പൊള്ളവാഗ്ദാനത്തിന്റെ  ഭാണ്ഡക്കെട്ട്‌

#ബിനോയ് വിശ്വം

തൊഴിൽശക്തിയുടെ 90 ശതമാനത്തോളംവരുന്ന അസംഘടിതമേഖലയിലെ  പാവങ്ങൾക്കുവേണ്ടി എന്തുണ്ടിതിൽ?
ഇരുപതുലക്ഷം കോടിയുടെ ഉത്തേജകപാക്കേജ്  കണക്കുകളുടെ സർക്കസായിരുന്നു. ഉത്തേജനം ആവശ്യമുള്ള ഒരു സമ്പദ്‌ഘടനയ്ക്ക് അത് കൊടുക്കുന്നത് ആഘാതങ്ങൾമാത്രം. ജീവിതം തള്ളിനീക്കാൻ കൈത്താങ്ങ് ആവശ്യമുള്ള കുടിയേറ്റതൊഴിലാളികൾക്കും മറ്റു ദരിദ്രജനകോടികൾക്കും കുറെ പൊള്ളവാഗ്ദാനങ്ങളുടെ ഭാണ്ഡക്കെട്ടുമാത്രമാണ് ഈ പാക്കേജ്.

പ്രധാനമന്ത്രി പറഞ്ഞ 20 ലക്ഷം കോടിയുടെ കണക്കൊപ്പിക്കാൻ ധനമന്ത്രിനടത്തിയ പഞ്ചദിനവ്യായാമംമാത്രമായിരുന്നു അത്. സർക്കാർ ഖജനാവിൽനിന്ന് ഈ ഉത്തേജന പ്രക്രിയയ്ക്കായി എത്ര പണം  ചെലവഴിക്കുമെന്ന് ഇതുവരെയും ധനമന്ത്രി പറഞ്ഞിട്ടില്ല. ആരുടെയോ വെട്ടത്ത് ആരുടെയോ അത്താഴം എന്ന ചൊല്ലുപോലെയായി 20 ലക്ഷം കോടി. തുറക്കാൻ മടിക്കുന്ന ബാങ്ക് ഖജനാവുകളെയും പലവുരു ബജറ്റിൽ പറഞ്ഞ കാര്യങ്ങളെയും ധനമന്ത്രി കൂട്ടിക്കെട്ടി. 

ഒന്നുമുതൽ രണ്ടുലക്ഷംവരെ കോടിയാണ് ധനകാര്യ പാക്കേജിന്റെ ആകെ തുകയെന്ന് സാമ്പത്തികവിദഗ്ധർ കണക്കുകൂട്ടുന്നു. ജി.ഡി.പി.യുടെ 0.91 മാത്രമേ വരുമെന്ന് ചില വിദഗ്ധർ പറയുന്നു. ജി.ഡി.പി.യുടെ പത്തുശതമാനമെന്ന് പ്രചരിപ്പിക്കാൻ വേണ്ടിയാണ് പ്രധാനമന്ത്രി 20 ലക്ഷം കോടി എന്ന് പറഞ്ഞത്. 

കുടിയേറ്റതൊഴിലാളികൾക്കായി എന്തുണ്ട്?

ഔറംഗാബാദിലെ തീവണ്ടിട്രാക്കിൽ ചിതറിക്കിടന്ന ചപ്പാത്തികളും പഴന്തുണികളും മോദിസർക്കാരിനെ ഒരു പാഠവും പഠിപ്പിക്കുന്നില്ല. പത്തുകോടിയിൽപ്പരമുള്ള (യഥാർഥ എണ്ണം പല മടങ്ങ് അധികമായിരിക്കും) കുടിയേറ്റതൊഴിലാളികളുടെ ജീവിതാവസ്ഥയുടെ വിളംബരമാണത്. അവർക്കുവേണ്ടി പാക്കേജ് എന്തുചെയ്തു?

തൊഴിൽശക്തിയുടെ 90 ശതമാനത്തോളംവരുന്ന അസംഘടിതമേഖലയിൽ  പാവങ്ങൾക്കുവേണ്ടി എന്തുചെയ്തു? അവരുടെ അടിയന്തരപ്രശ്നം വിശപ്പാണ്. അവരുടെ കൈയിലേക്ക് പണമെത്തിയാലേ സമ്പദ്‌ഘടന ഉത്തേജിതമാകൂ.

അത് മുപ്പതുകളിലെ ‘ഗ്രേറ്റ് ഡിപ്രഷൻ’ എന്നുവിളിക്കപ്പെട്ട മഹാപ്രതിസന്ധികാലത്ത് മുതലാളിത്തംതന്നെ കണ്ടുപിടിച്ച വഴിയാണ്. മുതലാളിത്ത ധനശാസ്ത്രജ്ഞനായ ജോൺ മെയ്‌നാർഡ് കെയ്ൻസ് പറഞ്ഞ ആ പരിഹാരമാർഗം നടപ്പാക്കാൻ 65,000 കോടി രൂപ മതിയാകുമെന്നാണ് മുൻ ആർ.ബി.ഐ. ഗവർണർ രഘുറാം രാജൻ പറഞ്ഞത്.

നൊേബൽ ജേതാക്കളായ അമർത്യാ സെന്നും അഭിജിത്‌ ബാനർജിയും സമാന അഭിപ്രായങ്ങൾ പറഞ്ഞവരാണ്. ജീവിക്കാൻ പാടുപെടുന്ന അവരുടെ കൈയിലെത്തുന്ന ഓരോ രൂപയും അടുത്ത നിമിഷംമുതൽ സാമ്പത്തികമേഖലയിൽ ചംക്രമണംചെയ്യപ്പെടും.

അങ്ങനെയാണത് ഉത്തേജനപാക്കേജ് ആവുന്നത്. അതിൽ ഒരുപൈസപോലും ഊഹക്കച്ചവടത്തിനോ ഓഹരിക്കമ്പോളത്തിനോവേണ്ടി മാറ്റിവെക്കപ്പെടില്ല. അവരുടെ അധ്വാനശേഷി നിലനിർത്തിയാലേ സമ്പദ്‌ ഘടനയ്ക്ക് നിലനിൽപ്പുള്ളൂവെന്ന് കെയിൻസിന് അറിയാമായിരുന്നു. എങ്കിലേ കമ്പോളവും ക്രയവിക്രയവും വളരൂ. അതല്ലാം അവഗണിക്കുന്ന മോദിസർക്കാർ മുതലാളിത്തത്തെക്കാൾ പ്രാകൃതമായ ഏതോ ധനശാസ്ത്രമാണ് പിന്തുടരുന്നത്.

കോർപ്പറേറ്റുകൾക്ക് കൂപ്പുകൈ

ഖനികളും പ്രതിരോധവും വൈദ്യുതിയും ടൂറിസവും ആരോഗ്യമേഖലയും വ്യോമയാനവും ശൂന്യാകാശ പര്യവേഷണവും എല്ലാം സ്വകാര്യ (വിദേശ)മേഖലയ്ക്ക് അടിയറവെക്കപ്പെട്ടിരിക്കുന്നു. ആകാശവും ഭൂമിയും പാതാളവും കവർന്ന വാമനനെ രാജ്യം ഓർത്തുപോകുന്നു.

കോടിക്കണക്കിന്‌ രൂപയുടെ കൂലിയില്ലാ ജോലിചെയ്യുന്ന കോടിക്കണക്കിന് സ്ത്രീകളുണ്ട് ഇന്ത്യയിൽ. ദളിതരും ആദിവാസികളും ട്രാൻസ്‌ജെൻഡറുകളുമുണ്ട്. അവരെല്ലാം എന്നും നയരൂപവത്‌കരണ കർത്താക്കളുടെ പരിഗണനാപരിധിക്ക് പുറത്തായിരുന്നു. സമ്പത്തുത്പാദകർ എന്ന് (Wealth Creators) എന്ന സർക്കാരിന്റെ അരുമപ്പേരിൽ അവർക്കാർക്കും സ്ഥാനമില്ലായിരുന്നു. കോവിഡ്-19 കൊണ്ടുവന്നത് അവരല്ല.

എന്നാൽ, അതിെന്റ ഭാരംപേറി തളർന്നുവീണവർ അവരാണ്. കോവിഡിന്റെ മറവിൽ സർക്കാർ പ്രഖ്യാപിച്ച പാക്കേജിൽ അവർക്കുള്ളത് അഞ്ചുകിലോ ധാന്യവും (രണ്ടുമാസം) ഒരു കിലോ കടലയുംമാത്രം.  

ആരോഗ്യരംഗത്ത് ജി.ഡി.പി.യുടെ ഒരു ശതമാനത്തിൽത്താഴെ മാത്രമാണ് ഇപ്പോഴും നാം മാറ്റിവെച്ചത്. അത് കുറഞ്ഞത് മൂന്നുശതമാനമാക്കിയാൽ അതും ഉത്തേജകമാണ്. ഉത്തേജകപാക്കേജ് എന്തിനുവേണ്ടിയാണ്, ആർക്കുവേണ്ടിയാണ് എന്നറിയാതെ മൂലധനപ്രഭുക്കളുടെ കാൽക്കൽ കമിഴ്ന്നുവീഴുന്ന ‘മോദിമോഡൽ മുതലാളിത്തം’ സത്യത്തിൽ കൊറോണ വൈറസിനെക്കാൾ മാരകമാണ്.
(രാജ്യസഭാംഗവും മുതിർന്ന സി.പി.ഐ. നേതാവുമാണ്‌ ലേഖകൻ)

 


ദീർഘവീക്ഷണമുള്ള കുതിച്ചുചാട്ടം

# എ.എന്‍.രാധാകൃഷ്ണന്‍


ഭാരതത്തിന്റെ സാമ്പത്തികരംഗത്ത്‌ വലിയ പരിവർത്തനത്തിന്റെയും മുന്നേറ്റത്തിന്റെയും കാലമാണ് വരാൻപോകുന്നത്
‘ആത്മനിർഭർ ഭാരത്’ എന്ന സങ്കല്പത്തിന്റെ ആത്മാവ് സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വല ആശയമായ ‘പൂർണസ്വരാജി’ന്റെ പിന്തുടർച്ചയാണ്.

ഗ്രാമങ്ങൾ സ്വയംപര്യാപ്തമാകുമ്പോൾ കൂടെത്തന്നെ ഭാരതം വൈഭവപൂർണവും വികസിതവും ആകണമെങ്കിൽ നമുക്ക് രാജ്യാന്തര ബന്ധങ്ങളും കയറ്റുമതിയും ബഹുരാഷ്ട്രക്കമ്പനികളുടെ നിർമാണ യൂണിറ്റുകളും അതോടൊപ്പം വേണ്ടിവരും. ഇതുരണ്ടും സന്തുലനം ചെയ്യുക എന്ന ഭഗീരഥപ്രയത്നമാണ് നരേന്ദ്ര മോദി എന്ന രാഷ്ട്രതന്ത്രജ്ഞൻ ‘ആത്മനിർഭർ ഭാരതി’ലൂടെ ചെയ്തിരിക്കുന്നത്.

സാമ്പത്തികരംഗത്ത് രാജ്യാന്തര തലത്തിൽ കാണുന്ന പ്രവണതകൾ, പലവിധം സാമ്പത്തിക തത്ത്വങ്ങൾ, ഇവയെ ഭാരതത്തിലെ ഭരണാധികാരികളും പിന്തുടരാറുണ്ട്. അവയിൽ ആധുനിക കാലത്തുള്ളതിലൊന്ന് Front Load Economy എന്നു വിളിച്ചുവരുന്നതും തൊഴിലും തൊഴിൽ സംരംഭകത്വവും സൃഷ്ടിക്കുക എന്നതിന് മുൻഗണന നൽകുന്നതുമാണ്‌.

കൈയടി കിട്ടാനും ഉടൻ വരുന്ന തിരഞ്ഞെടുപ്പിൽ വോട്ടുകിട്ടാനും ജനങ്ങൾക്ക് പണം കൈകളിൽ എത്തിക്കുന്ന സാമ്പത്തികനയം ഗുണംചെയ്യും. പക്ഷേ, ഇന്ത്യപോലെ, സാമ്പത്തിക പരാധീനതയുള്ളതും അടിസ്ഥാനസൗകര്യങ്ങൾ തീരെ അപര്യാപ്തവുമായ രാജ്യങ്ങൾക്ക് ദീർഘകാല പദ്ധതിയായ രണ്ടാമത്തേതാണ്  യോജിക്കുക. 

ഗ്രാമീണമേഖല ഉയിർത്തെഴുന്നേൽക്കും

നരേന്ദ്രമോദിയുടെ ‘സ്വാശ്രയ പാക്കേജ്’  സ്വാതന്ത്ര്യത്തിനുശേഷം കൊൺ‌ഗ്രസ് സർക്കാരുകൾ അവഗണിച്ച ഗ്രാമീണമേഖലയുടെ ഉയിർത്തെഴുന്നേൽപ്പിനു  വലിയപിന്തുണയേകും.

കർഷകർക്കുള്ള രണ്ടുലക്ഷം കോടിയും, നബാർഡിന് 30,000 കോടിയടക്കം കാർഷിക മേഖലയിൽ നേരിട്ടെത്തുന്ന മറ്റു പല സാമ്പത്തിക പിന്തുണയും  കാണാതെപോകരുത്. കൂടാതെ, ചെറുകിട-ഇടത്തരം സംരംഭകർക്ക് മൂന്നുലക്ഷം കോടിയടക്കം ഏതാണ്ട് നാലുലക്ഷം കോടിരൂപ ചെറുകിട ഇടത്തരം സംരംഭകരുടെ കൈയിലെത്തുന്നുണ്ട്. ഇതിനുപുറമേ ദേശീയ തൊഴിലുറപ്പുപദ്ധതിയുടെ 40,000 കോടിയടക്കം 1.5 ലക്ഷം കോടിയുടെ സഹായങ്ങളും

രാജ്യത്തിലെ ഗ്രാമീണ മേഖലയിലെ മുരടിപ്പെന്ന ദുരിതത്തിന് ശാശ്വത പരിഹാരമേകും. 
പ്രധാനമന്ത്രി രാജ്യത്തോട് ഊന്നിപ്പറഞ്ഞ കാര്യങ്ങളിൽ പ്രമുഖമായ മറ്റൊന്ന് ‘Local vocal’ എന്നതാണ്. വിദേശ കമ്പനികളെ പേരെടുത്ത് പറയാതെ രാജ്യത്തിലെ ചെറുകിട, നാമമാത്ര സംരംഭകരെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ടതിലൂടെ സ്വാശ്രയത്വം എന്ന ഗാന്ധിയൻ ആശയത്തിന്റെ യഥാർഥ പിന്തുടർച്ചാവകാശികൾ ആരാണെന്ന് പ്രധാനമന്ത്രി ഓർമിപ്പിക്കുന്നുണ്ട്. 

ഒരുങ്ങുന്നത്‌  ‘വലിയ ചാട്ട’ത്തിന്‌

നാളിതുവരെ അധികം ഭരണാധികാരികളും ഉപയോഗിക്കാത്ത പല പുതിയ വാക്കുകളും മോദി ഉപയോഗിക്കുന്നതും ശ്രദ്ധിക്കേണ്ടതാണ്. അദ്ദേഹം ‘Logistic’ എന്നും  ‘Quantum  Jump’ എന്നുമുള്ള പദപ്രയോഗം ജനങ്ങളെ അഭിസംബോധന ചെയ്തപ്പോൾ ഉപയോഗിച്ചെങ്കിൽ അതിന് തുടർപദ്ധതികൾ ഉറപ്പായും  ഉണ്ടാകുമെന്നർഥം. 

രാജ്യത്തിന്റെ സാമ്പത്തികരംഗത്ത്‌ വലിയ പരിവർത്തനത്തിന്റെയും മുന്നേറ്റത്തിന്റെയും കാലമാണ് വരാൻപോകുന്നത്. തൊലിപ്പുറത്തെ പരിഷ്കാരങ്ങളും ഒച്ചിന്റെ വേഗമുള്ള വളർച്ചയുമല്ല യുവാക്കൾ മോദിയിൽനിന്ന്‌ പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു ‘Quantum Jump’ സാമ്പത്തിക ഉത്പാദനരംഗത്ത് ഉണ്ടായേ തീരൂ. അതിന് അനുപൂരകമായാണ് അദ്ദേഹം ലോജിസ്റ്റിക് എന്ന പദംകൂടി ഉപയോഗിച്ചത്.

രാജ്യത്ത് ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ രാജ്യാന്തരതലത്തിലും ആഭ്യന്തര വിപണിയിലും എത്തുന്നതിലുള്ള കാലതാമസം ഇന്ത്യയിലെ കയറ്റുമതിരംഗം നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ്. അതിവേഗ വികസനത്തിന്റെ കാലഘട്ടത്തിൽ രാജ്യത്തിന്റെ ഉത്‌പാദനംമുതൽ വിപണനഘട്ടത്തിന്റെ അവസാനഘട്ടംവരെ കൃത്യതയോടും വേഗത്തോടുംകൂടി  നടപ്പാക്കിയാലേ ആഗോള വിപണിയിൽ നമുക്ക് മറ്റു രാജ്യങ്ങളോട് കിടപിടിക്കാനാവൂ. 

ഗ്രാമീണമേഖലയെ കൈവിടാതെ ആധുനിക, ശാസ്ത്രീയ നേട്ടത്തിലൂന്നി രാജ്യത്തെ പരംവൈഭവത്തിൽ എത്തിക്കുക. ലോകരാഷ്ട്രത്തിന്റെ നെറുകയിൽ വിശ്വവിജയിയായി ഭാരതം വരുന്നതാവട്ടെ നമ്മുടെ അടുത്ത ലക്ഷ്യം. അതുതന്നെയാണ് മഹാത്മാഗാന്ധി വിഭാവനം ചെയ്തതും ഭാരതത്തിലെ യുവാക്കൾ ഇന്ന് ആവശ്യപ്പെടുന്നതും.

(ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷനാണ്‌ ലേഖകൻ)