സോപ്പും സാനിറ്റൈസറും ഉപയോഗിച്ച് കൈ കഴുകുന്നതും മുഖാവരണം ധരിക്കുന്നതും ശാരീരികാകലം പാലിക്കുന്നതുമാണ് നമ്മുടെ കോവിഡ് പ്രതിരോധക്കോട്ട. പക്ഷേ, ഇന്നത്തെ സാഹചര്യത്തിൽ വ്യാപനം ഒഴിവാക്കാനാവില്ല. വൈറസുമായി സമരസപ്പെട്ട് ജീവിതത്തെ മുന്നോട്ടുകൊണ്ടുപോവുകയെന്നതാണ് നമ്മുടെ സമീപനം. രോഗം മാരകമാകാൻ സാധ്യതയുള്ളവർ വീട്ടിൽ ഒതുങ്ങിക്കൂടണം. ബാക്കിയുള്ളവർ പുറത്തുപോയി വേലയെടുക്കണം. അപ്പോൾ ഗൗരവമായ മറ്റൊരു പ്രശ്നമുദിക്കും. വീട്ടിലേക്ക്‌ പ്രവേശിക്കുന്നതിനുമുമ്പ് ചെരിപ്പും പാദങ്ങളും അണുവിമുക്തമാക്കാൻ എന്താണ് മാർഗം?

ആ ചോദ്യത്തിന്റെ ഉത്തരമാണ് സാനിമാറ്റ്.  അതൊരു പുതിയ കയറുത്‌പന്നമാണ്. 1000 രൂപമുതൽ 3000 രൂപവരെ വിലവരുന്ന സാനിമാറ്റുകൾ ഉടൻ കമ്പോളത്തിലെത്തും. റിലയൻസ്, രത്നഗിരി പോലുള്ള മാർക്കറ്റിങ്‌ ചെയിനുകളുമായി ചർച്ചകൾ നടക്കുകയാണ്. സ്റ്റോക്കിസ്റ്റുകൾക്കുവേണ്ടി നഗരങ്ങളിലെല്ലാം പരസ്യം നൽകാൻ പോവുകയാണ്. ഇതിനകമുണ്ടായിട്ടുള്ള വ്യാപാരാന്വേഷണങ്ങൾ ആവേശകരമാണ്.

മറ്റുസംസ്ഥാനങ്ങളിൽനിന്നുമാത്രമല്ല, കേരളത്തിൽത്തന്നെയും എത്ര വലിയ ഡിമാൻഡാണ് ഉണ്ടാവുക. നമ്മുടെ പബ്ലിക് ഓഫീസുകളുടെയെല്ലാം കവാടത്തിൽ ബ്രേക്ക് ദി ചെയിൻ സാനിെറ്റെസർ മാത്രമല്ല, സാനിമാറ്റുകൂടിയുണ്ടാവും. ഹോട്ടലുകൾ, മറ്റുവ്യാപാരസ്ഥാപനങ്ങൾ എന്നിവയിൽനിന്നെല്ലാം അന്വേഷണങ്ങൾ വരുന്നുണ്ട്. കുടുംബശ്രീയുടെ ഹോംഷോപ്പിവഴി വിൽക്കാൻ 50000 എണ്ണം ആവശ്യപ്പെട്ടിട്ടുണ്ട്.

സാനിമാറ്റിന്റെയും കയർഭൂവസ്ത്രത്തിന്റെയും ഡിമാൻഡ്‌ പതിന്മടങ്ങ് ഉയരുന്നതോടെ കയർ ഉത്‌പാദനം ഇരട്ടിയാകും. 2015-’16ൽ 7000 ടൺ ആയിരുന്ന കയറുത്‌പാദനം 40,000 ടണ്ണായിട്ടാണ് ഉയരാൻപോവുന്നത്. കഴിഞ്ഞവർഷം 20,000 ടണ്ണായിരുന്നു ഉത്‌പാദനം. ഈ സാമ്പത്തികവർഷം ഇനി അവശേഷിക്കുന്ന മാസങ്ങൾകൊണ്ട് ഉത്‌പാദനം ഇരട്ടിയാക്കും.

 കയർഭൂവസ്ത്രം
കഴിഞ്ഞവർഷം 5000 ടൺ കയർഭൂവസ്ത്രമാണ് ആകെ വിറ്റത്.  അതൊരു 25,000 ടണ്ണായി വർധിപ്പിക്കുകയാണ് ലക്ഷ്യം. അതിനാവശ്യമായ ഓട്ടോമാറ്റിക് ലൂമുകൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്ഥാപിക്കാൻ ശ്രമിക്കുകയാണ്. പരമ്പരാഗതനെയ്ത്തുകാർ എത്ര ഉത്‌പാദിപ്പിച്ചാലും വാങ്ങാൻ കയർ കോർപ്പറേഷൻ തയ്യാർ. ഇനി ആർക്കെങ്കിലും മറ്റു കയറുത്‌പന്നങ്ങളിൽനിന്ന്‌ കയർഭൂവസ്ത്രത്തിലേക്ക്‌ മാറണോ? അവർക്കുള്ള സഹായവും സർക്കാർ നൽകും.

കയർഭൂവസ്ത്രത്തിനുള്ള കമ്പോളം കഴിഞ്ഞ മൂന്നുവർഷത്തെ പ്രവർത്തനത്തിന്റെ ഫലമായാണ് സൃഷ്ടിക്കപ്പെട്ടത്.   കേന്ദ്രസർക്കാർ പി.എം.ജി.എസ്.വൈ. പദ്ധതിയിൽ ഈ വർഷം അഞ്ചുശതമാനം ദൂരം കയർഭൂവസ്ത്രം ഉപയോഗപ്പെടുത്തണമെന്ന് നിബന്ധന പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്തവർഷം ഇത് പത്ത്‌ ശതമാനമായി ഉയർത്തും. ഇതിനാവശ്യമായ ഭൂവസ്ത്രം നൽകാൻ ഇപ്പോൾ കേരളത്തിനേ കഴിയൂ. പ്രതിരോധം, റെയിൽവേ, ഖനികൾ എന്നിവിടങ്ങളിലെല്ലാം കമ്പോളം കണ്ടുപിടിക്കുന്നതിന് പ്രത്യേകം വിദഗ്ധരെ നിയോഗിച്ചിട്ടുമുണ്ട്.

 തൊഴിലുറപ്പാണ് മറ്റൊരു മേഖല. 40,000 കിലോമീറ്റർ തോടുകളും നദിക്കരകളും സംരക്ഷിക്കുന്നതിനാണ് ഈ വർഷം ലക്ഷ്യമിട്ടിരിക്കുന്നത്. ഇത് വലിയതോതിൽ കേരളത്തിൽ കയർഭൂവസ്ത്രത്തിന് ആവശ്യം സൃഷ്ടിക്കും. മറ്റുസംസ്ഥാനങ്ങളിലെ തൊഴിലുറപ്പിലും കയർഭൂവസ്ത്രം ആവശ്യമുണ്ട്. ഇതിനാവശ്യമായ പരിശീലനവും മേൽനോട്ടവുമെല്ലാം നൽകുന്നതിന് സ്വകാര്യ സംരംഭകർ മുന്നോട്ടുവന്നാൽ അവർക്ക് ആവശ്യമായ കയർഭൂവസ്ത്രം അഡ്വാൻസായി ലഭ്യമാക്കുന്നതിനുള്ള സ്കീമിന് രൂപം നൽകുന്നുണ്ട്.

 ഗൗരവമായ രണ്ടുപ്രശ്നങ്ങളുണ്ട്. ഇത്രയും കയർ ഉത്‌പാദിപ്പിക്കാനുള്ള ചകിരി എവിടെനിന്നുകിട്ടും? തമിഴ്‌നാട്ടിലെ ചകിരിവ്യവസായം ഇപ്പോഴും ലോക്ഡൗണിലാണ്. കേരളത്തിൽ ഇതിനകം ഇരുന്നൂറിൽപ്പരം മില്ലുകൾ സ്ഥാപിച്ചിട്ടുണ്ട്. 250 എണ്ണവുംകൂടി യുദ്ധകാലാടിസ്ഥാനത്തിൽ സ്ഥാപിക്കണം. എല്ലാ ചെലവുംകഴിഞ്ഞ് ദിനംപ്രതി 10,000 രൂപയെങ്കിലും ഒരു ഇടത്തരം മില്ലിന് ലാഭം കിട്ടുമെന്നുള്ളതുകൊണ്ട് ഒരുപാട് സ്വകാര്യസംരംഭകർ മുന്നോട്ടുവരുന്നുണ്ട്. പ്ലാന്റ് ആൻഡ്‌ മെഷീനറിയുടെ 50 ശതമാനം സർക്കാർ സബ്‌സിഡിയുണ്ട്. ചകിരി വാങ്ങുന്ന സമയംതന്നെ പണം അക്കൗണ്ടിൽ ഇട്ടുകൊടുക്കും. സഹകരണബാങ്കുകളാണ് ഇത്തരം നാളികേരസംസ്കരണത്തിന്‌ മുന്നോട്ടുവരുന്നതെങ്കിൽ അവരുടെ പ്ലാന്റ് ആൻഡ്‌ മെഷീനറിയുടെ 90 ശതമാനം സൗജന്യമായി നൽകും.

 രണ്ടാമത്തെ പ്രശ്നം, ഇത്രയും കയർ എങ്ങനെ പിരിക്കുമെന്നുള്ളതാണ്. യന്ത്രവത്‌കരണം കൂടിയേതീരൂ. 650 പിരിയന്ത്രങ്ങൾ സ്ഥാപിച്ചുകഴിഞ്ഞു. 1500 എണ്ണംകൂടി സ്ഥാപിക്കാൻ പോവുകയാണ്. ഇന്ന്‌ പരമ്പരാഗതമേഖലയിൽ ഇൻകം സപ്പോർട്ടോടുകൂടി 300 രൂപയാണ് കൂലി. യന്ത്രമേഖലയിലെ തൊഴിലാളിക്ക് ഇൻകം സപ്പോർട്ടില്ലാതെ 500 രൂപയെങ്കിലും കൂലികിട്ടും. കൂടുതൽ പേർക്ക് പണി നൽകാൻ രണ്ടുഷിഫ്റ്റായിട്ടായിരിക്കും ഈ ചെറുകിടഫാക്ടറികൾ പ്രവർത്തിപ്പിക്കുക.

എന്താണ് സാനിമാറ്റ്?

:കയർ/അണുനാശിനിവെള്ളമുള്ള ഒരു ട്രേയിൽ സൂക്ഷിച്ചിരിക്കുന്ന  ചകിരികൊണ്ടുള്ള തടുക്കാണിത്. ഇതുപയോഗിച്ചുകൊണ്ട് പാദങ്ങളും ചെരിപ്പും വൃത്തിയാക്കിയശേഷമാണ് വീട്ടിലേക്ക്‌ കടക്കാം. കയറുത്‌പന്നങ്ങൾ എത്രനാൾ വെള്ളത്തിൽ കിടന്നാലും ഒരു ദോഷവും വരില്ല. അതുപോലെ പരുക്കൻ ഉപരിതലം കാൽ ഉരച്ചുവൃത്തിയാക്കാനും നന്ന്.

 ഇപ്പോൾത്തന്നെ പലയിടത്തും ഇത്തരം ട്രേകൾ െവച്ചിരിക്കുന്നതായി കണ്ടു. തുണിയും ചണവുമെല്ലാം പെട്ടെന്ന് ചീത്തയാകും. സിന്തറ്റിക് ഉത്‌പന്നങ്ങൾ ഹരിതമാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ്. ചിലപ്പോൾ ഫംഗസും പിടിക്കും. കയർതന്നെ ഉത്തമം.

രണ്ടുമാസമായി കയർ ഗവേഷണകേന്ദ്രവും (എൻ.സി.എം.ആർ.ഐ.) ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടും ഇതുസംബന്ധിച്ചുള്ള പരീക്ഷണങ്ങളിലായിരുന്നു. ഏറ്റവും അനുയോജ്യമായ അണുനാശിനിലായനി എന്ത്, ചകിരിയിലെ ജൈവവസ്തുക്കളുമായിട്ടുള്ള പ്രതിപ്രവർത്തനം, ബാഷ്പീകരണം, പാദത്തിലെ ത്വക്കിനെ എങ്ങനെ ബാധിക്കും തുടങ്ങിയ കാര്യങ്ങൾ ആഴത്തിൽ പരിശോധിച്ചു. അവസാനം സോപ്പ് ഉപയോഗിച്ചുള്ള അണുനാശിനിക്ക് രൂപംനൽകി. ചെലവ്, ഈട്, ഫംഗസിനുള്ള സാധ്യത തുടങ്ങിയവയൊക്കെ പരിശോധിച്ച് തകിടുവെക്കാൻ പ്ലാസ്റ്റിക് ട്രേയും തിരഞ്ഞെടുത്തു. റബ്ബർ അധിഷ്ഠിത ട്രേയും ഉപയോഗപ്പെടുത്താം. ഇതുസംബന്ധിച്ച് കുറച്ചുകൂടി പഠിക്കാനുണ്ട്. നാലുതരം ഉത്‌പന്നങ്ങളാണ് വിപണിയിൽ ഇറക്കുക.