ബാങ്കുകൾക്കെങ്ങനെ വായ്പകൾ തിരിച്ചുപിടിക്കാനാവും

ബാങ്കുകൾക്കെങ്ങനെ വായ്പകൾ തിരിച്ചുപിടിക്കാനാവും, വായ്പക്കാർതന്നെ ഉടമകളായാൽ എന്നാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന ഒരു ചോദ്യം. കോർപ്പറേറ്റുകൾക്ക് ബാങ്കിങ് ലൈസൻസ് അനുവദിക്കാനുള്ള നീക്കത്തെ ഈയൊരൊറ്റച്ചോദ്യംവഴി പ്രതിരോധിക്കുന്നത് റിസർവ് ബാങ്കിന്റെ മുൻ ഗവർണർ രഘുറാം രാജനും ഡെപ്യൂട്ടി ഗവർണർ വിരാൽ ആചാര്യയുമാണ്.

ധനപരമായ അസ്ഥിരതയിലേക്ക്
2020 ജൂൺ 12-നാണ് റിസർവ് ബാങ്ക് ഒരു ഇന്റേണൽ വർക്കിങ് ഗ്രൂപ്പിനെ നിയോഗിക്കുന്നത്. ബാങ്കുടമസ്ഥതയെക്കുറിച്ചുള്ള മാർഗനിർദേശങ്ങളും ഇന്ത്യൻ സ്വകാര്യബാങ്കുകളുടെ കോർപ്പറേറ്റ് ഘടനയും പുനരവലോകനംചെയ്യാനാണ് പെട്ടെന്ന് അങ്ങനെയൊരു സമിതി നിയോഗിക്കപ്പെടുന്നത്. അഞ്ചുമാസത്തിനുള്ളിൽ വളരെ ധൃതിപ്പെട്ടുതന്നെ തയ്യാറാക്കി അവതരിപ്പിച്ച റിപ്പോർട്ട് നവംബർ 20-ന് റിസർവ് ബാങ്ക് സൈറ്റിൽ പ്രസിദ്ധപ്പെടുത്തുകയും 2021 ജനുവരി 15 വരെ പൊതുജനങ്ങൾക്ക് അഭിപ്രായപ്രകടനംനടത്താനുള്ള അവസരം നൽകുകയും ചെയ്തിരിക്കയാണ്.
എന്താണ് ഇത്ര പെട്ടെന്ന് ഒരു മനംമാറ്റത്തിനുകാരണം? യെസ് ബാങ്ക് പൊളിഞ്ഞതാണോ, ലക്ഷ്മിവിലാസ് ബാങ്ക് തകർന്നതാണോ അതോ ഐ.എൽ.എഫ്.എസ്. പാളീസായതാണോ?
‘കാണാൻ നല്ലൊരു നടപടി. പക്ഷേ, തെറ്റായ ദിശയിലുള്ളത്’ എന്നാണ് ഇന്ത്യയുടെ മുൻ മുഖ്യ സാമ്പത്തികോപദേഷ്ടാവായിരുന്ന, ലോകബാങ്കിന്റെ മുഖ്യ സാമ്പത്തികശാസ്ത്രജ്ഞൻ കൗശിക് ബസു ഈ നിർദേശത്തെക്കുറിച്ച് പറഞ്ഞത്. ചങ്ങാത്തമുതലാളിത്തത്തിന് വഴിതെളിയിക്കുന്ന ഈ നടപടി ആത്യന്തികമായി ധനപരമായ അസ്ഥിരതയിലാണ് അവസാനിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മുതലാളിമാരുടെ ബാങ്കുകൾ നാടിന്റെതാവുന്നു
ദേശസാത്‌കരണത്തിനുമുമ്പ് ഇന്ത്യയിൽ ബാങ്കുകൾ നടത്തിപ്പോന്നത് സ്വകാര്യ മുതലാളിമാർതന്നെയാണ്. ടാറ്റയുടെ സെൻട്രൽ ബാങ്കും ബിർളയുടെ യൂകോ ബാങ്കുമടക്കം ബാങ്കുകളാകെ വൻകിട മുതലാളിമാരുടേതായിരുന്നു. പാലാ സെൻട്രൽ ബാങ്ക് തകർത്തതുപോലെ നിക്ഷേപകരെ കണ്ണീർകുടിപ്പിച്ചുകൊണ്ട് ഉടമകൾ കുട്ടിച്ചോറാക്കിയ ബാങ്കുകളുടെ എണ്ണം പെരുകിവന്നപ്പോഴാണ് ഇന്ത്യയിൽ ബാങ്ക് ദേശസാത്‌കരണം നടന്നത്. ബാങ്കിങ് ഇടപാടുകളുടെ സിംഹഭാഗവും കൈകാര്യംചെയ്തുപോന്നത് പൊതുമേഖലാബാങ്കുകളാണ്. ബാങ്കിങ് മേഖലയിലേക്ക് വിദേശമൂലധനത്തിന് കയറിവരാൻ അവസരം നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ ബാങ്കിങ് മേഖല ‘പരിഷ്കരിക്കാ’നുള്ള നിർദേശങ്ങൾ മുന്നോട്ടുവെച്ച ലോകബാങ്കുപോലും ദേശസാത്‌കരണാനന്തരംനടന്ന കുതിച്ചുചാട്ടത്തെ സ്തുതിക്കുന്നുണ്ട്. ലോകബാങ്ക് രേഖയുടെ പകർത്തെഴുത്തായ നരസിംഹം കമ്മിറ്റി റിപ്പോർട്ടാണ് സർക്കാർ ബാങ്കുടമസ്ഥത കൈയൊഴിയണം എന്നാവശ്യപ്പെട്ടത്. ഇനിമേൽ ദേശസാത്‌കരണമില്ല എന്ന് പ്രഖ്യാപിച്ച് ബാങ്കുകളുടെ ഉടമസ്ഥത നാടൻ-മറുനാടൻ മുതലാളിമാർക്ക് പതിച്ചുനൽകണമെന്നായിരുന്നു നിർദേശം. മാത്രവുമല്ല, പൊതു-സ്വകാര്യ ബാങ്കുകൾക്കിടയിൽ വിവേചനം പാടില്ല എന്നും കമ്മിറ്റി ശുപാർശചെയ്തു.

തിരിച്ചിടലിന്റെ തുടക്കം
നവലിബറൽ നയങ്ങൾക്കിണങ്ങിയ ഒരു റിപ്പോർട്ട് ഇങ്ങനെ എഴുതിവാങ്ങിച്ചതോടെ പണി എളുപ്പമായി. ‘ശ്രദ്ധാപൂർവം, നീതിയുക്തം’ ബാങ്കിങ് മേഖലയിലേക്ക് സ്വകാര്യബാങ്കുകൾക്ക് പ്രവേശിക്കാമെന്ന് 1993 ജനുവരി 22-ന് റിസർവ് ബാങ്ക് പ്രസ്താവിച്ചു. അങ്ങനെ സ്ഥാപിക്കപ്പെട്ട പുതുപുത്തൻ ബാങ്കുകളിൽ പലതിന്റെയും പൊടിപോലും കാണാനില്ലാതായി. പലതും പൊട്ടിപ്പൊളിഞ്ഞ് പാളീസായപ്പോൾ നിക്ഷേപകരുടെ രക്ഷയ്ക്കെത്തിയത് പൊതുമേഖലാ ബാങ്കുകളായിരുന്നു. അനുഭവത്തിൽനിന്ന് പഠിക്കാൻ കൂട്ടാക്കാതെ, കുത്തകാനുകൂല നയങ്ങൾ മുൻ-പിൻ നോട്ടമില്ലാതെ നടപ്പാക്കിപ്പോന്ന സർക്കാർ വീണ്ടും വാതിലുകൾ സ്വകാര്യമേഖലയ്ക്ക് തുറന്നിട്ടുകൊടുത്തു. 2001-ൽ റിസർവ് ബാങ്ക് പുതിയ മാർഗനിർദേശം പ്രഖ്യാപിക്കുന്നു. അതേത്തുടർന്ന് കൊട്ടിഘോഷിച്ചവതരിപ്പിച്ച യെസ് ബാങ്കാണ് ഈയിടെ എട്ടുനിലയിൽ പൊട്ടിയത്.  അവിടെയും രക്ഷക്കായെത്തിയത് പൊതുമേഖലാബാങ്കാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് സഹസ്രകോടികളുമായി കൈത്താങ്ങായെത്തിയത്.

ഇതിനിടെ, 2015-ൽ വീണ്ടും സ്വകാര്യമേഖലാ പ്രോത്സാഹനവുമായി റിസർവ് ബാങ്ക് രംഗത്തെത്തി. ഇന്ത്യൻ റെസിഡന്റുകളുടെ ഉടമസ്ഥതയിലുള്ളതോ അവർ നിയന്ത്രിക്കുന്നതോ ആയ സ്വകാര്യസ്ഥാപനങ്ങൾക്കും ബാങ്കിങ് ലൈസൻസ് നൽകാമെന്നായിരുന്നു നിർദേശം. വളഞ്ഞവഴിയിലൂടെ ബിസിനസ് ഗ്രൂപ്പുകൾക്ക് ബാങ്കിങ്ങിലേക്ക് പ്രവേശനംനൽകുകയായിരുന്നുവെന്ന് സാരം.

മടക്കത്തിന്റെ ഒടുക്കം
ഏറ്റവുമൊടുക്കം റിസർവ് ബാങ്കിന്റെ വർക്കിങ് ഗ്രൂപ്പിനെക്കൊണ്ട് വൻകിട മുതലാളിമാരുടെ ഉടമസ്ഥതയാവാം ബാങ്കുകളിൽ എന്നുംപറഞ്ഞ് ഒരു റിപ്പോർട്ടെഴുതി വാങ്ങിച്ചത് അതിന്റെ തുടർച്ചയായാണ്. 
ലക്ഷ്മിവിലാസ് ബാങ്കിനെ സിങ്കപ്പൂർ സ്ഥാപനത്തിന്റെ സബ്‌സിഡറിയായ ഡി.ബി.എസ്. ബാങ്കിന് വിട്ടുകൊടുത്തത് ബാങ്കിങ് മേഖലയിലേക്കുള്ള വിദേശനിക്ഷേപത്തിന് പിൻവാതിൽ തുറന്നിട്ടുകൊടുക്കാൻതന്നെയാണ്. നരസിംഹം കമ്മിറ്റിയും തുടർന്ന് ഒട്ടേറെ കമ്മിറ്റികളുംവഴി എഴുതിവാങ്ങിച്ച നവലിബറൽ നയങ്ങളുടെ നടത്തിപ്പാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
ഇപ്പോഴത്തെ ഈ നീക്കം ഒട്ടും യാദൃച്ഛികമല്ല. 2018 ഏപ്രിലിലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒഴികെയുള്ള മുഴുവൻ പൊതുമേഖലാ ബാങ്കുകളും സ്വകാര്യവത്‌കരിക്കണമെന്ന് നീതി ആയോഗിന്റെ  മുൻ വൈസ് ചെയർമാൻ അരവിന്ദ് പനഗേറിയ പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നത്. അതേകാലത്താണ്, പൊതുമേഖലാബാങ്കുകൾ സ്വകാര്യവത്‌കരിക്കണമെന്ന് നന്ദൻ നിലേക്കനി നിർദേശിക്കുന്നത്.
ബാങ്കിങ് െറഗുലേഷൻ ആക്ട് ഭേദഗതിചെയ്തുകൊണ്ട് സ്വകാര്യബാങ്കുകളിലെ വോട്ടവകാശപരിധി വർധിപ്പിച്ചതൊന്നും കോർപ്പറേറ്റുകളുടെ ആവശ്യം നിറവേറ്റാൻ പര്യാപ്തമായിരുന്നില്ല. അതുകൊണ്ടുതന്നെയാണ് അതിനായി ഒരു വർക്കിങ് ഗ്രൂപ്പ് നിയമിക്കപ്പെടുന്നത്. രഘുറാം രാജൻ ചൂണ്ടിക്കാട്ടിയതുപോലെ, കമ്മിറ്റികളൊന്നും വായുവിൽനിന്ന്‌ പൊട്ടിമുളയ്ക്കുന്നതല്ലല്ലോ.

പുതിയ ജനാധിപത്യബോധം
കമ്മിറ്റിറിപ്പോർട്ടിന്റെ അനുബന്ധം നോക്കിയാൽ മനസ്സിലാവും, കാര്യബോധമുള്ളവർ ഇക്കാര്യത്തിലെടുത്ത നിലപാടും അതില്ലാത്ത ജനാധിപത്യവിരുദ്ധരുടെ കോർപ്പറേറ്റ് വിധേയത്വവും. വലിയ കോർപ്പറേറ്റുകൾക്ക് ബാങ്കുകൾ തുടങ്ങാൻ അനുവാദം നൽകരുതെന്നാണ് തങ്ങൾ സമീപിച്ച വിദഗ്ധരിൽ ഒരാളൊഴികെ മറ്റെല്ലാവരും പറഞ്ഞതെന്നുപറഞ്ഞ് തങ്ങളുടെ സത്യസന്ധത തെളിയിക്കുന്നുണ്ട് കമ്മിറ്റി. 
2016-ൽത്തന്നെ ചില പ്രത്യേക ബിസിനസ് ഹൗസുകൾക്ക് വൻതോതിൽ വായ്പനൽകുന്നതിലെ (exposure)അപകടം റിസർവ് ബാങ്ക് തിരിച്ചറിയുന്നുണ്ട്. അങ്ങനെയാണ് ഗ്രൂപ്പ് എക്സ്‌പോഷർ മാനദണ്ഡം പ്രഖ്യാപിക്കപ്പെട്ടത്.
രഘുറാം രാജനും വിരാൽ ആചാര്യയും ചൂണ്ടിക്കാണിച്ചതുപോലെ, ‘അമിത ഋണബാധ്യതയുള്ളവരും ഉന്നത രാഷ്ട്രീയ ബന്ധമുള്ളവരുമായ ബിസിനസ് ഹൗസുകൾക്കാണ് വലിയ ഉത്തേജനം. അവർക്കായിരിക്കും ലൈസൻസ് നേടാനുള്ള സ്വാധീനവും. അത് രാഷ്ട്രീയത്തിലെ ധനാധിപത്യത്തിന്റെ സ്വാധീനം ഇനിയും വർധിപ്പിക്കുകയും നമ്മെ ഏകാധിപത്യപരമായ ചങ്ങാത്തമുതലാളിത്തത്തിന്റെ ഇരകളാക്കിത്തീർക്കുകയും ചെയ്യും.’

ലോകാനുഭവവും മറിച്ചല്ല
നിയന്ത്രണങ്ങളെല്ലാം അറത്തുകളയുകയും ബാങ്കുകളാകെ സ്വകാര്യവത്‌കരിക്കപ്പെടുകയുംചെയ്ത ഡസൻകണക്കിന് രാജ്യങ്ങളുടെ അനുഭവങ്ങളാണ് ലോകബാങ്കിന്റെ വാർഷികരേഖയായ ലോക വികസനരേഖ 1989 പുറത്തുകൊണ്ടുവന്നത്. ബാങ്കുകൾ കൈയിൽ കിട്ടിയതോടെ, വെയിലുള്ളപ്പോൾത്തന്നെ വൈക്കോലുണക്കാൻ വലിയ വ്യവസായക്കുത്തകകൾ മത്സരിച്ചിറങ്ങി. ഫണ്ടുകൾ സ്വന്തം വ്യവസായങ്ങളിലേക്ക് കുത്തിച്ചോർത്തി. ഫലം, കിട്ടാക്കടം അതിഭീമമായി പെരുകി.
ഉദാഹരണത്തിന്, ചിലിയിൽ വിവേകപൂർവമായ നിയന്ത്രണങ്ങളുടെ മതിയായ ചട്ടക്കൂടില്ലാതെ നടത്തിയ സ്വകാര്യവത്‌കരണം വ്യവസായഗ്രൂപ്പുകൾക്ക് ബാങ്കുകൾ ഏറ്റെടുക്കാൻ അവസരമൊരുക്കി. അവരാകട്ടെ, തങ്ങളുടെ സ്വന്തം സ്ഥാപനങ്ങൾക്ക് വഴിവിട്ട വായ്പകൊടുക്കുകയും ചെയ്തു. (WDR 1989)
1982 ആയപ്പോൾ, ചിലിയിലെ കിട്ടാക്കടം, മൂലധനവും റിസർവും ചേർന്നതിന്റെ 79 ശതമാനമായി. തൊട്ടടുത്തവർഷം അത് 150 ശതമാനമായാണ് വർധിച്ചത്. അങ്ങനെയാണ് സ്വകാര്യ ഉടമസ്ഥരിൽനിന്ന് ബാങ്കുകൾ തിരിച്ചെടുത്ത് ദേശസാത്‌കരണം നടത്തി സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാൻ കച്ചകെട്ടിയിറങ്ങേണ്ടിവന്നത്. അർജന്റീനയിലും യുറഗ്വായിലും ഫിലിപ്പീൻസിലും തുർക്കിയിലും മലേഷ്യയിലുമൊക്കെ ഇമ്മാതിരി തിരിച്ചിടലുകൾ വേണ്ടിവന്നു. സ്വകാര്യവത്‌കരണത്തിൽനിന്ന് ദേശസാത്‌കരണത്തിലേക്ക്, ദേശസാത്‌കരണത്തിൽനിന്ന് വീണ്ടും സ്വകാര്യവത്‌കരണത്തിലേക്ക്, സ്വകാര്യവത്‌കരണത്തിൽനിന്ന് പുനർ ദേശസാത്‌കരണത്തിലേക്ക് എന്ന വിശേഷണവും നൽകുന്നുണ്ട് ലോകബാങ്ക്.

കണ്ടുപഠിച്ചില്ലെങ്കിൽ
ഇങ്ങനെ നാട്ടിലും മറുനാട്ടിലും കുത്തകകൾ ബാങ്കിങ് മേഖലയെ കുത്തുപാളയെടുപ്പിച്ച ഒട്ടേറെ അനുഭവങ്ങളുണ്ടായിട്ടും അതിൽനിന്നൊന്നും പഠിക്കാതെ തങ്ങളുടെ കുത്തകാനുകൂല നയങ്ങളുമായി മുന്നോട്ടുപോവാൻതന്നെയാണ് കേന്ദ്രസർക്കാർ നിശ്ചയിച്ചുറച്ചിരിക്കുന്നത്. അത്യന്തം വിനാശകരമായ ഒരു പാതയിലേക്കാണ് നാം പ്രവേശിക്കുന്നത്. ഇതിനെതിരേ ജനാധിപത്യവാദികളാകെ ഉണർ​ന്നെഴുന്നേറ്റേ പറ്റൂ.