ഉദ്യോഗസ്ഥർ ബാഡ്ജ് ധരിക്കണം
: ജനങ്ങളുമായി നേരിട്ട് ഇടപെടുന്ന സർക്കാർ ഓഫീസുകളിലെ എല്ലാ ഉദ്യോഗസ്ഥരും പേരും തസ്തികയും രേഖപ്പെടുത്തിയ ബാഡ്ജ് ധരിക്കണം. പോലീസ് ഉദ്യോഗസ്ഥരുടെ മാതൃകയിലാകണം ബാഡ്ജ്. ജനസമ്പർക്കമുള്ള ഓഫീസുകളിൽ നിലവിലുള്ളതിൽ ഒരു ഉദ്യോഗസ്ഥനെ പബ്ലിക് കോൺടാക്ട് ഓഫീസറായി (പി.സി.ഒ.) നിയമിക്കണം.പൊതുജനസേവനം മികച്ചതാക്കാൻ എല്ലാ വകുപ്പുകളിലും ഡിജി​െറ്റെസേഷൻ നടപ്പാക്കണം. സേവനാവകാശ നിയമം ഫലപ്രദമായി നടപ്പാക്കാൻ ചീഫ് കമ്മിഷണറെ നിയമിക്കണം.


ടൈപ്പിസ്റ്റ്, കംപ്യൂട്ടർ അസിസ്റ്റന്റ് നിയമനം വേണ്ടാ
: സംസ്ഥാന സർവീസിൽ ടൈപ്പിസ്റ്റ്, കംപ്യൂട്ടർ അസിസ്റ്റന്റ് എന്നിവയിലേക്കും ഓഫീസ് അറ്റൻഡന്റ്‌ പോലുള്ള സപ്പോർട്ടീവ് സ്റ്റാഫിലേക്കുമുള്ള നിയമനങ്ങൾ അടിയന്തരമായി നിർത്തലാക്കണം. ആവശ്യത്തിനനുസരിച്ച് നൈപുണ്യം നിശ്ചയിച്ചുമാത്രമേ ഭാവിനിയമനങ്ങൾ നടത്താവൂ. സർവീസിൽ പ്രവേശിക്കുന്നവർക്ക് തുടക്കത്തിലുള്ള പരിശീലനവും സർവീസിനിടയ്ക്ക് പരിശീലനവും നൽകണമെന്ന് കമ്മിഷൻ ശുപാർശ ചെയ്തു. നിലവിലുള്ളവരെ പുനർവിന്യസിക്കണം.


ആശ്രിതനിയമനം കാര്യക്ഷമത ഇടിക്കുന്നു

തിരുവനന്തപുരം: സർവീസിലിരിക്കെ മരിക്കുന്നവരുടെ ആശ്രിതർക്ക് ജോലിനൽകുന്ന പദ്ധതിവഴി സർക്കാർ സർവീസിന്റെ കാര്യക്ഷമതയിൽ ഇടിവുവരുന്നതായി ശമ്പളക്കമ്മിഷൻ. പൊതു ഉദ്യോഗാർഥികളുടെ അവസരം കുറയ്ക്കുന്നതിനൊപ്പം ജോലി പാരമ്പര്യമായി നൽകുന്നത് അനൗചിത്യമാണെന്നും പതിനൊന്നാം ശമ്പളക്കമ്മിഷന്റെ റിപ്പോർട്ട്  ചൂണ്ടിക്കാട്ടുന്നു. മൗലികാവകാശങ്ങളിൽപ്പെട്ട ആർട്ടിക്കിൽ 16-ന്റെ അന്തഃസത്ത ലംഘിക്കുന്നതാണെന്നാണ് നിരീക്ഷണം.

ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ ആശ്രിതനിയമനം നൽകേണ്ടിവന്നാൽ ഉയർന്നഗ്രേഡിലേക്ക് സ്വാഭാവിക സ്ഥാനക്കയറ്റം നൽകരുത്. സ്‌ക്രീനിങ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കണം. ആശ്രിതർക്ക്  മികച്ച സാമ്പത്തികാനുകൂല്യങ്ങൾ നൽകണം. പദ്ധതിപ്രകാരം നിലവിൽ എട്ടുലക്ഷത്തിൽ താഴെ കുടുംബവാർഷിക വരുമാനമുള്ളവരുടെ ആശ്രിതർക്കാണ് തുടക്കതസ്തികയിൽ നിയമനം നൽകുന്നത്.

മൊത്തം ഒഴിവുകളിൽ അഞ്ചുശതമാനമാണ് ഇതിനായി നീക്കിെവക്കുന്നതെങ്കിലും പല വകുപ്പുകളിലും സ്ഥാപനങ്ങളിലും ഈ പരിധി ലംഘിച്ചാണ് നിയമനം നടന്നിട്ടുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്.  2017 മുതൽ 2020 വരെ നടന്നിട്ടുള്ള നിയമനങ്ങളാണ് പരിശോധിച്ചത്. തിരുവനന്തപുരം കളക്ടറേറ്റിൽനടന്ന 515 നിയമനങ്ങളിൽ 68-ഉം (13.20 ശതമാനം) ആശ്രിതനിയമനമായിരുന്നു. എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റിൽ 209 നിയമനം നടന്നതിൽ 28 എണ്ണം (13.40 ശതമാനം) ആയിരുന്നു ആശ്രിതർക്കായി നീക്കിവെച്ചത്.  

സംസ്കൃതസർവകലാശാലയിൽനടന്ന 35 നിയമനങ്ങളിൽ അഞ്ചെണ്ണം (14.29 ശതമാനം) ആശ്രിതർക്കായിരുന്നു. നിയമസഭാ സെക്രട്ടേറിയറ്റിൽ 131 നിയമനം ഇക്കാലയളവിൽ നടന്നു.
ഇതിൽ 18 എണ്ണം (13.74 ശതമാനം) ആശ്രിതർക്ക് നൽകി.

 ആശ്രിതനിയമനം അവസാനിപ്പിക്കുമ്പോൾ നൂറുശതമാനം പ്രത്യേക കുടുംബപെൻഷൻ അനുവദിക്കാം. ഒരുവർഷത്തേക്കോ, വിരമിക്കേണ്ടിയിരുന്ന പ്രായംവരെയോ ഏതാണ് ആദ്യം എന്നത് കണക്കാക്കി ഈ തുക നൽകാം. കുടുംബപെൻഷൻ അടക്കമുള്ള വാർഷികവരുമാനം എട്ടുലക്ഷത്തിൽ കുറഞ്ഞ കുടുംബങ്ങൾക്ക് ജീവനക്കാരൻ മരിച്ച തീയതിമുതൽ ഇങ്ങനെ പരമാവധി അഞ്ചുവർഷംവരെ ഈ തുക അനുവദിക്കാം. അവസാനം വാങ്ങിയ അടിസ്ഥാനശമ്പളത്തിന് തുല്യമായോ പരമാവധി 50,000 രൂപവരെയോ ആണ് നൽകേണ്ടത്. കാലാവധിക്കുശേഷം നിലവിലുള്ള ചട്ടങ്ങൾ പ്രകാരമുള്ള കുടുംബപെൻഷൻ തുടരാം.  


ജീവനക്കാർക്കുള്ള കെ.എ.എസ്. ക്വാട്ട നിർത്തലാക്കണം
തിരുവനന്തപുരം: കേരള ഭരണ സർവീസിലേക്കുള്ള തിരഞ്ഞെടുപ്പ് നേരിട്ടുള്ള നിയമനത്തിലൂടെ പൂർണമായും ചെറുപ്പക്കാരിൽനിന്ന് മാത്രമാക്കണമെന്ന് ശുപാർശ. തുടക്കമെന്ന നിലയിൽ അഞ്ചുവർഷത്തേക്ക് ജീവനക്കാരുടെ ക്വാട്ട നിലനിർത്താം. മൂന്നിൽ രണ്ട് ഒഴിവുകൾ നേരിട്ടുള്ള നിയമനത്തിന് മാറ്റണം. മൂന്നിലൊന്ന് ഒഴിവുകൾ ജീവനക്കാർക്കുള്ള തസ്തികമാറ്റത്തിലൂടെ നികത്താം. ഇതിന്, നേരിട്ട് നിയമനത്തിനുള്ളതിൽനിന്ന് വ്യത്യസ്തമായ പരീക്ഷയിലൂടെ നടത്തണം.  

ഗസറ്റഡ് എന്നും നോൺ ഗസറ്റഡ് എന്നും ജീവനക്കാരെ രണ്ട് കാറ്റഗറികളായി തിരിച്ച് കെ.എ.എസിനുവേണ്ടി വെവ്വേറെ തസ്തികമാറ്റം നൽകുന്നത് യുക്തിക്ക് നിരക്കുന്നതല്ല.
കെ.എ.എസിനുള്ള ശമ്പളം ഐ.എ.എസിനെ മറികടക്കുന്നതാകരുതെന്ന് 11-ാം ശമ്പളക്കമ്മിഷന്റെ ആദ്യറിപ്പോർട്ടിൽ നിർദേശിച്ചിരുന്നു. കെ.എ.എസിൽ തുടക്കക്കാരന് നിശ്ചയിച്ചിട്ടുള്ള ശമ്പള സ്കെയിൽ ഐ.എ.എസിലെ തുടക്കക്കാരനുള്ളതിനെക്കാൾ കൂടുതലാണെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടി. അതിനാൽ സ്‌കെയിലിൽ കുറവ് വരുത്തണമെന്നാണ് കമ്മിഷൻ ആവശ്യപ്പെടുന്നത്.


പ്രതികരണം

 ആശ്രിതനിയമനം ഒഴിവാക്കരുത് -ജോയന്റ് കൗൺസിൽ
: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (കെ.എ.എസ്.) നിന്ന് സർക്കാർ ജീവനക്കാരുടെ ക്വാട്ട ഒഴിവാക്കുക, ആശ്രിതനിയമന വ്യവസ്ഥ ഇല്ലാതാക്കുക തുടങ്ങിയ നിർദേശങ്ങൾ തള്ളിക്കളയണമെന്ന് ജോയന്റ് കൗൺസിൽ ആവശ്യപ്പെട്ടു.

ആശ്രിത നിയമനം ഇല്ലാതാക്കണമെന്ന ശുപാർശ പരിഷ്‌കൃത സമൂഹത്തിന് എതിരാണ്.  അഞ്ചുവർഷത്തിലൊരിക്കൽ ശമ്പളപരിഷ്‌കരണം എന്ന കീഴ്‌വഴക്കമാണ് കേരളത്തിലുള്ളത്. ഇത് നിഷേധിക്കുന്നത് എല്ലാ തൊഴിൽ മേഖലയിലെയും വേതനഘടനയെ ബാധിക്കുമെന്നും ജോയന്റ് കൗൺസിൽ ചെയർമാൻ കെ. ഷാനവാസ്ഖാനും ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലി ങ്കലും പറഞ്ഞു.

 പെൻഷൻ പ്രായം കൂട്ടരുത് -എ.ഐ.വൈ.എഫ്.
: പെൻഷൻ പ്രായം വർധിപ്പിക്കാനുള്ള ശമ്പള കമ്മിഷൻ ശുപാർശ തള്ളണമെന്ന് എ.ഐ.വൈ.എഫ്. ആവശ്യപ്പെട്ടു.
അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിനു യുവജനങ്ങൾ തൊഴിൽരഹിതരായുള്ള ഒരു സമൂഹത്തിൽ പെൻഷൻ പ്രായം വർധിപ്പിക്കുന്നത് വലിയ സാമൂഹിക പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ആർ. സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും പറഞ്ഞു.

 ശുപാർശ തള്ളണം - യൂത്ത് കോൺഗ്രസ്
: സംസ്ഥാനസർക്കാർ ജീവനക്കാരുടെ പെൻഷൻപ്രായം 56-ൽ നിന്ന് 57 ആക്കി ഉയർത്തണമെന്ന ശമ്പളക്കമ്മിഷൻ ശുപാർശ അംഗീകരിക്കാനാവില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ. യുവാക്കൾക്ക് അർഹമായ തൊഴിൽ നിഷേധിക്കുന്നതിന് വഴിവെക്കുന്ന ശുപാർശ സർക്കാർ തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 കോവിഡ് കാലത്ത് യുവാക്കൾ തൊഴിൽ കിട്ടാതെ പ്രതിസന്ധിയിലാണ്. അതിനാൽ സർക്കാർ കൊടുക്കേണ്ട തൊഴിലുപോലും നീട്ടിക്കൊണ്ടുപോകുന്നത് ശരിയല്ല. പി.എസ്.സി. റാങ്ക് ലിസ്റ്റിലുൾപ്പെട്ടിട്ടും മതിയായ നിയമനങ്ങളില്ലാത്തതിനാൽ പലർക്കും ജോലിയില്ല. ഈ സാഹചര്യത്തിൽ ശുപാർശ അംഗീകരിച്ചാൽ അത് കൂടുതൽ തൊഴിൽരഹിതരുണ്ടാവാൻ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.


പെൻഷൻപ്രായ വർധന: 4000 കോടി നീക്കിവെക്കാം

തിരുവനന്തപുരം: പെൻഷൻ പ്രായം 57 ആക്കുന്നതോടെ ജീവനക്കാർക്ക്  ആനുകൂല്യമായി നൽകേണ്ട 4000 കോടി രൂപ ഒരുവർഷത്തേക്ക് സർക്കാരിന് നീക്കിവെക്കാനാകുമെന്ന് ശമ്പളപരിഷ്കരണ കമ്മിഷൻ. കോവിഡ് സാഹചര്യത്തിൽ ഈ തുക താത്‌കാലികമായെങ്കിലും  പ്രതിരോധ പ്രവർത്തനങ്ങൾക്കും സാമൂഹികസുരക്ഷാ ഇടപെടലുകൾക്കും വിനിയോഗിക്കാനാകുമെന്നാണ് കമ്മിഷന്റെ നിരീക്ഷണം.
 ഇക്കൊല്ലം 21,537 ജീവനക്കാരും 2022-ൽ 20,719 ജീവനക്കാരും വിരമിക്കുന്നുണ്ട്.
2023-ൽ 21,083 പേരും-2024 ൽ-21,604
പേരും വിരമിക്കും. 2025-ൽ 22,185-ഉം 2026-ൽ 23,424-ഉം 2027-ൽ 23,714-ഉം ജീവനക്കാർ വിരമിക്കും.
വിരമിക്കൽ പ്രായം നീട്ടുന്നതോടെ പരിചയസമ്പന്നരായ ജീവനക്കാരുടെ സേവനവും സമയവും വീണ്ടും സർക്കാരിന് ഉപയോഗപ്പെടുത്താനാകുമെന്നതും നേട്ടമാണ്. അതേസമയം, യുവാക്കളുടെ നിയമനം വൈകുമെന്നതും പെൻഷൻ ആനുകൂല്യങ്ങളിൽ പിന്നീടുണ്ടാകുന്ന വർധനയും ഇതിന്റെ വിപരീത ഫലമായും കമ്മിഷൻ ചൂണ്ടിക്കാട്ടുന്നുണ്ട്. സർക്കാർ ജോലിയാണ് മഹത്തരമെന്ന തരത്തിൽ ഉയർത്തിക്കാട്ടുന്നതും സർക്കാരുകൾ ഇതിന് നൽകുന്ന പ്രചാരണവുമാണ് യുവാക്കളുടെ പ്രതിഷേധത്തിന് പ്രധാന കാരണം. 


നിർദേശങ്ങൾ നടപ്പാക്കുമെന്നാണ് പ്രതീക്ഷ -കെ. മോഹൻദാസ്

: ശമ്പളപരിഷ്കരണ നിർദേശങ്ങൾ നടപ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്താൻ ചീഫ് സെക്രട്ടറി അധ്യക്ഷനായി സെക്രട്ടറിമാരുടെ സമിതിയെ നിയോഗിക്കണമെന്ന് ശമ്പളപരിഷ്കരണ കമ്മിഷൻ ചെയർമാൻ കെ. മോഹൻദാസ് നിർദേശിച്ചു. സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും പൊതുതാത്പര്യം മുൻനിർത്തിയാണ് കമ്മിഷൻ ശുപാർശകൾ സമർപ്പിച്ചത്. സ്വാഭാവികമായും പല കോണുകളിൽനിന്നും എതിർപ്പ് വരാം. എന്നാൽ, സർക്കാർ ഈ നിർദേശങ്ങൾ ചർച്ചചെയ്യുകയും ഭരണപരവും രാഷ്ട്രീയവുമായ നയങ്ങൾ തീരുമാനിച്ച് നടപ്പാക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.


വിവാഹസമ്മാനങ്ങൾ സത്യവാങ്മൂലം വേണം
: ജീവനക്കാർക്കുള്ള പെരുമാറ്റച്ചട്ടം സമകാലീന യാഥാർഥ്യങ്ങൾ ഉൾക്കൊണ്ട് മാറ്റിയെഴുതണം. പുരുഷജീവനക്കാർ വിവാഹംകഴിഞ്ഞ് 15 ദിവസംകഴിഞ്ഞ് 30 ദിവസത്തിനുമുമ്പ് വിവാഹവുമായി ബന്ധപ്പെട്ട് ലഭിച്ച സമ്മാനങ്ങളെക്കുറിച്ച് സത്യവാങ്മൂലം നൽകണം. വരനും വധുവും വെവ്വേറെ സത്യവാങ്മൂലം തയ്യാറാക്കി ഇരുവരും ഒപ്പിട്ടിരിക്കണം. മേലുദ്യോഗസ്ഥൻ ഇത് പരിശോധിച്ച് വിവരങ്ങളിൽ സംശയം തോന്നിയാൽ അത് പോലീസിനും വനിതാ ശിശുവികസനവകുപ്പിന് കീഴിലെ സ്ത്രീധനനിരോധന ഉദ്യോഗസ്ഥനും കൈമാറണം.

ജീവനക്കാരെ കുറയ്ക്കണം
: സഹകരണ ഓഡിറ്റ് ഘട്ടം ചാർട്ടേഡ് അക്കൗണ്ടന്റുമാരെ ഏൽപ്പിക്കുന്നതിന് സമാന്തരമായി സഹകരണ ഓഡിറ്റ് വകുപ്പിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കണമെന്ന് ശമ്പളപരിഷ്കരണ കമ്മിഷൻ ശുപാർശ. ജില്ലാ അഗ്നിരക്ഷാ ഓഫീസുകൾ ശക്തിപ്പെടുത്തണം. ഹൗസിങ്‌ വിഭാഗത്തിലെ ടെക്‌നിക്കൽ സെൽ പിരിച്ചുവിട്ട് ജീവനക്കാരെ പുനർവിന്യസിക്കണം.


എയ്ഡഡ് സ്‌കൂൾ, കോളേജ് നിയമനത്തിന് റിക്രൂട്ട്‌മെന്റ് ബോർഡ്

തിരുവനന്തപുരം: സർക്കാർ ശമ്പളം നൽകുന്ന എയ്ഡഡ് സ്കൂൾ, കോളേജ് നിയമനം പി.എസ്.സി.ക്കു വിടുന്നതാണ് ഉചിതം. സാധ്യമല്ലെങ്കിൽ കേരള റിക്രൂട്ട്‌മെന്റ് ബോർഡ് ഫോർ പ്രൈവറ്റ് സ്കൂൾസ് ആൻഡ് കോളേജസ് എന്നപേരിൽ നിയമസാധുതയുള്ള റിക്രൂട്ട്‌മെന്റ് ബോർഡ് രൂപവത്‌കരിക്കണം.

നിയമനവുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കാൻ ഹൈക്കോടതിയിൽനിന്നോ സുപ്രീം കോടതിയിൽനിന്നോ വിരമിച്ച ജഡ്ജിയെ ഓംബുഡ്‌സ്മാനായി നിയമിക്കണം.  
ബോർഡിന് മുഴുവൻസമയ അധ്യക്ഷനും രണ്ട് മുഴുവൻസമയ അംഗങ്ങളും ഉണ്ടാകണമെന്ന് കമ്മിഷൻ നിർദേശിക്കുന്നു. കേരള, എം.ജി., കാലിക്കറ്റ്, കണ്ണൂർ സർവകലാശാല വൈസ് ചാൻസലർമാരിൽ ഒരാളും പൊതുവിദ്യാഭ്യാസ ഡയറക്ടറും പാർട്ട് ടൈം അംഗങ്ങളായിരിക്കണം. കോളേജ്, സ്കൂൾ മാനേജ്‌മെന്റ് പ്രതിനിധികളായി നാല് പാർട്ട്‌ടൈം അംഗങ്ങളും സമിതിയിലുണ്ടാകണം.  

അഞ്ചംഗ ഇന്റർവ്യൂ ബോർഡ് ആകണം ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കേണ്ടത്. അതത് വിഷയങ്ങളിലെ വിദഗ്‌ധൻ, രണ്ട് മാനേജ്‌മെന്റ് പ്രതിനിധികൾ എന്നിവരും ഇന്റർവ്യൂബോർഡിൽ ഉണ്ടാകണം. ഇന്റർവ്യൂ നടപടികൾ ഓഡിയോ, വീഡിയോ റെക്കോഡ്‌ ചെയ്യണം. ഒഴിവുവിവരം രണ്ട് പ്രമുഖ മലയാളം പത്രങ്ങളിൽ പരസ്യപ്പെടുത്തണം. ഉദ്യോഗാർഥികൾക്ക് ലഭിച്ച റാങ്ക് അപ്പോൾത്തന്നെ പ്രസിദ്ധപ്പെടുത്തണം. ഇന്റർവ്യൂ ബോർഡിലെ സർക്കാർ പ്രതിനിധി അതിനുശേഷമേ അവിടം വിട്ടുപോകാവൂ.


വെറുേതയങ്ങ്   പി.എസ്.സി. അംഗമാകാനാവില്ല

റാങ്ക്‌പട്ടിക 2വർഷത്തിൽ കൂടുതൽ നീട്ടിനൽകരുത്

: പി.എസ്.സി. അംഗങ്ങളായി നിയോഗിക്കുന്നവർക്ക് ഉയർന്ന വിദ്യാഭ്യാസയോഗ്യതയും പരിചയസമ്പത്തും സത്യനിഷ്ഠയുമുണ്ടാകണം. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിക്ക് യോജിച്ചവിധം അംഗങ്ങളുടെ എണ്ണം കുറയ്ക്കാം. കേരള ഭരണ സർവീസ് (കെ.എ.എസ്.) പോലെ ഉയർന്ന ജോലികളിലേക്ക് ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കേണ്ട പി. എസ്.സി. അംഗങ്ങൾക്ക് പ്രത്യേകിച്ച് യോഗ്യതകളൊന്നും നിഷ്കർഷിക്കുന്നില്ല. അംഗങ്ങളുടെ നിയമനത്തിന് ആഭ്യന്തര മാർഗരേഖ തയ്യാറാക്കേണ്ടിയിരിക്കുന്നു.

പി.എസ്.സി. പരീക്ഷകളുടെ എണ്ണം കുറയ്ക്കണം. യു.പി.എസ്.സി. മാതൃകയിൽ വാർഷികപരീക്ഷാ കലണ്ടർ പ്രസിദ്ധീകരിക്കണം. റാങ്ക്പട്ടികകൾക്ക് രണ്ടുവർഷത്തിൽ കൂടുതൽ കാലാവധി നീട്ടിനൽകരുത്.

എഴുത്തും ആശയവിനിമയശേഷിയും ആവശ്യമുള്ള തസ്തികകൾക്ക് പ്രാഥമികഘട്ട തിരഞ്ഞെടുപ്പിന് മാത്രമായി ഒ.എം.ആർ. പരീക്ഷകൾ പരിമിതപ്പെടുത്തുകയും രണ്ടാം ഘട്ടമായി മുഖ്യപരീക്ഷ നടത്തുകയും വേണം. ഗ്രൂപ്പ് എ തസ്തികകൾ, അധ്യാപക തസ്തികകൾ തുടങ്ങിയവ ഒഴികെയുള്ളവയിൽ അഭിമുഖം ഒഴിവാക്കി തിരഞ്ഞെടുപ്പ് പൂർത്തിയാക്കണം.

സദ്ഭരണ ബോർഡ് വേണം
: സദ്ഭരണത്തിനുള്ള ചിന്താകേന്ദ്രമെന്ന നിലയിൽ പ്രവർത്തിക്കുന്നതിനും ഇ-ഗവേണൻസ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മേൽനോട്ടം വഹിക്കുന്നതിനുമായി പ്ലാനിങ്‌ ബോർഡിന് സമാനമായ ഒരു ഗുഡ് ഗവേണൻസ് ബോർഡ് രൂപവത്കരിക്കണം. മുഖ്യമന്ത്രിയാകണം അധ്യക്ഷൻ.

ബോർഡിനായി കേന്ദ്രത്തിൽനിന്ന് സഹായാഭ്യർഥന നടത്താം. മറ്റു ചെലവുകൾക്കുള്ള തുക സംസ്ഥാന സർക്കാർ കണ്ടെത്തണം.

ഓരോ വകുപ്പുകളുടെയും ഏജൻസികളുടെയും ലക്ഷ്യങ്ങളും പ്രവൃത്തികളും പരിശോധിക്കാൻ സിവിൽ സർവീസ് റിവ്യൂ മിഷൻ രൂപവത്കരിക്കണം.


ശുപാർശകൾ വിപ്ലവകരം നടപ്പാകാൻ നയം മാറണം അനിഷ് ജേക്കബ്

സർവീസ്‌, സാമുദായിക സംഘടനകളുടെ എതിർപ്പ് ഉയർന്നേക്കാം

തിരുവനന്തപുരം: ശമ്പളക്കമ്മിഷൻ റിപ്പോർട്ടിലൂടെ നയപരമായ തീരുമാനമെടുക്കേണ്ട ഒരുപിടി കാര്യങ്ങളാണ് സർക്കാരിന്റെയും ഇടതുമുന്നണിയുടെയും മുമ്പിലേക്ക് വരുന്നത്. പല കമ്മിഷനുകളും സർവീസ് പരിഷ്കരണത്തിനായി നിയോഗിക്കപ്പെട്ട പല കമ്മിറ്റികളും ശുപാർശചെയ്തിട്ടും മുൻ സർക്കാരുകൾ അറച്ചുനിന്ന കാര്യങ്ങളിൽ രണ്ടാം പിണറായി സർക്കാർ മുന്നോട്ടുനീങ്ങുമോ എന്നാണ് അറിയേണ്ടത്.

പെൻഷൻ പ്രായം ഉയർത്തേണ്ടെന്നാണ് നിലവിൽ ഇടതുമുന്നണി നയം. എന്നാൽ, കഴിഞ്ഞ ശമ്പളക്കമ്മിഷൻ വിരമിക്കൽ 58 വയസ്സിലാക്കണമെന്ന് ശുപാർശചെയ്തു. ചെലവ് ചുരുക്കുന്നതിനുള്ള നിർദേശങ്ങൾ പഠിച്ച ഡോ. കെ.എം. എബ്രഹാം കമ്മിറ്റിയും പെൻഷൻ പ്രായം  ഉയർത്തണമെന്ന് നിർദേശിച്ചു. സി.പി.എമ്മിന് മെച്ചപ്പെട്ട സ്വാധീനമുള്ള സർവീസ് മേഖല ഇതിന് അനുകൂലമാണെങ്കിലും വിദ്യാർഥി-യുവജന സംഘടനകൾ നഖശിഖാന്തം എതിർക്കുന്നു. മറ്റുസംസ്ഥാനങ്ങളിലെ ഉയർന്ന വിരമിക്കൽപ്രായവും 4000 കോടിയുടെ ലാഭം ഉടനുണ്ടാകുമെന്നതും തുടങ്ങി അനുകൂലവാദങ്ങൾ ധാരാളമുണ്ടെങ്കിലും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക ഇടതുമുന്നണിക്ക് എളുപ്പമാകില്ല.

ആശ്രിതനിയമനം വേണ്ടെന്ന ശുപാർശയ്ക്കും സാമൂഹികപ്രസക്തിയുണ്ട്. ആശ്രിത നിയമനംവഴി 18 വയസ്സിൽ ജോലിക്ക് കയറുന്ന ഒരാൾക്ക് പി.എസ്.സി.വഴി ജോലി ലഭിക്കുന്നയാളെക്കാൾ സ്ഥാനക്കയറ്റവുംമറ്റും ലഭിക്കും. സർവീസ് സംഘടനകൾ നിർദേശത്തെ എതിർക്കുമെങ്കിലും ആശ്രിതനിയമനം പാടേ നിഷേധിക്കാതെ നിയന്ത്രണങ്ങൾ കൊണ്ടുവരാനായിരിക്കും സാധ്യത.
എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനത്തിന് റിക്രൂട്ട്‌മെന്റ് ബോർഡ് വേണമെന്ന നിർദേശം മാനേജ്‌മെന്റുകൾക്ക് കടിഞ്ഞാണിടുന്നതാണ്. സ്വാഭാവികമായും സാമുദായികതലത്തിൽനിന്ന് എതിർപ്പുയരും. എയ്ഡഡ്  സ്ഥാപനങ്ങളിൽ നിയമനം മാനേജ്‌മെന്റും ശമ്പളം സർക്കാരും എന്ന്‌ വ്യവസ്ഥചെയ്യുന്ന കരാർ, മാനേജ്‌മെന്റും സർക്കാരും തമ്മിലുണ്ട്. നിയമനിർമാണത്തിലൂടെയേ ഇതിൽ മാറ്റംവരുത്താനാകൂ.

 കുട്ടികൾ കുറവുള്ള സ്കൂളുകൾ സമീപവിദ്യാലയങ്ങളിലേക്ക് ലയിപ്പിക്കണമെന്ന നിർദേശം ബാലാവകാശനിയമത്തിന്റെ ചുവടുപിടിച്ച് ബുദ്ധിപൂർവമാണ് കമ്മിഷൻ മുന്നോട്ടുെവച്ചത്. വിരലിലെണ്ണാവുന്ന കുട്ടികൾ മാത്രമുള്ളിടത്ത് പഠിക്കുന്നത് കുട്ടികളുടെ മാനസികവികാസത്തെ ബാധിക്കും. എന്നാൽ, ഇത്തരം സ്കൂളുകൾ നിർത്തലാക്കുന്നതും മാനേജ്‌മെന്റുകൾക്ക് ദഹിക്കില്ല.
സംവരണത്തിനുള്ളിൽ 20 ശതമാനം സാമ്പത്തികസംവരണമെന്ന നിർദേശവും നയപരമായ തീരുമാനം ആവശ്യപ്പെടുന്നു. സംവരണാനുകൂല്യമുള്ള വിഭാഗങ്ങളുടെ അഭിപ്രായംകൂടി തേടും.  പ്രവൃത്തിദിവസം അഞ്ചാക്കുക, ജോലിസമയം കൂട്ടുക, സ്ഥാനക്കയറ്റത്തിന് ഇളവ് ഒഴിവാക്കുക, പ്രാദേശികാവധി നൽകാതിരിക്കുക തുടങ്ങിയ നിർദേശങ്ങൾ വലിയ ഒച്ചപ്പാടില്ലാതെ നടപ്പാക്കാനായേക്കും.


സ്ഥലംമാറ്റം ഡിജിറ്റലാക്കണം

സ്ഥാനക്കയറ്റ യോഗ്യതയിൽ ഇളവ് പാടില്ല

: ജീവനക്കാരുടെ സ്ഥലം മാറ്റം പൂർണമായും ഡിജിറ്റൽ രൂപത്തിലാക്കണമെന്ന്‌ ശമ്പളക്കമ്മിഷൻ ശുപാർശചെയ്തു. സർക്കാർ അനുവദിക്കുന്ന ഹ്രസ്വകാല, സമയബന്ധിതമായവയ്ക്ക് ഒഴികെ  വർക്കിങ്‌ അറേഞ്ച്‌മെന്റ് സംവിധാനവും അവസാനിപ്പിക്കണം. പ്രൊമോഷൻ യോഗ്യതകളിൽ ഇളവുനൽകുന്ന എല്ലാ വ്യവസ്ഥകളും ഒഴിവാക്കണം. സ്ഥാനക്കയറ്റത്തിന് പരീക്ഷകൾ പാസായിരിക്കണം. ജീവനക്കാരുടെ പ്രകടനം വിലയിരുത്തുന്ന സംവിധാനം ഫലപ്രദമായി നടപ്പാക്കണം. സീനിയോറിറ്റി പട്ടിക കാലതാമസമില്ലാതെ തയ്യാറാക്കണം.


വൈകുന്ന സമയത്തിന് പകരം ജോലിചെയ്യണം

അല്ലെങ്കിൽ ശമ്പളം പിടിക്കും 1%

: ഓഫീസിൽ ഇല്ലാതിരിക്കുന്ന ഒാരോ മണിക്കൂറിനും പകരമായി ഒാരോ മണിക്കൂർ തന്നെ ജോലി ചെയ്യണമെന്ന് ശമ്പള കമ്മിഷൻ ശുപാർശ. അല്ലെങ്കിൽ ശമ്പളത്തിന്റെ ഒരു ശതമാനം സർക്കാരിന് പിടിക്കാം.

കേന്ദ്ര സർക്കാരിലേതുപോലെ അവധികൾ 12 ആക്കേണ്ടതാണെങ്കിലും 15 ആയിത്തന്നെ തുടരാം. കാരണം ഏൺഡ് ലീവ് എണ്ണം വർഷത്തിൽ 30 ആക്കുന്നത് പരിഹരിക്കാനാണിതെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി. ഉത്സവങ്ങളോ സംഭവങ്ങളോ ഒരു പ്രദേശത്തെ പ്രവർത്തനങ്ങളെയും പൊതുഗതാഗതത്തെയും ബാധിക്കുന്നില്ലെങ്കിൽ പ്രാദേശിക അവധി പ്രഖ്യാപിക്കേണ്ടതില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

 ജീവനക്കാർക്കുള്ള എല്ലാ വായ്പാ പദ്ധതികളും പണം മുൻകൂർ നൽകലും ഉപേക്ഷിക്കണം. ചികിത്സയ്ക്ക് പലിശയില്ലാതെ പണം നൽകുന്നത് മെഡിസെപിന്റെ ഭാഗമായ കാഷ്‌ലെസ് ഹോസ്പിറ്റലൈസേഷൻ നടപ്പാകുംവരെ തുടരാം.