എത്ര കണ്ടാലും മതിവരാത്ത രണ്ട് കാര്യങ്ങളാണ് ആനയും കടലും എന്നാണ് പൊതുവെ പറയാറുള്ളത്. ചെവിയാട്ടി, തലകുലുക്കി, തുമ്പിക്കൈ അങ്ങോട്ടുമിങ്ങോട്ടും ആട്ടി അങ്ങനെ നില്‍ക്കുന്ന ഗജവീരന്‍മാരെ നോക്കി നില്‍ക്കാത്തവര്‍ എത്ര പേരുണ്ടാകും? ഓഗസറ്റ് പന്ത്രണ്ട് ലോക ആന ദിനമാണ്. ആനകളുടെ ദുരവസ്ഥ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി 2012 ഓഗസ്റ്റ് 12-നാണ് ലോക ആനദിനം ആരംഭിച്ചത്.

കനേഡിയന്‍ ചലച്ചിത്ര നിര്‍മാതാക്കളായ പട്രീഷ്യ സിംസ്, കാനസ്വെസ്റ്റ് പിക്‌ചേഴ്‌സിന്റെ മൈക്കല്‍ ക്ലാര്‍ക്ക്, തായ്‌ലന്‍ഡിലെ എലിഫന്റ് റീഇന്‍ട്രഡക്ഷന്‍ ഫൗണ്ടേഷന്‍ സെക്രട്ടറി ജനറല്‍ കെ.എസ്. ദര്‍ദരാനന്ദ എന്നിവര്‍ ചേര്‍ന്നാണ് ലോക ആനദിനമെന്ന ആശയം കൊണ്ടുവരുന്നത്.

വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ അടുത്തിടെ പുറത്തുവിട്ട കണക്കനുസരിച്ച് 4,40000 ആനകള്‍ മാത്രമാണ് ഭൂമിയില്‍ അവശേഷിക്കുന്നത്. മാത്രമല്ല ഓരോ വര്‍ഷവും 15,000 ആനകള്‍ വേട്ടയാടലിന് ഇരയാകുന്നുമുണ്ട്. ഏഷ്യാറ്റിക് ആനകളുടെ എണ്ണ 50,000-ല്‍ താഴെയായി കുറഞ്ഞുവെന്നും വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ പുറത്തുവിട്ട കണക്ക് പറയുന്നു.

കേരളത്തിലെ നാട്ടാനകളുടെ വര്‍ധിച്ചുവരുന്ന മരണങ്ങളടക്കം ഇതില്‍ ഉള്‍പ്പെടും. നമ്മുടെ നാട്ടില്‍ കാട്ടാന വേട്ട പൊതുവെ കുറവാണെങ്കിലും ട്രെയിന്‍ തട്ടിയും കൃഷിയിടങ്ങള്‍ക്ക് ചുറ്റുമുള്ള വൈദ്യുതി വേലിയില്‍നിന്ന് ഷോക്കേറ്റും മരണമടയുന്ന കാട്ടാനകള്‍ ഒട്ടേറെയാണ്. ഇക്കഴിഞ്ഞ മേയിലാണ് അസമില്‍ 18 ആനകള്‍ ഒറ്റയടിക്ക് മിന്നലേറ്റ് ചരിഞ്ഞത്.

കേരളത്തിലും നാട്ടാനകളുടെ എണ്ണം ഓരോ വര്‍ഷം കൂടുന്തോറും കുറഞ്ഞുവരികയാണ്. 2018-ല്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന നാട്ടാന സെന്‍സസ് പ്രകാരം കേരളത്തില്‍ 521 നാട്ടാനകള്‍ ഉണ്ടായിരുന്നു എന്നാണ് കണക്ക്. എന്നാല്‍ ഇപ്പോഴത് 466 ആയി കുറഞ്ഞു. മൂന്നു വര്‍ഷത്തിനിടെ ചരിഞ്ഞത് 55 നാട്ടാനകള്‍. 2018-ല്‍ കേരളത്തില്‍ 401 കൊമ്പന്‍മാരും 98 പിടിയാനകളും 22 മോഴകളും ഉണ്ടായിരുന്നത് ഇപ്പോള്‍ 358 കൊമ്പന്‍മാരും 90 പിടിയാനകളും 18 മോഴകളുമായി ചുരുങ്ങി. കേരളത്തില്‍ കഴിഞ്ഞ ആറു മാസത്തിനിടെ മാത്രം ചരിഞ്ഞത് 14 നാട്ടാനകളാണ്.

Content Highlights: August 12 World Elephant Day