കോവിഡ്കാലാനന്തരം പ്രതീക്ഷയുടെയും ഉണര്‍വിന്റെയും ഒരു കാലത്തെക്കുറിച്ച് കേരളീയര്‍ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. കൃഷി, ഐ.ടി. എന്നീ മേഖലകളോടൊപ്പം ടൂറിസത്തിനും കേരളത്തിന്റെ വികസനത്തിന് വലിയ പങ്കുവഹിക്കാന്‍ കഴിയും.  പരിസ്ഥിതിസംരക്ഷണം, നല്ല റോഡുകള്‍, മെച്ചപ്പട്ട ഗതാഗതസംവിധാനം, ശുദ്ധമായ കുടിവെള്ളം, മാലിന്യസംസ്‌കരണം തുടങ്ങിയവയെല്ലാം ടൂറിസത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകവും നാടിനും നാട്ടുകാര്‍ക്കും ഗുണകരവുമാണ്.
2018 അടിസ്ഥാനമാക്കി രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും വിനോദസഞ്ചാര മേഖലയെ വിശകലനം ചെയ്യുന്നത് നന്നായിരിക്കും.

2018-ല്‍ ഇന്ത്യയിലെത്തിയ വിദേശ വിനോദസഞ്ചാരികള്‍ 10.65 ദശലക്ഷമാണ്.  ലോക വിനോദസഞ്ചാര മേഖലയില്‍ ഇന്ത്യയുടെ പങ്കാളിത്തം 1.24 ശതമാനവും 25-ാം സ്ഥാനവുമാണ്. ടൂറിസത്തില്‍നിന്നുള്ള ഇന്ത്യയുടെ വരുമാന ഓഹരി 1.97 ശതമാനം.  സഞ്ചാരികളുടെ വരവില്‍ 13-ാം സ്ഥാനവും.  ഏഷ്യാപസഫിക് മേഖലയില്‍ ഇന്ത്യയുടെ ഓഹരി 5.5 ശതമാനവും ടൂറിസ്റ്റുകളുടെ വരവില്‍ 7-ാം സ്ഥാനവുമാണുള്ളത്.  ഇന്ത്യയില്‍നിന്ന് മറ്റുരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുന്നവരുടെ എണ്ണവും ഒട്ടും കുറവല്ല.  2018-ല്‍ 26.30 ദശലക്ഷം ഇന്ത്യക്കാരാണ് വിദേശസന്ദര്‍ശനത്തിന് പോയത്. ഇവരെ ഇന്ത്യയിലെത്തന്നെ സഞ്ചാരികളാക്കാനും അവരില്‍ ഒരു വിഭാഗത്തെ കേരളത്തിലേക്ക് ആകര്‍ഷിക്കാനും കഴിയണം.

ഇന്ത്യയിലെ പത്ത് ടൂറിസം സംസ്ഥാനങ്ങളില്‍  കേരളത്തിന് അഭിമാനകരമായ സ്ഥാനമില്ലെന്നത് നമ്മള്‍ ചിന്തിക്കേണ്ട വിഷയമാണ്.  3,85,90,000 ആഭ്യന്തര സഞ്ചാരികളെയും 60,74,000 വിദേശ വിനോദസഞ്ചാരികളെയും സ്വീകരിച്ച തമിഴ്നാടാണ് ഒന്നാമത്. പതിനൊന്ന് ലക്ഷത്തോളം വിദേശടൂറിസ്റ്റുകള്‍ കേരളത്തിലെത്തി. 1.83 കോടി ആഭ്യന്തരസഞ്ചാരികളും. ഇക്കാര്യത്തില്‍ നമ്മുടെ പിറകിലുള്ളത് ബിഹാറും ഗോവയും മാത്രം.  

2018-ല്‍ ആഗോള ടൂറിസം മേഖലയില്‍നിന്നുള്ള ഇന്ത്യയുടെ ഓഹരി അഞ്ചു ശതമാനമായിരുന്നെങ്കില്‍, ഇന്ത്യയുടെ ടൂറിസം പങ്കാളിത്തത്തില്‍  കേരളത്തിന്റെ ഓഹരി നാലു ശതമാനമാണ്.  ഈയൊരു സാഹചര്യം മനസ്സിലാക്കി ഈ രംഗത്ത് കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതുണ്ട്. ക്രമസമാധാനം, ആരോഗ്യപരിപാലനം, പ്രകൃതിഭംഗി എന്നിവയില്‍ പ്രഥമസ്ഥാനത്താണ് കേരളം.   നമ്മുടെ പൊതുസമൂഹത്തിനുകൂടി അവകാശപ്പെട്ടതാണ് ഈ ബഹുമതികള്‍.
വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ചയ്ക്കുവേണ്ടി ഇനി എന്താണ് ചെയ്യാനുള്ളത്? അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതോടൊപ്പം ശാസ്ത്രീയമായ മാലിന്യനിര്‍മാര്‍ജനത്തിനും പ്രകൃതിസംരക്ഷണത്തിനും ഊന്നല്‍നല്‍കണം. കേരളത്തിന്റെ തനിമയാര്‍ന്ന ഭക്ഷ്യവിഭവങ്ങള്‍ക്ക് പ്രചാരം നല്‍കണം.  കഥകളി, ചവിട്ടു നാടകം, ചാക്യാര്‍കൂത്ത്, ഓട്ടന്‍തുള്ളല്‍ തുടങ്ങിയ പൗരാണിക കലാരൂപങ്ങള്‍ പ്രോത്സാഹിപ്പിച്ച് വിനോദസഞ്ചാര മേഖലയെ ആകര്‍ഷകമാക്കണം. കേരളത്തിന്റെ സഞ്ചാരസാധ്യതകള്‍ പ്രചരിപ്പിക്കുന്നതിന് വിദേശത്തും അയല്‍സംസ്ഥാനങ്ങളിലും മലയാളി സംഘടനകളുടെ സഹകരണത്തോടെ കൂടുതല്‍ റോഡ്ഷോകള്‍ സംഘടിപ്പിക്കണം. കേരള ടൂറിസത്തിന്റെ അംബാസഡര്‍മാരായി ഓരോ വിദേശമലയാളികളും മാറണം.

 വിനോദസഞ്ചാര രംഗത്ത് മുതല്‍മുടക്ക് ?േപ്രാത്സാഹിപ്പിക്കുന്നതിന്  നിക്ഷേപസൗഹൃദ മേഖലയാക്കി പിന്തുണനല്‍കണം.  ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍, റെസ്റ്റോറന്റുകള്‍ എന്നിവയ്ക്ക് പ്രത്യേക സാമ്പത്തിക സഹായം നല്‍കണം.  ബാങ്കുകളില്‍ പ്രവര്‍ത്തന മൂലധന വായ്പയ്ക്കുള്ള പലിശ ഒഴിവാക്കുകയും കടബാധ്യതകള്‍ക്ക് ഒരു വര്‍ഷംവരെയുള്ള മൊറട്ടോറിയം നല്‍കുകയും വേണം. ജി.

എസ്.ടി., അഡീഷണല്‍ ടാക്സ് പെയ്മെന്റ് എന്നിവ ഒരു വര്‍ഷത്തേക്ക് നീട്ടിവെക്കണം.  ഹോട്ടല്‍ തൊഴിലാളികള്‍, ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാര്‍ എന്നിവര്‍ക്ക് 25,000 രൂപവരെ കുറഞ്ഞ പലിശയ്ക്ക് വായ്പനല്‍കണം. ടൂറിസം രംഗത്ത് കേരളത്തിന്റെ പ്രത്യേക സംഭാവനയായ ഹോംസ്റ്റേകളെ പ്രോത്സാഹിപ്പിക്കണം. ഒത്തുപിടിച്ചാല്‍ കൊറോണാനന്തരകാലം വിനോദസഞ്ചാര മേഖലയെ നാടിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് ഉപയുക്തമായി മാറ്റാന്‍ നമുക്ക് കഴിയും.