സംസ്ഥാനം അതിഗുരുതരമായ ധനപ്രതിസന്ധിയിലാണെന്നാണ് ധനമന്ത്രി പറയുന്നത്.
ധവളപത്രം ഇറക്കിയിട്ട് മൂന്നുവർഷം കഴിഞ്ഞുവെങ്കിലും ധനസ്ഥിതി മെച്ചമാക്കാനോ റവന്യൂ വരുമാനം വർധിപ്പിക്കാനോ കഴിഞ്ഞിട്ടില്ല എന്ന് ബജറ്റ് പ്രസംഗത്തിൽ പറയുന്നു.
റവന്യൂകമ്മിയും ധനക്കമ്മിയും കുറച്ച് ധനസ്ഥിതി മെച്ചമാക്കുകയാണ് ബജറ്റിന്റെ ഒരുലക്ഷ്യം. എന്നാൽ, റവന്യൂ ചെലവുകൾ, പ്രത്യേകിച്ച് നോൺ പ്ലാൻ റവന്യൂ ചെലവുകൾ വെട്ടിക്കുറയ്ക്കാൻ ധനമന്ത്രി തയ്യാറല്ല. അത്തരം നടപടി മാന്ദ്യകാലത്ത് ആശാസ്യം അല്ലായെന്നാണ് നിലപാട്. ഈ പരസ്പരവിരുദ്ധനയം ധനപ്രതിസന്ധി പരിഹരിയ്ക്കാൻ ഒട്ടും സഹായകരമല്ല.
ജി.എസ്.ടി. വരുമാനം നിലവിലെ പത്തു ശതമാനത്തിൽനിന്ന് മുപ്പത് ശതമാനത്തിലേക്ക് ഉയർത്തുകയാണ് മറ്റൊരു നിർദേശം. ഇത് തികച്ചും അപ്രായോഗികമാണ്.
മഹാപ്രളയം സൃഷ്ടിച്ച പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയാത്തതിന്റെ പ്രധാനകാരണം കേന്ദ്ര സർക്കാരിന്റെ നിഷേധാത്മകമായ നിലപാടെന്നാണ് ബജറ്റിന്റെ നിലപാട്. (കുറഞ്ഞ ദുരിതാശ്വാസസഹായം, വിദേശസഹായം ലഭ്യമാക്കാൻ തടസ്സം, പ്രവാസി മലയാളികളുടെ സഹായം തേടാൻ തടസ്സം, വായ്പപരിധി ഉയർത്താൻ അനുവദിക്കാതിരിക്കുക തുടങ്ങിയവ)
എന്നാൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 3229 കോടി രൂപ ലഭിച്ചുവെന്നും അതിൽ 1733 കോടി രൂപ മാത്രമേ ഇതുവരെ ചെലവാക്കിയുള്ളൂ എന്നും ബജറ്റിൽ പറയുന്നു.
പ്രളയംമൂലം വീടുകൾ തകർന്നവർ, കേടുപാടുകൾ സംഭവിച്ചവർ, കൃഷി, കന്നുകാലികൾ, കച്ചവടസ്ഥാപനങ്ങൾ, ബിസിനസുകൾ, മറ്റു ജീവനോപാധികൾ തുടങ്ങിയവ നഷ്ടപ്പെട്ട ലക്ഷകണക്കിന് ആളുകൾക്ക് അടിയന്തര ദുരിതാശ്വാസം ഒരു സമയപരിധക്കുള്ളിൽ നൽകാനുള്ള ഒരു നിർദേശവും ഇല്ല.എന്നാൽ, കിഫ്ബി വഴി പണം സംഭരിച്ച് ഒട്ടേറെ പ്രളയ പുനനിർമാണ പദ്ധതികൾ നടത്തുമെന്നും ബജറ്റ് പറയുന്നു. എന്നാൽ ഈ പദ്ധതികൾക്ക് പണം ലഭിക്കുമെന്ന് ഒരു വ്യക്തതയും ഇല്ല.രൂക്ഷമായ ധനപ്രതിസന്ധിയുടെ സാഹചര്യത്തിൽ കിഫ്ബിയിലേക്ക് പണം നൽകാൻ ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും മറ്റും മുന്നോട്ടുവരുമോ എന്ന കാര്യവും സംശയമാണ്.
ബജറ്റിലെ പ്രധാന വികസന പദ്ധതികൾക്കും പണം കിഫ്ബിയിൽനിന്നും ലഭിക്കുമെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
സാമൂഹികക്ഷേമത്തിനും വ്യവസായവികസനത്തിനും മറ്റും പല നല്ല പദ്ധതികളും ഉണ്ടെങ്കിലും രൂക്ഷ ധനപ്രതിസന്ധിക്കും പ്രളയ പുനർനിർമാണത്തിനും വ്യക്തവും പ്രായോഗികവുമായ നിർദേശങ്ങൾ അവതരിപ്പിക്കാൻ ബജറ്റിനു കഴിഞ്ഞിട്ടില്ല.
 (അഞ്ചാം സംസ്ഥാന ധനകാര്യ കമ്മിഷൻ അധ്യക്ഷനാണ് ലേഖകൻ)