Nirmala sitharaman
 നിര്‍മ്മലാ സീതാരാമന്‍ 

രണ്ടാം ലോകയുദ്ധത്തിനുശേഷമുള്ള ഏറ്റവും ദുരിതപൂർണമായ വർഷമായിരുന്നു 2020 എന്ന് നിസ്സംശയം പറയാം. 1920-കളിലെ ആഗോള സാമ്പത്തികമാന്ദ്യത്തിനുശേഷമുള്ള ഏറ്റവും വലിയ സാമ്പത്തികത്തകർച്ചയാണ് 2020-ലെ ആദ്യ മൂന്നു പാദത്തിലുമുണ്ടായത്. ആഗോള സമ്പദ്‌രംഗം 4 ശതമാനം തകർച്ച നേരിട്ടു. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയും 7.7 ശതമാനം ക്ഷയിക്കുമെന്നാണ് സൂചന.
പശ്ചാത്തലം

പകർച്ചവ്യാധി കരിനിഴൽ പരത്തിയ സമ്പദ്‌രംഗത്തിന് സമാശ്വാസമേകാൻ ഒട്ടേറെ ഇടപെടലുകളുണ്ടായെങ്കിലും 2020-21 സാമ്പത്തികവർഷത്തിൽ സ്വകാര്യനിക്ഷേപങ്ങൾ, കയറ്റുമതി, ഉപഭോഗം തുടങ്ങിയ പ്രധാന രംഗങ്ങളിലെല്ലാം വലിയ തിരിച്ചടി നേരിട്ടു. എട്ടു സുപ്രധാന മേഖലകളിലെ വ്യാവസായിക ഉത്‌പാദനം നാമമാത്രമായി. ഈ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രി നിർമലാ സീതാരാമന്  സ്വന്തം കർത്തവ്യം നിറവേറ്റേണ്ടിവരുന്നത്.

 പ്രകടനപത്രികപോലെ
പകർച്ചവ്യാധിയുടെ ബാക്കിപത്രമായി ആരോഗ്യരക്ഷയ്ക്ക് വലിയ പ്രാധാന്യം കൈവരുമെന്ന് സ്വാഭാവികമായും പ്രതീക്ഷിക്കപ്പെട്ടിരുന്നു. പുതിയ പദ്ധതിയായ ‘ആത്മ നിർഭർ സ്വസ്ത ഭാരത്’ വഴി ആരോഗ്യ അടിസ്ഥാന സൗകര്യ വികസനവും വാക്‌സിൻ പൂർത്തീകരണവും പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യരംഗത്തിനുള്ള നീക്കിയിരിപ്പ് 137 ശതമാനം വർധിച്ചു.
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം, ബംഗാൾ, തമിഴ്‌നാട് സംസ്ഥാനങ്ങൾക്കു ലഭിച്ച ആവർത്തിച്ചുള്ള പ്രത്യേക പരാമർശങ്ങൾ തിരഞ്ഞെടുപ്പ് പ്രകടനപത്രികയെ അനുസ്മരിപ്പിക്കുന്നെന്ന് ആരെങ്കിലും വിലയിരുത്തിയാൽ കുറ്റപ്പെടുത്തുക സാധ്യമല്ല.

മറ്റൊരു പ്രധാന ശ്രദ്ധാകേന്ദ്രം അടിസ്ഥാനസൗകര്യ വികസന രംഗമാണ്. 2020-2025 കാലത്തേക്ക് 111 ലക്ഷം കോടി പ്രതീക്ഷിക്കപ്പെടുന്ന 7400 പദ്ധതികളുമായി ‘നാഷണൽ ഇൻഫ്രാസ്‌ട്രെക്ചർ പൈപ്പ് ലൈൻ’  വികസിപ്പിക്കപ്പെട്ടതായി പ്രഖ്യാപിച്ചുകാണുന്നു. കേരളത്തിന്റെ ദേശീയപാത വികസനത്തിന് 65,000 കോടിയും കൊച്ചി മെട്രോയുടെ രണ്ടാംഘട്ട വികസനത്തിന് 1937 കോടിയും അനുവദിച്ചിട്ടുണ്ട്. കൊച്ചി ഉൾപ്പെടെ അഞ്ചു പ്രമുഖ ദേശിയ മത്സ്യബന്ധന ഹബ്ബുകൾ വികസിപ്പിക്കുമെന്നും പറയുന്നു.

മൂലധന പുനരുദ്ധാരണത്തിനായി പൊതുമേഖലാ ബാങ്കുകൾക്ക് 20,000 കോടി അനുവദിച്ചിട്ടുണ്ട്. ബാങ്കുകളുടെ കെട്ടിക്കിടക്കുന്ന ദോഷകരമായ ബാധ്യതകൾ ഏറ്റെടുക്കാൻ ‘ബാഡ് ബാങ്ക്’  എന്ന രീതിയിൽ നൂതന പദ്ധതിയും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. തളർച്ചയിലേക്ക്‌ നീങ്ങുന്ന ബാങ്കിങ്‌ മേഖലയുടെ തിരിച്ചുവരവിനും വൻകിട പദ്ധതികൾക്ക് വായ്പനൽകുന്നതിന് അവയെ പ്രാപ്തമാക്കുന്നതിനുമാണ് ഇത്തരം നടപടികൾ.
കഴിഞ്ഞ ഒരു വർഷമായി നമ്മുടെ 40 ശതമാനം സ്റ്റാർട്ടപ്പ് സംരംഭങ്ങളും അടച്ചുപൂട്ടിയിരുന്നു. നികുതിയടവിനും ആസ്തി ആർജിത നികുതിയിലും അവയ്ക്ക് 2022 മാർച്ചുവരെ ഒരു വർഷത്തെ അവധികൂടി ലഭിക്കും.

 മുൻഗണനാക്രമം ചില ചോദ്യങ്ങൾ

അസംഘടിത മേഖലയിലുള്ള കുടിയേറ്റത്തൊഴിലാളികളുടെ രജിസ്‌ട്രേഷനുവേണ്ടി ഒരു പോർട്ടൽ വികസിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഭക്ഷ്യ, പാർപ്പിട പദ്ധതികൾ അതുമായി കൂട്ടിയിണക്കാനും ആലോചിക്കുന്നുണ്ട്. പക്ഷേ, അടിയന്തര ശ്രദ്ധപതിയേണ്ടിയിരുന്നത് ഗ്രാമീണ,  നഗര തൊഴിലുറപ്പ് പദ്ധതികൾക്കായി തുക വകയിരുത്തി അവയെ ശക്തിപ്പെടുത്തുന്നതിലേക്കും വ്യക്തികൾക്ക് നേരിട്ട് പണം കൈമാറുന്ന പരിപാടികൾ ആവിഷ്‌കരിക്കുന്നതിലേക്കുമായിരുന്നു. 
2021 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച്‌ സ്കൂൾ വിദ്യാഭ്യാസ - സാക്ഷരത വകുപ്പിന്‌ 8.3% പദ്ധതി വിഹിതം വെട്ടിക്കുറച്ചു. അതോടൊപ്പം തന്നെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്‌ 2.8% കുറവ്‌ വരുത്തി. ഉന്നതവിദ്യാഭ്യാസവകുപ്പിന് കഴിഞ്ഞതവണത്തേതിലും 1116 കോടിയുടെ കുറഞ്ഞ നീക്കിയിരിപ്പാണ് ലഭിച്ചിട്ടുള്ളത്. പകർച്ചവ്യാധിക്കുശേഷം വലിയ ചർച്ചയ്ക്കു വിധേയമായിട്ടും  വിദ്യാർഥികൾ തമ്മിലുള്ള ഡിജിറ്റൽ വിടവ് പരിഹരിക്കാനുള്ള ഒരു നടപടിയും ബജറ്റിൽ സ്വീകരിച്ചിട്ടില്ല. ഇത്‌ സർക്കാരിന്റെ മുൻഗണനാക്രമങ്ങളെക്കുറിച്ച് വലിയ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. 

 വരുമാനമാർഗങ്ങൾ തനിയാവർത്തനങ്ങൾ

പുതിയ പ്രഖ്യാപനങ്ങൾ മിക്കതും പൂർണമാകാൻ നീണ്ട സമയമെടുക്കുന്നതും നടപ്പിൽവരുത്താൻ കൂടുതൽ ആസൂത്രണങ്ങൾ ഇനിയും ആവശ്യമായിവരുന്നവയുമാണ്. സർക്കാരിന്റെ വരവുചെലവിനങ്ങളെ തുലനപ്പെടുത്താനുള്ള ശ്രമമാണ് ബജറ്റ്. 2020-21 സാമ്പത്തിക വർഷാവസാനത്തോടെ മൂന്നുലക്ഷം കോടിയുടെ റവന്യൂ കമ്മിയാണ് നികുതിവരുമാനയിനത്തിലുണ്ടാവുക എന്നാണ് കണക്കാക്കപ്പെടുന്നത്. ബജറ്റിൽ വിഭാവനം ചെയ്തതിനു പുറമേ  10.5 ലക്ഷം കോടിയുടെ അധികബാധ്യത വരുമെന്നും കണക്കാക്കപ്പെടുന്നു. ഓഹരി വിറ്റഴിക്കൽ വഴി ലക്ഷ്യമിട്ട 2.1 ലക്ഷം കോടിയിൽ ഒരു ചെറിയ ശതമാനം മാത്രമാണ് എത്തിപ്പിടിക്കാനായത്. 5 ജി സ്‌പെക്‌ട്രം ലേലം നീട്ടിവെക്കേണ്ടിവന്നു. വരവും ചെലവും തമ്മിലുള്ള അന്തരമായ സാമ്പത്തിക കമ്മി  ബജറ്റിൽ കാണിച്ചിരുന്ന മൂന്നരശതമാനത്തിൽനിന്ന്  മൂന്നിരട്ടിയോളമായ  9.5 ശതമാനത്തിലെത്തി.
ഈ ബജറ്റിൽ സൂചിപ്പിച്ച വരുമാനമാർഗങ്ങൾ കഴിഞ്ഞ ബജറ്റിന്റെ തനിയാവർത്തനങ്ങളാണ്. പതിവു പ്രതീക്ഷകൾ മാത്രമാണ് മുന്നോട്ടുവെക്കുന്നത്. പുതിയ ബജറ്റിൽ സാമ്പത്തിക കമ്മി 6.5 ശതമാനമാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.

 ഉപഭോഗരംഗത്തിന് ഉത്തേജനമില്ല

നാം നാമമാത്രമായ വളർച്ചാ അവലംബത്തിൽനിന്നാണ് തുടങ്ങുന്നത്. ആഭ്യന്തര മൊത്തവളർച്ചയിൽ ഒരു മുന്നേറ്റം തീർച്ചയായും നമുക്ക് കാണാൻ സാധിക്കും. 2021-22ലെ വളർച്ചനിരക്ക്  11 ശതമാനമായാണ് സർക്കാർ നിജപ്പെടുത്തിയിരിക്കുന്നത്. പക്ഷേ, കഴിഞ്ഞ വർഷങ്ങളിലൊന്നും ജി.ഡി.പി. വളർച്ചനിരക്കിന്റെ ആനുപാതിക ഗുണഫലങ്ങൾ പുതിയ തൊഴിലുകൾ സൃഷ്ടിക്കുന്നതിൽ പ്രതിഫലിച്ചിട്ടില്ല എന്നത് ഒരു യാഥാർഥ്യമായി നമ്മുടെ മുന്നിലുണ്ട്.

ഉപഭോക്തൃ ആവശ്യങ്ങൾ കുറഞ്ഞുപോകുന്നതാണ് നമ്മുടെ സാമ്പത്തിക മരവിപ്പിന്റെ പ്രധാന കാരണം. പുതിയ നയരൂപവത്‌കരണങ്ങൾക്കും വായ്പലഭ്യതയ്ക്കുമുള്ള നീക്കങ്ങളോടൊപ്പംതന്നെ സംരംഭങ്ങളുടെയും വ്യക്തികളുടെയും കൈയിൽ അടിയന്തരമായി  പണമെത്തിക്കാനുള്ള നീക്കങ്ങൾ നടത്തണമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ ഇതു നിക്ഷേപ, ഉപഭോഗ രംഗത്ത് വലിയ കുതിച്ചുചാട്ടത്തിനിടയാക്കുമായിരുന്നു. പകർച്ചവ്യാധി സമാശ്വാസ പരിപാടികൾക്കായി കാര്യമായ ഇടപെടലുകൾ നടത്തിക്കാണാത്തത് ദുഃഖകരമാണ്.
നടപ്പുവർഷത്തെ ബജറ്റ് നമ്മുടെ നോവുകൾക്കും മുറിവുകൾക്കുംമേൽ  മുളകുപുരട്ടുന്നതും ദീർഘകാല നേട്ടങ്ങളെ സംബന്ധിച്ച് അവ്യക്തവും അപൂർണവുമായ വാഗ്ദാനങ്ങൾ മുന്നോട്ടുവെക്കുകയും ചെയ്യുന്നതാണ്.

(അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ സോഷ്യൽ മീഡിയ കോ-കോർഡിനേറ്ററായ അനിൽ ആന്റണി അമേരിക്കയിലെ സ്റ്റാൻഫഡ് യൂണിവേഴ്‌സിറ്റി ബിരുദധാരിയാണ്)