കേരളത്തിലെ വ്യാപാരികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളെ കോഴിക്കോട്ടെ മിഠായിത്തെരുവിന്റെ കച്ചവടപശ്ചാത്തലത്തിൽ വിലയിരുത്താം.

പൈതൃകസംരക്ഷണ പദ്ധതിയുടെ ഭാഗമായി മിഠായിത്തെരുവിന്റെ മുഖം ഈയിടെ മിനുക്കി. ‘തെരുവിന്റെ കഥ’ എഴുതിയ എസ്.കെ. പൊറ്റെക്കാട്ടിന്റെ ശില്പം കണ്ണിമയ്ക്കാതെ നോക്കിനിൽക്കുന്ന മിഠായിത്തെരുവിൽ സൗന്ദര്യവത്കരണ പദ്ധതി നടപ്പാക്കാൻ വലിയ എതിർപ്പായിരുന്നു. കാരണം, എല്ലാ കടകൾക്കും ഒരേപോലെയുള്ള മുഖം വരണമെങ്കിൽ കട പൊളിക്കണം. ജന്മാവകാശമുള്ളവരും വർഷങ്ങളായി കുടിയാന്മാരായുള്ളവരും മാസവാടകയും ദിവസവാടകയുമുള്ളവരും കച്ചവടം ചെയ്യുന്ന സ്ഥലമാണ്. കടപൊളിക്കുകയെന്നാൽ ജന്മിയുടെ അവകാശം ശക്തമാകുന്ന ഏർപ്പാടാകും. വാടകക്കാരന്റെ കച്ചവടാവകാശം ഇല്ലാതായേക്കാം. എതിർപ്പ് ശക്തമായി. പദ്ധതി മുടങ്ങി. വർഷങ്ങൾക്കുശേഷം കടകൾക്ക് രൂപസാദൃശ്യം വരുത്താതെ തെരുവുവീഥി ഭംഗിയാക്കാനും പൊതുയിടങ്ങൾ ഇരിപ്പിടങ്ങളോടെ ആകർഷകമാക്കാനും ധാരണയായി. അങ്ങനെ മിഠായിത്തെരുവ് മൊഞ്ചത്തിയായി.

 ചില വികസന ചിന്തകൾ
മിഠായിത്തെരുവിന്റെ ഈ മാറ്റത്തിൽ കേരളമൊട്ടുക്കും ബാധകമായ ചില പ്രശ്നങ്ങൾ അടങ്ങിയിരിക്കുന്നു. ആദ്യത്തേത് റോഡ് വികസനം. ദേശീയ, സംസ്ഥാന, നഗരപാതാ വികസനവുമായി ബന്ധപ്പെട്ടു വ്യാപാരസ്ഥാപനങ്ങൾക്കുണ്ടാകുന്ന നഷ്ടം സ്വാഭാവികമായും മിഠായിത്തെരുവിലുണ്ടായപോലുള്ള എതിർപ്പിന് കാരണമാകും. എന്നാൽ, വികസനം അനിവാര്യവുമാണ്. കേസും കൂട്ടവുമായി വർഷങ്ങൾ നീളുന്നതോടെ പദ്ധതിച്ചെലവ് കുതിച്ചുയരും. കടകൾ ചിലപ്പോൾ നിലംപൊത്തുന്ന അവസ്ഥയിലാകും. വികസനപദ്ധതികളിൽ സമവായം കണ്ടെത്തുന്ന സംവിധാനം ഇല്ലാത്തത് വലിയ പ്രശ്നമാണ്.

രണ്ടാമത്തേത് അശാസ്ത്രീയമായ കെട്ടിടനിർമാണമാണ്. ഗ്രാമങ്ങൾ ഗ്രാമങ്ങളായി നിലനിന്നപ്പോഴാണ് അവിടെയുള്ളവർ മിഠായിത്തെരുവിലെ കച്ചവടസ്ഥാപനങ്ങളിലെത്തിയത്. അതോടെ മിഠായിത്തെരുവും സമീപതെരുവുകളും വികസിച്ചു. കടകൾ പെരുകിയത് വേണ്ടത്ര റോഡോ സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതെയാണ്. മിഠായിത്തെരുവിലും തൊട്ടടുത്തുള്ള മൊയ്തീൻപള്ളി റോഡിലുമുണ്ടായ തീപ്പിടിത്തങ്ങൾ കേരളത്തെ നടുക്കിയ സംഭവങ്ങളായിരുന്നു. മുഖം മിനുക്കിയ മിഠായിത്തെരുവിലൂടെ പകൽസമയത്തു ഗതാഗതം നിരോധിച്ചതോടെ വ്യാപാരികൾ പ്രക്ഷോഭം തുടങ്ങി. കാരണം, വാഹനങ്ങളിലെത്തി സാധനങ്ങൾ വാങ്ങാൻ വരുന്നവർ വരാതായി. കച്ചവടം നന്നേ കുറഞ്ഞു. അധികൃതർ വഴങ്ങിയില്ല. പൈതൃകപദവി മിഠായിത്തെരുവിന് മാത്രമാണെന്ന് അവർ വിധിയെഴുതി. ബദൽവഴിയുള്ളവരെപ്പോലും മിഠായിത്തെരുവിലെ നിരോധനം പെരുവഴിയിലാക്കി. കേരളത്തിലെ എല്ലാ നഗരങ്ങളിലും അശാസ്ത്രീയ വികസനം പ്രശ്നമാണ്.

മൂന്നാമത്തേത് വാടകക്കുടിയാൻ നിയമപ്രശ്നമാണ്. മിഠായിത്തെരുവിനോട് ചേർന്നുള്ള കോയൻകോ ബസാറിൽ മൂന്നു തരത്തിലുള്ള കച്ചവടക്കാരുണ്ട്. ജന്മമുള്ളവർ, അവർക്ക് രേഖകളില്ലാതെ വൻതുക പകിടിയും വാടകയും നൽകി കച്ചവടം ചെയ്യുന്നവർ, അവരിൽനിന്നു ദിവസവാടകയ്ക്ക് കച്ചവടം ചെയ്യുന്നവർ. അതായത്, ഒരു കടയുടെ വാടകപ്പണം പലകൈകളിൽ എത്തുന്ന അവസ്ഥ.
‘‘കോയൻകോ ബസാറിൽ മാത്രം 20 കടകൾ പൂട്ടിക്കിടക്കുകയാണ്. സമീപത്തെല്ലാംകൂടി 60-ലേറെ കടകൾ പൂട്ടി. മിഠായിത്തെരുവിൽപ്പോലും ഇന്നു കാണുന്നയാളായിരിക്കില്ല, നാളെ കച്ചവടം ചെയ്യുന്നത്’’ -കോയൻകോ ബസാറിലെ കച്ചവടക്കാരനും വ്യാപാരി നേതാവുമായ റഹീം പറഞ്ഞു.

 ദുരവസ്ഥയുടെ ഏടുകൾ
ഇത് മിഠായിത്തെരുവിന്റെ മാത്രം കഥയല്ല. കേരളത്തിലെങ്ങുമുള്ള ആയിരക്കണക്കിനു കച്ചവടക്കാരുടെ ദുരവസ്ഥയാണ്. കൈയിലുള്ളതും വിറ്റുപെറുക്കിയും വായ്പയെടുത്തും ഒരു മേൽവിലാസത്തിനായി കച്ചവടരംഗത്തേക്കിറങ്ങും. പ്രതികൂലാവസ്ഥയിൽ എല്ലാം നഷ്ടപ്പെട്ട് കടക്കാരനാകും. പിന്നെ കടക്കാരനല്ലെന്നു കാണിക്കാൻ വേണ്ടി മാത്രമായിരിക്കും കടയിലെത്തുക. ഒടുവിൽ കടപൂട്ടി വിധിയെ പഴിക്കും. കച്ചവടക്കാരനു ജന്മപാപമുണ്ടെന്നാണ് എറണാകുളത്തെ വ്യാപാരിനേതാവ് പി.സി. ജേക്കബ് പറയുന്നത്. കള്ളൻ, കൊള്ളലാഭക്കാരൻ തുടങ്ങിയവയാണ് പൊതുവായ വിളിപ്പേരുകൾ. മുതലാളിയെന്ന വിളി മറ്റൊരു ശാപം. അതുകേട്ടാൽ പിന്നെ ഇല്ലായ്മയെക്കുറിച്ചുപറയാൻ നാണക്കേടാണ്.
യഥാർഥത്തിൽ 10 ശതമാനം പേരാണ് കച്ചവടംകൊണ്ട് രക്ഷപ്പെടുന്നതെന്ന്‌ വ്യാപാരി വ്യവസായി ഏകോപനസമിതി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി കെ. സേതുമാധവൻ പറഞ്ഞു.
 പണിയെന്താണെന്നു ചോദിച്ചാൽ കച്ചവടം എന്നു പറയാൻ വേണ്ടിമാത്രം രംഗത്തുവരുന്നവരാണ് ഭൂരിഭാഗവും.

പുനരധിവാസ പദ്ധതി വേണം
ദേശീയപാതാ വികസനത്തിന്റെ പേരിൽ കട ഒഴിയേണ്ടിവരുന്നവർക്ക് ന്യായമായ പുനരധിവാസ പദ്ധതി നടപ്പാക്കണം.  വാടകയിലെ ചൂഷണം തടയാൻ കെട്ടിടവാടകനിയമം നിയമസഭയിൽ പാസാക്കണം. കൂടാതെ, കോവിഡ് കാലത്ത് കടകൾ അടച്ചിടേണ്ടിവന്നതിനാൽ വാടകയിളവ് എല്ലാവർക്കും ഉറപ്പുവരുത്തണം.
-വി.കെ.സി. മമ്മദ് കോയ
എം.എൽ.എ., വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ്  

ക്ഷേമനിധിയോട്   വൈമുഖ്യം
കേരളത്തിലെ വ്യാപാരികൾക്ക് ക്ഷേമനിധി വേണമെന്നത് അന്നത്തെ വ്യാപാരികളുടെ ഏക സംഘടനയായ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മുഖ്യ ആവശ്യമായിരുന്നു.
അതുപ്രകാരം 1992-ൽ ക്ഷേമനിധി രൂപവത്കരിച്ചു. പക്ഷേ, 14 ലക്ഷം വ്യാപാരികളുണ്ടായിട്ടും 28 വർഷത്തിനിടെ ക്ഷേമനിധിയിൽ അംഗത്വമെടുത്തത് 1.15 ലക്ഷം വ്യാപാരികൾ മാത്രം. ആകർഷകമായ ആനുകൂല്യമില്ലെന്നതാണ് ഈ വൈമുഖ്യത്തിനു കാരണം.
10 വർഷം മുടങ്ങാതെ ക്ഷേമനിധി വിഹിതം അടയ്ക്കുന്ന വ്യാപാരിക്ക് 60 വയസ്സുകഴിഞ്ഞാൽ അവർ ചേരുന്ന വിഭാഗത്തിനനുസരിച്ച് പ്രതിമാസം 1000 രൂപമുതൽ 1350 രൂപവരെ പെൻഷൻ നൽകും. എ.ബി.സി.ഡി. എന്നിങ്ങനെ നാലു വിഭാഗങ്ങളിലായാണ് അംഗത്വം. വിറ്റുവരവിന്റെ അടിസ്ഥാനത്തിലാണ് വിഭാഗീകരണം.
‘ഡി’ വിഭാഗത്തിൽ ചേരാൻ ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ രജിസ്‌ട്രേഷൻ മാത്രം മതി. മരണം സംഭവിച്ചാലോ പ്രളയംപോലുള്ള ദുരന്തങ്ങളുണ്ടാകുമ്പോഴോ അംഗത്തിന് 40,000 രൂപ നഷ്ടപരിഹാരം നൽകും. ‘എ’ ക്ലാസിന് 1.25 ലക്ഷം രൂപയും ‘ബി’ക്ക് 75,000, ‘സി’ക്ക് 60,000 രൂപ എന്നിങ്ങനെയാണ് നഷ്ടപരിഹാരത്തുക. പ്രളയംപോലുള്ള ദുരന്തങ്ങളുണ്ടായാൽ അംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകാനുള്ള സർക്കാരിന്റെ പുതിയ തീരുമാനം ക്ഷേമനിധിയെ കൂടുതൽ ആകർഷകമാക്കിയിട്ടുണ്ട്.

(അവസാനിച്ചു)