പ്രവാസികളും അവർ നേരിടുന്ന പ്രശ്നങ്ങളും എന്നും സജീവ ചർച്ചാവിഷയമാണ്. തിരിച്ചെത്തിയ പ്രവാസികളെ നാടിന്റെ പുരോഗതിക്ക് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന ചർച്ചയും തുടരുന്നു. ഈ വിഷയത്തിൽ മാതൃഭൂമി കഴിഞ്ഞ ദിവസങ്ങളിൽ പ്രസിദ്ധീകരിച്ച ‘ബാധ്യതയല്ല പ്രവാസി, സാധ്യതയാണ്’ എന്ന ലേഖന പരമ്പരയെ അടിസ്ഥാനമാക്കിയാണ് ഈ കുറിപ്പ്.

നമ്മുടെ രാജ്യത്ത് പ്രവാസത്തെ സംബന്ധിച്ച് കൃത്യമായ ഒരു നയമോ നടപടിക്രമമോ ഇല്ല. പുറത്തുപോയ ഇന്ത്യക്കാർ എങ്ങനെ, എവിടെപ്പോയി ഇന്ന് അവർ എവിടെ എന്നതിനെ സംബന്ധിച്ചും വ്യക്തതയില്ല. ചില ഏജൻസികൾ നടത്തുന്ന പഠനറിപ്പോർട്ടാണ് ആശ്രയം. അതുതന്നെ വൈരുധ്യങ്ങളുള്ളതുമാണ്. 
വിദേശത്തുള്ള മലയാളികൾ 21,21,887 എന്ന കണക്കുതന്നെ ലഭ്യമായ വിവരങ്ങൾ​െവച്ചു നോക്കിയാൽ ശരിയായ ഒന്നല്ല. ഇനിയും

വിദേശത്ത് അവശേഷിക്കുന്ന മലയാളികൾ ഒമ്പതു ലക്ഷമേ വരൂ എന്നതും വസ്തുതകൾക്കു നിരക്കുന്നതല്ല. പ്രവാസം അവസാനിച്ചവരുടെ കണക്കും കോവിഡ് കാലത്ത് തിരിച്ചുവന്നവരുടെ കണക്കും യാഥാർഥ്യവുമായി പുലബന്ധമില്ലാത്തതാണ്. കേവല ഭാവനയിൽ നിന്നുകൊണ്ടു മാത്രമേ കണക്കുകൾ െവച്ചുള്ള പരിശോധന സാധ്യമാവൂ. 

 കേവലം വായ്പയല്ല,  എൻ.ഡി.പി.ആർ.എം. 
മാതൃഭൂമി ലേഖന പരമ്പര കേരള സർക്കാരിന്റെ പുനരധിവാസ പദ്ധതിയെക്കുറിച്ചാണ് (എൻ.ഡി.പി.ആർ.എം.) കൂടുതൽ പറയുന്നത്. തിരികെയെത്തി ഇവിടെ താമസമാക്കുന്ന പ്രവാസിക്ക് ചെറിയ സംരംഭങ്ങൾ തുടങ്ങാനുള്ള താങ്ങാണ് ഈ പദ്ധതി. 20 ലക്ഷം രൂപവരെ വായ്പ നൽകാൻ ആറ് ധനകാര്യ സ്ഥാപനങ്ങളുമായി നേരത്തേതന്നെ ധാരണയുണ്ടാക്കിയിരുന്നു. ഇപ്പോൾ 16 ധനകാര്യസ്ഥാപനങ്ങളുടെ അയ്യായിരത്തിലധികം ശാഖകളിൽനിന്നും ഒരു വ്യക്തിക്ക് 30 ലക്ഷം രൂപ വരെ വായ്പ നൽകുന്ന പദ്ധതിയായി ഇത് വിപുലമായി. 
പരമാവധി മൂന്നുലക്ഷം രൂപവരെ സബ്‌സിഡിയും മൂന്നു ശതമാനം പലിശയിളവ് നാലുവർഷത്തേക്കും അനുവദിക്കും. ഇതിനു വേണ്ടിവരുന്ന സാങ്കേതികസഹായം സൗജന്യമായി ലഭ്യമാക്കും. നടപടിലഘൂകരണം മുൻനിർത്തി വായ്പമേളകൾ കേരളത്തിൽ വിവിധ ഭാഗങ്ങളിലായി നടത്തിവരുന്നു. പത്തു ലക്ഷം രൂപവരെ പ്രത്യേക ഈടില്ലാതെ വായ്പ കൊടുക്കാൻ ചില ബാങ്കുകൾ മുന്നോട്ടു വന്നിട്ടുണ്ട്. ഈടില്ല എന്നതുകൊണ്ട് തിരിച്ചടവിന്റെ സാധ്യതകൾ പരിശോധിക്കാതെ ബാങ്കുകൾ വായ്പ കൊടുക്കണമെന്ന് നിർബന്ധിക്കാനാവില്ല. തുടങ്ങുന്ന സംരംഭം തിരഞ്ഞെടുത്ത സ്ഥലം, മുൻകൈയെടുക്കുന്ന വ്യക്തിയുടെ കാര്യപ്രാപ്തി തുടങ്ങിയവ പരിശോധിക്കപ്പെടും. 30 ലക്ഷം രൂപവരെ വായ്പ നൽകുമ്പോഴും വ്യവസ്ഥകൾ പരമാവധി ലഘൂകരിക്കണമെന്ന കാര്യം നിരന്തരമായി ബാങ്കുകളോട് ആവശ്യപ്പെടുന്നുമുണ്ട്. 

സർക്കാർ ഗാരന്റിയെ കുറിച്ച് പറയുന്നുണ്ട്. വായ്പ എടുത്തയാൾ തിരിച്ചടച്ചില്ലെങ്കിൽ സർക്കാർ കൊടുക്കുക എന്നതാണ് ഫലത്തിൽ അതിന്റെ അർഥം. സർക്കാർ നേരിട്ട് നൽകുന്നതായിരിക്കുമല്ലോ ഇതിലും ഭേദം. ന്യായമല്ലാത്ത വാദങ്ങൾ ഉന്നയിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കലാണിത്.  

20 മാസത്തിനിടയിൽ ആയിരത്തോ ളം പേരാണ് നോർക്ക റൂട്സ് വഴി പുതിയ സംരംഭം തുടങ്ങിയത്.   

പരിമിതമായ രേഖകൾ മാത്രമാണ് നോർക്ക ലോണുകൾക്ക് ബാങ്കുകൾ ആവശ്യപ്പെടുന്നത്. അത് ഒഴിവാക്കണമെന്ന് പറയാൻ നോർക്കയ്ക്കോ സർക്കാരിനോ സാധിക്കില്ല. 

 വരുമാനം ഉണ്ടാക്കാൻ  ഡിവിഡന്റ് സ്കീം 
ഡിവിഡന്റ് സ്കീം പോലെ പ്രവാസികൾക്ക് ‌നിക്ഷേപത്തിലൂടെ വരുമാനമുണ്ടാവുന്ന പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. മൂന്നുലക്ഷം മുതൽ 51 ലക്ഷം വരെ ഒറ്റത്തവണ നിക്ഷേപം നടത്താം. പ്രതിമാസം പത്ത് ശതമാനംെവച്ച്‌ ഡിവിഡന്റ് ലഭിക്കും. കുറഞ്ഞത് അഞ്ചു വർഷം ചുരുങ്ങിയ തുക അടയ്ക്കുന്ന എല്ലാ പ്രവാസികൾക്കും അറുപത് വയസ്സാവുമ്പോൾ പ്രതിമാസ പെൻഷൻ ലഭ്യമാകുന്ന പദ്ധതിയും ഉണ്ട്. 

ചികിത്സാസഹായം, മരണാനന്തര ആനുകൂല്യം തുടങ്ങിയവയും അർഹരായവർക്കു ലഭിക്കുന്നു. 4500 പേർ ഇതിന് അർഹരായി. രണ്ടുലക്ഷം രൂപ വരെ പലിശരഹിത വായ്പ നൽകുന്ന പ്രവാസി ഭദ്രത-പേൾ പദ്ധതി കുടുംബശ്രീ മുഖാന്തരം നടപ്പാക്കുന്നു. അഞ്ചു ലക്ഷം വരെ കെ.എസ്.എഫ്.ഇ. വഴി കുറഞ്ഞ പലിശയ്ക്കു ലഭ്യമാക്കും. രണ്ടുകോടി രൂപവരെ അഞ്ചുശതമാനം പലിശയ്ക്ക് കെ.എസ്.ഐ.ഡി.സി. മുഖാന്തരം നൽകും. 

തൊഴിലവസരം സൃഷ്ടിക്കുന്ന പ്രവാസി സഹകരണ സംഘങ്ങൾക്ക്‌ മൂന്നു ലക്ഷം രൂപ വീതം പ്രവർത്തന മൂലധനമായി കൊടുക്കും. പുതിയ സംരംഭസാധ്യത തേടി പ്രവാസി സഹകരണ സംഘവുമുണ്ട്‌. 

 വിപുലമാവുന്നു  പ്രവാസമേഖലകൾ 
നൂതന കോഴ്‌സുകൾ പഠിപ്പിക്കുന്നതിന് ഐ.സി.ടി. അക്കാദമിയുമായി ചേർന്ന് നോർക്ക നടത്തുന്ന കോഴ്‌സുകൾക്കും മികച്ച പങ്കാളിത്തമാണുള്ളത്. കോവിഡ്‌ കാലത്ത് പുതുതലമുറ കോഴ്‌സുകളിലൂടെ അഞ്ഞൂറിലധികം യുവാക്കളെ നോർക്ക തൊഴിൽ പ്രാപ്തരാക്കി.

2020-’21 സാമ്പത്തിക വർഷത്തിൽ 27 കോടി രൂപയും അതിനുശേഷം ഇതുവരെ 7.29 കോടി രൂപയും ഉൾപ്പെടെ ആകെ 34.29 കോടി രൂപയാണ് സാന്ത്വന പദ്ധതി വഴി വിതരണം ചെയ്തത്. ഇക്കാലയളവിലെ ഗുണഭോക്താക്കളുടെ എണ്ണം 5618 വരും. 2019-2020 വർഷത്തിൽ ഗുണഭോക്താക്കളുടെ എണ്ണം 4102 ആയും ചെലവഴിച്ച തുക 24.25 കോടിയായും വർധിച്ചു.

ജപ്പാനിൽ പുതുതായി രൂപപ്പെട്ടിരിക്കുന്ന വിദഗ്ധ തൊഴിൽ മേഖലയിലെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് നോർക്ക കേന്ദ്ര വിദേശകാര്യമന്ത്രാലയവുമായി ചേർന്ന് പ്രവർത്തിക്കാൻ ധാരണയായിട്ടുണ്ട്. ജപ്പാനിൽനിന്നുള്ള അധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്തിക്കൊണ്ട് ജാപ്പനീസ് ഭാഷാ പഠനത്തിനുള്ള നടപടികൾ വൈകാതെ ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷ. 
പ്രവാസികളുടെ എല്ലാ ജീവൽപ്രശ്നങ്ങളിലും ഇടപെട്ട് പരിഹാരം കാണാനാവും വിധം ഇടപെടൽ ശേഷി വർധിപ്പിച്ച് ആ ലക്ഷ്യത്തോടെയും നിശ്ചയദാർഢ്യത്തോടെയും മുന്നോട്ടു പോകുകയാണ്​ നോർക്ക റൂട്ട്‌സ്‌.

1.75 ലക്ഷം പേർക്ക് 5000 രൂപ  സഹായം 

:കോവിഡ്കാലത്ത് വന്നവരിൽ 15 ശതമാനത്തിനു മാത്രമേ അയ്യായിരം രൂപയുടെ സാമ്പത്തിക ആനുകൂല്യം നൽകിയുള്ളൂവെന്ന് പരമ്പരയിലുണ്ട്. കോവിഡ് പകരുകയും യാത്രകൾ തടസ്സപ്പെടുകയും ചെയ്ത ഘട്ടത്തിൽ ഡിസംബറിൽ നാട്ടിലെത്തുകയും മേയ് വരെ തിരികെ പോകാനാവാതെ ഇവിടെ കുടുങ്ങിപ്പോയ ജോബ് വിസയുള്ള പ്രവാസിക്ക് താത്കാലിക ആശ്വാസമായി അയ്യായിരം രൂപ കൊടുക്കാനാണ് നിശ്ചയിച്ചത്. അപേക്ഷ ക്ഷണിച്ചപ്പോൾ രണ്ടു ലക്ഷത്തിലധികം പേർ അപേക്ഷിച്ചു. അതിൽ അർഹതപ്പെട്ട 1.75 ലക്ഷം പേർക്ക് അയ്യായിരം രൂപ വീതം നൽകുകയും ചെയ്തു. 

 നോർക്ക റൂട്സിനെ അന്വേഷണങ്ങൾക്ക് 24 മണിക്കൂറും സേവനം ലഭ്യമാണെന്നും കൃത്യതയോടെയുള്ള മറുപടിയുണ്ടെന്നും ലേഖനത്തിലുണ്ട്. ഇത് വിപ്ലവകരമായ മാറ്റം തന്നെയാണ്. 

ഇരുപതിലധികം രാജ്യങ്ങളിൽ ഹെൽപ്പ്‌ഡെസ്‌ക്  തുടങ്ങാനായി. 

 

(നോർക്ക റൂട്സിന്റെ   െറസിഡന്റ് വൈസ് ചെയർമാനാണ്  ലേഖകൻ)