭേദഗതിചെയ്ത് പുറത്തിറക്കിയത്. പുതിയ ഭേദഗതി നടപ്പാക്കുന്നതിനു മുമ്പ് വ്യക്തികൾക്കും സ്റ്റാർട്ടപ്പുകൾക്കും ഫീസിൽ കിട്ടിയിരുന്ന ഇളവുകളാണ് ഇപ്പോൾ പ്രത്യേകം തരംതിരിച്ച് വിദ്യാഭ്യാസസ്ഥാപനങ്ങൾക്കുകൂടി ലഭിച്ചിരിക്കുന്നത്.

2021-ലെ ഈ പുതിയ ഭേദഗതിപ്രകാരം ചട്ടം രണ്ടിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർവചനം നൽകുന്നത്. അതിങ്ങനെ: ‘ഒരു വിദ്യാഭ്യാസ സ്ഥാപനമെന്നാൽ കേന്ദ്രനിയമങ്ങളോ സംസ്ഥാന നിയമങ്ങളോ അനുസരിച്ച് സ്ഥാപിതമായ സർവകലാശാലകൾ, അതുപോലെ സംസ്ഥാനസർക്കാരോ, കേന്ദ്രസർക്കാരോ അംഗീകരിച്ച എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും...’

ഈ ഒരു ഭേദഗതിയോടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും യുവതലമുറയിൽ ഉറങ്ങിക്കിടക്കുന്ന അല്ലെങ്കിൽ പ്രോത്സാഹനം ലഭിക്കാത്ത ഗവേഷണതത്‌പരരെ കൂടുതൽ ഉത്തേജിതരാക്കും.
കേരളത്തെ ഉദാഹരിച്ചു പറയുകയാണെങ്കിൽ ഒരുപാടു സാധ്യതകളുള്ള ഒരു മേഖലയാണ് ഗവേഷണം. കഴിഞ്ഞ രണ്ടുവർഷത്തെ കോവിഡ് മൂലമുള്ള തടസ്സങ്ങൾ മാറ്റിനിർത്തിയാൽ സ്കൂളുകളിൽ വളരെയധികം ഉത്സാഹത്തോടെ ശാസ്ത്രമേളകൾ പോലുള്ള പരിപാടികൾ സംഘടിപ്പിക്കുന്ന സംസ്ഥാനമാണ് കേരളം. പരിശ്രമങ്ങൾ, പരീക്ഷണങ്ങൾ, ഗവേഷണങ്ങൾ ഇവ തുടങ്ങേണ്ടത് സ്കൂളുകളിൽ നിന്നുതന്നെയാണ്. പ്രോത്സാഹനം ലഭിച്ചാൽ ഏറ്റവും വളർച്ചയ്ക്ക് സാധ്യതയുള്ള മേഖല. ‘മേയ്ക്ക് ഇൻ ഇന്ത്യ’ (ഇന്ത്യയിൽ ഉണ്ടാക്കുക) എന്ന ആശയം പൂർണമായും നടപ്പിൽവരുത്താൻ ഇത്തരം പരീക്ഷണങ്ങൾ കൂടിയേ തീരു.

കുറച്ചുകാലം മുമ്പുവരെ ഇന്ത്യയിലെ പേറ്റന്റ് അപേക്ഷകളുടെ മുൻപന്തിയിൽ വിവിധ ഗവേഷണ സർവകലാശാലകൾ ആയിരുന്നു. പക്ഷേ, പിന്നീട് ചെലവ് താങ്ങാൻകഴിയാതെ പലരും പിൻവലിഞ്ഞു. പേറ്റന്റ് എന്ന അംഗീകാരം അല്ലെങ്കിൽ അധികാരം ലഭിക്കാതിരുന്നാൽ ഗവേഷണമെന്ന വളരെ നീണ്ട പരിശ്രമത്തിന് അർഥമില്ലാതാവുകയും ഗവേഷകർക്ക് അതിനോടുള്ള താത്‌പര്യം കുറയുകയും ചെയ്യും.

പേറ്റന്റ് ലഭിച്ചുകഴിഞ്ഞാൽ ആ പേറ്റന്റിക്ക് (പേറ്റന്റ് അവകാശം ലഭിച്ചയാൾ) അയാളുടെ ഉത്‌പന്നത്തിന് (പ്രോഡക്ട്) അല്ലെങ്കിൽ പേറ്റന്റ് ലഭിച്ച പ്രക്രിയക്ക്‌ (പ്രോസസ്) സമ്പൂർണ അധികാരമാണ് ലഭിക്കുന്നത്. പേറ്റന്റ് ആക്ട് 1970-ലെ 48-ാം വകുപ്പിലാണ് പേറ്റന്റിയുടെ അവകാശങ്ങൾ പ്രതിപാദിക്കുന്നത്. പേറ്റന്റിയുടെ സമ്മതമില്ലാതെ പേറ്റന്റ് അവകാശം ലഭിച്ച ഉത്‌പന്നം ഉണ്ടാക്കുകയോ ഉപയോഗിക്കുകയോ വിൽക്കാനുള്ള വാഗ്ദാനം നൽകുകയോ അല്ലെങ്കിൽ അതേ ഉത്‌പന്നം ഇറക്കുമതി ചെയ്യുകയോ ചെയ്യാൻ സാധ്യമല്ല.

അതുപോലെത്തന്നെ പേറ്റന്റ് ലഭിച്ചത് പ്രക്രിയക്കാണെങ്കിൽ (പ്രോസസ്) പേറ്റന്റിയുടെ സമ്മതമില്ലാതെ ആ പ്രക്രിയ ഉപയോഗിക്കാനോ ആ പ്രക്രിയയിൽനിന്നുണ്ടാവുന്ന ഉത്‌പന്നം ഉപയോഗിക്കാനോ, വിൽപ്പന വാഗ്ദാനം നടത്താനോ ഇറക്കുമതിചെയ്യാനോ അനുവാദം നൽകില്ല.

പേറ്റന്റ്‌ ലൈസൻസിങ്‌

പേറ്റന്റ് ലൈസൻസിങ്ങാണ് പരാമർശിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യം. പേറ്റന്റിലൂടെ ലഭിക്കുന്ന സമ്പൂർണ അവകാശം പേറ്റന്റിക്കു മറ്റൊരാൾക്ക് കൈമാറാൻ കഴിയുന്ന പ്രക്രിയയാണ് പേറ്റന്റ് ലൈസൻസിങ്. രണ്ടുപേരും അംഗീകരിച്ച, ഒരു കരാർ അടിസ്ഥാനത്തിൽ, ഒരു നിശ്ചിത കാലയളവിലേക്ക് നൽകുന്ന അധികാരമാണ്, അവകാശമാണ് ലൈസൻസിങ്. അപേക്ഷിച്ച ദിവസംമുതൽ ഇരുപത് വർഷത്തേക്കാണ് പേറ്റന്റ് അവകാശം ലഭിക്കുന്നത്. എല്ലാവർഷവും ഒരു വാർഷിക ഫീസ് അടച്ച് പേറ്റന്റ് പുതുക്കണം.

 കാലതാമസമായിരുന്നു ഇന്ത്യയിലെ പേറ്റന്റ്‌ നടപടിക്രമങ്ങളുടെ ഒരു പ്രധാനപ്രശ്നം. കഴിഞ്ഞ കുറച്ചുവർഷങ്ങളായി നടത്തിയ ചട്ടഭേദഗതിയുടെ ഭാഗമായി ഈ കാലതാമസം കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്‌. 2015 വരെ ഏതാണ്ട്‌ ആറു വർഷത്തോളംനീണ്ട നടപടിക്രമമായിരുന്നത്‌ രണ്ടുമുതൽ മൂന്നു വർഷത്തോളമായി കുറയ്ക്കാൻ കഴിഞ്ഞത്‌.

നവസംരംഭകത്വ അന്തരീക്ഷം ഉറപ്പുവരുത്തുക എന്ന ഉദ്ദേശ്യത്തോടുകൂടി വിദ്യാഭ്യാസസ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം സ്റ്റാർട്ടപ്പുകളെ വളരെ മുമ്പേതന്നെ ഈ ഗണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്‌ സ്വാഗതാർഹമാണ്‌. ഈ നടപടി സ്റ്റാർട്ടപ്പുകളുടെ ഗവേഷണ തത്‌പരതയെ തികച്ചും ഉത്തേജിപ്പിച്ചിട്ടുണ്ട്‌. കഴിഞ്ഞ കുറച്ചുവർഷങ്ങളായി വളരെയധികം സ്റ്റാർട്ടപ്പുകൾ ഈ മേഖലയിൽ, പ്രത്യേകിച്ച്‌ കേരളത്തിൽ വളർച്ച കൈവരിച്ചിട്ടുമുണ്ട്‌. സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ ബൗദ്ധികസ്വത്തിനെ സംരക്ഷിക്കുന്നതിനുമായി ഫെസിലിറ്റേറ്റർമാരെയും നിയമിക്കുകയുണ്ടായി.

ഭേദഗതികൾ ഇനിയും അനിവാര്യം

ഇന്നൊവേറ്റേഴ്‌സിനും ക്രിയേറ്റേഴ്‌സിനും (സ്രഷ്ടാക്കൾ) ആത്യന്തികമായി നേട്ടം ലഭിക്കുന്നതിനായി സർക്കാർ ഇനിയും ഒരുപാട്‌ മുന്നോട്ടുപോവേണ്ടതുണ്ട്‌. അതുകൊണ്ടുതന്നെ പേറ്റന്റ്‌ നിയമങ്ങളിൽ ഇനിയും ഭേദഗതികൾ അനിവാര്യമാണ്‌. ചില ഉദാഹരണങ്ങൾ പറയുകയാണെങ്കിൽ ഒരു കണ്ടുപിടിത്തത്തിന്‌ (ഇൻവെൻഷൻ) പേറ്റന്റ്‌ ലഭിക്കണമെങ്കിൽ ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട മാനദണ്ഡങ്ങൾ പുതുമ (നോവൽറ്റി), ഇൻവെന്റിവ്‌ സ്റ്റെപ്പ്‌, വ്യാവസായിക പ്രാധാന്യം എന്നിവയാണ്‌. ഇവകൂടാതെ ഒരു പ്രത്യേക വകുപ്പിൽ (section-3) പേറ്റന്റ്‌ നൽകാൻ കഴിയാത്ത ചില കണ്ടുപിടിത്തങ്ങൾ പ്രതിപാദിക്കുന്നുണ്ട്‌. ചില രോഗനിർണയ പ്രക്രിയകൾ, കംപ്യൂട്ടർ സോഫ്‌റ്റ്‌വേറുകൾ തുടങ്ങി ഫാർമ, ഐ.ടി. മേഖലയിലെ പല കണ്ടുപിടിത്തങ്ങളും ഇപ്പോൾ പേറ്റന്റിന്‌ അർഹമല്ല. അതുണ്ടാകണം.

അതുപോലെ വെല്ലുവിളിനേരിടുന്ന മറ്റൊരു മേഖലയാണ്‌ പേറ്റന്റ്‌ വ്യവഹാരങ്ങൾ. (Patent litigation). കഴിഞ്ഞകാലംവരെ പേറ്റന്റ്‌ അപ്പീലുകൾ പരിഗണിച്ചിരുന്ന ‘ഇന്റലക്‌ച്വൽ പ്രോപ്പർട്ടി അപ്പലറ്റ്‌ ബോർഡ്‌’ ഈ അടുത്തകാലത്ത്‌ നിർത്തലാക്കിയത്‌ നിരാശാജനകമാണ്‌. അതിനുപകരമായി ബോർഡിൽ പരിഗണിച്ചിരുന്ന എല്ലാ അപ്പീലുകളും അതതു ഹൈക്കോടതികളിലേക്കു മാറ്റുകയും ഉണ്ടായി. ഇവിടെ അഭിമുഖീകരിക്കുന്ന ഒരു പ്രധാനപ്രശ്നം അതത്‌ സാങ്കേതികതകളിൽ പ്രാവീണ്യം നേടിയ ജഡ്‌ജിമാരുടെ അഭാവമാണ്‌. ഉദാഹരണമായി ഫാർമസ്യൂട്ടിക്കൽ പേറ്റന്റിനെ സംബന്ധിച്ച വിഷയമാണെങ്കിൽ ഈ മേഖലയിൽ പരിചയസമ്പന്നനല്ലാത്ത ഒരു ജഡ്‌ജിക്ക്‌ അതിന്റെ വിധിന്യായം നടത്തുന്നതിൽ ഒരുപാട്‌ പരിധികളും പരിമിതികളും ഉണ്ടാകും. അതിനായി പരിചയസമ്പന്നരായ വ്യക്തികളെ നിയമിക്കേണ്ടതുണ്ട്‌. 117-ാം വകുപ്പിൽ ഇത്‌ ആവശ്യപ്പെടുന്നുമുണ്ട്‌.

(പേറ്റന്റ്‌ നിയമവിദഗ്‌ധനും സുപ്രീംകോടതി അഭിഭാഷകനുമായ ലേഖകൻ ഏഷ്യൻ പേറ്റന്റ്‌ അറ്റോർണി അസോസിയേഷൻ ഇന്ത്യൻ ഗ്രൂപ്പിന്റെ ട്രഷററുമാണ്‌)