പണയാധാരങ്ങൾക്ക് മുദ്രവില കുറച്ചു ,ഡിജിറ്റൽ കരാറുകൾക്കും സ്റ്റാമ്പ് ഡ്യൂട്ടി വരുന്നു 

തിരുവനന്തപുരം: വില്ലേജ്, താലൂക്ക് ഓഫീസുകളിൽ സർട്ടിഫിക്കറ്റുകൾക്കും മറ്റും അപേക്ഷിക്കുമ്പോൾ ഇനി സ്റ്റാമ്പ് തേടി അലയേണ്ടതില്ല. റവന്യൂവകുപ്പിന്റെ ഓഫീസുകളിൽ അപേക്ഷകൾക്ക് അഞ്ചുരൂപ സ്റ്റാമ്പ് പതിക്കണമെന്ന നിബന്ധന ഒഴിവാക്കി. ഭൂമിയിടപാടിന് നിലവിലുള്ള നടപടികളും ലളിതമാക്കും. ആധാരം, രജിസ്‌ട്രേഷൻ, പോക്കുവരവ് എന്നിവ സംയോജിപ്പിക്കും. കോർട്ട് ഫീ സ്റ്റാമ്പുകളുടെ കാര്യത്തിൽ കാലോചിതമായ പരിഷ്കാരം വരുത്തും. 
റവന്യൂ ഓഫീസുകളിലെ സേവന നിരക്കുകൾ അഞ്ചുശതമാനം വർധിപ്പിക്കും. അപ്പീൽ-റിവിഷൻ ഫീസ് പത്തുരൂപയിൽനിന്ന് 50 രൂപയാക്കും.

കമ്പനികൾ നടത്തുന്ന ഇലക്‌ട്രോണിക് റെക്കോഡുകൾക്കും കരാറുകൾക്കും സ്റ്റാമ്പ് ഡ്യൂട്ടി ബാധകമാക്കി കേരള മുദ്രപ്പത്രനിയമം ഭേദഗതി ചെയ്യും. 
പണയാധാരങ്ങൾക്ക് മുദ്രവില 0.5 ശതമാനത്തിൽനിന്ന് 0.1 ശതമാനമാക്കി കുറച്ചു. ഇത് പരമാവധി പതിനായിരം രൂപയായിരിക്കും. 
പണയം ഒഴിയുമ്പോഴുള്ള മുദ്രവിലയും 0.1 ശതമാനവും പരമാവധി ആയിരം രൂപയുമായിരിക്കും. 
കമ്പനി രജിസ്‌ട്രേഷനുള്ള മുദ്രവില കുറയ്ക്കും. റിയൽ എസ്റ്റേറ്റ് വ്യാപാരത്തിൽ ബിൽഡറും വസ്തു ഉടമയും ചേർന്നുണ്ടാക്കുന്ന കരാറിന്റെ സ്റ്റാമ്പ് ഡ്യൂട്ടി എട്ട് ശതമാനത്തിൽനിന്ന് ഒരു ശതമാനമായി കുറച്ചു. പരമാവധി ആയിരം രൂപയും.