ഡെഫിസിറ്റ് മിത്ത്സാമ്പത്തികരംഗം അതിന്റെ പുനർനിർമിതിയിലേക്ക് അങ്ങേയറ്റം വിഭവങ്ങൾ ആവശ്യപ്പെടുന്ന സാഹചര്യത്തിൽ യു.എസ്. സെനറ്റ് ബജറ്റ് കമ്മിറ്റിയുടെ മുൻ ചീഫ് ഇക്കണോമിസ്റ്റും സാമ്പത്തികശാസ്ത്രവിദഗ്ധയുമായ സ്റ്റിഫാനി കിൽട്ടനെ ശ്രദ്ധിക്കാവുന്നതാണ്. ധനക്കമ്മി, സർക്കാരിന്റെ കടബാധ്യത തുടങ്ങിയ സംജ്ഞകളെ 'ദ ഡെഫിസിറ്റ് മിത്ത്' എന്ന പുസ്തകത്തിൽ അവർ അഭിസംബോധന ചെയ്യുന്നുണ്ട്.

ഐസക്കിന് ഒരാശയാടിത്തറ

സാമ്പത്തികവളർച്ചയെ പോഷിപ്പിക്കാൻ സർക്കാർ കൂടുതൽ വിഭവങ്ങൾ ചെലവഴിക്കണമെന്ന കെയ്നേഷ്യൻ തത്ത്വം സാധ്യതയായല്ല, മറിച്ച് അനിവാര്യതയായാണ് സ്റ്റിഫാനി അവതരിപ്പിക്കുന്നത്.
കേരളത്തിന്റെ സമകാലീന സാഹചര്യത്തിൽ സ്റ്റിഫാനിയുടെ വീക്ഷണങ്ങൾ സംവാദത്തിനെടുക്കാവുന്നതാണ്. കാരണം അടിസ്ഥാനവികസനത്തിൽ കൂടുതൽ പണം ചെലവഴിക്കണമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ സമീപനത്തിന് 'ദ ഡെഫിസിറ്റ് മിത്ത്' ആശയപരമായ അടിത്തറ നൽകുന്നുണ്ട്.

ജി.എസ്.ടി. വരുമാനത്തിലുണ്ടായ ഇടിവും കോവിഡ്കാല അടച്ചിടൽമൂലമുണ്ടായ ഞെരുക്കവും പരിഹരിക്കാൻ കേന്ദ്രത്തിൽനിന്ന് കേരളം 16,000 കോടി രൂപ അധികവായ്പയെടുക്കുന്നതിനെതിരേ ഒേട്ടറെ വിമർശനങ്ങൾ ഉയരുന്നുണ്ട്. എന്നാൽ, അവയിൽ പലതും സാമ്പത്തികനയരൂപവത്‌കരണം സംബന്ധിച്ച യാഥാസ്ഥിതിക കാഴ്ചപ്പാടുകളെയും ആളോഹരി ബാധ്യതയെക്കുറിച്ചുള്ള നിരർഥകമായ ആശങ്കകളെയും തുറന്നുകാണിക്കുന്നതാണ്.

കഴിഞ്ഞ കുറച്ചുവർഷങ്ങൾകൊണ്ട് സംസ്ഥാനത്തിന്റെ മൊത്തംബാധ്യത 1.5 ലക്ഷം കോടിരൂപയിൽനിന്ന് 3.25 ലക്ഷം കോടിരൂപയായി വർധിച്ചുവെന്നാണ് പറയുന്നത്. അതുകൊണ്ട് കേരളത്തിൽ ഒരു കുട്ടി ജനിച്ചുവീഴുമ്പോൾത്തന്നെ 77,000 രൂപ കടക്കാരനാണെന്ന അതിശയോക്തിയെ ബാലിശമെന്നേ വിശേഷിപ്പിക്കാനാവൂ. ഇങ്ങനെ പറയുമ്പോൾ സാമ്പത്തികഅപക്വതമൂലം പ്രശ്നത്തെ ലഘൂകരിക്കുകയാണെന്ന് കുറ്റപ്പെടുത്താൻ വരട്ടെ. അതിനുമുൻപ് സ്റ്റിഫാനി കിൽട്ടൻ പറയുന്ന െഡഫിസിറ്റ് മിത്തുകൾ എന്തൊക്കെയാണെന്ന് നോക്കാം.

"െഡഫിസിറ്റ് മിത്ത്"
ഒന്നാമതായി ഇത് വീട്ടുകാര്യമല്ലെന്നതാണ്. ധനക്കമ്മി സംബന്ധിച്ച പല ചർച്ചകളിലും ഉയരുന്ന വാദങ്ങൾ സർക്കാർ ബജറ്റിനെ അടുക്കള ബജറ്റിനോട് ഉപമിക്കുംപോലെയാണ്. വരവും ചെലവും കൂട്ടിമുട്ടിക്കാൻ വ്യക്തികൾ ശ്രമിക്കുംപോലെയാവണം സർക്കാർ ബജറ്റുമെന്ന മുൻവിധിയെ തിരുത്തുന്ന ഒട്ടേറെ സന്ദർഭങ്ങൾ െഡഫിസിറ്റ് മിത്തിൽ വായിക്കാം. സന്തുലിതമായ ബജറ്റ് എന്നതിനപ്പുറം സന്തുലിതമായ സാമ്പത്തികാവസ്ഥ എന്നതായിരിക്കണം പരമപ്രധാനമായ ലക്ഷ്യമെന്ന് സ്റ്റിഫാനി അഭിപ്രായപ്പെടുന്നു.
നവ നാണ്യതത്ത്വം (Modern Monetary Theory) സർക്കാരിന് എത്രത്തോളം ചെലവഴിക്കാൻ പറ്റുമോ അത്രത്തോളം ചെലവഴിക്കണം എന്ന് ആവശ്യപ്പെടുന്നു. അങ്ങനെ ചെയ്യുമ്പോൾ പരിഗണിക്കേണ്ടത് നാണയ
പ്പെരുപ്പം എന്ന അപകടസാധ്യത മാത്രമാണ്. ചുരുക്കത്തിൽ ധനക്കമ്മിയുടെ നിർവചനത്തിൽ റവന്യൂ എന്ന സാങ്കല്പിക പരാധീനതയെ നാണയപ്പെരുപ്പം എന്ന യാഥാർഥ്യബോധത്തിലേക്ക് മാറ്റിയെഴുതുകയാണ് എം.എം.ടി.

ദേശീയകടം അല്ലെങ്കിൽ പൊതുബാധ്യത എന്ന ആകുലതയെ നിർവീര്യമാക്കുന്നുണ്ട് സ്റ്റിഫാനി. കടത്തിന്റെ വലുപ്പം ഓർത്ത് ഭയക്കേണ്ടതില്ല. മറിച്ച് വായ്പയെടുത്ത തുക എത്രത്തോളം കാര്യക്ഷമമായി ഉപയോഗപ്പെടുത്തിയെന്നതാണ് പ്രധാനം. എന്നു​െവച്ചാൽ കടംവാങ്ങുന്നത് നിഷ്ഫലമായ ഒരു ഉദ്യോഗസ്ഥസംവിധാനത്തെ തീറ്റിപ്പോറ്റാനോ പാഴ്‌െച്ചലവുകൾക്കോ ആകരുത്. അങ്ങനെ നോക്കുമ്പോൾ ദേശീയകടം എന്ന പ്രയോഗത്തെത്തന്നെ 'മൊത്തം വിഭവ വിനിമയം' (Net Money Supply) എന്ന് തിരുത്തേണ്ടിവരുമെന്ന് സ്റ്റിഫാനി വ്യക്തമാക്കുന്നു.

സർക്കാർ അധികമായി വായ്പയെടുക്കുമ്പോൾ സ്വകാര്യമേഖലയ്ക്ക് അതിനുള്ള അവസരം നിഷേധിക്കപ്പെടുന്നുവെന്ന വാദത്തെയും സ്റ്റിഫാനി തള്ളിക്കളയുന്നു. വേണമെങ്കിൽ ഇതിനെ ഇന്ത്യൻ സാഹചര്യത്തിൽ പ്രത്യേകമെടുത്ത് പരിശോധിക്കാവുന്നതാണ്. ഇന്ത്യയിലെ ബാങ്കുകൾ സർക്കാർ പണയത്തിൻമേൽ നിക്ഷേപിക്കുന്നതുകൊണ്ട് അവരുടെ വായ്പശേഷി കുറയുന്നില്ലെന്നതാണ് വസ്തുത. ഇന്നത്തെ അവസ്ഥയിൽ ബാങ്കുകൾക്ക് അഞ്ചുലക്ഷം കോടിയുടെ അധിക ആസ്‌തിയുണ്ട്. അതുകൊണ്ടുതന്നെ സർക്കാർ കടംവാങ്ങുന്നത് സ്വകാര്യ നിക്ഷേപകരെ ബാധിക്കുമെന്ന വാദം യുക്തിപരമായി ശരിയല്ല. കറൻസിയുടെ ഒഴുക്കുണ്ടാകുന്നത് നികുതിയിളവുകളിലൂടെയായാലും പൊതുചെലവിലൂടെ ആയാലും നല്ലതുതന്നെ.

ചർച്ചയാക്കാം, പ്രയോഗവത്കരിക്കാം
വ്യാപാരയുദ്ധത്തെ വ്യാപാരസമാധാനമാക്കണമെന്നും ദീർഘകാലാടിസ്ഥാനത്തിൽ ഉത്പാദനശേഷിയുള്ളിടത്തോളം സാമൂഹികക്ഷേമ പദ്ധതികൾ, ഉദാഹരണത്തിന് കേരളത്തിലെ ക്ഷേമപെൻഷൻ, ഭക്ഷ്യക്കിറ്റ് വിതരണം പോലുള്ളവ, അധികബാധ്യതയുണ്ടാക്കില്ലെന്നും സ്റ്റിഫാനി പറയുന്നു.  

അമേരിക്കൻ ഭൗതികസാഹചര്യത്തിലാണ് രചനയെങ്കിലും ലോകത്താകമാനം സാമ്പത്തിക സുസ്ഥിരത തിരിച്ചുപിടിക്കാൻ ചിന്തകൾ പുരോഗമിക്കുമ്പോഴാണ് പുസ്തകം ഡെഫിസിറ്റ് മിത്ത് പുറത്തിറങ്ങിയത്.  അതിന്റെ അടിസ്ഥാനത്തിൽ ഡോ. തോമസ് ഐസക്കിന്റെ ധനസമാഹരണനയത്തെ തത്ത്വപരമായി പിന്തുണയ്ക്കാം. കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെത്തന്നെ സാമ്പത്തികാസൂത്രണത്തിന് പോഷകമാക്കി മാറ്റാവുന്നതുമാണ് സ്റ്റിഫാനിയുടെ ആശയങ്ങൾ. 2020-21' വർഷത്തിൽ രാജ്യം പ്രതീക്ഷിച്ചതിന്റെ 120 ശതമാനം അധികമായിരുന്നു ധനക്കമ്മി. 9.53 ലക്ഷം കോടി രൂപയാണ് വായ്പയെടുക്കേണ്ടിവന്നത്. ഇതുകൂടാതെ ഈ കാലയളവിൽ സംസ്ഥാനങ്ങൾ മൊത്തം കടംവാങ്ങിയത് 5.5 ലക്ഷം കോടിരൂപയാണ്.

ചീഫ്‌ ജനറൽ ​മാനേജർ‚ എസ്‌.ബി.ഐ.    (അഭിപ്രായങ്ങൾ വ്യക്തിപരം)