bitcoinബിറ്റ്‌കോയിൻ ഇടപാടിന്റെ മറവിൽ പണം തട്ടിക്കുന്ന മാഫിയ പ്രവർത്തിക്കുന്നുണ്ടോ?  കേരളത്തിൽ നാലിടത്തായി നടന്ന ആധുനിക പണാപഹരണക്കേസുകൾ ഇതിലേക്ക് ചില സൂചനകൾ നൽകുന്നു. നഷ്ടപ്പെട്ട പണം അന്വേഷിച്ചെത്തിയത് പോലീസ് ബിറ്റ്‌കോയി
െന്റ അധോലോകത്ത്.

ഈ നാലു കേസുകൾക്കും ഒരുപാട് സമാനതകളുണ്ട്. ഒരേ പൊതുമേഖലാ ബാങ്കിന്റെ കേരളത്തിലെ നാലു ബ്രാഞ്ചുകളിലായുള്ള എസ്.ബി. അക്കൗണ്ടുകളിൽനിന്നാണ് പണംനഷ്ടപ്പെട്ടത്. നാലിടത്തും ഒരേതരത്തിലാണ് പണം നഷ്ടമായത്. ബാങ്കിലെ എസ്.ബി. അക്കൗണ്ടിൽനിന്ന് ആരോരുമറിയാതെ. ഒ.ടി.പി. വന്നതേയില്ല.

നഷ്ടപ്പെട്ട പണം എത്തിച്ചേർന്നത് ഇന്ത്യയിലെ വിവിധ ബാങ്കുകളിലെ എസ്.ബി. അക്കൗണ്ടുകളിലേക്ക്‌. പണം കിട്ടിയവരെല്ലാം തന്നെ ഇന്ത്യക്കാർ. പുണെയിലും കോയമ്പത്തൂരിലുമുള്ളവർ. എല്ലാവരും ഇന്ത്യയിൽ നിയമവിരുദ്ധമായ ബിറ്റ്‌കോയിൻ കച്ചവടംചെയ്യുന്നവർ ഇവർക്കാർക്കും തന്നെ പണം നഷ്ടപ്പെട്ടവർ പണം കൊടുക്കാനുണ്ടായിരുന്നില്ല.

സൈബർ റാക്കറ്റുകൾ
 തങ്ങളുടെ കൈവശമുണ്ടായിരുന്ന ബിറ്റ്‌കോയിൻ വാങ്ങിയ വകയിൽ ‘മറ്റു ചിലർ’ ഇവർക്ക് പണം കൊടുക്കാനുണ്ടായിരുന്നു എന്നാണ് ഇവരുടെ ഭാഷ്യം. ആ പണമാണ് ഇവരുടെ ബാങ്ക് എസ്.ബി. അക്കൗണ്ടുകളിലേക്ക്‌ എത്തിച്ചേർന്നിരിക്കുന്നതത്രേ. അത് മോഷ്ടിച്ച പണമാണോയെന്ന് 'ഇവർക്ക് അറിയില്ലതാനും'.

ആരാണ് ഈ ‘മറ്റു ചിലർ’. പണം കിട്ടിയവർക്ക് അതറിയേണ്ടതാണല്ലോ. ഏന്നാൽ, അവർക്കതിന് വ്യക്തമായ മറുപടിയില്ല. ഓൺലൈനിന്റെ ഒളിമറയത്തിരുന്ന് കപടപേരുകളിൽ ബിറ്റ്‌കോയിൻ കച്ചവടം ചെയ്യുന്നവരാണ് ഈ ‘മറ്റു ചിലർ’ എന്നു മാത്രമേ പണം കിട്ടിയവർക്ക് അറിയുകയുള്ളൂ. അവരുടെ യഥാർഥസ്ഥലമോ പേരോ അറിയില്ല. അവർക്ക് ഓൺലൈനിൽ ബിറ്റ്‌കോയിൻ വിറ്റ പരിചയം മാത്രമേ പണം കിട്ടിയവർക്കുള്ളൂ.

ഈ ‘മറ്റു ചിലരെ’ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും അറിയില്ല. കാരണം, ബിറ്റ്‌കോയിൻ എക്സ്‌ചേഞ്ചുകൾ സർക്കാരിന്റെ അധീനതയിലല്ല. ബിറ്റ്‌കോയിൻ തന്നെ ഇന്ത്യയിൽ നിയമവിരുദ്ധമാണല്ലോ.
പണം നഷ്ടപ്പെട്ടവരുടെ ബാങ്കുകളിൽനിന്ന് പണം മോഷ്ടിച്ചയാളുകളുടെ സൈബർ വിവരങ്ങൾ പോലീസ് ശേഖരിച്ചു. കിട്ടിയ ഐ.പി. അഡ്രസുകളെല്ലാം സ്പൂഫ്ഡ് ആയി അഥവാ വ്യാജമായി സൃഷ്ടിച്ചവ. ഈ സൈബർ വിവരങ്ങൾ കൂടുതൽ വിശകലനം ചെയ്ത പോലീസ് ഒടുക്കം എത്തിച്ചേർന്നത് ഒരു സ്കാൻഡിനേവിയൻ രാഷ്ട്രമായ ഫിൻലൻഡിലെ കംപ്യൂട്ടറുകളിൽ. അവിടെനിന്ന് വിവരങ്ങൾ കിട്ടുന്ന മുറയ്ക്ക് മോഷ്ടാക്കളായ  ഈ ‘മറ്റു ചിലരെ’ പിടികൂടാനാകുമെന്നും നിയമപ്രകാരമുള്ള ശിക്ഷ അവർക്ക് വാങ്ങിക്കൊടുക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു. ഏതായാലും ഈ അന്വേഷണംവഴി കേരളാപോലീസിന് കിട്ടിയത് ബിറ്റ്‌കോയിൻ റാക്കറ്റുകളെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങളാണ്.

എല്ലാംകൂടി കോടികളാണ് ഈ വഴി കേരളത്തിലെ മേൽപ്പറഞ്ഞ നാലു സ്ഥാപനങ്ങൾക്ക് നഷ്ടമായത്. അറിഞ്ഞിടത്തോളം നാലേയുള്ളൂ. കാസർകോട്‌ ജില്ലയിലെ രണ്ടു സഹകരണ ബാങ്കുകൾ, കോഴിക്കോട് ജില്ലയിലെ ഒരു വലിയ സഹകരണ സൊസൈറ്റി, എറണാകുളത്തെ ഒരു സർക്കാർ വിദ്യാഭ്യാസസ്ഥാപനം എന്നിവയാണവ. ഭാവിയിൽ കൂടുതൽപേർ പരാതികളുമായി പോലീസിലെത്തിയേക്കാം.

ഇതിൽ കോഴിക്കോട് ജില്ലയിലെ സഹകരണ സൊസൈറ്റിയിലെ ഉദ്യോഗസ്ഥരും അവിടത്തെ പോലീസും ചേർന്നാണ് കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്.  നഷ്ടപ്പെട്ട പണത്തിൽ ഭൂരിപക്ഷവും അവരുടെ അക്കൗണ്ടിൽ തിരിച്ചെത്തിക്കാനും അവർക്ക് സാധിച്ചു. പണം കിട്ടിയവരെ നേരിൽക്കണ്ട് സംഭവത്തിന്റെ ഗൗരവം പറഞ്ഞ് മനസ്സിലാക്കി അവരെക്കൊണ്ടു തന്നെ പണം ബാങ്കിൽ തിരിച്ചടപ്പിക്കുകയായിരുന്നു. ബാക്കിയുള്ള കേസുകളും ഇതേപോലെ തന്നെ മുന്നേറുന്നു.

ചോദ്യങ്ങൾ ഒട്ടേറെ
ഇത്രയൊക്കെയായെന്നാലും ഈ കേസുകളിൽ  ഒട്ടേറെ ചോദ്യങ്ങൾ ബാക്കി കിടക്കുന്നു. കേരളത്തിലെ ഈ നാല്‌ അക്കൗണ്ടുകളുടെ രഹസ്യവിവരങ്ങൾ എങ്ങനെ ബാങ്കുകളിൽനിന്ന് മോഷ്ടാക്കളിലെത്തി ‘ബാങ്കുകളുടെ കംപ്യൂട്ടർ സെർവറുകളിൽ ഏഴോളം ശക്തമായ സൈബർ സെക്യൂരിറ്റി വലയങ്ങൾക്കുള്ളിൽ ‘സൂക്ഷിച്ചിരിക്കുന്ന’ ഈ രഹസ്യവിവരങ്ങൾ ഏതു വഴിയാണ് മോഷ്ടാക്കളിലെത്തിയത് ഈ നാലു അക്കൗണ്ടുകളും ഒരേ ബാങ്കിലായത് യാദൃച്ഛികമാണോ. ആരോരുമറിയാതെ ഒ.ടി.പി. ഒന്നും അയച്ചു കിട്ടാതെ, അകലെയിരുന്ന് ഓൺലൈനിലൂടെ എങ്ങനെ മോഷ്ടാവിന് പണം മോഷ്ടിക്കാനായി.    ഏതൊക്കെ നിയമവിരുദ്ധ കച്ചവടങ്ങളാണ് ബിറ്റ്‌കോയിൻ കൊടുത്ത് അവർ ഇന്ത്യയിൽ നടത്തുന്നത്.  ഈ ബിറ്റ്‌കോയിനുകൾ ഉപയോഗിച്ച് തീവ്രവാദസംഘടനകളുടെ അക്കൗണ്ടിലേക്ക്‌ പണം പോയിട്ടുണ്ടോ.  തുടങ്ങിയ അനേകം ചോദ്യങ്ങൾ.

ബാങ്കുകൾ പഴുതടയ്ക്കണം
ഈ  ചോദ്യങ്ങളുടെയെല്ലാം ഉത്തരങ്ങൾ പുറത്തുകൊണ്ടുവന്ന് അതുവഴി യഥാർഥ പ്രതികളെ പിടികൂടി നിയമപ്രകാരമുള്ള ശിക്ഷ അവർക്ക് വാങ്ങിക്കൊടുക്കേണ്ടത് പോലീസാണ്. ഈ സംഭവങ്ങളിൽനിന്ന് പാഠം ഉൾക്കൊണ്ട് സൈബർ സുരക്ഷാസംവിധാനം ഒരുക്കി പഴുതുകളടയ്ക്കേണ്ടത് ബാങ്കുകളാണ്. ഇക്കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ബുദ്ധിപൂർവമായ ഇടപെടലുകളും ആവശ്യമാണ്. ഇതൊന്നുമുണ്ടായില്ലെങ്കിൽ ഉപഭോക്താക്കൾക്ക് പണം ഇനിയും നഷ്ടമായിക്കൊണ്ടേയിരിക്കും.

ഒരു പ്രധാന ചോദ്യം കൂടി ഇവിടെ ഉയർന്നു വരുന്നുണ്ട്. ഈ നാലു കേസുകളിലും സൈബർ മോഷ്ടാക്കളെ അന്വേഷിച്ച്‌ സൈബറിലൂടെ പോയ പോലീസ് അവസാനം ഫിൻലൻഡ്‌ എന്ന സ്കാൻഡിനേവിയൻ രാഷ്ട്രത്തിലെ കംപ്യൂട്ടറിലെത്തിയതിന് കാരണമെന്താണ്. ഈ ചോദ്യത്തിന് വ്യക്തമായ മറുപടിയുണ്ട്. അതിങ്ങനെ ലളിതമായി വിവരിക്കാം:

ഇവിടത്തെ സാധാരണക്കാർ ഉപയോഗിക്കുന്ന ഫോണുകളിലും ലാപ്‌ടോപ്പുകളിലും ഡെസ്ക്‌ടോപ്പുകളിലും ഒന്നും ശക്തമായ ഗ്രാഫിക് പ്രൊസസറുകളില്ല. കാരണം, ഇ-മെയിലിനും മറ്റ്‌ ആപ്പുകൾക്കും ഗ്രാഫിക് പ്രൊസസറുകൾ ആവശ്യമില്ല. മാത്രമല്ല, സാധാരണ ആപ്പുകൾ പ്രവർത്തിപ്പിക്കാൻ ഇവയിലെ സാധാരണ പ്രൊസസറുകളുടെ രണ്ടോ മൂന്നോ ശതമാനം ഉപയോഗം മാത്രം മതി. എന്നിട്ടും ഏതാനും മിനിറ്റുകൾക്കകം അവ ചൂടാവുന്നത് ഏവരുടെയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകും.

ഗണിതശാസ്ത്രത്തിലെ നമ്പർ തിയറിയും കംപ്യൂട്ടർ ശാസ്ത്രത്തിലെ ക്രിപ്‌റ്റോഗ്രാഫിയും ആധാരമാക്കി ഉണ്ടാക്കിയ സോഫ്റ്റ്‌വേറുപയോഗിച്ചാണ് ബിറ്റ്‌കോയിൻ ഉണ്ടാക്കുന്നത്‌. അതായത്, ബിറ്റ്‌കോയിൻ മൈൻ ചെയ്യുന്നതും അതിന്റെ ബ്ളോക്ക് ചെയിൻ രജിസ്റ്ററുകൾ സൂക്ഷിക്കുന്നതും. ലോകത്താകമാനം ബിറ്റ്‌കോയിൻ കച്ചവടം നടക്കുന്നതിനനുസരിച്ച് ഈ രജിസ്റ്ററുകൾ ഓരോ പത്തു മിനിറ്റിലും അപ്‌ഡേറ്റ് ചെയ്യുന്നതും ഇതേ കംപ്യൂട്ടറുകൾ തന്നെ. ഇതിനെല്ലാം തന്നെ ലോകത്തെ ഏറ്റവും ശക്തമായ ഗ്രാഫിക് പ്രൊസസറുകളടങ്ങിയ കംപ്യൂട്ടറുകൾ വേണം. പ്രൊസസിങ് പവറിന്റെ  തൊണ്ണൂറു മുതൽ നൂറു ശതമാനം വരെ ഉപയോഗിച്ച് ഇരുപത്തിനാലു മണിക്കൂറും 365 ദിവസവും അവ പ്രവർത്തിപ്പിക്കണം. അതിഭീകരമാകും അത്തരം കംപ്യൂട്ടറുകൾ വമിപ്പിക്കുന്ന ചൂട്. ഈ വലിയ ചൂട് ഇത്തരം കംപ്യൂട്ടറുപയോഗിക്കുന്നവരുടെ ആരോഗ്യത്തിന് ഹാനികരമാണ്. മാത്രമല്ല, ഈ വലിയ ചൂടിൽ ഗ്രാഫിക് പ്രൊസസറുകൾ പെട്ടെന്ന് കേടാകും.. എ.സി. കൊണ്ടൊന്നും രക്ഷപ്പെടാനാകില്ല. ഇതിനെല്ലാം പരിഹാരമായാണ് ഇത്തരം കംപ്യൂട്ടറുകൾ ശക്തമായ തണുപ്പുള്ള സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ കൊണ്ടുവയ്ക്കുന്നത്.

ഇത്തരം കംപ്യൂട്ടറിലാണ് പ്രതികളെക്കുറിച്ചുള്ള യഥാർഥവിവരങ്ങൾ സൂക്ഷിക്കുന്നത്. അതിനാലാണ് വിവരങ്ങളന്വേഷിച്ച് സൈബറിലൂടെ പോയ കേരളാപോലീസ് ഒരു സ്കാൻഡിനേവിയൻ രാഷ്ട്രമായ ഫിൻലൻഡിലെ കംപ്യൂട്ടറുകളിലെത്തിയത്.

(സ്വതന്ത്ര സൈബർ ഫൊറൻസിക് വിദഗ്ധനാണ് ലേഖകൻ)