1971-ലെ ബംഗ്ലാദേശ് യുദ്ധത്തിന്റെ ഓർമകൾ ഒരിക്കലും മായാതെയുണ്ട് റിട്ട. റിയർഅഡ്മിറൽ കെ. മോഹനന്റെ   മനസ്സിൽ. ഇന്ത്യയുടെ മഹത്തായ യുദ്ധവിജയത്തിന്റെ സുവർണജൂബിലി സ്മരണയിൽ, ബംഗ്ലാദേശിലെ ചിറ്റഗോങ്‌ തുറമുഖത്തിനുമുകളിലൂടെ പറന്ന് ശത്രുവിന്റെ കപ്പലിൽ ബോംബുവർഷിച്ച  അന്നത്തെ 24-കാരനായ നേവിപൈലറ്റ്‌ പഴയ ഓർമകളിലേക്ക്‌ തിരിച്ചുനടക്കുകയാണ്‌, അഭിമാനത്തോടെ.

ഐ.എൻ.എസ്. വിക്രാന്തിലെ ഏറ്റവും പ്രായംകുറഞ്ഞ പൈലറ്റായിരുന്നു മോഹനൻ.യുദ്ധം പ്രഖ്യാപിക്കുമെന്നായതോടെ കിഴക്കൻ ബംഗാളിലേക്ക് പോകാനുള്ള നിർദേശംവന്നു.  ഗോവ ബേസിൽനിന്ന്‌ വിമാനങ്ങളും ആയുധങ്ങളും നാവികരും ഉൾപ്പെടെ യുദ്ധസജ്ജമായി ഐ.എൻ.എസ്. വിക്രാന്ത് പുറപ്പെട്ടു. കൊച്ചി, ചെന്നൈ, വിശാഖപട്ടണം, പോർട്ട്‌ബ്ലെയർ. അവിടെനിന്ന്‌ പോർട്ട് കോൺവാലീസ് എന്ന ചെറിയ കേന്ദ്രവും കടന്ന്‌ ധാക്കാ അതിർത്തിയിലൂടെ കിഴക്കൻബംഗാളിലെ പ്രമുഖ തുറമുഖമായ ചിറ്റഗോങ്ങിലേക്ക്.  ബോംബുകളും റോക്കറ്റുകളും സജ്ജീകരിച്ച ‘അലീസെ’ എന്ന വിമാനമാണ് കെ. മോഹനൻ പറത്തേണ്ടത്. 

‘യുദ്ധമുഖത്ത് ശത്രുക്കപ്പലുകളെ കണ്ടാൽ മറ്റൊന്നും നോക്കേണ്ട, ഇങ്ങോട്ട്‌ ആക്രമിക്കുന്നതിനുമുമ്പ്‌  ബോംബിട്ട് തകർക്കുക. അതേസമയം, എതിർപ്പില്ലെങ്കിൽ വളഞ്ഞുപിടിക്കുക’ -അതാണ് നിർദേശം. നവംബർ 25-നാണ് ചിറ്റഗോങ്‌ തുറമുഖത്തിന് സമീപമെത്തുന്നത്. കൃത്യമായി പറഞ്ഞാൽ 200 മൈൽ തെക്കുമാറി. ആയുധങ്ങൾക്കുപുറമേ നാവികരടക്കം 1500-ഓളം പേർ, ആറ്‌ അലീസാ വിമാനം, രണ്ട് ഹെലികോപ്റ്റർ, 18  സീഹോക്ക് എന്നിവയായിരുന്നു കപ്പലിലുള്ളത്. എല്ലാം യുദ്ധസജ്ജം. കിഴക്കൻ പാകിസ്താനിൽ എല്ലാ വിഭാഗങ്ങളിലുമായി ഒരു ലക്ഷത്തോളം പാക്പട്ടാളക്കാർ ഉണ്ടെന്നാണ് കണക്ക്.  പാകിസ്താൻ യുദ്ധമേഖലയായി പ്രധാനമായും കണ്ടത് പടിഞ്ഞാറാണ്. അവിടെയാണ് ഇന്ത്യയുടെ കപ്പൽ ഖുക്രിയൊക്കെ മുക്കുന്നത്. 

ചിറ്റഗോങ്ങിലെ കോക്സ്ബസാറിലായിരുന്നു ആദ്യ ആക്രമണം. യുദ്ധം അവസാനിക്കുമ്പോൾ കിഴക്കൻ പാകിസ്താന്റെ 18 കപ്പലെങ്കിലും ആക്രമിച്ചു. ചിറ്റഗോങ്‌ തുറമുഖം ബ്ലോക്കേഡ് ചെയ്തു. ഖുൽന, ഷെൽന തുറമുഖങ്ങളിലെല്ലാം ഷെല്ലാക്രമണം നടത്തിയിരുന്നു. നിർദേശം കൊടുത്തിട്ടും നിർത്താതെപോകുന്ന കപ്പലിനെ പിന്തുടർന്ന് റോക്കറ്റ് ചെയ്ത ഓർമയുണ്ട്. കപ്പൽ തകർത്ത് നാവികരെ കൊല്ലണമെന്ന ലക്ഷ്യമായിരുന്നില്ല.   നാവികരെയടക്കം ശത്രുവിന്റെ കപ്പൽ പിടിച്ചെടുക്കുകയായിരുന്നു ലക്ഷ്യം അതിനാൽ കപ്പലിനുമുമ്പിലും പിന്നിലും കൃത്യമായി ബോംബിട്ടു. ഏതായാലും കപ്പൽ നിന്നു. അവിടെ നമ്മുടെ നാവികർ എത്തുമ്പോഴേക്കും കപ്പലിലെ ക്രൂവും മറ്റുള്ളവരും ലൈഫ് ബോട്ടിൽ രക്ഷപ്പെട്ടിരുന്നു കപ്പൽ പിന്നീട് വിശാഖപട്ടണത്തേക്ക് കൊണ്ടുവന്നു. ഈ മേഖലയിൽ പാകിസ്താന്റെ പതിനായിരക്കണക്കിന്  പട്ടാളക്കാരാണ് കീഴടങ്ങിയത്. 

22-ാം വയസ്സിൽ സബ് ലഫ്റ്റനന്റായാണ് കെ. മോഹനൻ നേവി സർവീസിൽ ചേരുന്നത്. ഒന്നരവർഷത്തിനുള്ളിൽ പൈലറ്റായി പരിശീലനംനേടി-1968 ഡിസംബറിൽ. മൂന്നുകപ്പലുകളിൽ  ക്യാപ്റ്റനായിരുന്നു. ഐ.എൻ.എസ്. കിൽത്താർ, ഐ.എൻ.എസ്. ദീപക്,. ഐ.എൻ.എസ്. വിക്രാന്ത്. യുദ്ധസമയം 35 മണിക്കൂർ പറന്നിട്ടുണ്ട്. 

കൂടാളി ‘രമാലയ’ത്തിൽ മുൻ അധികാരി കെ.ടി. കുഞ്ഞനന്തൻ നമ്പ്യാരുടെയും കെ. നളിനാക്ഷിയമ്മയുടെയും മകനാണ് മോഹനൻ. കൂടാളി ഹൈസ്കൂളിലും ഗുരുവായൂരപ്പൻ കോളേജിലുമായിരുന്നു വിദ്യാഭ്യാസം. ഭാര്യ: കുമാരി മോഹനൻ. മക്കൾ: അഞ്ജലി ശിവകുമാർ, അശ്വതി വിജയകുമാർ. 

ബംഗ്ലാദേശ് യുദ്ധത്തിൽ പങ്കെടുത്തതിന്റെ പേരിൽ  അദ്ദേഹത്തെ ബംഗ്ലാദേശിൽ ആദരിച്ചിരുന്നു. 2001-ലാണ് രാഷ്ട്രപതിയുടെ അതിവിശിഷ്ട സേവാ മെഡൽ ലഭിച്ചത്. 2004-ൽ  സർവീസിൽനിന്ന് വിരമിച്ചു.