ബജറ്റ് മുന്നോട്ടുവെക്കുന്ന സാമ്പത്തിക സാമൂഹിക മാർഗരേഖ എന്താണ്? അത് നമ്മുടെ ഭാവിക്ക് എന്തു നൽകും

വെള്ളിയാഴ്ച അവതരിപ്പിച്ച സംസ്ഥാന ബജറ്റിന്റെ കാതലായ കാഴ്ചപ്പാടുകളെപ്പറ്റി വേറിട്ട ഒരു വായനയാണ് ധനമന്ത്രി തോമസ് ഐസക്കുമായി ചേർന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ എം.പി. ഒരുക്കിയ ചർച്ച. ടെക്‌നിക്കൽ സർവകലാശാലയുടെ വൈസ് ചാൻസലർ ഡോ. രാജശ്രീ, ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, മാതൃഭൂമി ന്യൂസ് ചീഫ് ഓഫ് ന്യൂസ് ഉണ്ണി ബാലകൃഷ്ണൻ എന്നിവരും ചർച്ചയിൽ പങ്കാളികളായിരുന്നു.

ശ്രേയാംസ്‌ കുമാർ: അനുയോജ്യരായ ഉദ്യോഗാർഥികളെ ലഭിക്കുന്നില്ല എന്നതാണ് ഒരു തൊഴിലുടമ നേരിടുന്ന പ്രധാന പ്രതിസന്ധി. ഇന്നത്തെ തൊഴിൽസാഹചര്യംമാറി. ആർട്ടിഫിഷ്യൽലേണിങ്, മെഷീൻ ലേണിങ് എന്നിങ്ങനെ മേഖലകൾ വികസിക്കുകയാണ്. അതിന് അനുസൃതമായ വിദഗ്ധരെ കിട്ടാനില്ല. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ.

സജി ഗോപിനാഥ്: നമ്മുടെ എല്ലാമേഖലയിലും ഡിജിറ്റൽ സാങ്കേതികവിദ്യയിലേയ്ക്കുള്ള മാറ്റം സാധ്യമാണ്. തനതായതിനെ നശിപ്പിക്കാതെ പുതിയമേഖലകൾ കണ്ടെത്താൻ  ഡിജിറ്റൽ സാങ്കേതികവിദ്യ സഹായിക്കും. കലാകാരന്മാർക്ക്‌ ഓഗ്‌മെന്റ് റിയാലിറ്റിയുടെ സഹായം കൂടെ ലഭിച്ചാൽ ലോകോത്തര സൃഷ്ടികൾ ഉണ്ടാക്കാനാകും.

മന്ത്രി തോമസ് ഐസക്‌: ഡിജിറ്റൽ സാങ്കേതികവിദ്യ അറിയുന്നവരും അറിവില്ലാത്തവരുമായി സമൂഹം വേർതിരിക്കപ്പെടുന്നത് ഒഴിവാക്കേണ്ടതുണ്ട്. എല്ലാ വീടുകളിലും ലാപ്‌ടോപ്പും കുട്ടികൾക്ക് മികച്ച പഠന സൗകര്യവും ഒരുക്കുന്നതോടെ ഇതിന് കഴിയും. പുതിയതലമുറ ഡിജിറ്റൽ മേഖലയിലേക്ക് വരും. ഒരു കർഷകൻ ഒരു പുതിയരീതി കണ്ടുപിടിച്ചാൽ അതിനെ വ്യാവസായിക അടിസ്ഥാനത്തിലേക്ക് മാറ്റാൻ സർക്കാർ സഹായം നൽകും.
ശ്രേയാംസ്‌ കുമാർ: ഇന്റർനെറ്റ് കുത്തക ഒഴിവാക്കേണ്ടതുണ്ട്. സർക്കാർ ഇടപെടലോടെ ഡിജിറ്റൽ വേർതിരിവും ഇല്ലാതാക്കാനാകും.

തോമസ് ഐസക്: കേരളത്തിൽ ഒരിക്കലും ഇന്റർനെറ്റ്‌സേവനം കുത്തകയാക്കില്ല. കെ-ഫോൺ വഴി സംസ്ഥാനത്തുടനീളം ബ്രോഡ്ബാൻഡ് സേവനം സർക്കാർ ഒരുക്കും. ഇന്റർനെറ്റ് ഹൈവേ സർക്കാരിന്റേതാണ്. അതിലൂടെ എല്ലാ കമ്പനികൾക്കും ഇന്റർനെറ്റ് നൽകാം. ആർക്കും മറ്റൊരാളെ തടയാനാകില്ല.

ശ്രേയാംസ്‌ കുമാർ: സ്മാർട്ട്‌ഫോൺ ഉപയോഗവും, ഇന്റർനെറ്റ് സാക്ഷരതയും കൂടിയ നമ്മുടെ സംസ്ഥാനത്ത് ഇതിന്റെ ഗുണം എല്ലാവർക്കും ലഭിക്കും.  എസ്‌തോണിയയെപ്പോലെ ഒരു ചെറുരാജ്യത്തെ 97 ശതമാനം സ്‌കൂളുകളും 1997 മുതൽ ഓൺലൈൻ വിദ്യാഭ്യാസം നൽകുന്നു. 2007 മുതൽ അവിടെ ഡിജിറ്റൽ വോട്ടിങ് ആണ്. നികുതി അടയ്ക്കാനായി അവിടെ വ്യക്തികൾ ചെലവാക്കുന്നത് ശരാശരി  മൂന്ന് മിനിറ്റാണ്. ആഭ്യന്തര ഉത്പാദനത്തിന്റെ 71 ശതമാനവും നിയന്ത്രിക്കുന്നത് ഡിജിറ്റൽ സമ്പദ് വ്യവസ്ഥയാണ്. ഒരു ചെറിയരാജ്യത്തിന് ഇതൊക്കെ ചെയ്യാമെങ്കിൽ കേരളത്തിനും കഴിയും.

തോമസ് ഐസക്: കേരളം ഒരു 'ഗ്രാഗര'വ്യവസ്ഥയാണ്. ഇതൊരു പുതിയ പദമല്ല. ഏറെക്കാലമായി പലരും ഉപയോഗിക്കുന്നതാണ്. അതായത് ഗ്രാമവും അല്ല നഗരവുമല്ല. ഗ്രാമാന്തരീക്ഷം നഗരത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുകയാണ്. കേരളത്തിന് ഗ്രേറ്റർ മുംബൈയുടെ വലുപ്പമേയുള്ളൂ. വികേന്ദ്രീകരത്തിന്റെ ആവശ്യമില്ല.

ശ്രേയാംസ്‌ കുമാർ: കുറച്ച് കാലംമുമ്പ് ഇസ്രയേലിൽ പോയിരുന്നു. 5500 സ്റ്റാർട്ട് അപ്പുകൾ അവിടെയുണ്ടായിരുന്നു. അവിടെ ക്രൗഡ് ഫണ്ടിങ്ങുണ്ട്. നിങ്ങൾക്ക് അവിടെ ജോലി ചെയ്യാം. പ്രോജക്ടിന് കൃത്യമായ ഫണ്ടിങ് ലഭിക്കും. ഓഫീസ് ഇടം ഇല്ലാതെ ജോലി ചെയ്യാം. ഡ്രൈവറില്ലാതെ ഓടുന്ന കാർ വികസിപ്പിക്കുന്ന 'മൊബിലായി' എന്ന കമ്പനിയെ ഇന്റൽ 55 ബില്യൻ ഡോളറിന് വാങ്ങി. 800 ജീവനക്കാർ മാത്രമാണ് കമ്പനിയിലുള്ളത്. ഇടപാടിലൂടെ 40,000 കോടി രൂപ സർക്കാരിന് വരുമാനം ലഭിച്ചു. കഴിവുള്ളവർക്ക് മുന്നോട്ട് വരാനാകണം. അതിനുള്ള സാഹചര്യം ഉണ്ടാകണം.

തോമസ് ഐസക്: ഈ അവസരം മുതലെടുക്കാൻ നമ്മുടെ എൻജിനിയറിങ് കോളേജുകൾ പ്രാപ്തമാണോ
രാജശ്രീ:  ഒരിക്കലും നമ്മൾ ഗവേഷണങ്ങൾക്ക് അവസരവും ആവശ്യത്തിന് ഫണ്ടും നൽകിയിരുന്നില്ല. വ്യവസായങ്ങളും ഫണ്ട് നൽകിയിരുന്നില്ല. അതിന് പ്രാപ്തമായ ലാബുകളും നമ്മൾക്ക് ഇല്ലായിരുന്നു. ഗവേഷണത്തിന് കൂടുതൽ അവസരം ഒരുക്കണം. പരമ്പരാഗത ശൈലിമാറണം.

തോമസ് ഐസക്:  സംസ്ഥാനത്തെ എല്ലാ ക്ലാസ്‌മുറികളും നമ്മൾ ഡിജിറ്റൈസ് ചെയ്യുകയാണ്. പിന്നെ, ഗവേണൻസിന്റെ കാര്യം. എൻജിനിയറിങ് കോളേജുകൾക്ക് കൂടുതൽ സ്വയംഭരണാധികാരം നൽകണം. എന്ത് പഠിപ്പിക്കണം എന്നതിലും സ്വാതന്ത്ര്യം വേണം.

ഉണ്ണി ബാലകൃഷ്ണൻ : പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിലൂടെ ഒരുമാസം ഒരുലക്ഷം രൂപ വരെ നൽകുന്നു. ഇതൊക്കെ ഗവേഷണമേഖലയ്ക്ക് പ്രയോജനപ്പെടുമോ?
രാജശ്രീ: ഗവേഷണങ്ങൾ നാടിന്റെ വികസനത്തിന് ഉപയോഗിക്കാനാകണം. സംസ്ഥാനത്തിന് പ്രയോജനപ്പെടുന്ന ഗവേഷണങ്ങൾക്ക് സഹായം നൽകുകയും, അത് പ്രയോജനപ്പെടുത്തുകയും ചെയ്യണം.
ശ്രേയാംസ്‌ കുമാർ: ഗവേഷണ നേട്ടങ്ങൾ സമൂഹത്തിന് ഗുണകരമായി മാറുന്നില്ല. ഗവേഷണപ്രബന്ധങ്ങൾ അവരവരുടെ ആവശ്യത്തിന് വേണ്ടിയാകാതെ സമൂഹത്തിന് പ്രയോജനകരമാകണം. എന്തുപഠിക്കുന്നു എന്നത് അവരവരുടെ ഇഷ്ടമാണ്. എന്നാൽ, അത് നാടിനും സമൂഹത്തിനും പ്രയോജനപ്പെടുന്നുണ്ടോ എന്നും നോക്കണം.

ഉണ്ണി ബാലകൃഷ്ണൻ: നാനോ ടെക്‌നോളജി, നാനോ സയൻസ് സെന്ററുകൾ എപ്പോൾ തുറക്കാനാകും?
ഡോ. രാജശ്രീ:  ടെക്‌നിക്കൽ സർവകലാശാല ആരംഭഘട്ടത്തിലാണ്. ഇതുവരെയും കടന്നുചെല്ലാത്ത മേഖലകളിലേക്കാണ് ടെക്‌നിക്കൽ സർവകലാശാല പോകുന്നത്. സി.ഇ.ടി. ഉൾപ്പെടെ 145 അഫിലിയേറ്റഡ് കോളേജുകളുണ്ട്. നൂതന കോഴ്‌സുകൾ ആരംഭിക്കുകയാണ് ലക്ഷ്യം.

ഉണ്ണി ബാലകൃഷ്ണൻ:  ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ മിഷന് പിന്നിലെന്താണ്?
സജി ഗോപിനാഥ്:  കാർഷിക-വ്യാവസായിക മേഖലയ്ക്ക് എങ്ങനെ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് നേട്ടമുണ്ടാക്കാമെന്നതാണ് ലക്ഷ്യം. ഒരുവശത്ത് വിദഗ്‌ധരെ വാർത്തെടുക്കുന്നു. അതേസമയം, സാങ്കേതികവിദ്യയുടെ വികസനനേട്ടം വിവിധ മേഖലകൾക്ക് നൽകുന്നു. പരസ്പരബന്ധിതമാണിത്. നമ്മുടെ സ്ഥാപനങ്ങൾ ഓൺലൈൻ വിൽപ്പനയിലേക്ക് നീങ്ങുമ്പോൾ സാങ്കേതികവിദ്യ വികസിപ്പിക്കുന്നവർക്കും കച്ചവടക്കാർക്കും അവസരം ലഭിക്കും.

ഉണ്ണി ബാലകൃഷ്ണൻ: വൈജ്ഞാനിക സമ്പദ്ഘടന എന്നതുകൊണ്ട് ബജറ്റിൽ ഉദ്ദേശിക്കുന്നതെന്താണ്?
തോമസ് ഐസക്: ഇവിടെ തെങ്ങിൽ കയറാൻ ആളെക്കിട്ടാറില്ല. ഉള്ള തെങ്ങിന് കാറ്റുവീഴ്ച രോഗമുണ്ട്. എന്തുകൊണ്ട് അതിനെ അതിജീവിക്കാൻ കഴിയുന്ന തെങ്ങ് നട്ടുകൂടാ, നല്ല തെങ്ങിന്റെ പകർപ്പുണ്ടാക്കി കൃഷിചെയ്തുകൂടാ. ടിഷ്യുകൾച്ചറിന് ചില പ്രശ്നങ്ങളുണ്ട്. ചിലർക്ക് അതിന്റെ വിജയസാധ്യതയിൽ സംശയമുണ്ട്. എന്നാൽ, പരിഹരിക്കാൻപറ്റാത്ത പ്രശ്നങ്ങളില്ല. അതിനുപറ്റിയ കേന്ദ്രങ്ങൾ ഉണ്ടാകണം. കാർഷികസർവകലാശാലകളിൽ ഇത്തരം ഗവേഷണം നടക്കണം. വൈജ്ഞാനികസമൂഹമെന്നാൽ വിജ്ഞാനോത്‌പാദനവുമുണ്ടാകണം. അത് കണ്ടുപിടിത്തങ്ങളാകണം. അവ വ്യവസായങ്ങളിലേക്കുവരണം. അങ്ങനെയേ കേരളത്തിൽ വ്യവസായം ഉണ്ടാകുകയുള്ളൂ. നമ്മുടെ വ്യവസായത്തിലേക്കും കൃഷിയിലേക്കും കണ്ടുപിടിത്തങ്ങൾ എത്തണം. അങ്ങനെവന്നാലേ കേരളം നോളജ് സിറ്റിയായി മാറുകയുള്ളൂ. അവിടെ ഡിജിറ്റൽ വേർതിരിവുണ്ടാകില്ല. വിജ്ഞാനം കൈയിലില്ലാത്തതുകൊണ്ട് ആരും പിന്തള്ളപ്പെട്ടുപോകില്ല. മൂന്നാംലോകത്തിനുമുന്നിൽ നമ്മൾ ഒരു മാതൃകയായി മാറണം.

ഉണ്ണി ബാലകൃഷ്ണൻ: ഇതാണോ ബജറ്റ് പ്രസംഗത്തിൽപറഞ്ഞ  ഇടതുപക്ഷബദൽ?
തോമസ് ഐസക്: അതെ, ഇതാണ് കേരളത്തിന്റെ ജനാധിപത്യപരമായ ബദൽ. ‘പുതിയായി ഒന്നും ഉണ്ടാക്കാറില്ല, ഉള്ളത് വീതംവെക്കാനേ അറിയൂ’ എന്ന പേരുദോഷമുണ്ട്. അത് മാറ്റണം. വർക്ക്‌ നിയർ ഹോം ഐ.ടി. വകുപ്പിന്റെ പരിഗണനയിൽ നേരത്തേ ഉണ്ടായിരുന്നു.

ഉണ്ണി ബാലകൃഷ്ണൻ: മൂന്നുലക്ഷംപേർക്ക് തൊഴിൽ കൊടുക്കാൻ കഴിയുമോ?
തോമസ് ഐസക്: അടുത്തവർഷം മൂന്നുലക്ഷംപേർക്ക് തൊഴിൽ കൊടുക്കും. വെറും കണക്കല്ല. ഡിജിറ്റൽമേഖലയിൽ അതിനുള്ള അവസരമുണ്ട്. തുടർന്ന് 20 ലക്ഷം പേർക്കും ജോലിനൽകും. എല്ലാവരും വീട്ടിലിരുന്ന്‌ ജോലിചെയ്യാൻ ഇഷ്ടപ്പെടണമെന്നില്ല. ഇത് കോവിഡിനൊപ്പം ഉയർന്നുവന്ന ചിന്തയാണ്. ഐ.ടി. വകുപ്പ് ഇതുസംബന്ധിച്ച് ഏറെ മുന്നോട്ടുപോയിട്ടിട്ടുണ്ട്. തൊഴിലിടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ശ്രേയാംസ്‌ കുമാർ: ഞങ്ങളുടെ സ്ഥാപനം 30 ശതമാനം പേരെവെച്ചാണ് കോവിഡ് കാലത്ത് പ്രവർത്തിച്ചത്. കോവിഡ്കാരണം നിരീക്ഷണത്തിൽ പോകേണ്ടിവന്നപ്പോൾ രണ്ടാളെ മാത്രം ഓഫീസിൽ നിർത്തിയും മറ്റുള്ളവർ വീട്ടിലിരുന്നുമാണ്‌ പ്രധാനപ്പെട്ട ഒരു ദിവസത്തെ പത്രം ചെയ്തത്. റേഡിയോ ഫുൾടൈം ലൈവാണ്. ടെലിവിഷനിൽ എത്രയോ പേർ വീട്ടിൽനിന്ന്‌ ജോലിചെയ്ത് ന്യൂസ് ബുള്ളറ്റിൻസ് ഉണ്ടാക്കി.
സജി ഗോപിനാഥ്: ഓഫീസിലിരുന്ന് ജോലിചെയ്തില്ലെങ്കിൽ നിലവാരംകിട്ടില്ലെന്ന വിശ്വാസമാണ് കോവിഡ് പൊളിച്ചത്.

ശ്രേയാംസ്‌ കുമാർ: അനുഭവത്തിൽനിന്ന്‌ പറയാം, മാതൃഭൂമി ഡോട് കോമിൽ വർക്ക് ഫ്രം ഹോമായപ്പോൾ 30 മുതൽ 40 ശതമാനം സ്റ്റോറികൾ കൂടി
തോമസ് ഐസക്: ജോലിയിടം വീട്ടിലേക്കുമാറുമ്പോൾ ചില അപകടങ്ങളുമുണ്ട്. ജീവനക്കാർ അസംഘടിതമാകും. സുരക്ഷിതത്വമുണ്ടാകില്ല. ഇതിന് സർക്കാർ പരിഹാരം കാണും. തൊഴിലുടമ റിസ്കെടുക്കേണ്ടതില്ല. ജീവനക്കാർക്ക് സർക്കാർ ഇൻഷുറൻസ് നൽകും. നിങ്ങൾ വീട്ടിൽത്തന്നെ ഇരിക്കണ്ട. ഒരുമിച്ച് ഒരു സ്ഥലത്തിരുന്ന് ജോലിചെയ്തോളൂ. തൊഴിലുടമയ്ക്ക് അതിന്റെ ബാധ്യത വരുന്നില്ല.  മറ്റുമേഖലകളെ അപേക്ഷിച്ച് സർക്കാർ ഏറ്റെടുക്കേണ്ടിവരുന്ന ബാധ്യത കുറവാണ്. ഉദാഹരണത്തിന് കെ.എസ്.ആർ.ടി.സി.ക്ക് 1800 കോടി രൂപയാണ് നൽകുന്നത്. അടുത്ത അഞ്ചുവർഷം 50,000 കോടി രൂപയാണ് സാമൂഹിക പെൻഷന് വേണ്ടത്. ഇതിനുപകരം 5000 കോടി രൂപ കടമെടുത്ത് ഡിജിറ്റൽ എക്കണോമിയിലേക്ക് മാറിയാലോ. ഇന്ന് പറഞ്ഞാൽ ആൾക്കാർ എതിർക്കും. ഇത് വിജയിക്കുമെന്ന് തെളിയിച്ചാൽ കേരളം സംശയമില്ലാതെ ആയിരമോ രണ്ടായിരമോ കോടി മുടക്കും.

ഉണ്ണി ബാലകൃഷ്ണൻ: ഡിജിറ്റൽ മേഖലയ്ക്ക് ഇത്രയും ഫണ്ട് നൽകാൻ കഴിയുമോ?
തോമസ് ഐസക്: മാറ്റം ആവശ്യമാണെന്ന ചിന്ത സമൂഹത്തിലാണ് ഉണ്ടാകേണ്ടത്. മറ്റുചിലതിനുപകരം ഇതുവേണമെന്ന ചിന്തയുണ്ടാകണം. പണം സുലഭമല്ല. നമ്മുടെ ആഗ്രഹങ്ങൾ വലുതാണ്. മാറ്റംവരുത്താനുള്ള രാഷ്ട്രീയ ഇച്ഛാശക്തിവേണം.

ശ്രേയാംസ്‌ കുമാർ: അതുചെയ്തില്ലെങ്കിൽ നമുക്ക് മുന്നോട്ടുപോകാൻ സാധിക്കില്ല. വരുമാനസ്രോതസ്സ് ഇല്ലാതെയാകും. സാമൂഹികക്ഷേമ നടപടികൾ മുടങ്ങും.

തോമസ് ഐസക്: തീർച്ചയായും. രാഷ്ട്രീയയാഥാർഥ്യത്തിലേക്ക് ഇത്തരമൊരു ചിന്ത ആദ്യമായിട്ടാണ് വരുന്നത്. നോളേജ് സൊസൈറ്റിയെക്കുറിച്ച് പല ചർച്ചകളും നടന്നിട്ടുണ്ട്. രാഷ്ട്രീയ അജൻഡയായി അവതരിപ്പിക്കുന്നുവെന്നതാണ് ബജറ്റിന്റെ പ്രത്യേകത.

ശ്രേയാംസ്‌ കുമാർ: നല്ല ആശയമാണ്. അതിലേക്ക് എങ്ങനെ എത്തും?
തോമസ് ഐസക്:  പിണറായി വിജയനെപ്പോലെ ഇച്ഛാശക്തിയുള്ള മുഖ്യമന്ത്രിയുള്ളതിനാൽ ഇത് നടക്കും.

ഉണ്ണി ബാലകൃഷ്ണൻ: തിരഞ്ഞെടുപ്പിനുമുന്നേയുള്ള പ്രകടനപത്രികയാണ് ബജറ്റ് എന്ന് ആക്ഷേപമുയർന്നല്ലോ?
തോമസ് ഐസക്:  സംശയമെന്ത്? ഇത് ഇന്ന് പ്രായോഗികമായിത്തീർന്ന ആശയമാണ്. കഴിഞ്ഞ അഞ്ചുവർഷത്തെ സർക്കാരിന്റെ പ്രവർത്തനമാണ് ഇതിന് പ്രചോദനമായത്. ഇന്റർനെറ്റ് കൊടുക്കാൻ കഴിയാതെ എന്ത് ഡിജിറ്റൽ എക്കോണമി. ഇപ്പോഴാണ് സമയം. ഇടതുപക്ഷം പറയുന്നു, ഇതാണ് ഞങ്ങളുടെ പരിപാടി. അതിനെക്കാൾ മികച്ചതുണ്ടെങ്കിൽ കൊണ്ടുവരട്ടെ.  തൊഴിൽ കൊടുക്കാൻ ഇതിനെക്കാൾ നല്ലൊരു പദ്ധതി വേറെ കൊണ്ടുവരണം. വെറുതേ ഇത് നടക്കില്ലെന്നുപറഞ്ഞാൽ കേരളത്തിലെ ജനങ്ങൾ അംഗീകരിക്കില്ല.

ഗവേഷണ നേട്ടങ്ങൾ സമൂഹത്തിന് ഗുണകരമായി മാറുന്നില്ല. ഗവേഷണപ്രബന്ധങ്ങൾ അവരവരുടെ ആവശ്യത്തിന് വേണ്ടിയാകാതെ സമൂഹത്തിന് പ്രയോജനകരമാകണം   - എം.വി. ശ്രേയാംസ്‌ കുമാർ

ഒരിക്കലും നമ്മൾ ഗവേഷണങ്ങൾക്ക് അവസരവും ആവശ്യത്തിന് ഫണ്ടും നൽകിയിരുന്നില്ല. വ്യവസായങ്ങളും ഫണ്ട് നൽകിയിരുന്നില്ല. - ഡോ. രാജശ്രീ

എല്ലാമേഖലയിലും ഡിജിറ്റൽ സാങ്കേതികവിദ്യയിലേക്കുള്ള മാറ്റം സാധ്യമാണ്. തനതായതിനെ നശിപ്പിക്കാതെ പുതിയമേഖലകൾ കണ്ടെത്താൻ അത്‌സഹായിക്കും - ഡോ. സജി ഗോപിനാഥ്

ഉണ്ടാവണം നോളജ്‌സെന്ററുകൾ - മന്ത്രി തോമസ് ഐസക്

നമ്മുടെ വികസന സാധ്യതകളുമായി പ്രയോജനപ്പെടുന്ന മേഖലകളിലാണ് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് നൽകുന്നത്. ലോകത്ത് എവിടെ നിന്നുവന്നാലും ആർക്കും അവസരം നൽകും. വിദേശത്ത് പഠിക്കുന്ന മിടുക്കർ നാട്ടിലെത്തട്ടെ. അടുത്തിടെ, കേരള സർവകലാശാലയുടെ ബയോ ഇൻഫോർമാറ്റിക്‌സ് ഡിപ്പാർട്ടുമെന്റിൽ ആരോഗ്യപച്ചയുടെ ജെനോം വേർതിരിച്ചെടുത്ത വിദ്യാർഥികളെ കണ്ടു. വൈദ്യൻ ചെയ്യേണ്ട ഗവേഷണം അഷ്ടാംഗഹൃദയം പകർത്തി എഴുതലല്ല. പച്ചമരുന്നിന്റെ ജെനൊം ടൈപ്പിങ്ങാണ്. പത്ത് പോസ്റ്റ് ഡോക്ടറൽ സ്റ്റുഡൻസിനെ കിട്ടാൽ ഇത് ചെയ്യാം. ആയുർവേദ ഗവേഷണം എന്നാൽ ജെനോം ഗവേഷണമാണെന്ന് ചിന്തയുണ്ടോ. അത് മികവിന്റെ കേന്ദ്രമാകും. പക്ഷേ എല്ലാവകുപ്പുകളും ഇങ്ങനെയാക്കാൻ പറ്റില്ല. അതിനാലാണ് മികവിന്റെ കേന്ദ്രങ്ങൾ തുടങ്ങുന്നത്. എന്നാൽ വിദ്യാർഥികൾ ഉള്ളത് സർവകലാശാലകളിലാണ്. അതിനാൽ ഈ സെന്ററുകൾ നമ്മൾ സർവകലാശാലകളിൽ സ്ഥാപിക്കും. ഡിപ്പാർട്ടുമെന്റുകൾ നവീകരിക്കുക ബുദ്ധിമുട്ടാണ്. സർവ്വകലാശാലയ്ക്കുള്ളിൽ 30 പൂർണ സ്വയംഭരണ സെന്ററുകൾ തുടങ്ങും. വിദഗ്ധരെ ഇതിന്റെ തലപ്പത്ത് കൊണ്ടുവരും. ഉദാഹരണത്തിന് സി.ഡി.എസിൽ ഇപ്പോഴും സർക്കാർ സെക്രട്ടറിയില്ല.

സി.ഡി.എസിൽ ജോൺ റോബിൻസനെ പോലുള്ള സാമ്പത്തികവിദഗ്ധൻമാർ അധ്യാപകരായി എത്തിയത് അതുകൊണ്ടാണ്. ഇങ്ങനെയാണ് നോളജ് സെന്റർ ഉണ്ടാക്കേണ്ടത്. 10 ശതമാനം സീറ്റ് കൂട്ടിയല്ല സർവകലാശാലകൾ വികസിപ്പിക്കേണ്ടത്.