സിനിമാടിക്കറ്റിന് പത്തുശതമാനം നികുതിചുമത്താൻ തദ്ദേശസ്ഥാപനങ്ങളെ അനുവദിച്ചത് വലിയ തിരിച്ചടിയാകുമെന്ന ആശങ്കയിൽ സിനിമാലോകം. നിലവിലുള്ള 18 ശതമാനം ജി.എസ്.ടി.ക്കുപുറമേ തദ്ദേശസ്ഥാപനങ്ങളുടെ 
പത്തുശതമാനം നികുതികൂടിയാകുമ്പോൾ ടിക്കറ്റ് നിരക്ക് കൂടും. ഇത് പ്രേക്ഷകരെ അകറ്റുമെന്നാണ് ആശങ്ക.
നേരത്തേ തദ്ദേശസ്ഥാപനങ്ങൾ 25 ശതമാനംവരെ വിനോദനികുതി ഈടാക്കിയിരുന്നു. ജി.എസ്.ടി. വന്നപ്പോൾ ഇതൊഴിവാക്കി. നൂറുരൂപ വരെയുള്ള ടിക്കറ്റിന് 18 ശതമാനവും അതിനു മുകളിൽ 28 ശതമാനവും ജി.എസ്.ടി. ഏർപ്പെടുത്തി. ടിക്കറ്റ് നിരക്ക് കൂടിയതിനാൽ പ്രേക്ഷകരുടെ എണ്ണംകുറഞ്ഞു. ഇതോടെ നിരക്ക് കുറയ്ക്കണമെന്ന ആവശ്യവുമായി സിനിമക്കാർ ധനമന്ത്രിയെ സമീപിച്ചു. ജി.എസ്.ടി. കൗൺസിലിൽ മറ്റു സംസ്ഥാനങ്ങളും പിന്തുണച്ചതോടെ നികുതിനിരക്ക് കുറച്ചു. 28 ശതമാനം 18 ആയും 18 ശതമാനം 12 ശതമാനമായുമാണ് കുറച്ചത്.
ടിക്കറ്റ് നിരക്ക് കുറഞ്ഞതോടെ തിയേറ്ററുകളിൽ പ്രേക്ഷകരുടെ എണ്ണം പത്തുശതമാനംവരെ കൂടിയതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. പത്തുശതമാനം നികുതിപിരിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് വീണ്ടും അവകാശം നൽകുന്നതോടെ 12 ശതമാനം 22 ആയും 18 ശതമാനം 28 ആയും ഉയരും. ഒറ്റനികുതിയെന്ന ജി.എസ്.ടി.യുടെ അടിസ്ഥാനസങ്കല്പത്തിനെതിരാണിതെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.
മുൻപുണ്ടായിരുന്ന നികുതി കുറച്ചതോടെ വരുമാനം കുറഞ്ഞുവെന്നും തദ്ദേശസ്ഥാപനങ്ങൾക്കു പ്രയോജനമില്ലാതായെന്നും സർക്കാർ പറയുന്നു. ഇതാണ് വിനോദനികുതി പുനഃസ്ഥാപിക്കാൻ കാരണമെന്ന് ധനവകുപ്പ് വിശദീകരിക്കുന്നു. 
ചെറിയ സിനിമകൾക്ക് ആളുകയറാത്ത സ്ഥിതിയുണ്ടാവുമെന്നാണ് സിനിമാപ്രവർത്തകരുടെ ആശങ്ക. സംസ്ഥാനത്ത് കഴിഞ്ഞവർഷം 10 മുതൽ 12 ശതമാനം സിനിമകൾ മാത്രമാണ് വിജയിച്ചതെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജി. സുരേഷ് കുമാർ പറഞ്ഞു. സിനിമ ആർഭാടമല്ല, സാധാരണക്കാരന്റെ വിനോദോപാധിയാണ്. ഷൂട്ടിങ്, സാറ്റലൈറ്റ് അവകാശങ്ങൾ തുടങ്ങിയവയെല്ലാമായി ഒരു സിനിമയിൽനിന്ന് കോടിക്കണക്കിനു രൂപയാണ് സർക്കാരിന്‌ ലഭിക്കുന്നത്. ഒരു ശതമാനം പ്രളയസെസാണെങ്കിൽപ്പോലും മനസ്സിലാക്കാമായിരുന്നു. ഇത്‌ വലിയ ചതിയാണെന്നും സുരേഷ് കുമാർ കൂട്ടിച്ചേർത്തു. 
അടുത്തകാലത്ത് 35 ശതമാനം പുതിയ സ്‌ക്രീനുകൾ സംസ്ഥാനത്ത് വന്നുവെന്നാണ് കണക്ക്. കുടുംബമായി സിനിമയ്ക്കു പോകുമ്പോൾ 50 മുതൽ 100 രൂപ വരെയാണ് വർധനയുണ്ടാകുക. ചെറിയ സിനിമയെടുക്കാൻ ഇനി ആളുണ്ടാവില്ലെന്ന് കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് കെ. വിജയകുമാർ പറഞ്ഞു.