കാണിക്ക ബഹിഷ്‌കരണത്തെത്തുടർന്ന് ശബരിമല നടവരവിലുണ്ടായ ഇടിവ് നികത്താൻ 100 കോടി. നടവരവിലെ കുറവ്, പ്രളയംമൂലമുള്ള നഷ്ടം എന്നിവയിലെ പ്രതിസന്ധി തത്കാലത്തേക്ക് തീർക്കാൻ തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രതീക്ഷിച്ചത് 250 കോടിയായിരുന്നു. 
സുപ്രീംകോടതി വിധിയെത്തുടർന്ന് സംഘപരിവാർ സംഘടനകളാണ് കാണിക്ക ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തത്. പ്രതിസന്ധി ഉണ്ടായാൽ ഇടപെടുമെന്ന് സർക്കാർ പറഞ്ഞിരുന്നു. വരുമാനത്തിൽ 98 കോടിയുടെ കുറവുണ്ടായി. ഇതാണ് സർക്കാർ പരിഹരിച്ചത്. കൊച്ചി, മലബാർ, ദേവസ്വങ്ങൾക്ക് 36 കോടിയും നീക്കിവെച്ചു. ദേവസ്വത്തെ തകർക്കാൻ ചിലരാഷ്ട്രീയക്കാർ ശ്രമിച്ചെന്നും ക്ഷേത്രങ്ങളുടെ നടത്തിപ്പിൽ ഭംഗംവരാൻ അനുവദിക്കില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. ശബരിമലയ്ക്ക് മൊത്തം ചെലവഴിക്കുന്നത് 739 കോടി രൂപയാണ്. 
തിരുപ്പതി മാതൃകയിലുള്ള സൗകര്യം ഒരുക്കാൻ ശബരിമല, നിലയ്ക്കൽ, മറ്റ് ഇടത്താവളങ്ങൾ എന്നിവിടങ്ങളിൽ കിഫ്ബിയിൽ നിന്ന് 141.75 കോടി ചെലവിടും. പമ്പയിൽ പത്ത് ദശലക്ഷത്തിന്റെ സ്വീവേജ് പ്ലാന്റ്, നിലയ്ക്കലിലും റാന്നിയിലും പാർക്കിങ്, നിലയ്ക്കലിലും പമ്പയിലും വിരിപ്പന്തൽ, എരുമേലി ഇടത്താവളം, കീഴില്ലം ഇടത്താവളം, തുടങ്ങിയവ ഇതിൽപ്പെടും. ശബരിമല റോഡുകൾക്ക് 200 കോടി വകയിരുത്തി.