തിരുവനന്തപുരം: പറമ്പിലെ തേങ്ങ വിറ്റാലുടൻ പണം ഓൺലൈനായി കർഷകന്റെ അക്കൗണ്ടിലെത്തുമെന്ന് ബജറ്റ് വാഗ്ദാനം. കേരഗ്രാമങ്ങളെ സഹകരണ ബാങ്കുകളുമായി ബന്ധിപ്പിക്കാനാണ് തീരുമാനം. തെങ്ങുകയറ്റവും പരിചരണവും ബാങ്കുകളുടെ നേതൃത്വത്തിൽ കേരസർവീസ് സംഘങ്ങൾ നടത്തും. ഇങ്ങനെയാണ് അക്കൗണ്ടിൽ വിലയെത്തുന്ന സംവിധാനം നടപ്പാക്കുന്നത്.
തെങ്ങുകയറാനും തേങ്ങ പൊളിക്കാനും തൊണ്ടു ചകിരിയാക്കാനുമുള്ള നവീകരിച്ച യന്ത്രങ്ങൾ 90 ശതമാനം സബ്‌സിഡിയിൽ സഹകരണ സംഘങ്ങൾക്ക് കയർവകുപ്പു നൽകും. ചകിരിയും ചകിരിച്ചോറും കയർഫെഡ് വാങ്ങും. മറ്റു മൂല്യവർധിത ഉത്പന്നങ്ങൾ കൃഷിക്കാരുടെ പ്രോഡ്യൂസർ കമ്പനികളോ സഹകരണ ബാങ്കുകളോ പ്രാദേശികമായി ബ്രാൻഡുചെയ്തോ കേരഫെഡിന്റെയോ കുടുംബശ്രീയുടെയോ കീഴിൽ വിൽക്കും. മൂല്യവർധിത ഉത്പന്നങ്ങളിലൂടെ തേങ്ങയ്ക്ക് 20 ശതമാനം ഉയർന്നവില ഉറപ്പാക്കും. കേരഗ്രാമം പദ്ധതിക്ക് 43 കോടി വകയിരുത്തി.
പ്രളയക്കെടുതിയിൽനിന്നു കൃഷിക്കു പുനർജന്മത്തിന് 2500 കോടിരൂപ ചെലവിടും. അട്ടപ്പാടിയിൽ റാഗി, ചാമ തുടങ്ങിയവയുടെ കൃഷി വ്യാപിപ്പിക്കും.