ഇന്ത്യകണ്ട മൂർച്ചയേറിയ അന്വേഷണാത്മക പത്രപ്രവർത്തകരിൽ ഒരാളാണ്‌ അരുൺ ഷൂറി. ഷൂറിയുടെ അന്വേഷണങ്ങൾക്കും റിപ്പോർട്ടുകൾക്കും മുന്നിൽ അധികാരമേടകൾ പലതും അടർന്നുവീണു; പൂജിക്കപ്പെട്ട വിഗ്രഹങ്ങൾ പലതും പൊതുമധ്യത്തിൽ ഉടഞ്ഞു. ഷൂറിയുടെ പുസ്തകങ്ങൾ വസ്തുതകൾകൊണ്ടുള്ള വാൾവീശലുകളായിരുന്നു, അവസാനമായി അരുൺഷൂറി എഴുതിയ രണ്ട് പുസ്തകങ്ങളും ഏറെ വ്യത്യസ്തമായ തലത്തിലുള്ളതാണ്. ‘PREPARING FOR DEATH’ എന്ന പുതിയ  പുസ്തകത്തിന്റെ പശ്ചാത്തലത്തിൽ മാതൃഭൂമി പ്രതിനിധി ശ്രീകാന്ത്‌ കോട്ടക്കലിന്‌ അനുവദിച്ച അഭിമുഖം

Arun Shourie
ഫോട്ടാ: എൻ.എം. പ്രദീപ്

? 1981 ഒക്ടോബർ 15-ന്റെ ഇന്ത്യാ ടുഡേ മാസികയുടെ കവർചിത്രം താങ്കളായിരുന്നു എന്നോർക്കുന്നു. ‘ദ ആംഗ്രി ക്രുസേഡർ എന്നാണ് അവർ അന്ന് താങ്കളെ വിളിച്ചത്. താങ്കളുടെ അന്വേഷണാത്മക റിപ്പോർട്ടുകളും അവയുടെ വിപുലീകരിച്ച രൂപമായ ഒട്ടേറെ പുസ്തകങ്ങളും നമുക്കിടയിലെ ഒരുപാട് വിഗ്രഹങ്ങളെ തകർത്തു. എന്നാൽ, ഏറ്റവും അവസാനമായി താങ്കൾ എഴുതിയ രണ്ട് പുസ്തകങ്ങൾ-ടൂ സെയിന്റ്‌സ്, പ്രിപ്പയറിങ് ഫോർ ഡെത്ത്-ഇതിൽനിന്നെല്ലാം വ്യത്യസ്തമാണ്. ആംഗ്രി ക്രുസേഡറുടെ മാനസാന്തരമാണോ ഇത്

= മനുഷ്യന്റെ താത്‌പര്യങ്ങൾ മാറുന്നു, അത്രമാത്രം. മതത്തിൽ ക്ലാവ് പിടിക്കുന്നതുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ ഞാൻ മുമ്പും എഴുതിയിട്ടുണ്ട്. ‘മിഷണറീസ് ഓഫ് ഇന്ത്യ’, ‘ഹാർവസ്റ്റിങ് അവർ സോൾസ്’, ‘ദ വേൾഡ് ഓഫ് ഫത്‌വാസ്’ എന്നിവ അവയിൽ ചിലതാണ്. പിന്നീട് ഞാൻ 
മതത്തിന്റെ മറ്റ് ഭാവങ്ങളിലേക്ക്‌ ശ്രദ്ധയൂന്നുകയായിരുന്നു. ‘Does he know a mother's heart’ ജീവിതത്തിലെ സഹനങ്ങൾക്ക് മതങ്ങൾ നൽകുന്ന വിശദീകരണങ്ങളെ ചോദ്യംചെയ്യുന്നതായിരുന്നു. അത് എന്നെ ബുദ്ധമതത്തിൽ എത്തിച്ചു. ആ പുസ്തകത്തിന്റെയും ആലോചനകളുടെയും 
സ്വാഭാവിക തുടർച്ചയാണ് ‘ടൂ സെയിന്റ്‌സ്’, ‘പ്രിപ്പയറിങ്‌ ഫോർ ഡെത്ത്’ എന്നീ പുസ്തകങ്ങൾ. ഇതിനിടെ നമ്മുടെ കോടതികളെയും ജഡ്ജിമാരെയും കുറിച്ച്‌ ‘അനിത് ഗെറ്റ്‌സ് ബെയിൽ’ പോലുള്ള പുസ്തകങ്ങളിൽ ഞാൻ എഴുതിയിട്ടുണ്ട്.

? മരിക്കാനുള്ള തയ്യാറെടുപ്പ്-അത്തരത്തിലുള്ള ഒരു ആശയത്തിലേക്ക് താങ്കൾ എത്തിയത് എങ്ങനെയാണ് ഇതിൽ താങ്കളുടെ ആത്മാന്വേഷണത്തിന്റെ പ്രചോദനമുണ്ടോ

= മരണം നമുക്ക് ചുറ്റുമുണ്ട്. അതുകൊണ്ട് അതിനെക്കുറിച്ച് ചിന്തിക്കാൻ ഒരു പ്രത്യേക ഉത്തേജനം ആവശ്യമില്ല. എന്റെ അവസാന മൂന്ന് പുസ്തകങ്ങളിൽ ഇതായിരിക്കും നമ്മുടെ ആത്മീയ പാരമ്പര്യത്തിന് എറെ ഗുണംചെയ്യുക.

? ശ്രീരാമകൃഷ്ണപരമഹംസർ, ബുദ്ധൻ, രമണമഹർഷി, മഹാത്മാഗാന്ധി, വിനോബ ഭാവെ എന്നിവരുടെ അവസാനനിമിഷങ്ങൾ താങ്കളുടെ പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കുന്നു. എന്തുകൊണ്ടാണ് ഈ അഞ്ചുപേരെ തിരഞ്ഞെടുത്തത് 

= ഇതിൽ ആദ്യം പറഞ്ഞ നാലുപേർ എന്നെ ഏറെ ആകർഷിച്ചവരാണ്. ഇവരെ ഞാൻ ഏറെ ബഹുമാനിക്കുകയും ചെയ്യുന്നു. ആചാര്യ വിനോബ ഭാവെയെ ഉൾപ്പെടുത്താൻ കാരണം മരണത്തെക്കുറിച്ച് അദ്ദേഹം ഏറെ എഴുതിയതുകൊണ്ടും മരണത്തിനായി നമ്മുടെ പാരമ്പര്യത്തിലുള്ള ഒരു പ്രത്യേകരീതി തിരഞ്ഞെടുത്തതുകൊണ്ടുമാണ്.

? മരണത്തെക്കുറിച്ചുള്ള ഏറ്റവും ആഴത്തിലുള്ള ചിന്തകൾ ബുദ്ധതത്ത്വജ്ഞാനത്തിലാണ് എന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ

= ഒരർഥത്തിൽപ്പറഞ്ഞാൽ അതെ. ബുദ്ധ തത്ത്വജ്ഞാനത്തിലെന്നതിലുപരി ബുദ്ധമതാചരണത്തിലും ആത്മീയ പ്രഘോഷണങ്ങളിലുമാണ് അവയുള്ളത്. ബുദ്ധനെ സംബന്ധിച്ച് മനുഷ്യർ എപ്പോഴും ചിന്തിക്കേണ്ടതും തയ്യാറായിരിക്കേണ്ടതുമായ കാര്യമാണ് മരണം. അതിനായിട്ടാണ് ബുദ്ധമതവിശ്വാസികൾ മനസ്സുകൊണ്ട് എപ്പോഴും യത്നപ്പെടുന്നത്. മരിക്കാൻ തയ്യാറെടുക്കുക എന്നാൽ, മനസ്സിനെ നിയന്ത്രിക്കുക എന്നാണർഥം.

? ദലൈലാമയുമായി ഏറെ അടുപ്പമുള്ളയാളാണ് താങ്കൾ. ചൈനയെക്കുറിച്ച് ഗംഭീരമായ ഒരു പുസ്തകവും(SELF DECEPTION-INDIA'S CHAINA POLICIES)താങ്കൾ എഴുതിയിട്ടുണ്ട്. ഇപ്പോഴത്തെ ദലൈലാമയ്ക്കുശേഷം എന്തായിരിക്കും ടിബറ്റിന്റെ ഭാവി

= ഏറെ അടുപ്പം എന്ന് പറയാമോ എന്നറിയില്ല. ഞാൻ ഏറെ ആദരിക്കുന്ന വ്യക്തിയാണ് ദലൈലാമ. കാണുമ്പോഴൊക്കെ എന്നോടും രോഗിയായ ഭാര്യ അനിതയോടും ഭിന്നശേഷിക്കാരനായ മകൻ അദിതിനോടും അദ്ദേഹം ഏറെ കാരുണ്യത്തോടെയാണ് പെരുമാറാറുള്ളത്. 
ദലൈലാമയ്ക്കുശേഷമുള്ള ടിബറ്റിനെക്കുറിച്ച് സംസാരിക്കുമ്പോൾ രണ്ട് കാര്യങ്ങൾ കണക്കിലെടുക്കണം. ഒന്ന്, ചൈനയോട് വ്യാപാരബന്ധത്തിലേർപ്പെടാനുള്ള ലോകത്തിന്റെ ആസക്തി. രണ്ട്, ചൈന ആ പ്രദേശത്ത് ചെയ്തുകൂട്ടുന്നതിനെ നമ്മൾ എങ്ങനെ കാണുന്നു എന്നത്.

? രാമകൃഷണപരമഹംസരെപ്പോലുള്ള മനുഷ്യർ ദൈവീകരാണ് എന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ? പരിശീലനത്തിലൂടെ സൃഷ്ടിച്ചെടുക്കാവുന്നതാണോ ദൈവീകത

= ദൈവീകത എന്നാൽ, മനുഷ്യൻ ദൈവത്തിന്റെ അവതാരമായി മാറുക എന്നാണെങ്കിൽ ഞാൻ ദൈവത്തിലോ അവതാരങ്ങളിലോ വിശ്വസിക്കുന്നില്ല. എന്നാൽ, ദൈവികത എന്നാൽ, നാം പഠിച്ച ദൈവഗുണങ്ങൾ ഏതെങ്കിലും വ്യക്തിയിൽ ദർശിക്കുന്നതാണെങ്കിൽ തീർച്ചയായും ശ്രീരാമകൃഷ്ണപരമഹംസരും രമണമഹർഷിയും ദൈവഗുണങ്ങളുള്ളവരാണ്. പുസ്തകത്തിലെത്തന്നെ ഒരു വാചകം പറയാം: ശ്രീരാമകൃഷ്ണന്റെയും രമണമഹർഷിയുടെയും മൂല്യം ഒരു രൂപയാണെന്ന് കരുതുക, അതിന്റെ പത്ത് പൈസയാവാനോ അഞ്ച് പൈസയാവാനോ നമുക്ക് സാധിച്ചാൽ വലിയ ഭാഗ്യം.

? കഠിനമായ രോഗം ബാധിച്ച ഭാര്യയുടെയും സെറിബ്രൽ പാൾസി ബാധിച്ച മകന്റെയും നടുവിലിരുന്നാണ്  താങ്കൾ ഇത്തരം പുസ്തകങ്ങൾ എഴുതുന്നത്. എങ്ങനെയാണ് ഇത് സാധിക്കുന്നത്

= ഭാഗ്യത്തിന് ഞങ്ങൾക്ക് സഹായികളുണ്ട്. പുസ്തകങ്ങൾ എഴുതുന്നതിലൂടെയാണ് പകലിന്റെ ആകുലതകളെയും ദുഃഖങ്ങളെയും ഞാൻ മറികടക്കുന്നത്.

? ജീവിതത്തിന്റെ വലിയൊരു കാലം താങ്കൾചെയ്ത ജോലിയാണ് അന്വേഷണാത്മക പത്രപ്രവർത്തനം. ആ ശാഖയുടെ ഇന്നത്തെ അവസ്ഥ എന്താണ്

= നല്ല അന്വേഷണങ്ങളും വിശകലനങ്ങളും ഉണ്ടാവുന്നുണ്ട്. പക്ഷേ, മുഖ്യധാരാമാധ്യമങ്ങളിൽ ഗവേഷണവും അന്വേഷണവും എപ്പോഴേ പാർശ്വവത്‌കരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. പരിതാപകരമാണ് ഈ അവസ്ഥ. ഭരണകർത്താക്കളുടെ പൊങ്ങച്ചങ്ങളെ കുത്തിപ്പൊട്ടിക്കാൻ ഏറ്റവും നല്ലവഴി അവർ വസ്തുതകളോട് കൂറുപുലർത്തുന്നുവോ എന്ന് തുറന്നുകാട്ടലാണ്. ഇത്തരം കാര്യങ്ങളെ ഉത്‌ഖനനം ചെയ്ത് വിശകലനം ചെയ്യുകയാണ് മാധ്യമപ്രവർത്തകരുടെ കടമ.

? ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയിൽ ഇന്ത്യയിലെ പ്രതിപക്ഷത്തെ താങ്കൾ എങ്ങനെയാണ് നോക്കിക്കാണുന്നത്

= ഇന്നത്തെ യഥാർഥപ്രശ്നം ഈ സർക്കാരിന്റെ സ്വഭാവമല്ല, പ്രതിപക്ഷത്തിന്റെ അവസ്ഥയാണ്. ആസന്നമരണരായിട്ടും അവർ എന്താണ് സ്വയം നവീകരിക്കാത്തത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. മോദി അവരെ അടിച്ച് നേരെയാക്കാൻ ശ്രമിക്കുന്നുണ്ട്, എന്നാൽ, അവരത് തിരിച്ചറിയുന്നുണ്ടോ എന്ന കാര്യം സംശയമാണ്.

? മരണത്തെ താങ്കൾ വ്യക്തിപരമായി എങ്ങനെയാണ് നിരീക്ഷിക്കുന്നത്‌

= തീർച്ചയായും കടന്നുവരുന്ന ഒന്നുതന്നെയാണ് മരണം. അതിനെ സ്വീകരിക്കാൻ തയ്യാറായിരിക്കുക എന്നത് ഏറേ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ട് കഴിയുന്നതും നേരത്തേ തുടങ്ങുക, പരിശ്രമിച്ചുകൊണ്ടേയിരിക്കുക. അത്രയേ ഉള്ളൂ. ഞാനും അതിനാണ് ശ്രമിക്കുന്നത്.