പ്രളയം തൂത്തെറിഞ്ഞ കേരളത്തിന്റെ നവസൃഷ്ടിയാണ്‌ ഇനിയങ്ങോട്ടുള്ള ഏതാനും വർഷങ്ങളിൽ നാം നേരിടുന്ന വെല്ലുവിളി. ലഭ്യമായ സമസ്തമേഖലകളിൽനിന്നും വിഭവങ്ങൾ ഒപ്പിയെടുക്കുകയും മുൻഗണനാടിസ്ഥാനത്തിൽ ചെവഴിക്കുകയുമാണ്‌ കരണീയം.പ്രളയദുരിതങ്ങളെ അതിജീവിക്കാൻ 25 പരിപാടികളുമായാണ്‌ ബജറ്റ്‌ അവതരിപ്പിക്കപ്പെട്ടത്‌. ഇതിൽ ആദ്യം ഊന്നൽകൊടുക്കാൻ തോന്നുന്നത് കാർഷികമേഖലയ്ക്ക്‌ നൽകിയ പുതിയ ദിശാബോധത്തെപ്പറ്റിയാണ്‌. കേരളം കാലാകാലങ്ങളിൽ അസംസ്കൃത കാർഷികോത്‌പങ്ങൾ വിറ്റഴിക്കുന്ന സംസ്ഥാനമാണ്. ഇതിനു മാറ്റംവരുത്താനായി സിയാൽ മാതൃകയിൽ റബ്ബർ മൂല്യവർധിത കമ്പനി തുടങ്ങാനുള്ള നിർദേശം ബജറ്റ്‌ മുന്നോട്ടുവയ്ക്കുന്നു. പ്രളയദുരന്തത്തിന്‌ അടിപ്പെട്ട ഇടുക്കിക്കുവേണ്ടി പദ്ധതിവരുന്നുവെന്ന്‌ സൂചിപ്പിക്കുകയും വയനാടിന്‌ നവനിർമിതിക്ക്‌ കാർഷിക പദ്ധതികൾ കൊണ്ടുവരികയും ചെയ്യുന്നു. 
 എടുത്തുപറയേണ്ട മറ്റൊന്നാണ്‌ രണ്ടാം കുട്ടനാട്‌ പാക്കേജ്. എന്നാൽ, അതേപ്പറ്റി പറയുമ്പോൾ ചാപിള്ളയായിപ്പോയ ഒന്നാം കുട്ടനാട്‌ പാക്കേജ്‌ വിസ്മരിക്കുകവയ്യ. ഇത്രയും പറയുമ്പോഴും ഒട്ടുമിക്ക പദ്ധതികൾക്കും പണം കണ്ടെത്തുന്നത്‌ കിഫ്‌ബി വഴിയാണെന്നകാര്യം പറയേണ്ടതുണ്ട്. കിഫ്‌ബി അമിതപ്രാധാന്യം കൈവരിച്ച് ബജറ്റിലുടനീളം ഒരു മാന്ത്രികച്ചെപ്പായി പരിലസിക്കുന്നു. അപ്പോൾ ചോദിച്ചുപോകുന്ന  ചോദ്യം തനതു വിഭവസമാഹരണമാർഗങ്ങൾ വേണ്ടത്ര പ്രയോജനപ്പെടുത്താൻ ധനമന്ത്രി കാണിച്ച ശുഷ്‌കാന്തി കുറഞ്ഞുപോയോ എന്നാണ്. 11,866.66 കോടി രൂപ കുടിശ്ശിക പിരിച്ചെടുക്കാനുള്ളതായി കഴിഞ്ഞ ബജറ്റിൽതന്നെ പറഞ്ഞിരുന്നു. അന്താരാഷ്ട ഏജൻസികൾ കണക്കുകൂട്ടിയ 31,000 കോടി പ്രളയനഷ്ടത്തിന്റെ മൂന്നിലൊന്നിൽ കൂടുതലാണിത്‌.  ഇവിടെ ധനമന്ത്രി പ്രയോജനപ്പെടുത്താൻ മറന്നുപോയ ഒരു മേഖല ചൂണ്ടിക്കാണിക്കട്ടെ.
ഗാഡ്‌ഗിൽ റിപ്പോർട്ട്‌ (2011) കേരളത്തിൽ 1700 അനധികൃത ക്വാറികൾ പ്രവർത്തിക്കുന്നതായി ചൂണ്ടിക്കാട്ടിയിരുന്നു. അത്തരം പരിസ്ഥിതിവിരുദ്ധ പ്രവർത്തനങ്ങൾമൂലമാണ്‌ പ്രളയം കൊടിയ നാശം വിതച്ചത്‌. അതുകൊണ്ടുതന്നെ നവനിർമിതിക്ക്‌ ആവശ്യമായ പണത്തിന്റെ ഒരു നല്ലഭാഗം ക്വാറി മാഫിയയെ കണ്ടെത്തി അവരിൽനിന്ന്‌ ഇൗടാക്കാമായിരുന്നു. അത്‌ അത്തരക്കാർക്ക്‌ പാഠമാകുമായിരുന്നു. സംസ്ഥാന സർക്കാരിന്‌ നവനിർമിതിക്കുള്ള വിഭവവും ലഭ്യമാക്കാമായിരുന്നു. ഈ ബജറ്റ്‌ സ്ത്രീശാക്തീകരണത്തിന്‌ ഉയർന്ന മുൻഗണന നൽകുന്നുണ്ട്‌. കഴിഞ്ഞ ബജറ്റ്‌ ഏകദേശം 12 ശതമാനമാണ് ഈ മേഖലയ്ക്കു മാറ്റിവെച്ചതെങ്കിൽ ഈ ബജറ്റിലത് 16 ശതമാനമായി വർധിപ്പിച്ചു. വയോജനസേവനത്തിനായി കുടുംബശ്രീ വനിതകളെ പരിശീലിപ്പിക്കുന്ന പദ്ധതിക്ക് ജനസംഖ്യയുടെ ഏകദേശം 18 ശതമാനത്തോളം മുതിർന്ന പൗരൻമാരുള്ള കേരളത്തിൽ ഏറെ പ്രാധാന്യമുണ്ട്.
  വിദ്യാഭ്യാസമേഖല പ്രൈമറി തലംതൊട്ട്‌ ഉടച്ചുവാർക്കുന്നതിനുള്ള കാഹളമുണ്ട്‌. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം താഴ്ന്നുപോയിരിക്കുന്ന കേരളത്തിൽ അമർത്യാസെൻ ചൂണ്ടിക്കാട്ടിയതുപോലെ അറിവും തൊഴിൽനൈപുണിയും ഒരുപോലെ വളരുന്ന വിദ്യാഭ്യാസസമ്പ്രദായം ഉയർന്ന തൊഴിലില്ലായ്മയ്ക്ക്‌ പരിഹാരം കാണാൻ അനിവാര്യമാണ്‌.
  ഇതൊക്കെ പറയുമ്പോഴും ബജറ്റ് പാടേ വിസ്മരിക്കുന്ന ഒരു മേഖലയുണ്ട്. അത്‌ പാഴ്‌ച്ചെലവുകൾ വെട്ടിക്കുറയ്ക്കുന്ന കാര്യത്തിലാണ്‌. സർക്കാരിനാവശ്യമായ ഉത്‌പന്നങ്ങൾ വാങ്ങുന്നതിലെ അഴിമതിയും പാഴ്‌ച്ചെലവും ഇ-ഗവൺമെന്റ്‌ മാർക്കറ്റിങ്‌ വഴി  തീർത്തുമില്ലാതാക്കാം, അധികതസ്തികകൾ വെട്ടിക്കുറയ്ക്കാം, മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ എണ്ണം കുറയ്ക്കാം, 44 വെൽഫെയർ ബോർഡുകളെ ഒന്നിലേക്ക്‌ ചുരുക്കാം. 
22 പി.എസ്‌.സി. അംഗങ്ങളെ പത്തോ അതിൽ താഴെയോ ആക്കി നിജപ്പെടുത്താം. അങ്ങനെ നവനിർമിതിക്കുവേണ്ടി മുണ്ടുമുറുക്കിയുടുക്കുന്നകാര്യം ധനമന്ത്രി പാടേ വിസ്മരിച്ചിരിക്കുന്നു. ഇത്‌ നവനിർമിതിയുടെ കാലദൈർഘ്യം വർധിപ്പിക്കും. അത്രകണ്ട്‌ പ്രളയബാധിതരുടെ ദുരിതങ്ങളും തുടരും.
(ധനകാര്യ വിദഗ്ധയാണ് ലേഖിക)